‘ഇഞ്ചിചെരണ്ടൽ’
കഴിഞ്ഞു
തോട്ടിൽ കുളിക്കുവാരുന്നു,
കൊച്ചുറാണി…
ഇഞ്ചിമണവും വിയർപ്പും പുരണ്ട തോർത്തു നനച്ചു
വാരസോപ്പു തേക്കുമ്പോഴാണ്;
‘കൊച്ചു കണ്ടിട്ടൊണ്ടോ –
യെന്റെ ഷാജീനെ? ‘യെന്ന്
കൊച്ചുറാണിയെന്നോട്
ചോയ്ച്ചത്..
‘കാണണ്ടതായെന്റെ
കൊച്ചേ…..
മമ്മൂട്ടിയെപ്പോണക്കാ മൊകം… വെളുത്തു
ചോന്ന നീണ്ട മൂക്കും
കട്ടിമീശേം തൊണ്ടിപ്പഴം
പോലെ ചോന്ന ചുണ്ടും…’
എന്നും പറഞ്ഞു തുടുത്തു
ചിരിച്ചവൾ…
‘ഞങ്ങടെ കല്യാണത്തിന്
പൈസയൊണ്ടാക്കാൻ
കൊടകീ,ക്കുരുമൊളക്
പറിക്കാൻ പോയതാ
കൊച്ചേ, യെന്റെ ഷാജി –
യെന്ന് നെടുവീർപ്പിട്ടു
അവൾ…
‘കാത്തിരിക്കാൻ..
പറഞ്ഞു.. എന്നോട്.. ‘
എന്ന് ലജ്ജയോടെ
പറഞ്ഞോണ്ട്…
തോർത്ത് കുത്തിപ്പിഴിഞ്ഞു,
അവൾ..
തോട്ടിലെ തെളിവെള്ളത്തിൽ
പരൽമീനുകൾ
കാലിലെ കുതിർന്ന
തഴമ്പുകൾ
വന്നു കാർന്നപ്പോൾ…
‘ഷാജി,യുമ്മ വെക്കുമ്പോലെ’ന്നു
കിലുങ്ങിച്ചിരിച്ചു.. അവൾ.
രണ്ടറ്റമെത്താത്ത
ഒറ്റത്തോർത്തു മാത്ര-
മുടുത്തു പരുപരുത്ത
കല്ലിൽ…
ഉപ്പൂറ്റിയുരച്ചു കഴുകുമ്പോൾ..
കൊച്ചുറാണീടെ
മെലിഞ്ഞ അമ്മിഞ്ഞകൾ
താളത്തിലാടി..
(കൊച്ചുറാണിക്കൊരു
ചേച്ചിയൊണ്ടാർന്നു.)
‘കപ്പവാട്ടി’ന്റന്നു..
‘ചേച്ചീമനീത്തീം,
ഒരുപോലാന്നെങ്കിലും
ചേച്ചിക്കാ ‘മുൻതൂക്ക’മെന്ന്
പറഞ്ഞ കുമാരേട്ടനെ
നോക്കി വെളുക്കെ-
ച്ചിരിച്ചെങ്കിലും…
പെട്ടെന്നിരുണ്ട
മുഖവുമായി,
‘തോന്ന്യാസം പറഞ്ഞാ,
അരിയും നാവെന്ന്
അരിവാ(ൾ )നീട്ടിപ്പറഞ്ഞു..
അവൾ….
‘ഷാജിയിനി വരുവേലെ’ന്നും
‘ചത്തു പോയെ’ന്നും
ആരോ പറഞ്ഞാ
സന്ധ്യയ്ക്കാണ്…
കൊച്ചുറാണിക്ക്
പ്രാന്തു കൂടീതും
അലറിക്കരഞ്ഞോണ്ട്
റോട്ടിലൂടോടീതും…
കപ്പവാട്ടും
ഇഞ്ചിചെരണ്ടലും
തോട്ടിൽക്കുളിയും
അന്യമായെങ്കിലും,
ഷാജിയുമ്മ വെക്കേണ്ട
ചുണ്ടുകൾ വരണ്ടു
വിണ്ടെങ്കിലും,
കൊച്ചുറാണിയിന്നും
ഷാജിയെയും
കാത്തിരിപ്പാണ്.