അവസാനത്തെ കാമുകൻ എന്നെ വിളിച്ചിരുന്നത്

ആദ്യത്തെ കാമുകൻ
വാങ്ങിത്തന്ന
ഒരു ലതർപേഴ്സുണ്ടെനിക്ക്.
അതിന് സ്വന്തമായി
നാലറകളും.

ഓരോ അറയും തുറക്കുമ്പോൾ
ഓരോ രഹസ്യങ്ങളിലൂടെ
നടക്കുന്നതായി എനിക്ക് തോന്നും
അടയ്ക്കുമ്പോൾ
അവയ്ക്കുള്ളിൽപ്പെട്ട്
ശ്വാസംമുട്ടുതായും .
അന്നൊക്കെ
ഭർത്താവും മക്കളും കാണാതെ
അത് കൊണ്ടുനടക്കാൻ
ഞാനെത്ര പ്രയാസപ്പെട്ടിരുന്നു.
രഹസ്യങ്ങളുടെ
മറ്റാരും തുറക്കരുതാത്ത
ഒരു ശേഖരത്തെ
കൊണ്ടു നടക്കുന്നതിനാൽ
പ്രേമം തന്നെ
ഒരു പേഴ്സല്ലേയെന്നും
ഒരാൾക്ക്
തൻറെ കാമുകിക്ക്
വാങ്ങി നൽകാൻ കഴിയുന്ന
ഏറ്റവും നല്ല സമ്മാനം
പേഴ്സാണെന്നും കൂടി
അന്ന് തോന്നി .
പിന്നെ തോന്നാത്ത പലതും
പ്രേമിക്കുമ്പോൾ തോന്നും.

അവൻ പോയതിൽ പിന്നെ
ഞാനാ പേഴ്സിലൊന്നും
സൂക്ഷിച്ചിട്ടില്ല.
എന്തോ വെളിപ്പെടുത്തും പോലെ
ചിലപ്പോഴത്
ഡൈനിംഗ് ടേബിളിന്
മുകളിൽ കിടന്നു.
അപ്പോൾ
ഭക്ഷണം കഴിക്കാൻ വരുന്ന
ഭർത്താവ് അതെടുത്തു
ഫ്രിഡ്ജിന് മുകളിൽ വച്ചു.
ഫ്രിഡ്ജ് തുറക്കുമ്പോൾ
താഴെ വീഴുമോ എന്ന പേടിയപ്പോൾ
ഫ്രിഡ്ജിനുള്ളിലും..

മറ്റു ചിലപ്പോൾ
അത്
ടീപ്പോയ്ക്ക് മുകളിൽ
കമഴ്ന്നു കിടന്നു.
ടിവി കാണാൻ വരുന്ന
മൂത്ത കുട്ടിയുടെ കൈ തട്ടി
താഴെ വീണു.
ഇളയവൻ
അതിനു മുകളിലൂടെ.
അങ്ങോട്ടുമിങ്ങോട്ടും ഓടി
അപ്പോഴൊക്കെ
ഇപ്പൊ ചവിട്ടും
കാല് തട്ടും
എന്നൊക്കെ തോന്നിക്കൊണ്ട്
മറ്റൊന്നും തോന്നാത്ത
ഞാൻ ഇരിക്കും.
നഷ്ടപ്പെട്ടു കഴിഞ്ഞാൽ
പ്രേമം പിന്നെ അങ്ങനെയുമാണ്.
കാണുന്നവൻ
എവിടെയെടുത്തുവച്ച്
നോക്കുന്നോ
അതവിടിരിക്കും.
ഇപ്പോൾ എൻറെ
അവസാനത്തെ കാമുകൻ
എന്നെ വിളിച്ചിരുന്ന പേരാണ്
ഞാനെന്‍റെ ഭർത്താവിനെ വിളിക്കുന്നത്.

ഹയർസെക്കൻഡറി അധ്യാപിക. കേരളസർവ്വകലാശാലയിൽ നിന്ന് മലയാളസാഹിത്യത്തിൽ ഡോക്ടറേറ്റ്. ആദ്യ കവിതാസമാഹാരം 'മനുഷ്യൻ എന്ന ലഹരിയിൽ.' കായംകുളം കൃഷ്ണപുരത്ത് താമസം.