കുളി കഴിഞ്ഞു വന്ന് മുടി ചീവുമ്പോൾ കണ്ണാടിയിൽ മറ്റൊരാളെ കാണുന്ന പോലെ അയാൾക്ക് തോന്നി. സംശയം തീർക്കാനെന്നവണ്ണം നരച്ചു തുടങ്ങിയ താടിരോമങ്ങൾക്ക് ഇടയിലൂടെ അയാൾ കൈയ്യോടിച്ചു. ഷേവ് ചെയ്തിട്ട് മൂന്ന് ആഴ്ചയിൽ കൂടുതൽ ആയിരിക്കുന്നു. വളരെ കുറച്ചു മുഖരോമങ്ങൾ മാത്രമേ ഉള്ളൂ എങ്കിലും, ഉള്ളവ പലതിനെയും പ്രായം വെള്ളി നൂലുകളായി പരിവർത്തനം ചെയ്തതിന് ശേഷം മിക്കവാറുമൊക്ക ഒന്നിരാടം മുടങ്ങാതെ ഷേവ് ചെയ്യാറുള്ളതാണ്. കൊറോണയും മാസ്കും വന്നതിനു ശേഷം ഓഫീസിലെ നവാസാണ് ഷേവ് ചെയ്യുന്നതിന്റെ നിരർത്ഥകതയെക്കുറിച്ച് പറഞ്ഞത്.
മനസ്സിന്റെ ഉമ്മറവാതിലിന് മറയൊരുക്കിയിട്ട് ഏറെക്കാലമായി, അത് അദൃശ്യമായിരുന്നു എന്ന് മാത്രം. അതിനു മേലെ എല്ലാവർക്കും കാണാൻ പാകത്തിന് മുഖത്തു കൂടി ഒന്നു വന്നതോടെ മാറി മറിഞ്ഞത് ഒത്തിരി കാഴ്ചകളും കാഴ്ചപ്പാടുകളുമായിരുന്നു. ഐഡിയ നവാസിന്റേത് ആയിരുന്നുവെങ്കിലും അത് അതേപടി പിന്തുടർന്ന് പ്രാവർത്തികമാക്കിയത് നകുലനായിരുന്നു.
ഇൻഡസ്ട്രിയൽ ഏരിയയുടെ അണ്ടർ പാസ്സ് കഴിഞ്ഞുള്ള റൗണ്ടെബൗട്ടിൽ നിന്ന് വലത്തോട്ടുള്ള വഴി. അതിലെ, ഒട്ടകങ്ങളെ ഓട്ടമത്സരത്തിനു പരിശീലിപ്പിക്കുന്ന മരുവഴിക്ക് സമാന്തരമായി ഒരൊന്നന്നര കിലോമീറ്റർ ചെന്നാൽ പൂട്ടിപ്പോയ അൽ കബാൻ ഗ്രോസറിയുടെ പഴകിയ ബോർഡിളകിയ ഒറ്റമുറി കെട്ടിടം. അതിന് മുന്നിലെ ഒഴിഞ്ഞ ഇടത്തായിരുന്നു ആയിരുന്നു കഴിഞ്ഞ കുറെ ദിവസങ്ങളായി നകുലന്റെ പകലുകൾ.
ടെർമിനേഷൻ ലെറ്റർ മെയിലിൽ ആണ് വന്നത്. ഓഫീസിൽ എല്ലാവരും പോയതിനു ശേഷം ഉള്ള പതിവ് ഇരുത്തത്തിന് ഒടുവിലാണ് പേഴ്സണൽ ജിമെയിൽ നോക്കാറ്. പലപ്പോഴും മക്കൾക്ക് സ്കൂളിലേയ്ക്കാവശ്യമുള്ള എന്തെങ്കിലും പ്രിന്റൗട്ട് എടുക്കാൻ മൂത്തവൻ അയച്ചിട്ടുണ്ടാവും. ക്ലാസുകളൊക്കെ ഓൺലൈൻ ആണെങ്കിലും പ്രിൻറൗട്ടുകൾക്കും ഹോംവർക്കിനും കുറവൊന്നുമില്ല. സ്വന്തമായി പ്രിൻറർ വീട്ടിൽ ഉണ്ട്. പക്ഷെ, തോട്ടിക്ക് ആനയെക്കാൾ വില എന്ന് പറയുന്ന പോലെ, ഇങ്കിന് പ്രിന്ററിനേക്കാൾ വില എന്ന് ആദ്യ മഷി മാറ്റത്തിൽ തന്നെ തിരിച്ചറിഞ്ഞതോടെ പ്രിൻറിന്റെ കാര്യത്തിലും മറ്റു പലതിലും എന്നപോലെ തീരുമാനം ആയി.
