“എന്‍റെ ശരികള്‍ ഒരുപക്ഷേ നിങ്ങള്‍ക്ക് തെറ്റുകളായിരിക്കാം. തെറ്റ്, തെറ്റ് എന്ന് നിങ്ങളെത്ര ഉച്ചത്തില്‍ ആര്‍ത്തു വിളിച്ചാലും ആ തെറ്റിനെ മാറ്റിയെഴുതാന്‍ ഇനിയെനിക്കാവില്ലല്ലോ… മാത്രമല്ല, എന്‍റെ ശരികളില്‍ കൂടിയല്ലാതെ എനിക്ക് ജീവിക്കാനുമാകുമായിരുന്നില്ല! തെറ്റും ശരിയുമെല്ലാം, മാറുന്ന കാലത്തിനൊപ്പിച്ചുള്ള പാഠഭേദങ്ങള്‍ മാത്രമാണ്.
ഇത്രയൊക്കെ പറഞ്ഞുവെന്നു കരുതി ഞാന്‍ സ്വയം ന്യായീകരിക്കുവാന്‍ ശ്രമിക്കുകയാണ് എന്നു കരുതണ്ട. ഒരു പുരുഷായുസ്സിന്‍റെ ഇങ്ങേയറ്റത്ത്, തികച്ചും നിര്‍മമനായി നിന്ന് പിന്തിരിഞ്ഞു നോക്കുമ്പോള്‍ കഴിഞ്ഞു പോയതൊന്നിനേയും ന്യായീകരിക്കണമെന്ന് എനിക്കു തോന്നിയിട്ടില്ല. പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ഇത് ഒരു തുറന്നെഴുത്തായിരുന്നു; എന്‍റെ ജീവിതത്തില്‍ ഞാന്‍ കണ്ടതും കേട്ടതും അനുഭവിച്ചതും പ്രവര്‍ത്തിച്ചതുമെല്ലാം നിസ്സംഗനായ ഒരു കാഴ്ചക്കാരന്‍ മാത്രമായി മാറി നിന്ന് രേഖപ്പെടുത്താനുള്ള ശ്രമം. ചുരുക്കത്തില്‍, ജി. ശേഖരന്‍ എന്ന സാധാരണ മനുഷ്യന്‍റെ, ശേഖര്‍ജി എന്ന് നിങ്ങള്‍ വിളിക്കുന്ന എഴുത്തുകാരന്‍റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍…!
കഴിഞ്ഞ എഴുപതു വര്‍ഷങ്ങള്‍ ഏതൊക്കെ വഴികളിലൂടെയാണ് എന്നെ നടത്തിയത് എന്ന് തികഞ്ഞ അദ്ഭുതത്തോടെ മാത്രമേ ഇപ്പോള്‍ ഓര്‍ത്തെടുക്കാന്‍ കഴിയുന്നുള്ളൂ. കൊടിയ ദാരിദ്ര്യത്തിന്‍റെ ബാല്യകൗമാരങ്ങള്‍ കടന്ന്, ജീവിതാസക്തിയുടേയും കൂച്ചുവിലങ്ങിടപ്പെട്ട സ്വാതന്ത്ര്യത്തിന്‍റേയും യുവത്വവും, ഭാരിച്ച ഉത്തരവാദിത്തങ്ങളുടെ മധ്യവയസ്സും നടന്നു തീര്‍ത്ത്, വാര്‍ധക്യത്തിന്‍റെ വാനപ്രസ്ഥത്തിലൂടെ മഹാസമാധിയിലേക്ക് സഞ്ചരിക്കുമ്പോള്‍ ഈ വഴിയമ്പലത്തില്‍ വച്ചാണ് ഇങ്ങനെയൊരു ശ്രമം നടത്താന്‍ തോന്നിയത്. പിന്നിട്ട വഴിത്താരകളെ അടയാളപ്പെടുത്താതെ പോകുന്നതെങ്ങനെ?
അങ്ങനെയാണ് ആത്മകഥ എഴുതാന്‍ തുടങ്ങിയത്. ആത്മകഥ എന്നത് സ്വയം വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്നവരുടെ മേനിപറച്ചിലുകള്‍ മാത്രമാണ് എന്നു വിശ്വസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷേ ഞാന്‍ നേരത്തേ പറഞ്ഞതുപോലെ, കാലം കടന്നു പോകുമ്പോള്‍ ശരിയും തെറ്റും നമ്മുടെ വിചാരങ്ങളും വിശ്വാസങ്ങളുമെല്ലാമെല്ലാം മാറിപ്പോകും. അങ്ങനെ ഒരു സാധാരണ മനുഷ്യന്‍റെ വികാരവിചാരങ്ങളില്‍ കാലം കോറിയിട്ട നിറമുള്ളതും ഇല്ലാത്തതുമായ അനുഭവക്കാഴ്ചകളാണ് ശേഖര്‍ജി എന്ന എഴുത്തുകാരന്‍റെ ആത്മകഥയായി കഴിഞ്ഞ മുപ്പതു ഭാഗങ്ങളില്‍ നിങ്ങള്‍ വായിച്ചത്. എഴുപതു വര്‍ഷങ്ങളെ മുപ്പതു ഭാഗങ്ങളാക്കി വിഭജിക്കുക; ആ മുപ്പതു ഭാഗങ്ങളെ മുപ്പതോ അതില്‍ക്കുറവോ മണിക്കൂറുകളില്‍ വായിച്ചു തീര്‍ക്കുക… അത്രയൊക്കെയേയുള്ളൂ നമ്മുടെ ഓരോരുത്തരുടേയും ജീവിതം!
