പൂവാക

ദൂരെയൊരു പൂവാക പൂക്കുന്നു വീണ്ടും
പറയാൻ മറന്ന പ്രണയവുമായ്..
ഒരു വർഷകാലം വേരുറഞ്ഞ
ജലമത്രയും രക്തപുഷ്പങ്ങളാക്കി
ഒരു പൂവാക പൂക്കുന്നു ദൂരെ.

പൊള്ളിയടരും നട്ടുച്ച നേരങ്ങളിൽ.
തണലായ്, കുളിരായ്..
പ്രണയമന്ത്രങ്ങളുരുക്കഴിക്കും
ദലമർമ്മരങ്ങളോടെ
ഒരു പൂവാക പൂക്കുന്നു ദൂരെ.

വഴിയാത്രക്കാരന്റെ ഏകാന്തതയിൽ
വഴിയോരം വെയിൽ കുടിച്ചേകയായ്
കണ്ണിനും മനസ്സിനും കുളിരായ്
ഒരു പൂവാക പൂക്കുന്നു ദൂരെ

എത്ര മഴക്കാലമുറഞ്ഞു തീർന്നു
എത്ര വേനലവൾ കുടിച്ചു തീർത്തു
പൊള്ളിയടർന്ന മെയ്യുമായി
ആരെയോ പ്രതീക്ഷിച്ചൊരു
പൂവാക പൂക്കുന്നു ദൂരെ

എത്ര സമരങ്ങളവൾ തൻ തണലിൽ
ഇൻക്വിലാബ് വിളിച്ചുയർന്നു
എത്ര പ്രണയസല്ലാപങ്ങൾക്കവൾ
ഇക്കാലമത്രയും സാക്ഷിയായി
എത്ര മനുഷ്യരിത്തിരി തണലിനായ്
അവളുടെ മടിത്തട്ടിൽ തലചായ്ച്ചു

എത്ര ശിശിരങ്ങൾ കൊഴിച്ചു
കളഞ്ഞവളുടെ
പച്ചപുതച്ച തളിർമേനി
പിന്നെയും കിളിർത്തും പൊടിച്ചും
തളിരണിഞ്ഞും
എത്ര വർഷക്കാലമവൾ കുടിച്ചു തീർത്തു

എത്ര വേനലവൾ പൂത്തുലഞ്ഞു
ജരാനരകളവളുടെ താരിളം മെയ്യ് കവർന്നു
എന്നിട്ടും പൂക്കുന്നൊരു പൂവാക ദൂരെ
ആരെയോ കാത്തിട്ടെന്നപോലെ

എറണാകുളം ജില്ലയിലെ ചേന്ദമംഗലം പാലാത്തുരുത്തിൽ താമസിക്കുന്നു. സോഷ്യൽ മീഡിയയിലും ആനുകാലികങ്ങളിലും എഴുതുന്നു