ഇൻബോക്ക്സിന് പേഴ്സണൽ എന്നും ഒഫീഷ്യൽ എന്നും വകതിരിവ് ഇല്ലാതായിട്ട് കുറെ കാലമായി. അതുകൊണ്ടു തന്നെ മറ്റ് ആർക്കെന്തങ്കിലും നറുക്ക് വീണതിന്റെ നോട്ടിഫിക്കേഷൻ ആയിരിക്കും എന്നാണ് കരുതിയത്. ഇക്കുറി ആരെന്നറിയാനുള്ള സഹജമായ ആകാംക്ഷയാണ് മെയിൽ തുറന്ന് വായിക്കാൻ പ്രേരിപ്പിച്ചത്.
‘വട്ടൻകുഴിയിൽ താമരാക്ഷൻ നകുലൻ’ മറ്റാരുടേയോ പേരു വായിക്കുന്ന നിസ്സംഗതയോടെ ആണ് വായിച്ചു തീർത്തത്. അത് താൻ തന്നെ ആണെന്ന് തിരിച്ചറിയുവാൻ അയാൾക്ക് ആ മെയിൽ രണ്ടു മൂന്നു തവണ വായിക്കേണ്ടി വന്നു. ആഴക്കടലിൽ ഒരു കപ്പൽഛേദത്തിനാവശ്യമായ എല്ലാ ചുറ്റുപാടുകളും നേരത്തെ ഒരുങ്ങിയിരുന്നു. വല്ലാതെ ക്ഷോഭിച്ച കടൽ, കൊടുങ്കാറ്റ്, നിർത്താതെ പെയ്യുന്ന പെരുമഴ അങ്ങനെ എല്ലാം. മുങ്ങിത്താഴ്ന്നാൽ തന്നെ, അവസാനം മാത്രം രക്ഷപെടാൻ ശ്രമിക്കാനാവുന്ന ഒന്നോരണ്ടോ ആളുകളുടെ ഇടയിലാണ് തന്റെ സ്ഥാനം എന്ന ഉറച്ച വിശ്വാസം ഉണ്ടായിരുന്നു. ആ ഉറപ്പാണ് ഒറ്റ ഇമെയിലിൽ തകർന്നുപോയത്, മുങ്ങിത്താഴ്ന്നത്.
ആ പേര് അയാളൊന്നുകൂടി വായിച്ചു, വട്ടൻകുഴിയിൽ താമരാക്ഷൻ നകുലൻ. വിസയുടെയും ഡ്രൈവിങ്ങ് ലൈസൻസിന്റെയും ലിക്കർ പെർമിറ്റിന്റെയും ഒക്കെ ആവശ്യങ്ങൾക്ക് സമീപിക്കുമ്പോൾ കൗണ്ടറിലിരിക്കുന്ന അറബി ഓഫീസർമാർ വട്ടൻകുഴിയിൽ താമരാക്ഷൻ നകുലൻ എന്നതിന് പകരം വിളിക്കാറുള്ള ചുരുക്കപ്പേര് അയാൾ യാദൃശ്ചികമായി അപ്പോൾ ഓർത്തു, ‘വട്ടൻ’. എന്താണാവോ ആ വാക്കിന്റെ ശരിക്കും ഉള്ള അർത്ഥം!?. വിവരക്കേട് പറയുന്നവൻ, മണ്ടത്തരം ചെയ്യുന്നവൻ, അങ്ങനെ അങ്ങനെ. ഭ്രാന്തിന്റെ നാട്ടുപേരിന്റെ നാനാർഥങ്ങൾ.
