ചൂണ്ട

“നിന്റെ ചൂണ്ടക്കണക്ക് നീളം ഇല്ല”

പറമ്പ് കയറി തോട്ടുമുക്കിലേക്കുള്ള നടപ്പാത പിന്നിടുമ്പോൾ ഇട്ടു എന്നോട് പറഞ്ഞു.

“ആ…  മിനിഞ്ഞാന്ന് ഒടിഞ്ഞതാ. ചാവുങ്കലിൽ പോയി വെട്ടണം, വൈകുന്നേരം പോകാം ” ഞാൻ പറഞ്ഞു.

രാവിലെ ഒരു കുറ്റി ചെമ്പൻ പുട്ടും പടിഞ്ഞാറ്  കുലച്ചു നിന്നിരുന്ന കദളിയുടെ രണ്ട് പഴവും കഴിച്ച് ഇറങ്ങിയതാണ്.

ഇന്നലെ അറ തൂക്കാൻ അപ്പൻ കയറിയപ്പോഴാണ് ഒരു ചണച്ചാക്കിൽ കഴിഞ്ഞ കൊല്ലത്തെ രണ്ട് പറ നെല്ല് ഇരിക്കുന്നത് കണ്ടത്. ഇതെങ്ങനെ ശ്രദ്ധിക്കാതെ പോയി എന്ന് വിചാരിച്ച്, ബദ്ധപ്പെട് അപ്പൻ അതെടുത്ത് പുറത്തിട്ടു. ഇത് കുതിച്ച് ചോറാക്കിയാൽ ഒരു മെനയുണ്ടാവില്ല, കുത്തൻ കയറിയിട്ടുണ്ടെന്ന് മോളിയമ്മ പറഞ്ഞപ്പൊൾ അപ്പൻ തന്നാണ് എങ്കിൽ കുത്തിച്ച് പൊടിച്ചോണ്ട് വരാൻ പറഞ്ഞതും.

രാവിലത്തെ ഈ കപ്പ തീറ്റ മോളിയമ്മ മടുത്തിരുന്നു. കപ്പ ഒഴിവാക്കി പലഹാരത്തിന് ഒപ്പിക്കാൻ മോളിയമ്മ സ്വയം ഉപദേശിച്ച ഉപാധിയാണ്‌ മെനയില്ലാത്ത നെല്ല് .

അരി പൊടിക്കാൻ പോയ കൂട്ടത്തിൽ അരക്കിലോ കാലിത്തീറ്റ കൂടി വാങ്ങി. പശുവിനു വാങ്ങിച്ചു വച്ച ഓക്കയിൽ നിന്ന് കയ്യിട്ട് വാരാൻ ജന്മം ചെയ്താൽ അപ്പൻ  സമ്മതിക്കില്ല.

“എല്ലാത്തിനും കണക്കുണ്ടെടാ ഉവ്വേ” അപ്പൻ പറയും.

അതോണ്ടാണ് കയ്യീന്ന് ക്യാഷ് കൊടുത്ത് കുറച്ച് ‘ഓക്ക’ വാങ്ങിയത് തന്നെ. അത് കുറച്ച് വാരി കല്ലിനു കുത്തിപ്പൊടിച്ച് വെള്ളത്തിൽ വിതറിയാൽ പാക്കംക്കടവീന്ന് വരെ മീനുകൾ ഓടിയെത്തുമെന്ന് പറഞ്ഞത് അപ്പച്ചൻ ചേട്ടനാണ്.

കെട്ടാൻ പോണ പെണ്ണിന്റെ അപ്പനെ ചേട്ടാന്ന് വിളിക്കുന്നതിൽ ഇപ്പോൾ ഒരു ലജ്ജ ഉണ്ടെങ്കിലും സ്വന്തം നാട്ടുകാരനും അയൽവാസിയും ഒക്കെ ആയതിനാലും ചെറുപ്പം തൊട്ടേ അങ്ങനെ വിളിച്ച്  പരിചയിച്ചതുകൊണ്ടും വേറൊന്നും നാവിലേക്ക് വരില്ല. രാവിലെ വാട്സാപ്പിൽ പതിവ് പോലത്തെ ഗുഡ്മോർണിംഗും മുത്തം കൊടുക്കലിനും ശേഷം അവൾ ചോദിച്ചു,

“ഇന്നെന്നാന്നെ പരിപാടി “

“വല്ലതും കഴിച്ചേച്ച് മീൻ പിടിക്കാൻ പോണം ” ഞാൻ പറഞ്ഞു.

“ഒറ്റക്കാണോ” അവൾ ചോദിച്ചു

“അല്ല ഇട്ടു ഉണ്ട് “

“ആണോ, അല്ലേൽ ഞാനും വരാരുന്നു ” ഒരു സങ്കടം ആ മംഗ്ലീഷ് വരികളിൽ ഒതുങ്ങി നിന്നു.

ഞാൻ മൗനം പാലിച്ച് ‘മ്മ്മ്മ് ‘ അയച്ചു

“എന്നാ കുറച്ച് നേരം അവിടെ ഇരുന്ന് പിടിച്ചിട്ട് പതിയെ ചൂണ്ടയും കൊണ്ട് ഇങ്ങോട്ട് വാ, ഇവിടെ  ഇടാം ചൂണ്ട” അവളുടെ സ്മൈലി നാക്ക് നീട്ടി ചിരിച്ചു .

“മ്മ്മ് നടന്നത് തന്നെ. നിന്റെ അപ്പൻ സമ്മതിച്ചിട്ട് വേണ്ടേ ” ഞാൻ തെല്ല് പുച്ഛത്തോടെയും അമർഷത്തോടെയും പറഞ്ഞു തീർത്തു.

“അപ്പായി ഒരു പതിനൊന്നു പതിനൊന്നര ആകുമ്പോ കവലക്ക് പോകും. അമ്മക്ക് ഇന്ന് കുടുംബശ്രീ കണക്ക് വായനയാ” അവൾ സ്മൈലി കാട്ടി വീണ്ടും ചിരിച്ചു, ഞാനും.