കൂടുതലൊന്നും എഴുതിച്ചേര്‍ക്കാനില്ലെന്ന പോലെ മനസ്സു ശൂന്യമായതുകൊണ്ട് അവസാനിപ്പിക്കുകയാണ്, ഈ അധ്യായത്തോടെ. പക്ഷേ അപ്പോഴും, ആ ശൂന്യതയില്‍പ്പോലും, കാലം ഒളിച്ചുവച്ച എന്തോ ഒന്ന് ബാക്കിനില്‍ക്കുന്നുവെന്ന് ആരോ ഓര്‍മ്മിപ്പിക്കുന്നതുപോലെ. അത് സ്വന്തം മനസ്സാക്ഷിയല്ലാതെ മറ്റാരാണ്?
അതെ… ശൂന്യമെന്ന് സ്വബോധം തിരശ്ശീലയിട്ടു മറച്ച മനസ്സിന്‍റെ ആഴങ്ങളില്‍ രണ്ടു തുള്ളി കണ്ണുനീര്‍ ഇറ്റി നില്‍ക്കുന്നുണ്ട്. ഇഹത്തില്‍ നിന്നും പരത്തിലേക്കുള്ള യാത്രയില്‍ അഹത്തിന്‍റെ ആ ഒരു ഭാരം പേറുവാന്‍ വയ്യ. ആ കണ്ണുനീര്‍ത്തുള്ളികള്‍ കൊണ്ട് ഈ താളുകള്‍ നനഞ്ഞു കുതിരട്ടെ…”
വാക്കുകളുടെ ഒഴുക്കിന് തടസ്സം നേരിട്ടിട്ടെന്നതുപോലെ ശേഖര്‍ജി പേന താഴെവച്ചു. പിന്നെ ദീര്‍ഘമായി നിശ്വസിച്ചു കൊണ്ട് പുറത്തെ കട്ടപിടിച്ച ഇരുട്ടിലേയ്ക്ക് വെറുതെ നോക്കിയിരുന്നു. ചീവീടുകളുടെ ശബ്ദം പോലും അന്യമായിരിക്കുന്നു രാത്രികള്‍ക്ക്!
ഈ വൃദ്ധസദനത്തിലേക്ക് സ്വയം ചേക്കേറിയിട്ട് ഇപ്പോള്‍ ഒരു മാസമായിരിക്കുന്നുവെന്ന് അദ്ദേഹമോര്‍ത്തു. ഇവിടെ അന്തേവാസികള്‍ക്കെല്ലാം ഒരേ നിയമമൊക്കെയാണെങ്കിലും എഴുത്തുകാരന്‍റെ സര്‍ഗാത്മകതയെ മാനിക്കുന്നുവെന്ന് പറഞ്ഞ് പൗലോസച്ചന്‍ അനുവദിച്ചുതന്ന ഈ ബാല്‍ക്കെണിയുടെ സ്വാതന്ത്ര്യം ആശ്വാസം തന്നെയാണ്. രാത്രിയുടെ ഏകാന്തതയില്‍ ഇവിടെയിരുന്ന് വായിക്കാം, എഴുതാം. ഇവിടെ വന്നതിനു ശേഷം പത്രങ്ങളല്ലാതെ മറ്റൊന്നും വായിച്ചിട്ടില്ല; ഒന്നും വായിക്കാന്‍ തോന്നിയിട്ടില്ല എന്നതാണ് സത്യം. വായനക്കാര്‍ നെഞ്ചേറ്റിയ, പ്രശസ്തങ്ങളായ ഒട്ടേറെ പുരസ്കാരങ്ങള്‍ നേടിയ വളരെയേറെ കഥകളും നോവലുകളും എഴുതിയെങ്കിലും സ്വയം അടയാളപ്പെടുത്തിയതു പോരാ എന്നൊരു തോന്നല്‍ മനസ്സിനെ വല്ലാതെ മഥിച്ചു തുടങ്ങിയപ്പോഴാണ് ഇനി ഇതേ അവശേഷിക്കുന്നുള്ളൂ എന്ന് തിരിച്ചറിഞ്ഞത്.