തോണ്ണൂറ്റി എട്ടിൽ പ്രവാസിയുടെ കുപ്പായം ആദ്യമായി എടുത്തണിയുമ്പോൾ വനജയുടെ വയറ്റിൽ നന്ദുവിന് നാലരമാസം. ഇരുപത്തിരണ്ട് വർഷങ്ങൾ. എത്തിപ്പെട്ട ഇടങ്ങളും സമയവും നന്നായിരുന്നതു കൊണ്ടും നഷ്ടപ്പെടുവാൻ ഒന്നുമില്ലാത്ത ‘മടിയിൽ കനമില്ലാത്തവന്റെ’ ചങ്കുറപ്പും സ്വപ്നങ്ങൾക്കും അപ്പുറത്തേയ്ക്കാണ് ജീവിതത്തെ വഴി നടത്തിയത്. ആ മഹാ പ്രയാണത്തിനാണ് നിനച്ചിരിക്കാത്ത നേരത്ത് ഇങ്ങനൊരറുതി. വാശിയേറിയ ക്രിക്കറ്റ് മത്സരം ടിവിയിൽ കണ്ടു കൊണ്ടിരിക്കുന്നതിന് ഇടയിൽ കറണ്ടു പോയതു പോലെ. ശൂന്യത, ഇരുട്ട്.
ഒരു വഴിക്കു ചിന്തിച്ചാൽ എല്ലാം സുരക്ഷിതമാണ്. ഏത് കൂരിരുട്ടിലും പ്രകാശമേകാൻ പാകത്തിന് ഒന്നിലധികം സ്രോതസുകൾ കരുതി വയ്ക്കാനായിട്ടുണ്ട് കഴിഞ്ഞ കാലങ്ങളിൽ. പക്ഷെ..
നകുലൻ ജനാലയിലൂടെ നോക്കുമ്പോഴൊക്കെയും കടൽ വല്ലാതെ ശാന്തമായിരിക്കും. മഹാസമുദ്രത്തിന്റെ ദൂരക്കാഴ്ച്ചകളിലേയ്ക്ക് കണ്ണ് തുറക്കുന്ന വലിയ ജനലുകളുള്ള ആ ഫ്ലാറ്റിൽ അഞ്ചു വർഷം പിന്നിട്ടിരിക്കുന്നു. പ്രക്ഷുബ്ധമായ ഒരു കടൽക്കാഴ്ച ഇതുവരെ അയാൾക്ക് കാണാനായിട്ടില്ല. തിരകൾ തകർത്തിട്ട തീരത്തെ നിർമ്മിതികളുടെ കാഴ്ചകളൊക്കെ പലപ്പോഴും അയാൾ അത്ഭുതത്തോടെയാണ് നോക്കി കാണാറ്. വേറെയേതോ ലോകത്തെ, വേറെയേതോ കടലിന്റെ, വേറെയേതോ തീരത്തെ കാഴ്ചകളെന്ന പോലെ. കാണാനേരങ്ങളിൽ സംഹാരമൂർത്തി ആവുന്ന മഹാദുരന്തങ്ങളെ ഉള്ളിലൊളിപ്പിച്ച വലിയ കടലാഴങ്ങൾക്കുമേൽ അടിവേരൂന്നിയാണ് അയാളുടെ ശാന്തസമുദ്രം എന്ന് നകുലനൊരിക്കലും തോന്നിയില്ല. അതിനുള്ള കാരണങ്ങളോ കാഴ്ച്ചാനുഭവങ്ങളോ ഇല്ലാതിരുന്നത് കൊണ്ടുതന്നെ.
അനിവാര്യമായ മടക്കത്തെകുറിച്ച് ആരോടും പറയാൻ കഴിഞ്ഞ നാളുകളിലൊന്നും അയാൾക്കായില്ല, എന്തുകൊണ്ടോ. ശരിക്കും അങ്ങനെ ആയിരുന്നില്ല അയാൾ അതുവരെ. വനജയുടെ അടുത്ത് ചില വിട്ടുവീഴ്ചകൾ ഒക്കെ ചെയ്യാറുണ്ടെങ്കിലും മറ്റാരോടും പറയേണ്ടത് ഭംഗിയായി അതാത് സമയത്ത് ആർക്കും വേദനിപ്പിക്കാതെ തന്നെ പറയാൻ അയാൾ മിടുക്കൻ ആയിരുന്നു. തന്റെ കടലിലുണ്ടാവുന്ന ചെറിയ തിരയിളക്കങ്ങളെപ്പോലും അയാൾ ഭയന്ന് തുടങ്ങിയിട്ട് കുറച്ചു നാളുകളേ ആയുള്ളു. പ്രായമാകുന്നതിന്റെ സ്വാഭാവിക ആകുലതകളിൽ ഒന്നായി അയാളത്തിനെ കാണുകയും ചെയ്തിരുന്നു, അത് വരെ. ആ ഭയത്തിന് കണ്ടെത്താനാവുന്ന വേറെ കാരണങ്ങളൊന്നും ഉണ്ടായിരുന്നില്ല അയാൾക്ക്.