“നീയൊരു മിസ്സ്‌ അടി” ഞാൻ പറഞ്ഞു.

ഞങ്ങൾ നടപ്പാതയിൽ നിന്ന് തോട്ടിറമ്പിലേക്ക് നടന്നിറങ്ങിയപ്പോൾ ഞാൻ ഇട്ടുവിനോട് പറഞ്ഞു..

“ടാ ഞാൻ ഒരു പതിനൊന്നാകുമ്പോ റിയേടെ വീട് വരെ ഒന്ന് പോകും”

അവൻ ഒന്ന് മൂളുക മാത്രം ചെയ്ത്. അല്ലേലും പലപ്പോഴായുള്ള പോക്ക് വരവുകൾക്ക് ഒരേയൊരു സാക്ഷി അവനാണ്.

പടർന്ന് കിടന്ന ഇല്ലിയിൽ തട്ടാതെ ഇരു വശങ്ങളിലും വളർന്നു സഞ്ചരിച്ച പന്നപുല്ല് എത്തിനോക്കാൻ മടിക്കുന്ന നടപാതയിലൂടെ തിട്ടയിലേക്ക് ഇറങ്ങിയപ്പോഴാണ് കുറ്റിച്ച് നിന്ന താന്നിയുടെ ചുവട്ടിൽ ഒരാൾ കുന്തിച്ചിരുന്ന് ചൂണ്ട ഇടുന്നത് കണ്ടത്.

“ഇതാരണപ്പാ നമ്മുടെ മുക്കിൽ വന്ന് ചൂണ്ട ഇടുന്നത്” ഇട്ടു ആത്മഗതം മൊഴിഞ്ഞു.

“ഇതാ പെലയൻ തങ്കച്ചനാ ” ഞാൻ അവനോട് പറഞ്ഞു.

കുട്ടൻചെക്കന്റെ അപ്പനാണ് തങ്കച്ചൻ. കുട്ടൻ ഇട്ടുവിന്റെ കൂടെ ഫുട്ബാൾ കളിക്കാൻ വരുന്നത് കാണാറുണ്ട്. ചെറിയ പയ്യനാണ്, എന്നാലും കോളേജ് പിള്ളേർടെ കൂടെയൊക്കെയേ കളിക്കൂ, ഒരു പേടിയും അനുസരണയും ഇല്ലാത്ത ഒരുത്തൻ എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്.

“ഏത് കുട്ടന്റെ അപ്പനോ”  ഇട്ടു ചോദിച്ചു  

“അവനിട്ട് ഇന്നലെ രണ്ടു പെട കൊടുക്കണോന്ന് ഓർത്തതാ, അവനാ ഫുട്ബാൾ തൊഴിച്ച് പൈലിടെ വീട്ടിലോട്ട് ഇട്ട്. ഭാഗ്യത്തിന് പുള്ളി കണ്ടില്ല “

അവൻ പറഞ്ഞതിന് ഞാൻ വല്യ ശ്രദ്ധ കൊടുത്തില്ല. ഇയാൾ ഞങ്ങടെ മുക്കിൽ ചൂണ്ടയും കൊണ്ട് വന്നതിന്റെ ഗുട്ടൻസ് എനിക്ക് മനസിലായില്ല. സാധാരണ ഇതുങ്ങളെല്ലാം പാക്കംകടവിലും ചാവുങ്കലിലും ഒക്കെയാണ് ചൂണ്ടയിടലും ഒടക്കുവല ചാർത്തലും ഒക്കെ.

പക്ഷെ പാക്കംകടവിൽ ഇവരെയാരെയും വല ഇടീക്കാറില്ല കുഞ്ഞൂഞ്ഞ്. അത് അയാൾക്കും അയാളുടെ ഇഷ്ടക്കാരും ഒക്കെ ഇടുന്ന സ്ഥലമാണ്‌. ഇപ്പോ കടത്ത് ഒന്നും ഇല്ലേലും നല്ല തെളിഞ്ഞ സ്ഥലം. പണ്ട് തോടിന്റെ ഏറ്റവും വീതിയുള്ള പ്രദേശം കൂടി ആയിരുന്ന കടവ് ഈ കുഞ്ഞൂഞ്ഞ് തന്നെ കയ്യേറി കയ്യേറി ചെറുതാക്കി.  വൈകുന്നേരം അലക്കുകാരുടെയും കുളിക്കാരുടെയും ബഹളവും കേൾക്കാം. അങ്ങേര് വലയോ ചാട്ടമോ ഇട്ടാൽ ഇവരാരെയും അങ്ങോട്ട് കാണുകയും ഇല്ല. പക്ഷെ ഈയിടെയായി തോട് കുറുകെ വല വിരിച്ചിടാൻ പാടില്ല എന്ന നിയമം ചില പരിസ്ഥിതി പരിഷകൾ കാരണം ഉണ്ടായിട്ടുണ്ട് .

‘ഇയാൾക്ക് ആ ചാവുങ്കലിൽ പോയി ഇട്ടാൽ എന്നാ’ എന്ന് ഞാൻ ചിന്തിച്ചു.

മാർഗ്ഗം കൂടിയെന്ന് വച്ച് ഇതുങ്ങളുടെ പഴേ സ്വഭാവത്തിൽ മാറ്റം ഒന്നും വരില്ലാന്ന് മോളിയമ്മ ഇടക്ക് പറയും,

“വിശ്വസിക്കാൻ കൊള്ളുവേലന്നേ “

ഇതുപോലെ കുറച്ച് നാൾ മുൻപ് കുഞ്ഞേപ്പിനെ ഇവിടെ ഇരുന്ന് ചൂണ്ട ഇട്ടതിനു മോളിയമ്മ എന്തോ പറഞ്ഞ് ഓടിച്ചതാണ്.

