താങ്ക്സ് കവിതേ..

വിയർപ്പു പടർന്ന നീളൻ കൈകളുള്ള കുപ്പായത്തിലും പാന്റിലും അന്നും പുതിയൊരു നിറം അടയാളം വരച്ചു ചേർത്തിരുന്നു. ജോലി ചെയ്യുമ്പോൾ ധരിക്കാറുള്ള വസ്ത്രങ്ങളടങ്ങിയ പ്ലാസ്റ്റിക് കവർ ബാഗിലേക്കിട്ട് ബൈക്കിൽ കയറാനൊരുങ്ങുമ്പോഴാണ് വീട്ടുടമസ്ഥൻ വന്നത്.

“ഈയാഴ്ച്ച തീരോ ബാബൂ…” വീട്ടുടമ ചോദിച്ചു.

“ഇനി ഹാളിലെ സീലിംഗും ജനലുകളിലെയും വാതിലുകളിലെയും വാർണിഷിംഗും മാത്രല്ലേയുള്ളൂ.. ഒരാഴ്ച്ച കൊണ്ട് തീരും..” പറഞ്ഞതിനൊപ്പം ബാബു ബൈക്ക് സ്റ്റാർട്ട് ചെയ്തു.

“ആഹ്.. അത് കഴിഞ്ഞിട്ട് നമുക്ക് കണക്ക് ശെരിയാക്കാംട്ടാ..”

“അതുമതി.. ഞാൻ പോകട്ടെ.. നാളെ ഞാനും വേറെ രണ്ടുപേരുമുണ്ടാകും.”

ജോലി സ്ഥലത്ത് നിന്നും വീട്ടിലേക്കുള്ള യാത്രയിലുടനീളം വീട്ടുടമസ്ഥൻ ശെരിയാക്കാം എന്ന് പറഞ്ഞ കണക്കിനെ കുറിച്ചായിരുന്നു ബാബുവിന്റെ ചിന്ത മുഴുവൻ. പെയിൻറ് കടയിലെ കടം വീട്ടിയാലും തരക്കേടില്ലാത്തൊരു തുക ബാക്കിയുണ്ടാവും. പക്ഷെ അത് കൊണ്ടൊന്നും കാര്യമില്ല. വിവാഹമെന്നത്
സ്വൽപ്പം ചിലവേറിയതും വരും കാലങ്ങളിൽ ഒട്ടേറെ ചിലവുകൾ വരുത്തിവെക്കുന്നതുമായ ഒന്നാണെന്ന് അവൻ മനസ്സിലാക്കികഴിഞ്ഞിരുന്നു.

നാലുകൊല്ലം മുമ്പ് കഴിഞ്ഞ പെങ്ങളുടെ കല്യാണത്തിന്റെ ബാധ്യതകളിൽ നിന്ന് ഈയടുത്താണ് മോചിതനായത്. ഒരു കൊല്ലം കൊണ്ട് തീർക്കാവുന്ന കടങ്ങളെ ഉണ്ടായിരുന്നുള്ളൂ. പക്ഷെ പിന്നീടാണ് കല്യാണത്തേക്കാൾ വലിയ ചിലവുകളാണ് അതിന്റെ പിറകെ വരുന്നതെന്ന് തിരിച്ചറിഞ്ഞത്. അടുക്കള കാണലും വയറു കാണലും പ്രസവവും ചോറൂണും പിറന്നാളും അങ്ങിനെ നീണ്ടു പോകും. ആരാണ് ഇതെല്ലാം നടപ്പിലാക്കി തുടങ്ങിയത്? എന്തായാലും വയറു നിറയ്ക്കാൻ പെടാപ്പാട് പെടുന്നവരുടെ തീവ്രശാപം അവരിൽ ഉറപ്പായും വർഷിക്കും.