കടന്നു പോന്ന വഴിത്താരകളെല്ലാം, നിലാവുള്ള രാത്രികളില്‍ കണ്ണു തുറന്നു പിടിച്ചു കണ്ട കിനാവുകള്‍ പോലെയാണ് മനസ്സില്‍ നിന്നും കൈവിരല്‍ത്തുമ്പിലേക്കൊഴുകിയത്. വാഗ്വസന്തമൊളിപ്പിച്ചു വച്ച എഴുത്തുകാരന്‍റെ മനസ്സിനൊപ്പം കൈയിലെ പേന യാന്ത്രികമായി ചലിക്കുന്നതും അക്ഷരങ്ങള്‍ നിശാഗന്ധിപ്പൂക്കളെപ്പോല്‍ പൂത്തുലയുന്നതും എന്നത്തേയും പോലെ അനുഭവിച്ചാസ്വദിക്കുകയായിരുന്നു…
ശേഖര്‍ജി എന്ന സാഹിത്യ കുലപതിയുടെ ആത്മകഥ മുപ്പത് അധ്യായങ്ങളിലായി ഇതള്‍വിടര്‍ന്നു കഴിഞ്ഞു. അതുകൊണ്ട് അവസാനിപ്പിക്കാം എന്നാണ് കരുതിയതെങ്കിലും എന്തോ ഒരു അപൂര്‍ണ്ണത മനസ്സിനെ കൊത്തിവലിച്ചു വേദനിപ്പിച്ചു കൊണ്ടിരുന്നു. ഇനിയും എന്തോ ബാക്കിയുള്ളതു പോലെ…! ആ നീറ്റല്‍ ശക്തമായപ്പോഴാണ്, ‘ഉറക്കം മുടക്കരുതെന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്’ എന്ന അച്ചന്‍റെ സ്നേഹോപദേശം നിരാകരിച്ച് വീണ്ടും ഈ ബാല്‍ക്കെണിയുടെ ഏകാന്തതയെ തേടി വന്നത്. പറയാന്‍ ബാക്കി വച്ചതെന്താണെന്ന് അറിയാം; പക്ഷേ എങ്ങനെ പറയണം എന്നാണ് മനസ്സ് വ്യാകുലപ്പെടുന്നത്! വാക്കുകള്‍ വിരലുകളിലേക്കൊഴുകിയെത്തിയിരുന്ന ആ പഴയ ശേഖര്‍ ഇന്ന് അധീരനാണ്…
ചിന്താഭാരത്തോടെ അദ്ദേഹം വീണ്ടും പേന കൈയിലെടുത്തു. എഴുതാതിരിക്കുവാന്‍ വയ്യ എന്ന അവസ്ഥയില്‍ രാത്രിയുടെ ഇരുട്ടില്‍, വെളുത്ത താളുകളിലേക്ക് നീലിച്ച വാക്കുകള്‍ പിറന്നു വീണു, തൊള്ള തുറന്ന നിലവിളിയോടെ!
“ഏറ്റവുമൊടുവിലായി ഞാനെഴുതിയ ‘ആത്മാവില്‍ അര്‍ബുദം ബാധിച്ചവര്‍’ എന്ന കഥയുടെ പിറവിക്കു പിന്നിലുമുണ്ട് ജീവിതത്തിന്‍റെ നേര്‍ക്കാഴ്ചയുടെ മറ്റൊരു കഥ. ശേഖര്‍ എന്ന എഴുത്തുകാരനെ വായനക്കാരോട് ചേര്‍ത്തു നിര്‍ത്തിയ ഒട്ടുമിക്ക രചനകളുടേയും പശ്ചാത്തലം മുന്‍ അധ്യായങ്ങളില്‍ സൂചിപ്പിച്ചിരുന്നുവെങ്കിലും, അടുത്ത കാലത്തെ രചനകളില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഈ കഥയെക്കുറിച്ച് പരാമര്‍ശിക്കാതെ പേന താഴെ വയ്ക്കുന്നതെങ്ങനെ…?
ജീവിതമവസാനിപ്പിക്കാന്‍ തീര്‍ച്ചപ്പെടുത്തിയ ഒരു കൊച്ചുപെണ്‍കുട്ടി തനിക്കുണ്ടായ ദുരനുഭവങ്ങള്‍ തന്‍റെ പ്രിയപ്പെട്ട എഴുത്തുകാരനോട് പങ്കുവയ്ക്കുന്ന ആത്മഹത്യാക്കുറിപ്പ് എന്ന രീതിയിലാണ് ആ കഥ ഞാനെഴുതിയത്. വിടരുന്നതിനു മുന്നേ കശക്കിയെറിയപ്പെട്ട ഒരു പെണ്‍മൊട്ടിന്‍റെ നൊമ്പരങ്ങളാണ് ഓരോ വരിയിലും നിറച്ചു വച്ചത്. വിജനമായ വഴിത്താരകള്‍ മുതല്‍, സ്വജനങ്ങളുടെ പോലും നിഴല്‍പ്പാടുകള്‍ വരെ ഒരു പെണ്‍കുട്ടിയെ എത്രമാത്രം ഭീതിപ്പെടുത്തുന്നുവെന്ന് ചുറ്റുമുള്ള വാര്‍ത്തകളില്‍ നിന്ന് ഞാന്‍ എഴുതിച്ചേര്‍ത്തു.