“അവൻ ആ തിട്ട മുഴുവൻ തോട്ടിലേക്ക് ഇടിച്ചിടുന്ന്. ഇവനെയൊന്നും പറമ്പിൽ കയറ്റാൻ കൊള്ളുകേല “

മോളിയമ്മ അന്ന് പറഞ്ഞതുപോലെ രണ്ട് പറഞ്ഞ് സ്ഥലം വിടീക്കണം എന്ന ഉദ്ദേശത്തോടെ കലിപൂണ്ട് ഞാൻ ഇറങ്ങി. ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ അയാൾ അതേ കുന്തിച്ചിരിപ്പോടെ ഞങ്ങളെ നോക്കി ചിരിച്ചു .
അത് കണ്ടപ്പോ വന്ന കലി ദഹിച്ചു പോയി, പറയാൻ വന്നതും വിഴുങ്ങി.

ആ ചെറിയ താന്നിയുടെ കൊമ്പിൽ ഒരു പ്ലാസ്റ്റിക് കൂട് തൂക്കി ഇട്ടിട്ടുണ്ട്. ഈ തിട്ടയിൽ സൗകര്യമായി ചൂണ്ട ഇടാൻ പാകമുള്ള ഇടം ഈ താന്നിയുടെ ചുവട്ടിലും പിന്നെ അടുത്ത് മാറി തോട്ടിലേക്ക് ഇറങ്ങുന്ന ചവിട്ടി തെളിഞ്ഞ ഒതുക്ക്കല്ലിന്റെ ഭാഗത്തും ആണ്. മുക്കിന്റെ ഇടത്തെ അറ്റത്തായി ഒരു ചേരും നിൽപ്പുണ്ട്. വലത്തെ അറ്റത്ത് പടർന്ന് തോട്ടിലേക്ക് ചാഞ്ഞൊരു ഇല്ലിയും.

ഇല്ലി അതിനെ നട്ടവരുടെ ഉദ്ദേശം മാനിക്കാതെ ഒരു ചെറിയ വനം തന്നെയായി മാറി. ആനയും പുലിയും കുറുക്കനും വരെ അതിൽ ഉണ്ടെന്ന് ഞാൻ ചെറുപ്പത്തിൽ വിശ്വസിച്ചിരുന്നു. രാത്രിയിൽ ഇര തേടി ഇറങ്ങി വരുന്ന ചെന്നായ കൂട്ടങ്ങളെ കാണാൻ വീട്ടുമുറ്റത്ത് നിന്ന് ഇല്ലിക്കൂട്ടത്തിലേക്ക് നോക്കി കാത്തിരുന്നിട്ടുണ്ട് ഞാനും മോളിയമ്മയും. അതൊക്കെ മോളിയമ്മ എന്നെ ഊട്ടിക്കാൻ മെനഞ്ഞ തന്ത്രങ്ങൾ ആയിരുന്നെന്ന് പിന്നീട് അറിഞ്ഞിട്ടും ഏറെ കാലം പേടിച്ചിട്ട് ഞാൻ ഇല്ലിക്കൂട്ടത്തിന്റെ അടുക്കലേക്ക് പോയിരുന്നില്ല.

അതുപോലെ ആരും വെട്ടാൻ പോയിട്ട് തൊടാൻ പോലും പേടിക്കുന്നത് കൊണ്ട് അനേക വർഷങ്ങളായി  തലയുയർത്തി ഇറമ്പിൽ നിൽക്കുന്ന ചേരിന്റെ അടുത്തേക്ക് ഞാൻ ഇന്നും അറിയാതെ പോലും പോകില്ല.

കാട് കയറി ഒരു മരത്തിൽ കണ്ട ആണി വെറുതെ ഊരിമാറ്റി യക്ഷിയെ തുറന്ന് വിട്ട ഹതഭാഗ്യരായ കുറച്ച്  ചെറുപ്പക്കാരുടെ സിനിമ ചെറുപ്പത്തിൽ  കണ്ടപ്പോൾ, നമ്മുടെ പറമ്പിലും യക്ഷിയുള്ള മരം ഉണ്ടെന്ന് പറഞ്ഞ് ആണിയുള്ള ഒരു മരം ഇട്ടുവിനെ കൊണ്ടുപോയി ഞാൻ കാണിച്ചു കൊടുത്തു. അന്ന് രാത്രി ശരീരം തടിച്ചപ്പോഴാണ് ഞാൻ ആണിയടിച്ചത് ചേരിൽ ആണെന്ന് വീട്ടുകാരറിയുന്നത്. പിറ്റേന്ന് പേരപ്പൻ വന്ന് കുറച്ചകലെയുള്ള ഒരുതൊടിയിൽ നിന്ന താന്നിമൂട്ടിൽ കൊണ്ടുപോയി ഏഴ് വട്ടം ചുറ്റിച്ചു..

“ചേരച്ഛൻ പിഴച്ചത് തന്ന്യമ്മ പൊറുക്കണേ”

അന്ന് തന്നെ ആ തൊടിയിൽ നിന്ന് തൈയും പറിച്ച് ചേരിന്റെ അടുത്ത് മാറി പേരപ്പൻ താന്നി നട്ടു. പക്ഷെ എതിരാളിയെ വളരാൻ അനുവദിക്കാത്ത ചേര് താന്നിയുടെ മുകളിൽ തണൽ വിരിച്ചു നിന്നു. താന്നി ഒരു ഘട്ടം എത്തിയപ്പോൾ വളർച്ച അവസാനിപ്പിച്ചു. ഇപ്പോ പേരപ്പൻ മാത്രമാണ് ഇടക്ക് വരുമ്പോൾ ചേരിനെ ചാരി നിന്ന് ചൂണ്ടൽ  ഇടുന്നത്. ആർക്കോ കൊടുക്കേണ്ട ബഹുമാനം ചേര് പേരപ്പന് കൊടുക്കുന്നു എന്ന് എനിക്ക് തോന്നി.