ചിന്തകൾ വഴിമാറിയത് ഭാവി വധുവിന്റെ സന്ദേശം വന്നു വീണ് പോക്കറ്റിൽ കിടന്ന മൊബൈൽ ഞെരിപിരി കൊണ്ടപ്പോഴാണ്. വണ്ടിയൊതുക്കി ബാബു സന്ദേശം നോക്കി. കുറച്ചു സാരികളുടെ ഫോട്ടോ. കൂടെ ഇതിലേതാ ഇഷ്ടമായതെന്നൊരു ചോദ്യവും. വലിയ രീതിയിലുള്ള സൂക്ഷ്‌മ പരിശോധനക്കൊന്നും വിധേയമാക്കിയില്ലെങ്കിലും അതിലൊരു സാരിയുടെ ചിത്രത്തിന് മറുപടിയായി ഇങ്ങനെ കുറിച്ചു : “ഈ നിറം നിനക്ക് ചേരും..!”

അതിന്റെ മറുപടി വായിച്ചത് വീട്ടിലെത്തി കുളി കഴിഞ്ഞ് വിശ്രമിക്കുന്ന വേളയിലാണ്.

“നമ്മുടേത് ഒരേ മനസ്സാണല്ലോ.. കണിയാൻ പറഞ്ഞത് നേരാ.. നമ്മുടെ ജാതകം നല്ല പൊരുത്തമാണ്..” അവനതിന് മറുപടിയായി ഇരു കണ്ണുകളിലും പ്രണയത്തിന്റെ ചിഹ്നം കൊത്തിവെച്ചൊരു സ്മൈലി സമ്മാനിച്ചു.

“ബാബൂ.. ഒന്നിങ്ങട്ട് വന്നേ…” അകത്ത് നിന്നുമുയർന്ന അമ്മയുടെ ശബ്ദം ചാറ്റിങ്ങിന്റെ രസച്ചരട് പൊട്ടിച്ചു.

“എന്താ….” എന്താ എന്ന് ചോദിച്ച് കൊണ്ട് ബാബു അകത്തേക്ക് ചെന്നു.

“ദേ.. ചൈനയിൽ നിന്ന് എന്തോ ഒരു വൈറസ് ഇറങ്ങിയിട്ടുണ്ടെത്രെ. ഗൾഫിൽ നിന്ന് വരുന്നവരുടെ കൂടെയൊക്കെ അത് വരുന്നുമുണ്ട്. നിനക്ക് ആ ഗൾഫുകാരന്റെ വീട്ടിലല്ലേ പണി.. സൂക്ഷിച്ചോ….”

അമ്മയുടെ ഉപദേശം കേട്ടപ്പോൾ അവൻ വാർത്തകളിലേക്ക് ശ്രദ്ധയൂന്നി.

‘അമേരിക്കയിൽ മരണം പതിനായിരം കടന്നു. ഇന്ത്യയിൽ ആദ്യ രോഗബാധ സ്ഥിരീകരിച്ചത് കേരളത്തിൽ.. സംസ്ഥാനം അതീവ ജാഗ്രതയിൽ.’ ടി.വി സ്‌ക്രീനിൽ വാചകങ്ങൾ തെളിഞ്ഞു.

“അമ്മ പേടിക്കേണ്ട, അയാളീ വൈറസ് ഇറങ്ങുന്നതിനു മുമ്പ് വന്നയാളാണ്. പിന്നെ ഞാൻ പെയിന്റടിക്കുന്നത് അയാളുടെ ദേഹത്തൊന്നും അല്ലല്ലോ…”

അമ്മയോട് പേടിക്കേണ്ട എന്ന ആശ്വസിപ്പിച്ചവനിൽ ഭയപ്പാടുകളുടെ കനലുകളെരിഞ്ഞു തുടങ്ങാൻ അധികം ദിവസമൊന്നും വേണ്ടില്ല. പെയിന്റിംഗ് ജോലി ചെയ്യുമ്പോൾ മൂക്കും വായും മൂടിക്കെട്ടാറുള്ള ബാബുവിനു പുറത്തിറങ്ങുമ്പോഴെല്ലാം ആ ശീലം തുടരേണ്ടി വന്നു. കണ്ണും കണ്ണും നോക്കി പരിഹാസമാണോ ചിരിയാണോ നൊമ്പരമാണോ എന്ന് തിരിച്ചറിയാനുള്ള ശ്രമങ്ങളിൽ പൊതുജനം പരാജയപ്പെട്ടുവെങ്കിലും സ്വന്തം ജീവനാണ് വലുത് എന്ന കാര്യത്തിൽ മനസ്സ് കൊണ്ടവർ ഐക്യപ്പെട്ടിരുന്നു.

