പ്രകൃതിപ്പോര്

ഹിംസയുടെ തീനാളം
പുണ്യങ്ങളെ ചുട്ടെരിക്കുമ്പോൾ
നിണമുറ്റി
ദേശങ്ങൾ നാണം കെടുമ്പോൾ
ചൊടിയോടെ നിലനിന്ന
വശ്യ സൗഭഗം
ആരാണരച്ചു കുടിച്ചത്?
മർത്ത്യൻ.

ദുരമൂത്ത കാപട്യ കാണ്ഡം
കരിതേച്ച് ക്രൗരം
വിതച്ച കാലം.

വൃക്ഷങ്ങൾ ചൂടേറ്റ് വാതിൽ മുട്ടിയാൽ
ഒരു വരൾച്ച
കിടക്കയിൽ വന്നണയുമെന്ന്
നീ ഓർക്കുക.

നാഥനില്ലാത്ത ഈരടികൾ കേട്ടാൽ
സാമൂഹ്യദ്രോഹികൾ കൊന്നുതള്ളിയ  
ഒരു കവിയുടേതെന്ന്
നീ ഉറപ്പിക്കുക.

മഴയില്ലാ മാനത്തെ മൗനം കാത്ത്
കരിനാഗ വാ തുറന്നാൽ
അമ്മയിറക്കിവിട്ടതെന്ന്
നീ ധരിച്ചേക്കുക.

ഒരാട്
ഇടയനില്ലാതെ അലയുന്നതിലുണ്ടൊരു പിൻവിളി,
അനന്തമായ
ലോകത്തിന്ററ്റത്തു നിന്ന്.

പുഴകളും അരുവികളും
ദാഹിച്ചു കരഞ്ഞാൽ
മനുഷ്യൻ പിടഞ്ഞുവീഴുമെന്നത്
മറക്കാതിരിക്കുക.

ഇടുക്കി ജില്ലയിലെ തൊടുപുഴ പെരുമ്പിള്ളിച്ചിറ സ്വദേശി. വെട്ടിച്ചിറ ഇർഫ കാമ്പസിൽ പഠിക്കുന്നു. ആനുകാലികങ്ങളിൽ എഴുതാറുണ്ട്.