തങ്കച്ചൻ വല ഇടാറില്ല. വേനക്ക് വെള്ളം താഴുമ്പോ ഒറ്റാലുമായി തോട്ടിലും ചാലിലും കറങ്ങി നടക്കുന്നത് കാണാം. അല്ലെങ്കിൽ ചൂണ്ട തന്നെയാണ് സ്ഥിരം. എന്റെ ഇടം കയ്യേറി ഇരിക്കുന്ന അയാൾക്ക് വല്യ ചിരിയൊന്നും കൊടുക്കാതെ ഞാൻ അരിക് മാറി നിന്നു. പക്ഷെ അവിടെ നിൽപ്പും ഇരിപ്പും ഉറയ്ക്കാഞ്ഞിട്ടു ഇട്ടു ഇരുന്ന ഒതുക്കുകല്ലിന്റെ സമീപത്തേക്ക് നീങ്ങി. അയാളുടെ കൂടിൽ ഒന്നുരണ്ട് പള്ളത്തിയും ഒരു പരലും കിടക്കുന്നത് കാണാം.

“ഓക്ക വാരി ഇട്ടോ ” ഞാൻ ഇട്ടുവിനോട് പറഞ്ഞു.

“അവൻ പേപ്പർ പൊതി തുറന്ന് ഒരു വാര് ഓക്ക വെള്ളത്തിലേക്ക് എറിഞ്ഞു”

മീനുകൾ കൂട്ടമായി ഉപരിതലത്തിലേക്ക് വന്ന് തീറ്റ കൊത്തിയെടുത്ത് മറഞ്ഞു തുടങ്ങി.

“ഒന്ന് ” ചൂണ്ടലിൽ കൊത്തിയ ആദ്യത്തെ മീനിനെ വലിച്ചൂരി ഇട്ടു വിളിച്ചു പറഞ്ഞു.
ഞാൻ തീറ്റ കോർത്ത് അവന്റെ സമീപം ചേർന്ന് ചൂണ്ടയെറിഞ്ഞു.

കാലിത്തീറ്റയുടെ രുചി പിടിച്ച് എത്തിയ മീനുകൾ ചൂണ്ടയിൽ കിടക്കുന്ന തീറ്റ സശ്രദ്ധം വീക്ഷിക്കാതെ വെട്ടിയെടുത്തു, ഞാൻ വലിച്ചെടുത്തു.

ഒരു സാമാന്യം വലിപ്പമുള്ള കുറുവ കിടന്ന് പിടയുന്നു. എന്നിട്ട് ഞാൻ തങ്കച്ചനെ നോക്കി അയാൾ എര മാറ്റിക്കോർക്കുവാണ്‌. അതിനിടയിൽ അയാൾ ഒരു തിടുക്കത്തോടെ ഞാൻ ഊരിയെടുത്ത കുറുവയിലേക്ക് നോക്കി, എന്നിട്ട് ദൃതിയിൽ ചൂണ്ട എറിഞ്ഞു.

“പാക്കംകടവിൽ കുഞ്ഞൂഞ്ഞ് മൊതലാളീടെ ചാട്ടം ഇന്നലെ ഫിഷറിസകാര് വന്ന് പൊട്ടിച്ചു കളഞ്ഞത് അറിഞ്ഞാരുന്നോ” തങ്കച്ചൻ ഞങ്ങളുടെ നേർക്ക് തിരിഞ്ഞും വെള്ളത്തിൽ നോക്കിയും മാറി മാറി പറഞ്ഞു.
അയാൾ എന്താണ് പ്രസ്താവിക്കുന്നത്, കുഞ്ഞൂഞ്ഞിന്റെ ചാട്ടം പൊട്ടിച്ചെങ്കിൽ ചാവുങ്കാലിൽ ഇയാളുടെ ആളുകൾ വിരിച്ച ഒടക്കുവല അവര് കീറിയില്ലേ, അതെന്താണ് ഇയാൾ പറയാത്തത്.

“ആ അറിഞ്ഞാരുന്നു. ചാവുങ്കലെ വലയും കീറിയെടുത്തോണ്ട് പോയീന്നും കേട്ടു ” ഞാൻ പറഞ്ഞു

“അതാ കുഞ്ഞേപ്പ് ഇട്ടതാ,അവനോട് പറഞ്ഞതാ തോട് മുറിച്ച് വല ഇടല്ലേന്ന്, പറഞ്ഞിട്ട് കാര്യമില്ല “

കുഞ്ഞൂഞ്ഞിന്റെ കാര്യം പറയുമ്പോൾ ഉള്ള ഉത്സാഹം ഇല്ലല്ലോ ഇത് പറയുമ്പോ എന്ന്‌ ഞാൻ ശ്രദ്ധിച്ചു.

എഴുന്നേറ്റ് പൊക്കോണം, കണ്ടവർക്കുള്ളതല്ല ഈ മുക്ക്, ഇന്ന് ഇട്ടത് ഇട്ടു ഇനി വേണ്ട എന്നൊക്കെ പറയാനുള്ള ഒരു രോഷം ഉയർന്നെങ്കിലും ഒന്നും മിണ്ടാൻ തോന്നിയില്ല.

ചൂണ്ടയിൽ തടഞ്ഞ ഒന്ന് രണ്ട് ചില്ലാനും ചെമ്പല്ലിയും ഒക്കെ അയാൾ ഒരു നീരസത്തോടെ പെറുക്കി കൂടിൽ ഇടുന്നത് ഞാൻ ശ്രദ്ധിച്ചു. ഓരോ തവണയും ഞങ്ങൾ കുറവ വലിച്ചെടുക്കുന്ന ശബ്ദം കേൾക്കുമ്പോൾ അയാൾ തലവെട്ടിച്ച് നോക്കും. ഇട്ടു ഓക്ക ഒരിടത്ത് ഒതുക്കി വിതറി. മീനുകൾ തീറ്റ വെട്ടുന്ന ശബ്ദം ധ്വനികൾ പോലെ ഉയർന്നു.