വിവാഹത്തിനുള്ള ധന സമാഹാരണത്തിലായതിനാൽ കുറച്ചു മാസങ്ങളായി കൂട്ടുകാരുമൊത്തുള്ള യാത്രയും സിനിമയും വൈകുന്നേരങ്ങളിലെ ഹോട്ടൽ ഭക്ഷണവുമെല്ലാം ഒഴിവാക്കിയിരുന്നു. അതിനാൽ ലോക് ഡൗൺ ബാബുവിനെ അലട്ടിയില്ല. റേഷൻകടയിലെ അരിയും തൊടിയിലെ മാങ്ങയും തേങ്ങയും ഭക്ഷണത്തിനും ബുദ്ധിമുട്ട് സൃഷ്ടിച്ചുമില്ല. പക്ഷെ ജോലിയില്ലാത്ത അവസ്ഥ അവന്റെ കണക്കു കൂട്ടലുകൾ തെറ്റിച്ചു കൊണ്ടിരുന്നു.

“ഈ ബംഗാളികൾ വന്നിട്ടാണ് നമ്മുടെ പണി കുറഞ്ഞത്. എല്ലാർക്കും ഇപ്പൊ അവരെ മതി..”

ജോലിക്കിടയിൽ പലപ്പോഴും പറയാറുള്ളത് ബാബു ഓർത്തെടുത്തു. ഇപ്പോൾ അവരിൽ പലരും മടങ്ങിപ്പോയിട്ടും ജോലിയില്ല. വിവാഹത്തിന്റെ നാളുകൾ അടുത്തടുത്ത് വരും തോറും അവനിൽ ഭീതി ഉടലെടുത്തു. അവസാനത്തെ ജോലിയുടെ പണം ഇനിയും കിട്ടാനുണ്ട്. ആ പ്രതീക്ഷയിലാണ് കല്യാണക്കുറി അച്ചടിച്ച പ്രസ്സുകാരനോട് കടം പറഞ്ഞത്.

“താലി കെട്ടിന് വെള്ളയും വെള്ളയും വൈകുന്നേരം സൽക്കാരത്തിന് ഷെർവാണി. എൻ്റെ സാരിയോട് ഇണങ്ങുന്ന കളർ തന്നെ ആയിക്കോട്ടെ. അല്ലെങ്കിൽ തന്നെ വിവിധ നിറങ്ങളിൽ കിടന്നു കുളിക്കുന്ന ബാബുവേട്ടനോട് ഞാനിതു പറയണോ…”

കവിതയുടെ മെസ്സേജിന് ബാബു മറുപടിയൊന്നും നൽകിയില്ല.

വിരുന്നു പോക്കും വിരുന്നു വരവും നിലച്ചെങ്കിലും അമ്മാവനും മറ്റു ബന്ധുക്കളും ഫോണിലൂടെ നിർദ്ദേശങ്ങൾ നൽകികൊണ്ടിരുന്നു.

“വിവാഹ ചിലവ് മൊത്തം നമ്മൾ തന്നെ കണ്ടെത്തണം, പിന്നെന്തിനാ അമ്മേ ഇവരോടൊക്കെ അഭിപ്രായവും ഉപദേശവും തേടുന്നത്?” നിർദ്ദേശങ്ങളും ഇടപെടലുകളും അസഹനീയമായപ്പോൾ ബാബു ചോദിച്ചു.

“ഈ കല്യാണം, മരണം എന്നൊക്കെ പറഞ്ഞാൽ അങ്ങിനെയാണ്. പല കാര്യങ്ങളും സംസാരിക്കുന്നതും ചെയ്യുന്നതുമൊക്കെ ഇങ്ങനെയുള്ളവരാണ്. മോനായിട്ട് നാട്ടു നടപ്പൊന്നും തെറ്റിക്കേണ്ട..” അമ്മ അഭിപ്രായമറിയിച്ചു.