മരണം മാത്രം മുന്നില്‍ കാണുന്ന ഒരു പെണ്‍കുട്ടിയുടെ മനോവ്യാപാരങ്ങളിലൂടെ പകര്‍ന്നാട്ടം നടത്തുവാന്‍ എന്നിലെ എഴുത്തുകാരന് കഴിഞ്ഞതെങ്ങനെയെന്ന് അദ്ഭുതം കൂറിക്കൊണ്ട് വളരെയേറെ വായനക്കാരുടെ കത്തുകള്‍ ഇപ്പോഴും എന്നെത്തേടിയെത്താറുണ്ട്. ആത്മഹത്യക്കൊരുങ്ങുന്നവര്‍ സാഹിത്യകാരന്‍മാര്‍ക്ക് കത്തെഴുതുമോ എന്ന് വിമര്‍ശിച്ചവരും കുറവല്ല. പക്ഷേ ആ കഥ എന്നെത്തേടിയെത്തിയത് ഒരു എഴുത്തുകാരന്‍ എന്ന നിലയ്ക്കായിരുന്നില്ല…
സത്യം പറയട്ടെ… തീവ്രവ്യഥയൊളിപ്പിച്ചു വച്ച ആ കഥയിലെ മിയ്ക്കവാറും വാക്കുകളും വാചകങ്ങളും ഒരു ആത്മഹത്യാക്കുറിപ്പില്‍ നിന്ന് അതേപടി പകര്‍ത്തിയതാണ്…! ഒരു ജീവിതത്തിന്, അല്ല, മരണത്തിന് കഥയുടെ തൊങ്ങലുകള്‍ ചാര്‍ത്തുക മാത്രമാണ് ഞാന്‍ ചെയ്തത്.
പിതൃതുല്യനായ ഒരാളുടെ അധമവികാരത്തിന് പലവട്ടം വഴങ്ങേണ്ടി വന്ന്, ഒടുവില്‍ ഭ്രാന്തിന്‍റെ മുനമ്പില്‍ നിന്ന് ആത്മഹത്യയുടെ കാണാക്കയങ്ങളിലേക്ക് രക്ഷപെടുന്ന അവള്‍ തന്‍റെ സങ്കടങ്ങള്‍ മുഴുവന്‍ ഒരു വെള്ളക്കടലാസില്‍ ചൊരിഞ്ഞ് മരണത്തിന്‍റെ മഴക്കുളിരിലേക്ക് ഇറങ്ങി നടക്കുന്ന ക്ലൈമാക്സ് എഴുതി നിര്‍ത്തുമ്പോള്‍ അനുഭവിച്ച ഉള്ളുരുക്കം… അതേ ഉള്ളുരുക്കം ഇതാ, ഇപ്പോള്‍ വീണ്ടും ഞാന്‍ അനുഭവിക്കുകയാണ്…”
കടലാസിന്‍റെ ധവളിമയിലേക്ക് പെയ്തിറങ്ങാന്‍ മനസ്സു വീണ്ടും മടിച്ചു നിന്നപ്പോള്‍ ശേഖര്‍ജി എഴുന്നേറ്റു. രാത്രി കഴിക്കേണ്ട ഗുളികകള്‍ മേശപ്പുറത്തിരിപ്പുണ്ട്. കഴിക്കാന്‍ മറക്കരുതെന്ന ഉപദേശത്തോടെ ആ ഗുളികകള്‍ അവിടെ കൊണ്ടുവച്ച പൗലോസച്ചനെക്കുറിച്ചോര്‍ത്തപ്പോള്‍ മനസ്സില്‍ ശാന്തത നിറഞ്ഞു. കറന്‍റു പോയാല്‍ കത്തിക്കാന്‍ മെഴുകുതിരിയും ലൈറ്ററും; ഒരു ജഗ്ഗു നിറയെ വെള്ളം… പൗലോസച്ചന്‍റെ കരുതല്‍ സ്നേഹനിര്‍ഭരമാണ്.
ഹൃദയം ഇടയ്ക്കിടെ പിണങ്ങിത്തുടങ്ങിയപ്പോഴാണ് ഈ ഗുളികകള്‍ സഹചാരികളായത്. ഇക്കാലമത്രയും അക്ഷരങ്ങള്‍ പമ്പു ചെയ്യുന്നതിന് വേണ്ടി സ്പന്ദിച്ചിരുന്ന ഹൃദയത്തിലേക്കുള്ള ഒറ്റയടിപ്പാതകളില്‍ കള്ളിമുള്‍ച്ചെടികള്‍ വളര്‍ന്നു തുടങ്ങിയിരിക്കുന്നവത്രേ. ജീവിതം അവസാനിക്കാന്‍ പോകുന്നു എന്ന ഉത്കണ്ഠയിലാണ് സ്വന്തം ജീവിതം എഴുതിത്തുടങ്ങിയത്. ഇനിയൊരെഴുത്തുണ്ടാവില്ലെന്ന് മനസ്സു പറയുന്നു… എഴുതി തീര്‍ക്കുക; വേഗം, എത്രയും വേഗം… പേന കൈയിലെടുത്താല്‍ മതി, അക്ഷരങ്ങള്‍ താനേ ഉതിര്‍ന്നു കൊള്ളും….