“കുട്ടനും ഇളയപെണ്ണിനും തോട്ടുമീനാ ഇഷ്ടം വാങ്ങിക്കുന്നത് വച്ച കൂട്ടില്ല രണ്ടും ” തങ്കച്ചൻ ചെറു ചിരിയോടെ പറഞ്ഞു. ആ ചിരിയിൽ ഒതുക്കിയ  സങ്കടം ഞാൻ അറിഞ്ഞെന്ന് ഭവിക്കാൻ പോയില്ല.

“ആ” ഇട്ടു കേട്ടെന്ന് നടിച്ചു.

“അതും കുറുവ. തല കളഞ്ഞ് വറുത്തെടുത്താൽ രണ്ടിനും വേറൊന്നും വേണ്ട. പള്ളത്തിയോടൊന്നും താല്പര്യം ഇല്ല. ഇന്നലെ രാത്രി തുടങ്ങിയതാ, കുറുവ വേണം കുറുവ വേണം എന്ന് പറഞ്ഞ് രണ്ടും കൂടെ. ചെവിതല കേൾപ്പിക്കില്ല “

ചൂണ്ട പൊക്കി, കുടുങ്ങിക്കിടന്ന പള്ളത്തിയെ ഊരി മാറ്റി അയാൾ പറഞ്ഞു.

“ചാവുങ്കലും പാക്കംകടവിലും ഇട്ട് നോക്കിയില്ലേ.”  ഞാൻ ചോദിച്ചു.

“ഓ രണ്ടിടത്തും നല്ല ഒഴുക്കാ ഇപ്പോ. അരിക് ചേർത്തിട്ടാ കിട്ടണത് മൊത്തം പരലും പള്ളത്തിയുമാ. പിന്നെയും ഒഴിക്കില്ലാത്തത് ഈ ഇല്ലിമുക്കിലാ. ഇതിങ്ങനെ ചാഞ്ഞു കിടക്കുന്നോണ്ട് ഒഴുക്ക് തടയും”

ശെരിയാണ്, പുഴ മേൽ വളരുന്ന കാട് പോലെയായി ഈ ഇല്ലി. ഇതിനെ മറികിടന്ന് പോകാൻ ഒഴുക്ക് വെള്ളത്തിനല്ലാതെ ഒരു പൊടിമീനു പോലും കഴിയില്ലെന്ന് തോന്നി എനിക്ക്.

അത് പറഞ്ഞ് കഴിഞ്ഞപ്പോഴാണ് അയാളുടെ ചൂണ്ടലിൽ ഒരു ചെറിയ കുറുവ കയറിയത്.
അയാളുടെ സന്തോഷം കണ്ടപ്പോ ഇനി ഇങ്ങേര് ഇവിടുന്ന് പോകാൻ മനസ്സ് കാണിക്കില്ലാന്ന് ഉറപ്പായി.
ഞാൻ ഇട്ടുവിനോട് ഓക്ക വാരി വിതറാൻ നിർദ്ദേശിശം കൊടുത്തു. മീനുകളുടെ ശ്രദ്ധ ആകർഷിക്കാൻ ഇതാണ് നല്ല വഴി. മീൻ കിട്ടാതെ അയാൾ സ്ഥലം വിട്ടോളും എന്ന ഉദ്ദേശം ആയിരുന്നു എനിക്ക്.

മൊബൈൽ രണ്ട് തവണ കിടന്ന് ഒച്ച വച്ചത് കേട്ട് ഇട്ടു എന്നെ നോക്കി.

“നിനക്ക് പോണ്ടേ”

“നിക്ക്, ചിലപ്പോ അപ്പച്ചൻചേട്ടൻ ഇതുവഴി വരും”

കവലക്ക് പോകാൻ അയാൾ എളുപ്പവഴി കണ്ടെത്തി ഞങ്ങളുടെ തൊടിയിലൂടെ വരാനുള്ള സാധ്യത ഞാൻ മുന്നിൽ കണ്ടതും പിന്നിൽ നിന്നൊരു ശബ്ദം

“എന്നതാടാ പിള്ളേരേ വല്ലതും കിട്ടുന്നുണ്ടോ “

ഞങ്ങൾ ശബ്ദം കേട്ടിടത്തേക്ക് നോക്കി. അപ്പച്ചനാണ്, ഞാനും ഇട്ടുവും എണീറ്റ് മടക്കികുത്ത് അഴിച്ചിട്ട് നിന്നു.

“ഓ എന്നതാ മീനൊന്നും ഇല്ല അപ്പച്ചൻ ചേട്ടാ” ഇട്ടു  പറഞ്ഞു. എന്റെ മൊബൈൽ വീണ്ടും മണിമുഴക്കി.

“കവലക്ക് പോവണോ ” ഞാൻ ഉപചാരപൂർവ്വം ചോദിച്ചു.

അയാൾ അതിന് ശ്രദ്ധ കൊടുക്കാതെ തങ്കച്ചനെ നോക്കി.

തങ്കച്ചൻ ഇരിന്നിടത്ത് തന്നെയിരുന്ന്  “അപ്പച്ചൻ ചേട്ടാ എന്നാ ഉണ്ട് ” എന്ന് ചോദിച്ചു.

“ഓ എന്നാടാ ഉവ്വേ.. കവല വരെയൊന്ന് പോവാ”

ഞാൻ ചോദിച്ചതിനുള്ള ഉത്തരം അയാൾ ചോദിക്കാതെ കൊടുക്കുന്നത് കണ്ട് എന്റെ നാക്ക് ചൊറിഞ്ഞു വന്നു.

“നിനക്കിപ്പോ പണിയൊന്നും ഇല്ല്യോടാ ” , അപ്പച്ചൻ ചോദിച്ചു.