മനുഷ്യൻ പലതും പഠിക്കുന്നത് ആകസ്മികമായി സംഭവിക്കുന്ന അപകടങ്ങളിലൂടെ ആണ്. കാലം പോലും സാക്ഷ്യം നിൽക്കുന്ന വലിയൊരു യാഥാർഥ്യം ആണത്. ചരിത്രത്തിനെത്തന്നെ, അതൊരു വ്യക്തിയുടെയോ സമൂഹത്തിന്റെയോ രാജ്യത്തിന്റെയോ എന്തിന് ഈ ഭൂമിയുടെയോ തന്നെ ആവട്ടെ, ഗതിവിഗതികൾ നിർണ്ണയിച്ചത് അത്തരത്തിൽ ആകസ്മികമായി സംഭവിച്ച, സംഭവിക്കുന്ന ചില അപകടങ്ങളോ ദുരന്തങ്ങളോ ആണ്.
അൻപത്തി ഒന്നാം വയസിൽ ജോലിയിൽ നിന്നുള്ള പിരിച്ചുവിടൽ ജിമെയിലിലൂടെ കൈപ്പറ്റിയ ആ നിമിഷത്തിലാണ് വട്ടൻകുഴിയിൽ താമരാക്ഷൻ നകുലൻ എന്ന അയാൾ ജനിച്ചത്. വട്ടൻ എന്ന തമാശപ്പേരിന്റെ വലിയ അർത്ഥതലങ്ങളെ കുറിച്ച്, അതിന് തന്റെ ഇതുവരെയുള്ള ജീവതവുമായുള്ള അതുവരെ തിരിച്ചറിയാതിരുന്ന സമാനതകളെ കുറിച്ച്, എല്ലാം അയാൾ അറിയുകയായിരുന്നു അതിനു ശേഷമുള്ള ദിവസങ്ങളിൽ.
പിന്നീടുള്ള അയാളുടെ ജനാലക്കാഴ്ച്ചകളിലെല്ലാം അയാൾ കണ്ടത് തല്ലിയാർക്കുന്ന തിരമാലകളെയാണ്. ഒലിച്ചുപോകുന്ന തീരങ്ങളെയാണ്, കടപുഴകി വീഴുന്ന വലിയ തണൽ മരങ്ങളെയാണ്. വനജയുടെ കൂർക്കംവലികളുടെ മധുര സംഗീതം കേട്ട് കടലിലേയ്ക്ക് നോക്കിനിന്നു കണ്ട പാതിരാക്കാഴ്ചകളിൽ അയാൾ സ്വപ്നങ്ങൾ കണ്ടു തുടങ്ങി, അതോ സത്യങ്ങളോ. ഫിഷിങ് ഹാർബറിലേയ്ക്ക് അടുക്കുന്ന മീൻപിടുത്തക്കാരുടെ വലുതും ചെറുതുമായ ബോട്ടുകളിലെ വെളിച്ചങ്ങൾ കരയോടടുക്കും തോറും ചെറുതായി ചെറുതായി വന്ന് ഒടുക്കം അണഞ്ഞു പോകുന്നത് അയാൾ കണ്ടു. അകലെ എവിടെയോ ഉള്ള ഏതോ ടവറിൽ നിന്ന് കപ്പലുകൾക്ക് ദിശ കാണിക്കുന്ന കൂർത്ത പ്രകാശം അതിന്റെ വലിയ കറക്കങ്ങൾക്കിടയിൽ തന്നെ വന്ന് എത്തി നോക്കുന്നത് അയാൾ കണ്ടു. താനൊരു കപ്പലാണെന്ന് അയാൾക്ക് അപ്പോൾ തോന്നി. ആഴക്കടലിൽ ഒഴുകി നടക്കുന്ന അനാഥമായ ഒരു പഴയ കപ്പൽ.