“ആ കഥ വീണ്ടുമിവിടെ പറയുന്നതില്‍ അര്‍ത്ഥമില്ലല്ലോ. ആ കഥയിലെ ജീവിതങ്ങളെക്കുറിച്ചു പറയാം. ആത്മാവിലും അര്‍ബുദം ബാധിച്ചരെക്കുറിച്ചു പറയാം.
താര… അവളുടെ പേര് അങ്ങനെ തന്നെയിരിക്കട്ടെ. ജീവിതവിജയത്തിന്‍റെ താരാഗണങ്ങളെ എത്തിപ്പിടിക്കാന്‍ കൊതിച്ച കൊച്ചു മാലാഖ! എനിക്കവള്‍ എന്‍റെ കൊച്ചുമകളെപ്പോലെയായിരുന്നു. അവളെന്നെ വിളിച്ചിരുന്നതും അങ്ങനെയാണ്, മുത്തശ്ശാ എന്ന്…
നാട്ടിന്‍പുറത്തിന്‍റെ ഇഴയടുപ്പങ്ങളില്‍ നിന്ന് നഗരജീവിതത്തിന്‍റെ ഒറ്റപ്പെടലിലേക്ക് ഞാന്‍ പറിച്ചുനടപ്പെട്ടപ്പോള്‍ അവളുടെ സ്നേഹം കത്തുകളിലൂടെ എന്നെത്തേടി വന്നുകൊണ്ടിരുന്നു. അവളുടെ സ്വപ്നങ്ങളെക്കുറിച്ച്, പഠനത്തെക്കുറിച്ച്, എന്‍റെ കഥകളെക്കുറിച്ച്, അവളുടെ കവിതകളെക്കുറിച്ച്… കത്തുകളിലൂടെ അവളെന്നോട് സംസാരിച്ചു.
ഒരു ഡോക്ടറാകണമെന്ന അവളുടെ ആഗ്രഹം സാമ്പത്തിക പരാധീനതകളില്‍ തട്ടി ഉടഞ്ഞു ചിതറുമെന്ന് അവള്‍ ഭയന്നിരുന്നു. ആ സ്വപ്നം സഫലമാക്കാനുള്ള പണത്തിനു വേണ്ട സഹായങ്ങള്‍ ചെയ്യാമെന്ന് ഞാന്‍ അവളെ ധൈര്യപ്പെടുത്തി. രാജനോട് ഞാന്‍ അതെക്കുറിച്ച് സൂചിപ്പിക്കുകയും ചെയ്തിരുന്നു. അവനന്ന് ഓസ്ട്രേലിയന്‍ പൗരത്വമൊക്കെ നേടി അവിടെ സ്ഥിരതാമസത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. അവസാനം നാട്ടില്‍ വന്നു മടങ്ങുമ്പോള്‍ അവന്‍ അവളെ പോയി കാണുകയും, അവള്‍ക്കു വേണ്ടി എന്നു പറഞ്ഞ് ഒരു ചെക്ക് എന്നെ ഏല്‍പ്പിക്കുകയും ചെയ്തു.
ആഴ്ചയിലൊരിക്കല്‍ എനിക്ക് കിട്ടിക്കൊണ്ടിരുന്ന അവളുടെ കത്തുകള്‍ ഇതിനിടയിലെപ്പോഴോ കിട്ടാതായത് ഞാന്‍ കാര്യമാക്കിയില്ല. പരീക്ഷക്കാലമായതിനാല്‍ പഠനത്തിരക്കിലായിരിക്കും അവളെന്നു ഞാന്‍ കരുതി.
ഇന്നും ഞാന്‍ കൃത്യമായി ഓര്‍ക്കുന്നുണ്ട്… അന്ന് ഒരു വെള്ളിയാഴ്ചയായിരുന്നു. നഗരത്തില്‍ നടന്ന ഒരു ബുക്ഫെസ്റ്റിനോടനുബന്ധിച്ച് ‘എഴുത്തുകാരന്‍റെ സാമൂഹ്യ പ്രതിബദ്ധത’ എന്ന വിഷയത്തില്‍, നിറഞ്ഞ സദസ്സില്‍ ഒരു പ്രഭാഷണം നടത്താന്‍ അവസരം കിട്ടിയതിന്‍റെ ആത്മസംതൃപ്തിയോടെ ഫ്ളാറ്റില്‍ തിരിച്ചെത്തുമ്പോള്‍ സെക്യൂരിറ്റി പറഞ്ഞു:
“സാറിനെ അന്വേഷിച്ച് ഒരു പെണ്‍കുട്ടി വന്നിരുന്നു…”
പലരും അന്വേഷിച്ചു വരാറുള്ളത് കൊണ്ട് ആരോ ഒരാള്‍ എന്നേ കരുതിയുള്ളൂ. അതു പക്ഷേ അവളായിരുന്നു, എന്‍റെ താര…! രണ്ടു ദിവസം കഴിഞ്ഞുള്ള പത്രത്തില്‍ ഒരു കൂട്ട ആത്മഹത്യയുടെ നാലു കോളം വാര്‍ത്തയ്ക്കൊപ്പമുണ്ടായിരുന്ന ഫോട്ടോ കണ്ട് സംശയം പറഞ്ഞത് ആ സെക്യൂരിറ്റിക്കാരന്‍ തന്നെയായിരുന്നു.