തങ്കച്ചൻ തിരിഞ്ഞ് എന്നോടാണോ എന്ന ഭാവത്തിൽ അങ്ങേരെ നോക്കി.

“ടാ നിന്നോടാ ജോയിസിയെ, പണിയൊന്നും ഇല്ലേ ഇപ്പോ”. എന്നോടാണ് എന്ന് മനസിലാക്കിയ ഞാൻ പറഞ്ഞു

“ആ ഉണ്ട്, അടുത്താഴ്ച്ച അയർക്കുന്നത്ത് ഒരു കേറിപ്പാർക്ക ഉണ്ട്. “

“ഓ ഇപ്പോ ആരാടോ വാടകയ്ക്ക് പന്തൽ എടുക്കുന്നത് . എല്ലാം ഇവന്റ് മാനേജ്മെന്റ് അല്ലെ” അപ്പച്ചൻ ചേട്ടൻ എന്നെ നോക്കി പറഞ്ഞു.

അയാളുടെ മോളെ കെട്ടിച്ചു തരണമെന്ന് പറഞ്ഞപ്പോൾ ആദ്യം കണ്ട നീരസം മുഖത്ത് ഇപ്പോഴും കാണാം. റിയേടെ ഒറ്റവാശിയിലാണ് ഇപ്പോഴുള്ള ഈ സമ്മതവും. പാടവും പറമ്പും കുടുംബസ്വത്തായി ഏറെയുള്ള അപ്പച്ചന്‌ ആകെയുള്ള ഒറ്റമോളെ സ്ഥിരമായി പണിയില്ലാത്ത എനിക്ക് തരാൻ എന്തായാലും ഒരു മടി കാണും. അപ്പന് പശു പതിനാലാണേൽ അപ്പച്ചന് ഇരുപത്തിനാലാ. ചാനലുകാര് കഴിഞ്ഞ ഓണത്തിന്റെ ഒരാഴ്ച്ച മുൻപ് വന്ന് അപ്പച്ചന്റെ തൊടിയിലെ കൃഷിവൈവിധ്യങ്ങൾ പിടിച്ചോണ്ട് പോയപ്പോ, അപ്പന്റെ ഒരു ക്ടാവ് ചത്തതിനെ കുഴിച്ചു മൂടുവാരുന്നു ഞാൻ.

“അല്ല, കാറ്ററിംഗ് കൂടി കിട്ടിയിട്ടുണ്ട്. റിയ പറഞ്ഞില്ലാർന്നോ കാറ്ററിംഗ് തുടങ്ങിയെന്ന് ” ഞാൻ പറഞ്ഞു.

“ആ പറഞ്ഞെന്ന് തോന്നുന്നു. നന്നായിട്ട് കൊണ്ടുപോയാൽ കൊള്ളാം” അയാൾ ഒരു പുച്ഛത്തോടെ അത് പറഞ്ഞു നിർത്തി.

“ടാ പിള്ളേരെ നിങ്ങൾ ഈ എര കൊത്തി ഇടുന്ന നേരത്ത് കുറച്ച് മൈദ കുഴച്ച് കോർക്ക്. തുരുതുരാന്ന് കിട്ടും. കളത്തിലെ പാണ്ടികളെ കണ്ടിട്ടില്ലേ. ദിവസം ഒന്നും രണ്ടും കിലോയാ  കൊണ്ടൊണെ ” അത് പറഞ്ഞിട്ട് അയാൾ തങ്കച്ചനെ നോക്കി.

“ഈ ആഴ്ച ഒരൂസം വന്ന് തോട്ടത്തിലെ അടിക്കാട് ഒന്ന് വെട്ടണം. റബ്ബറിന് വളം ഇടറായി, വേനമഴ ഇപ്പോ തുടങ്ങും “

” ഞാൻ എന്നാ നാളെ വന്നേക്കാം ” തങ്കച്ചൻ പറഞ്ഞു.

“എന്നാ നാളെ അക്കരേന്ന് തുടങ്ങിക്കോ ” അതും പറഞ്ഞ് അയാൾ തിരിഞ്ഞ് നടപ്പാത തെറ്റാതെ നടന്ന് നീങ്ങി. ഇട്ടുവും ഞാനും പരസ്പരം നോക്കി.

മൊബൈൽ വീണ്ടും ഒച്ചയുണ്ടാക്കി. പോവുന്നില്ലേ എന്നാ ഭാവത്തിൽ ഇട്ടു. ഞാൻ കാൾ കട്ട്‌ ചെയ്തിട്ട് ചൂണ്ട പിടിച്ചു ഇരുന്നു.

“വീട്ടിൽ മൈദ ഉണ്ടോ ” തങ്കച്ചൻ ചോദിച്ചു

ഞാൻ കേട്ട ഭാവം നടിച്ചില്ല.

“ആ…. ഉണ്ടെന്ന് തോന്നുന്ന ” ഇട്ടു എന്താ പറയണ്ടേന്ന് അറിയാതെ വിക്കി വിക്കി പറഞ്ഞു.
ഞാൻ അവനെ രൂക്ഷമായി നോക്കി പിറുപിറുത്തു. “ഇല്ലാന്ന് പറഞ്ഞ പോരാരുന്നോ “

“എന്നാ കുറച്ച് എടുത്തോണ്ട് വരാൻ പറ്റുവോ ” അയാൾ പറഞ്ഞു.
“ഓ ഇനി പോവാൻ വയ്യ” ഇട്ടു മടിച്ച് മടിച്ച് പറഞ്ഞു.

“ഞാൻ കുഴച്ച് തരാം. ഇച്ചിരി മതി. കുറുവ കിട്ടിയാലോ ” അയാൾ പിന്നെയും പറഞ്ഞു.

“അങ്ങനെ മൈദയൊന്നും മീൻ പിടിക്കാനായിട്ട് എടുക്കാൻ അമ്മ സമ്മതിക്കില്ല” ഞാൻ പറഞ്ഞു.
അയാൾ ഒന്നും മിണ്ടാതെ കുറുവ കാത്ത് ഇരുന്നു.