എല്ലാം പുതിയ അറിവുകളായിരുന്നു. അറിവുകൾക്കും തിരിച്ചറിവുകൾക്കും കാഴ്ച്ചപ്പാടിന്റെ നിലക്കണ്ണാടി അല്പം മാറ്റി പിടിച്ചാൽ മതി എന്ന് പുതിയ നകുലന് മൂന്ന് ദിവസം പ്രായം എത്തുന്നതിന് മുൻപ് തന്നെ മനസിലായി. കടലാഴങ്ങളിൽ ഒളിച്ചിരിക്കുന്ന വലിയ ചുഴികൾ. തെളിനീർത്തടാകമെന്ന് അതുവരെ തോന്നിയ ശാന്തസമുദ്രത്തിൽ കലർന്നിരിക്കുന്ന കടുത്ത ലവണ വിഷങ്ങൾ, കരിമ്പായലുകൾ, നീർപ്പരപ്പിൽ പൊങ്ങിക്കിടക്കുന്ന ചത്തതും ചീഞ്ഞതും, ഉള്ളു പൊള്ളയായ തണൽ മരങ്ങൾ, കൂർത്ത ദ്രംഷ്ടകൾ ഒളിപ്പിച്ച ചിരിമുഖങ്ങൾ, അങ്ങനെ… അങ്ങനെ.
തന്റെ അമ്പത്തിയൊന്നു വർഷം നീണ്ട പൂർവ്വജന്മത്തെ അയാൾ മറ്റൊരാളായി നിന്ന് നോക്കി കണ്ടു. അതിന്റെ വ്യർത്ഥതയെ ഓർത്ത് നൊമ്പരപ്പെട്ടു. തന്റെ നേരെ നീട്ടിയ ഓരോ ചിരിയുടെയും പിന്നിലെ സ്വാർത്ഥത, ഹസ്തദാനം നടത്തിയ കൈകളിലെ മുള്ളാണികൾ, കെട്ടിപ്പിടുത്തങ്ങളിലെ ധൃതരാഷ്ട്രബലം, രതിമേളങ്ങളിലെ സ്വാർത്ഥചലനങ്ങൾ, വാത്സല്യക്കുളിരിലെ പഞ്ചാഗ്നിപ്പൊള്ളലുകൾ, പ്രണയപ്പാതിയുടെ വിഷാദയോഗം…
പതിനഞ്ചാം ദിവസം വൈകുന്നേരം മടങ്ങുമ്പോൾ റിയർ വ്യൂ മിററിലൂടെ ഉള്ള കാഴ്ചയിൽ അയാൾക്ക് ആ പൊട്ടിപ്പഴകിയ അൽ കബാൻ ഗ്രോസറി കെട്ടിടം തലയുയർത്തി നിൽക്കുന്ന ബോധി വൃക്ഷം പോലെ തോന്നി. ആ കണ്ണാടിയിൽ തെളിഞ്ഞ അയാളുടെ മുഖത്തൊരു ചെറിയ പുഞ്ചിരി ഉണ്ടായിരുന്നു. ബോധിയുടെ തണലിൽ നിന്ന് നടന്ന് അകലുന്ന ബുദ്ധനെ അയാൾ അപ്പോഴോർത്തു, വെറുതെ.
വട്ടനല്ലാത്ത നകുലൻ, വട്ടൻകുഴിയിൽ താമരാക്ഷൻ നകുലൻ മരിക്കുമ്പോൾ അയാൾക്ക് പതിനഞ്ച് ദിവസം പ്രായം ഉണ്ടായിരുന്നു.
അന്നേയ്ക്ക് നാലാം പക്കം പൊതുവിടങ്ങൾ വൃത്തിയാക്കുന്ന മുനിസിപ്പാലിറ്റി തൂപ്പുകാരന്, ഒതുക്കി പാർക്കു ചെയ്തിരുന്ന പുതിയ ലാൻഡ് ക്രൂയ്സറിനുള്ളിൽ നിന്ന് പരിചയം ഇല്ലാത്ത ഒരു മണം കിട്ടി. അയാൾക്ക് അതുവരെ പരിചയമില്ലാത്ത, സ്വപനങ്ങൾ ജീർണ്ണിച്ച ഗന്ധമായിരുന്നു അത്. നാലു ദിവസം മുൻപ് ജോലിക്ക് പോകാനിറങ്ങുമ്പോൾ മകൾ എടുത്തു കൊടുത്ത മാസ്ക് അപ്പോഴും നകുലൻ അണിഞ്ഞിരുന്നു.