അറിഞ്ഞന്വേഷിച്ചു ചെന്നപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. ഒരു കുടുംബത്തിന്‍റെ സ്വപ്നങ്ങള്‍ മുഴുവന്‍ വെണ്ണീറാക്കപ്പെട്ട തെക്കേത്തൊടിയില്‍ നില്‍ക്കുമ്പോള്‍ അറിയാതെ കണ്‍കോണുകളില്‍ ഉരുണ്ടുകൂടിയ രണ്ടു നീര്‍ത്തുള്ളികള്‍ ആ മണ്ണില്‍ തന്നെ ഇറ്റുവീണു.
കടബാധ്യതകളുടെ ഊരാക്കുടുക്കില്‍ പെട്ട് ഒരു കുടുംബമൊന്നാകെ ജീവനൊടുക്കി എന്നാണ് നാട്ടുകാര്‍ പറഞ്ഞറിഞ്ഞത്. പക്ഷേ, അന്ന് ഞാന്‍ തിരിച്ചു ഫ്ളാറ്റിലെത്തുമ്പോള്‍ ചുട്ടുപൊള്ളിക്കുന്ന ആ സത്യം എന്നെക്കാത്ത് അവിടെ വിശ്രമിക്കുന്നുണ്ടായിരുന്നു.
മേല്‍വിലാസമെഴുതിയ കവറിലെ വടിവൊത്ത അക്ഷരങ്ങള്‍ കണ്ടപ്പോഴേ എന്‍റെ ഹൃദയം പടപടാ മിടിക്കാന്‍ തുടങ്ങിയിരുന്നു. എതിരേ വന്നവരെ ശ്രദ്ധിക്കാന്‍ പോലുമാകാതെ എവിടൊക്കെയോ തട്ടിയും തടഞ്ഞും ലിഫ്റ്റില്‍ കയറി. വെപ്രാളപ്പെട്ട് വാതില്‍ തുറന്ന് അകത്തുകയറി, സോഫായിലേക്ക് ചാരിയിരുന്ന് കവര്‍ പൊട്ടിക്കുമ്പോള്‍ ഹൃദയം നിലച്ചു പോകുമെന്ന് ഞാന്‍ ഭയന്നു.
“മുത്തശ്ശാ…
എന്‍റെ അച്ഛനെപ്പോലെ തന്നെയാ അയാളേയും ഞാന്‍ കരുതിയിരുന്നേ… പക്ഷേ…”
അവളുടെ കണ്ണുനീര്‍ത്തുള്ളികള്‍ വീണ് പേപ്പറില്‍ മഷി പടര്‍ന്നിരുന്നു. എന്‍റെ ഹൃദയരക്തം ചേര്‍ന്നൊഴുകി ആ കത്ത് നനഞ്ഞു കുതിര്‍ന്നു.
ഒരു കൊച്ചുപെണ്‍കുട്ടിയുടെ പൂമേനി ഇതളടര്‍ത്തി തല്ലിക്കൊഴിക്കപ്പെട്ടിരിക്കുന്നു! ഒന്നല്ല, പലവട്ടം അവള്‍ ക്രൂരതയ്ക്കിരയായിരിക്കുന്നു. നീതിക്കു വേണ്ടി ഇരന്ന അവളെ, പക്ഷേ കാത്തിരുന്നത് നീതികേടിന്‍റെ സുവിശേഷങ്ങള്‍ മാത്രം. നീതിയും ന്യായവുമൊക്കെ വിലയ്ക്കെടുക്കപ്പെട്ടു കഴിഞ്ഞിരുന്നു. പരാതിപ്പെട്ടാല്‍ ആദ്യ പ്രതിയാകുന്നത് സ്വന്തം അച്ഛനായിരിക്കുമെന്ന ഭീഷണിക്കു മുന്നില്‍ ആ അച്ഛനും മകളും തോറ്റു പോയി.
