ഈ വലയിൽ നിന്നു പുറത്തേക്ക്
ഒറ്റക്കുതി കുതിക്കണം.
കൂടെപ്പോരരുത്
കടം പറഞ്ഞ വാഗ്ദാനങ്ങൾ
പാലിക്കപ്പെടാത്ത വാക്കുകൾ
ഉടഞ്ഞുപോയ ആശാമാപിനികളുടെ
കുപ്പിച്ചില്ലൊച്ചകൾ.
ഇനിയുമൊരു ചിതൽക്കൂടിൽ
നിശ്ശബ്ദം കണ്ണുകളടച്ച്
അർദ്ധനിദ്രയിൽ ലയിച്ച്
പുറത്തെ മുരടനക്കങ്ങളെപ്പോലും
ഒരു കുപ്പിയിലേക്കാവാഹിച്ച്
വാനത്തിലേക്ക് വലിച്ചെറിയണം,
അത് ദൂരെ അറ്റ്ലാൻ്റിക്കിലോ
പസഫിക്കിലോ പോയടിയട്ടെ.
തിക്കുകളും തിരക്കുകളും
ചാട്ടവാറടി കൊണ്ട്
നമ്മുടെ പുറം പിളർക്കാൻ
നിന്നു കൊടുത്തു കൂടാ.
നീയെവിടെപ്പിറന്നു
എന്തു തിന്നുന്നു
തുടങ്ങിയ
ക്ഷുദ്രമാം ചോദ്യാവലികളാലെ
ദേശദ്രോഹിയെന്ന് വിളിക്കപ്പെടാൻ
അനുവദിച്ചുകൂടാ.
നടന്നു നടന്ന്
ഉറ്റവരുടെ പാദങ്ങൾ പിളർന്നത്
കാണാൻ ഇടയാവരുത്.
പറിച്ചെറിഞ്ഞ നാവു വീണ്
വാഗ്വൃക്ഷങ്ങൾ മുളക്കട്ടെ..
ശ്വാസം മുട്ടാതെ,
നഗ്നമാം മേനിയിൽ മുറിഞ്ഞു തൂങ്ങാതെ
നാവുകൾ വീണ്ടും ഉയിർക്കട്ടെ.
മാറിടം മുറിഞ്ഞുപോയ
പെൺകുട്ടികളുടെ പ്രേതങ്ങൾ
അലയാത്ത കാറ്റിൽ
എനിക്ക് ശ്വസിക്കണം.
വലയിൽ നിന്ന്
അക്ഷരങ്ങളുടെ വിസ്തൃതിയിലേക്ക്
ഒറ്റക്ക് നടക്കണം,
നിർഭയം.