ചുവന്ന് ചിതറുന്നതൊക്കെ ഞാനാണ് ചുവന്ന് പൂക്കുന്നതൊക്കെ നീയും

നിൻ്റെ അവഗണനകളോരോന്നും ഞാനെന്നിൽ വേദനയോടെ, ആഘോഷങ്ങളുടെ പെരുമഴക്കാലമാക്കിത്തീർക്കും…

നോവിൻ്റെ ഉത്തുംഗശൃംഗങ്ങളിലേക്ക്
നിൻ്റെ പേര് വിളിച്ച്
ഞാനൊരുന്മാദിയെപ്പോലെ പാഞ്ഞുകയറും…

നീ എന്നിലാഴ്ത്തുന്ന
തിക്തതയുടെ മുരിക്കിൻപൂവുകൾ കൊണ്ട്
ഞാനൊരു പൂമാലയണിയും.
ഇറ്റുവീഴുന്നയെൻ്റെ ഹൃദരക്തത്താലവ
കൂടുതൽ ചുവപ്പേറ്റിത്തുടുത്തു വിരിയും…
ഓരോ പൂവിലും നിൻ്റെ മുഖമുണ്ടാവും
ഓരോ പൂവിനും നിൻ്റെ ഗന്ധമുണ്ടാവും
കാരണം,
നീ നിറഞ്ഞ ഹൃദയരക്തത്താലാണവ  
കൂടുതൽ ശോണവർണ്ണത്തിൽത്തുടുത്തതെന്ന്
ഞാൻ പറയാതെ നീയറിയും…

അങ്ങനെ
വീണ്ടും വീണ്ടും നെഞ്ചുപൊട്ടിയൊഴുകിയ ചോരത്തുള്ളികളാൽ
പിന്നെയും പൂക്കൾ തുടുത്തു വിടരും…

അവസാനം,  
രക്തമൊഴുകിയുറഞ്ഞ് വിടരുമ്പോൾ
നിനക്കുള്ളയെൻ്റെ പ്രണയബലി
എന്നിൽ പൂർത്തിയാവും…

ഉള്ളിൽ
തപിച്ചതും തുടിച്ചതും തുടുത്തതും
തണുപ്പേറി വിറങ്ങലിച്ചു ശാന്തമാവും…

അലക്ഷ്യമായിപ്പറക്കുന്ന മുടിയിഴകൾ പോലും
വൃഥാ നിന്നെത്തേടുന്നുണ്ടാവണം…
കണ്ണുകൾ തുറന്ന്
പുഞ്ചിരിയോടെ ഞാനുങ്ങുന്നത്
അവസാനമായി നീ കാണണം

പഴകിപിഞ്ചിയ കുപ്പായം വലിച്ചു കീറി
വലതു നെഞ്ചിലേക്ക് നീ നോക്കണം
അവിടെ നിൻ്റെ പേരെഴുതിയ
പൊള്ളൽപ്പാടുണ്ടാവും…
നീയതിൽ ഏറ്റം സ്നേഹത്തോടെ,
പിന്നെ,
തീവ്രവെറുപ്പോടെ ചുംബിക്കണം…

ഹൃദയം പൊട്ടിപ്പുറത്തേക്കൊഴുകിയ
ഇടനെഞ്ചിലെ എല്ലിൻകൂടിൻ്റെ കുഴിയിൽ
നനവുള്ള കളിമണ്ണ് വാരി നിറയ്ക്കണം…
അതിലൊരു ചുവന്ന പൂവിൻ്റെ വിത്ത് പാകണം…

കഴിഞ്ഞു.
ഈ ജന്മത്തിലെ ബന്ധവും ബന്ധനവും.
ഇനി നിനക്കു പോകാം,
തിരിഞ്ഞു പോലും നോക്കാതെ.

അടുത്ത വസന്തത്തിൽ
ഇവിടെയൊരു ചുവന്ന പൂവിൻ്റെ മരം തളിർക്കും
അത് ഞാനായിരിക്കും
അത് ഞാനായിരിക്കും…

പൂത്തു വിടർന്ന് ശോണം ചിതറിക്കുന്ന പൂവുകൾ
നീ മാത്രമായിരിക്കും;
അതെൻ്റെ ഹൃദയത്തിൽ നിറഞ്ഞ
നീ മാത്രമായിരിക്കും…

ഓരോ ചുവന്ന പൂവുകളിലും നിൻ്റെ മുഖമുണ്ടാവും
ഓരോ രക്തപുഷ്പത്തിനും നിൻ്റെ ഗന്ധമാവും…

ചുവന്ന് ചിതറുന്നതൊക്കെ ഞാനാണ്
ചുവന്ന് പൂക്കുന്നതൊക്കെ നീയും

ആലപ്പുഴ ജില്ലയിലെ എടത്വായാണ് സ്വദേശി. 5വർഷമായി ഡെൽഹിയിൽ ഹോം കെയർ നഴ്സിങ്ങിൻ്റെ സബ് ഏജൻ്റായിരുന്നു. നവമാധ്യമങ്ങളിൽ സജീവം