മൊബൈൽ വീണ്ടും മുഴങ്ങിയപ്പോൾ ഞാൻ ചൂണ്ടലിൽ എര കൊളുത്തി വെള്ളത്തിൽ എറിഞ്ഞ് കണ നിലത്ത് തറച്ചു വച്ച് ഇട്ടുവിനെ നോക്കി എഴുന്നേറ്റു.

“പോവണോ ” അയാൾ ചോദിച്ചു.

“അല്ല ഇപ്പോ വരും” ഞാൻ പറഞ്ഞു

ഞാൻ തിട്ട കയറി മുകളിൽ എത്തിയപ്പോൾ മോളിയമ്മയുടെ ശബ്ദം
“ഡാ ജോയിസിയെ വല്ലതും കിട്ടിയോ”

“ആ കുറച്ച് കുറുവ കിട്ടി” ഞാൻ  ഉച്ചത്തിൽ തന്നെ പറഞ്ഞു. വിറക് പെറുക്കി കൂട്ടുവായിരുന്ന മോളിയമ്മ എന്റെ അടുത്തേക്ക് വന്നു.

“മുഴുത്തതാണോടാ? ” അപ്പോഴാണ് താന്നി ചുവട്ടിൽ കുന്തിച്ചിരിക്കുന്ന തങ്കച്ചനെ കണ്ടത്.

“ഇയാൾ എന്നാ നമ്മുടെ മുക്കിൽ വന്ന് ചൂണ്ട ഇടുന്നെ “

“ആ ” ഞാൻ കൈ മലർത്തി

“എണീപ്പിച്ച് വിട്. കണ്ട പെലയനും പറയനും നമ്മുടെ മുക്കിൽ വന്ന് ഒണ്ടാക്കണ്ട ” മോളിയമ്മ ഒച്ച അല്പം കുറച്ച് സ്വരം കനപ്പിച്ച് പറഞ്ഞു.

ഞാൻ പറഞ്ഞോളാം എന്ന് പറഞ്ഞിട്ടും മോളിയമ്മയുടെ കലി നിന്നില്ല.

കല്ലുപാടത്ത് നിന്ന് വന്ന കാറ്റ് അടിച്ചപ്പോൾ  ഇല്ലിക്കിടയിൽ നിന്ന് അപരിചിതങ്ങളായ ശബ്ദങ്ങൾ ഉണ്ടായി. കുറുക്കനും കൂവനും മാടയും മറുതയും പാമ്പും പരുന്തും എന്നുവേണ്ടതെല്ലാം ഇല്ലിക്കിടയിൽ തങ്ങളുടെ സാന്നിദ്ധ്യം ഉറപ്പുവരുത്താൻ മുരണ്ടു.

അത് കേട്ട മോളിയമ്മ കലിയിളകി തുള്ളി

“ഇല്ലി കാട് പോലെ നിരന്നു. വെട്ടിയൊതുക്കണം മൊത്തം. വല്ല പെരുമ്പാമ്പും കയറിയിരുന്നാൽ അറിയേലാ”

മോളിയമ്മ  ഒച്ചയെടുത്ത് പറഞ്ഞു. അതുകേട്ട് ഇല്ലിയുടെ ആശ്രിതർ ഉള്ളിലേക്ക് വലിഞ്ഞു.

“അത് വെട്ടിക്കളയാം. അമ്മ പൊക്കോ” ഞാൻ പറഞ്ഞു.

“നീ എവിടെ പോകുവാ. അവന്റെ അടുത്ത് ചെന്ന് നിന്ന് ചൂണ്ട ഇട്. നമ്മുടെ ഇല്ലിമൂട്ടിൽ കയറി കണ്ടവൻ നിരങ്ങണ്ട” ഞാൻ തിരിച്ചിറങ്ങി. കൂട്ടി വച്ച വിറക് മറന്ന് മോളിയമ്മ എന്തോ പുലമ്പിക്കൊണ്ട് തിരികെ നടന്നു.

നേരം കടന്നു പോയി. അതിന് ശേഷം തങ്കച്ചന് ഒരു കുറുവ പോലും കിട്ടിയില്ല. ഇട്ടു ഓക്ക വാരിയിട്ട്  ഇടത്തരം കുറുവകളെ പിടിച്ചെടുത്തു. ഉച്ചവെയിലിനെ ചൂണ്ടയിട്ട് പിടിക്കാൻ ചേരും ഇല്ലിയും മത്സരിച്ചു.

ചാഞ്ഞ ഇല്ലിക്കടിയിൽ നിന്ന് വെയിൽ കായാൻ പൊന്തി വന്ന വരാലുകൾ ഇല്ലിയുടെ നിഴൽ വീഴാത്ത ഇടം തേടി നീന്തി, കുറുവ കുഞ്ഞുങ്ങളെ പിടിച്ചു വിഴുങ്ങി. വെയിൽ ചാഞ്ഞ ഇല്ലിത്തലപ്പിൽ നിന്നും ഇറങ്ങി വന്ന കഴുനായ്കൾ വെള്ളത്തിലേക്ക് ഇറങ്ങി മുഴുത്ത കുറുവകളെ പിടിച്ചു തിന്നു. ഞാൻ തങ്കച്ചന്റെ അരികിലായി താന്നിച്ചുവട്ടിൽ തന്നെ നിന്ന് ചൂണ്ടയെറിഞ്ഞു. തങ്കച്ചന്റെ ചൂണ്ട വിഴുങ്ങാൻ വന്ന വലിയൊരു കുറുവ ചൂണ്ട മാറികൊത്തി. ഞാൻ അതിനെ വലിച്ചെടുക്കുന്നത് ശ്രദ്ധിക്കാതെ അടുത്ത കുറുവയെയും കാത്ത് തങ്കച്ചൻ ഇരുന്നു. അക്കരനിന്നും വന്ന ഒരു നീർക്കോലി ഒരു ഇടത്തരം കുറുവയെ പിടിച്ച് തിട്ടയിലോട്ട് കയറി പന്നപുല്ലുകൾക്കിടയിലേക്ക് ഇഴഞ്ഞു നീങ്ങി.