“ഇനി വയ്യ… ജീവിതം അവസാനിപ്പിക്കുകയാണ് മുത്തശ്ശാ… ഞങ്ങള്‍ മരിച്ചു കഴിഞ്ഞാല്‍ ആത്മഹത്യാ കുറിപ്പ് പോലും അവര്‍ ബാക്കിവയ്ക്കില്ല. അതുകൊണ്ടാണ് ഇത് മുത്തശ്ശന് അയയ്ക്കുന്നത്…
ഇനി വയ്യ… ഇന്നു രാത്രി എല്ലാം അവസാനിപ്പിക്കും ഞങ്ങള്‍… ഇനി ഒരിക്കലും, ഇനി ഒരിക്കലും… ഞാന്‍…”
അവസാനവരി വായിക്കുമ്പോള്‍ ചുറ്റും ഇരുള്‍മൂടുന്നത് പാതിബോധത്തിലറിഞ്ഞു. എത്രനേരം അങ്ങനെ കിടന്നുവെന്നറിയില്ല… ജീവനുണ്ടോ എന്നു തന്നെ നിശ്ചയമുണ്ടായിരുന്നില്ല. കട്ടപിടിച്ച ഇരുട്ടിന്‍റെ ചുഴികളില്‍ കറങ്ങിക്കറങ്ങി അബോധത്തിന്‍റെ ആഴങ്ങളിലേക്ക് കൂപ്പുകുത്തി. പിന്നെയെപ്പോഴൊക്കെയോ ജീവശ്വാസത്തിനായി ആര്‍ത്തി പൂണ്ട് സ്വബോധത്തിന്‍റെ ഓളപ്പരപ്പുകളിലേക്ക് പൊങ്ങിവന്നു.
രണ്ടുദിവസം ഫ്ളാറ്റിനകത്തു തന്നെ കഴിച്ചുകൂട്ടി. ഇടയ്ക്ക് അന്വേഷിച്ചു വന്നവരെ സുഖമില്ല എന്ന് പറഞ്ഞു മടക്കി. എനിക്കൊരു തീരുമാനമെടുക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. ആ കുഞ്ഞിന്‍റെ കത്തെടുത്ത് ഞാന്‍ തിരിച്ചും മറിച്ചും നോക്കിക്കൊണ്ടിരുന്നു.
ഇതുമായി നേരെ പോലീസ് സ്റ്റേഷനിലേക്ക്…? അല്ലെങ്കില്‍ മജിസ്ട്രേറ്റിനു മുന്നില്‍…? അതുമല്ലെങ്കില്‍ മുഖ്യമന്ത്രിക്ക് നേരിട്ട്…? തീര്‍ച്ചയായും അവള്‍ക്ക് നീതി കിട്ടും. പക്ഷേ, പക്ഷേ ഓരോ തവണയും ഇറങ്ങാനൊരുങ്ങുമ്പോള്‍ എന്‍റെ കാലുകള്‍ തളര്‍ന്ന് തളര്‍ന്ന് ഞാന്‍ നിലത്തേക്ക് വീഴുകയായിരുന്നു…!
ഒടുവില്‍ ഒരു ലൈറ്ററിന്‍റെ തീനാളത്തിലേക്ക് ആ കടലാസുകഷണങ്ങള്‍ എന്നേക്കുമായി ഞാനൊളിപ്പിച്ചു. മഞ്ഞയും നീലയും കലര്‍ന്ന ജ്വാലയില്‍ ആ കടലാസു കഷണങ്ങള്‍, അല്ല, അവളുടെ ഹൃദയം കത്തിയെരിയുന്നത് ഞാന്‍ നോക്കി നിന്നു. താരേ… മാപ്പ്…!
എന്തിന് ഞാനവളോട് അങ്ങനെ ചെയ്തു എന്നല്ലേ? പറയാം… ആ ഏറ്റുപറച്ചിലിനു വേണ്ടി മാത്രമാണല്ലോ ഈ കൂട്ടിച്ചേര്‍ക്കല്‍…!
ആ ഒരു നിമിഷാര്‍ദ്ധത്തില്‍, കുരുവംശ നാശഹേതുവായ ധൃതരാഷ്ട്രരുടെ അതേ അന്ധത എന്നിലേക്ക് പരകായപ്രവേശം നടത്തുകയായിരുന്നു… അതെ, എന്‍റെ താരയുടെ മരണത്തിന് ഉത്തരവാദി രാജനായിരുന്നു, എന്‍റെ മകന്‍! നാട്ടിലെത്തിയ രാജന്‍ അവളെ സഹായിക്കാനെന്ന വ്യാജേന എപ്പോഴൊക്കെയോ…
ഉറഞ്ഞുകൂടിയ കുറ്റബോധത്തിന്‍റെ കരിന്തിരി വെളിച്ചത്തിലെപ്പോഴോ ആ കത്തിലെ വാക്കുകളും വാചകങ്ങളും പകര്‍ത്തി ഞാന്‍ സൃഷ്ടിച്ചെടുത്ത വ്യാജ കഥയാണ് ‘ആത്മാവില്‍ അര്‍ബുദം ബാധിച്ചവര്‍’! ശരീരകോശങ്ങളിലെവിടേയും അര്‍ബുദം ബാധിച്ചാല്‍ ചികിത്സിക്കാം. പക്ഷേ…!
