ആത്മാവ് കൊണ്ട് പ്രണയിച്ചവർ

ഒരൊറ്റ കുഴിമാടത്തിൽ
ഞങ്ങളെ അടക്കം ചെയ്തേക്കണം
അവസാനത്തെ പിടി മണ്ണും
വാരിയിട്ട്
ക്ഷണം പിരിഞ്ഞേക്കണം
ആത്മാവു കൊണ്ട് പ്രണയിച്ചവരുടെ
ഉള്ളിലെ കടൽ തിരകൾ
പ്രക്ഷുബ്ധമായി
അവിടങ്ങളിൽ വാചാലമാകും മുമ്പ്.

കൈയ്യിൽ കരുതിയ
മൈലാഞ്ചിച്ചെടി മീസാൻ കല്ലിന്റെ
തലഭാഗം നാട്ടിയേക്കണം
പ്രണയത്തിന്റെ
മജ്ജയും മാംസവും രക്തവും രുചിച്ച്
അതിന്റെ ചില്ലകൾ ചുവക്കട്ടെ.

ഇന്നിവിടെ വസന്തം
തീർക്കുന്ന വാകപുഷ്പങ്ങൾ
അന്ന് ഞാൻ നിനക്ക് തരാതെ പോയ
ചുംബനപ്പൂക്കളാണ്

ഇന്ന്
ഇവിടങ്ങളിൽ പാറുന്ന
വെയിൽ തുമ്പികൾ
ആർക്കൊക്കെയേ വേണ്ടി
ആത്മഹത്യ ചെയ്തുപോയ
നമ്മുടെ സ്വപ്നങ്ങൾ
പുനർജനിച്ചതായിരുന്നു.

നിന്റെ കണ്ഠത്തിൽ കുരുങ്ങി
പിടിഞ്ഞു മരിച്ചുപോയ വാക്കുകൾ
ഇന്ന് ഇവിടെ പേമാരിയായ്
പെയ്തിറങ്ങും.
നീ തിന്ന നോവുകൾ
ഈയാംപാറ്റകളായ് വെളിച്ചം തേടും.

ശരീരം മണ്ണെടുത്താൽ പിന്നെ
നക്ഷത്രങ്ങളുടെ ലോകത്ത്
നമ്മുടെ പ്രണയത്തെ
അറുത്തുമാറ്റാൻ ആരാണ് വരിക!!  

കോഴിക്കോട് വടകര ചാത്തൻ കണ്ടി സ്വദേശി. ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും സജീവം. 'ഒരു വാക്ക് പോലും മൊഴിയാതെ' 'പറയാൻ കൊതിച്ചത്' എന്നീ രണ്ട് കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്