ഇത് കൊണ്ടാവും പ്രേമ വിവാഹത്തിന് സമൂഹത്തിൽ എതിർപ്പുകളുയരുന്നത്. രജിസ്ട്രാറുടെയും സാക്ഷികളുടെയും സാന്നിധ്യത്തിൽ രണ്ടു ഒപ്പുകൾ പതിയുമ്പോൾ വിടരുന്ന പുതു ജീവിതത്തിൽ ഇങ്ങനെയുള്ള പ്രാണികളൊന്നുമില്ലല്ലോ എന്നവൻ ഓർത്തു. പക്ഷെ, നാളെ ആ ജീവിതത്തിൽ ഇടർച്ചകളുണ്ടാകുമ്പോൾ ആ പ്രാണികൾ താങ്ങാവുമോ? അതോ വീണ്ടും അഭിപ്രായങ്ങളുമായി വന്ന് കാർന്നു തിന്നുമോ? എന്തായിരുന്നാലും നുകരാൻ തേനൊന്നും ബാക്കിയില്ലാതാകുമ്പോൾ പ്രാണികളൊക്കെ സ്ഥലം വിടുമെന്ന കാര്യത്തിൽ സംശയമില്ലെന്ന് അവൻ തീർച്ചപ്പെടുത്തി.

“ബാബൂ.. വിവാഹം നീട്ടി വെക്കാംന്നാ മാമൻ പറയുന്നത്. ഈ വീട്ടിലെ അവസാനത്തെ പരിപാടിയല്ലേ. കുറച്ചാളുകളെ വിളിച്ച് ഊണ് കൊടുക്കാതെ എങ്ങിനാ. നിന്നോടൊന്ന് അത്രടം വരെ ചെല്ലാൻ പറഞ്ഞിട്ടുണ്ട്. ഒന്നുകൂടി ദിവസം നോക്കിക്കാംന്ന്…”

നാളെയാവട്ടെ എന്ന് പറഞ്ഞു ബാബു സമ്മതിച്ചു.

ഇനി ലോക് ഡൗൺ മാറിയാലും ജോലിയും വരുമാനവും പൂർവ്വ സ്ഥിതിയിലാവാൻ കുറച്ചു കാലമെടുക്കും. അമ്പലക്കമ്മിറ്റിയിൽ നിന്നും ക്ലബ്ബിൻറെ കുറിയിൽ നിന്നും ഗൾഫിലുള്ള സുഹൃത്തുക്കളിൽ നിന്നുമൊക്കെയായി കുറച്ചു തുക സംഘടിപ്പിച്ച് വിവാഹം ആഘോഷമാക്കിയാലും തിരിച്ചു കൊടുക്കുക എന്നത് വർഷങ്ങൾ നീണ്ടു നിൽക്കുന്നൊരു ബാധ്യതയാവും. എന്ത് ചെയ്യും? ചിന്തകൾ ഉറക്കത്തെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു.

പിറ്റേന്ന് “അമ്മേ ഞാൻ അമ്മാവനെ പോയി കണ്ടിട്ട് വരാം..” എന്ന് പറഞ്ഞു അവൻ ബൈക്കെടുത്ത് പുറപ്പെട്ടു.

“ഞാൻ പറഞ്ഞത് മാറ്റിപ്പറയുന്നയാളല്ല. ഈ മുഹൂർത്തത്തിലല്ലെങ്കിൽ പിന്നെ ഇതിലും നല്ലൊരു മുഹൂർത്തം ഈ അടുത്ത കാലത്തൊന്നുമില്ല..” പണിക്കർ പറഞ്ഞു.

“ഒന്നുകൂടി നോക്കാൻ പറ്റുമോ… ഇപ്പൊ കൊറോണയൊക്കെയല്ലേ..” അമ്മാവൻ ചെറിയ ശബ്ദത്തിലൊരു ശുപാർശ ചെയ്തു.

“അങ്ങിനെ പലതും വരും.. പക്ഷെ സമയവും ദിവസവും മാറില്ല.. ബാക്കി നിങ്ങളെ ഇഷ്ടം..” പണിക്കർ തറപ്പിച്ചു പറഞ്ഞു.

ചുരുട്ടിയ രണ്ടു നോട്ടുകൾ കൈ നീട്ടി വാങ്ങുമ്പോൾ സന്ദർശകർ സംയമനം പാലിച്ചതിലും അന്നതിനുള്ള വക സമ്മാനിച്ചതിലും തൻ്റെ കോപവാക്കുകളിൽ പ്രകോപിതരാവാതിരുന്നതിലും പണിക്കർ തൻ്റെ ആരാധനാ മൂർത്തിക്ക് നന്ദി പറഞ്ഞു.