ഇല്ലിമൂട്ടിലെ കുറുവകൾ ഒന്നും പുലയന് അവകാശപ്പെട്ടതല്ല എന്ന് മനസിലാക്കിയ കുറുവകൾ സന്തോഷിച്ചു. അവർ ഓക്ക വിതറിയ ഇട്ടുവിന്റെ ചൂണ്ടക്കരികിലേക്ക് കൂട്ടമായി ഓടി. തങ്കച്ചന്റെ ചൂണ്ടയെ അവഗണിച്ചു.
കുറുവ പിടിച്ച് കൈ കഴച്ച ഇട്ടു എന്റെ മൊബൈലിൽ എൺപത് മിസ്സ്ഡ് കാൾ എണ്ണിയെടുത്തു.
കവലയിൽ നിന്ന് വന്ന അപ്പച്ചൻ ചേട്ടൻ ഊണും കഴിഞ്ഞ് കറവയും കഴിഞ്ഞ് ഒന്ന്  മയങ്ങാനായി കിടന്നിരുന്നു.

ചിരട്ടയിലെ എര തീർന്നപ്പോൾ തങ്കച്ചൻ ഞങ്ങളുടെ ചിരട്ടകളിലേക്ക് നോക്കി. ഒന്നിൽ മൈദയുടെ വറ്റ് ഉണങ്ങി കിടന്നു, മറ്റൊന്നിൽ കെട്ടുപിണഞ്ഞു കിടന്ന എരകൾ കുറുവമീനുകളെ കാത്ത് കിടക്കുന്നു.
അയാളുടെ എര തീർന്നു എന്നറിഞ്ഞപ്പോൾ ചിരട്ടയിൽ ബാക്കി വന്ന മൈദയുടെ വറ്റ് ഞാൻ തോട്ടിലെ കുറുവകൾക്ക് എറിഞ്ഞു കൊടുത്തു. ഞാൻ എഴുന്നേറ്റ് ഇട്ടുവിനോട് പോകാം എന്ന് ആംഗ്യം കാട്ടി. അവൻ ചിരട്ടയിൽ പിണഞ്ഞു കിടന്ന ഇരകളെ തോട്ടിലെ കുറുവകൾക്കായി തുറന്ന് വിട്ടു.

പിടിച്ച മീനുകൾ പൊതിഞ്ഞെടുത്തപ്പോൾ അയാൾ ചോദിച്ചു “നിങ്ങൾ പോകുവാണോ “

“അതെ പോണില്ലേ.” ഞാൻ ചോദിച്ചു

“പോവാണ്. പക്ഷെ…” അയാൾ മൗനിയായി

“നിങ്ങൾ ആ കുറുവകളെ വിൽക്കുന്നോ”
ഞാൻ ഇട്ടുവിനെ നോക്കി. കുറുവ തന്നെ അരമുക്കാൽ കിലോ മേലെ വരും.

“ഇരുന്നൂറു രൂപക്ക് ആണേൽ എടുത്തോ “
അയാൾ മടിക്കുത്തിൽ നിന്ന് അൻപതിന്റെ രണ്ട്  നോട്ടെടുത്ത് എനിക്ക് തന്നു. എന്നിട്ട് പറഞ്ഞു

“ബാക്കി…?  “

“ബാക്കി അപ്പന്റെ കയ്യിൽ കൊടുത്താൽ മതി ” ഞാൻ പറഞ്ഞു.

അയാൾ തിരിഞ്ഞ് കുറുവമീനുകൾ വാങ്ങി കൂടിൽ ഇട്ട് തിട്ടയിൽ നിന്ന് പറമ്പിലേക്ക് കയറി തുടങ്ങി. അയാളോട് രണ്ട് പറയണം എന്ന ത്വരയിൽ ഞാൻ പിന്നിൽ നിന്ന് വിളിച്ചു.

“ചേട്ടാ…. താന്നിയുടെ ചുവട്ടിൽ ഇങ്ങനെ ഇരിക്കരുത് കെട്ടോ. പേരപ്പൻ കണ്ടാൽ ഞങ്ങളെ ചീത്ത വിളിക്കും. താന്നി പേരപ്പന്റെയാ, താന്നി നിൽക്കുന്ന തിട്ട ഞങ്ങളുടെയും” ഞാൻ പറഞ്ഞു. അയാൾ ഒന്ന് പുഞ്ചിരിച്ചിട്ട് നടപ്പാത കയറി നടന്നു.

വൈകുന്നേരം പെയ്ത മഴയിൽ ഇല്ലി തോടിനടിയിലേക്ക് തല പൂഴ്ത്തി നിന്നു. മഴയ്ക്ക് ശേഷം മോളിയമ്മ പെറുക്കി വച്ച വിറകെടുത്തോണ്ട് അപ്പൻ മുറ്റത്തേക്ക് വന്ന് മോളിയമ്മയെ നോക്കി പറഞ്ഞു.

“ആ പെലയനാ ചേരിന്റെ ചുവട്ടിൽ കുത്തിയിരുപ്പുണ്ട് “

അപ്പോൾ കുറുവകൾ പുതിയ ചൂണ്ടലുകൾ തേടി അവിടം വിട്ട് പോയി കഴിഞ്ഞിരുന്നു 

കോട്ടയം ജില്ലയിൽ ഏറ്റുമാനൂർ കട്ടച്ചിറ സ്വദേശി. അഗ്രികൾച്ചർ ബിരുദധാരി. ഇപ്പോൾ കോട്ടയം ജില്ലയിൽ ജോലി ചെയ്യുന്നു