അതെ, ആത്മാവിന്‍റെ പരമാണുക്കളില്‍ പോലും അര്‍ബുദം ബാധിച്ച മഹാരോഗിയാണ് ഈ ശേഖര്‍ എന്ന് ഇതാ, ഇവിടെ ഞാന്‍ കുറിച്ചിടുന്നു…
ഇത്രയും നാള്‍ ഉള്ളില്‍ ഉമിത്തീ പോലെ നീറിപ്പടര്‍ന്ന ഒരു രഹസ്യം കുമ്പസാരത്തിലെന്നതു പോലെ ഏറ്റുപറയുമ്പോള്‍ ഇന്ന് എന്‍റെ താരയും കുടുംബവുമില്ല… അവരെ ഇല്ലാതാക്കിയ കുറ്റവാളിയും. ഒരു പക്ഷേ അതു കൊണ്ടുമാത്രം, ഒരു ചങ്ങലക്കെട്ടുകളുടേയും ബന്ധനമില്ലാതെ എനിക്ക് ഉറക്കെ വിളിച്ചു പറയണമായിരുന്നു ഈ സത്യം, ഒരിക്കലെങ്കിലും…!
‘രൂപാന്തരങ്ങള്‍’ എന്നു ഞാന്‍ പേരുവിളിച്ച എന്‍റെ ജീവിത കഥയ്ക്ക് ഇവിടെ പൂര്‍ണ്ണവിരാമമിടുമ്പോള്‍ വേറൊന്നും, വേറൊന്നും ഞാന്‍ മനസ്സിന്‍റെ കടലാഴങ്ങളില്‍ ഒളിപ്പിച്ചു വച്ചിട്ടില്ല എന്ന് ആത്മാര്‍ത്ഥമായി വിശ്വസിച്ചു കൊണ്ട് ഒരിക്കല്‍ കൂടി ഞാന്‍ പറയട്ടെ…
എന്‍റെ പ്രിയപ്പെട്ട താരേ… മാപ്പ്…!”
എഴുതി അവസാനിപ്പിക്കുമ്പോഴേക്കും ശേഖര്‍ജിയുടെ കൈകളില്‍ നിന്ന് പേന വഴുതി താഴെ വീണിരുന്നു. അദ്ദേഹം പതിയെ കസേരയിലേക്കു ചാരിയിരുന്ന് കണ്ണുകളടച്ചു. പുറത്തു നിന്ന് തണുത്ത കാറ്റ് അരിച്ചെത്തുന്നുണ്ട്. അകത്തു നിന്നും ഇതേവരെ അനുഭവിക്കാത്ത ശാന്തിയുടെ നിലാവെളിച്ചവും.
പക്ഷേ, നെഞ്ചിനുള്ളില്‍ അസാധാരണമായ ഒരു ഭാരം കൂടുകൂട്ടുന്നതു പോലെ. അദ്ദേഹത്തിന്‍റെ ചിന്തകളിലൂടെ പലതും കടന്നു പോയി. താരയുടെ മുഖം…, രാജന്‍റെ മുഖം…!
ഒരു പെണ്‍കുട്ടിയുടെ ജീവിതം ഇല്ലാതാക്കിയ കുറ്റവാളിയെ വെളിച്ചത്തില്‍ നിന്നും മറച്ചുപിടിയ്ക്കുവാന്‍ കൂട്ടുനിന്ന ഒരുവനെന്ന് നാളെ ഈ ലോകം തന്നെ നോക്കി ആര്‍ത്തുവിളിയ്ക്കും. ഇതുവരെ നേടിയ എല്ലാ സല്‍പ്പേരും ഒരു നിമിഷം കൊണ്ട്…! ഈ ലോകത്തു നിന്ന് വിട്ടുപോയെങ്കിലും രാജന്‍റെ പേരിന് ഞാനെങ്ങനെ കളങ്കം ചാര്‍ത്തും…?
താരയുടെ ആത്മാവ് ആകാശത്തിലെ നക്ഷത്രക്കൂട്ടങ്ങളിലെവിടെയോ ഇരുന്ന് ചിരിക്കുന്നത് ആ വൃദ്ധന്‍ കേട്ടു. മരിച്ചുപോയവര്‍ക്കെന്ത് സല്‍പ്പേരും കളങ്കവും….!
നെഞ്ചിനുള്ളില്‍ വേദന നീരാളിപ്പിടിത്തമിടുന്നത് ശേഖര്‍ജി അറിഞ്ഞു. ഗുളികകള്‍ മേശപ്പുറത്തു തന്നെയിരിക്കുകയാണ്. കസേരയിലിരുന്നു കൊണ്ട് മേശപ്പുറത്തു കൈയെത്തിച്ചു പരതി. കൈയില്‍ തടഞ്ഞത് ലൈറ്ററാണ്. സ്വയമറിയാതെ ഏതോ ഉള്‍പ്രേരണയാല്‍ കത്തിച്ചു പിടിച്ച ലൈറ്ററിന്‍റെ മഞ്ഞയും നീലയും കലര്‍ന്ന ജ്വാലയില്‍, ശേഖര്‍ജിയുടെ കണ്‍കോണുകളില്‍ ഊറി നിന്ന രണ്ടു നീര്‍മണികള്‍ തിളങ്ങി; നീലിച്ച അക്ഷരങ്ങള്‍ നിറഞ്ഞ വെളുത്ത പേപ്പറുകളും…