“അപ്പൊ ഇരുപതിൽ കൂടേണ്ട… അതല്ലേ സർക്കാർ നിർദ്ദേശം…” ബൈക്കിലിരുന്ന് അമ്മാവൻ ഉപദേശം നൽകി.

അഞ്ഞൂറോളം കല്യാണക്കത്തുക്കൾ വീട്ടിലെ അലമാരയിൽ അന്ത്യ വിശ്രമം കൊണ്ടു. ഈയൊരു വൈറസില്ലെങ്കിൽ എത്രയെത്ര വീടുകളിൽ കയറിച്ചെല്ലേണ്ട വാക്കുകളാണ് അതിൽ!

“ഞാൻ സാരിയുടെ നിറമുള്ളൊരു മാസ്ക് തയ്‌ക്കാൻ പറഞ്ഞിട്ടുണ്ട്… ബാബുവേട്ടനോ?”

വിവാഹത്തിന് രണ്ടു നാൾ മുമ്പൊരു സന്ദേശം അവനെ തേടിയെത്തി.

“എനിക്ക് വെള്ളയും വെള്ളയുമല്ലേ, അപ്പോൾ ഒരു വെളുത്ത തൂവാല മതി..”

നാവു കുഴഞ്ഞവർ തേങ്ങാപിഴിയേണ്ട, പാട്ടും ആരവവും ഉയരേണ്ട രാവിൽ ചിവീടുകൾ ഗാനമേള നടത്തി. വാരിപ്പുണർന്ന് ആശംസകൾ അറിയിക്കേണ്ടവർ വാട്ട്സാപ്പിൽ വാക്കുകളും ശബ്ദവും ചൊരിഞ്ഞു. പന്തലിനുപുറത്ത് ഉയരേണ്ട ഫ്ളക്സിന് പകരം ഫേസ്‌ബുക്കിൽ പോസ്റ്റുകൾ തെളിഞ്ഞു. വാദ്യ മേളങ്ങളുയരേണ്ട അമ്പല മുറ്റത്ത് മുഖാവരണം ധരിച്ച് അവർ നിശബ്ദമായി നിന്നു. ഹൃദയങ്ങൾ ഒന്നായെന്ന് കണ്ണുകൾ പരസ്പരം പറഞ്ഞു.

വിരലിലെണ്ണാവുന്നർക്ക് വീടിൻറെ അകത്തളത്ത് സദ്യ വിളമ്പി. വേണ്ടപ്പെട്ടവർ തന്നെ പാചകക്കാരുടെ വേഷമണിഞ്ഞു. വീട്ടിലെ വാഴകൾ തന്നെ സദ്യക്ക് വയറുകളിലേക്കുള്ള യാത്രക്കിടെ താത്കാലിക വിശ്രമ ഇടമൊരുക്കി.

ശബ്ദ കോലങ്ങളില്ലാതെ കുഞ്ഞൻ വൈറസ് നിയന്ത്രിച്ച മറ്റൊരു ദിനം കൂടി അതിന്റെ അവസാന നിമിഷത്തിലേക്ക് കടന്നപ്പോൾ ബാബു കവിതയുടെ കാതിൽ മന്ത്രിച്ചു:

“താങ്ക്സ് ന്റെ കോവിഡേ!”

“എന്ത് ?” അവൻ്റെ കൈകൾ തട്ടിമാറ്റികൊണ്ട് അവൾ ചോദിച്ചു.

“താങ്ക്സ് എൻ്റെ കവിതേ…. ന്ന്!”

മലപ്പുറം ജില്ലയിലെ മാറഞ്ചേരിയിൽ ജനനം. കാഴ്‌ച, പരാജിതൻ, നെല്ലിക്ക, ചെക്കൻ, നാലുവരക്കോപ്പി, ഒമ്പതാളും ഒരോന്തും എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്‌. സ്വന്തം പേരിൽ ആനുകാലികങ്ങളിലും പരാജിതൻ എന്ന തൂലികാ നാമത്തിൽ സോഷ്യൽ മീഡിയയിലും എഴുതുന്നു