ഇനി വരുമ്പോഴേക്കും

ഇനി വരുമ്പോഴേക്കും
ചെടിയാകാൻ വെച്ചത്
മരമായിട്ടുണ്ടാകും.

ചേർത്തു ചേർത്തു നട്ടത്
ഒറ്റക്കാൽ നൃത്തം പഠിക്കും.

ഉണങ്ങാൻ വെച്ച
മഴയൊക്കെയും
തോർന്നു പോകും.

ഒറ്റയ്ക്കൊറ്റയ്ക്ക്
വെയിലു കൊള്ളാൻ
പഠിക്കും .

ഇടയ്ക്ക് പൂക്കാനും
വല്ലപ്പോഴുമൊക്കെ
കായ്ക്കാനും
ഒറ്റയ്ക്കൊറ്റയ്ക്ക്
വീടുകെട്ടാനും പഠിക്കും.

തായ്ത്തടിക്ക്
കനം വെക്കും.
ചില്ലകൾ വളരും.

ഒറ്റയ്ക്കൊറ്റയ്ക്ക്
മരിച്ചു പോകാൻ പഠിക്കും.

കത്തുകൾ
കഥകൾ
നീണ്ടു നീണ്ടു പോകുന്ന
അവധിക്കാലങ്ങൾ .

പഠിക്കാത്തതൊക്കെയും
ഓർമ്മ വരുന്നു.
പഠിക്കാത്തതൊക്കെയും .

കൊല്ലം ജില്ലയിലെ കടയ്ക്കൽ സ്വദേശി. മർക്കസ് ശരീഅ സിറ്റി വിദ്യാർത്ഥിയാണ് ആനുകാലികങ്ങളിൽ എഴുതാറുണ്ട്.