കാക്ക ശല്യം കൂടിയപ്പോഴാണൊന്നിനെ
കെണി വെച്ചു പിടിച്ചത്
കൊന്ന് ചിറകരിഞ്ഞ്
കെട്ടിത്തൂക്കണം –
മറ്റു കാക്കകൾ കണ്ട് ഭയപ്പെടട്ടെ
തല്ലിക്കൊല്ലാൻ നോക്കവെ
അമ്മ തടഞ്ഞു
“നിൻ്റെ മകളുടെ പ്രസവമൊന്ന് കഴിഞ്ഞോട്ടെ,
ഇപ്പോൾ വീട്ടിൽ ആരുടെയും ജീവനെടുക്കരുത്”
ബുദ്ധിമുട്ടിപ്പിടിച്ച കാക്കയെ വെറുതെ വിടാനോ !
ഞാനൊരു പക്ഷിക്കൂട് വാങ്ങി
കാക്കയെ അതിലിട്ടുമ്മറത്ത് തൂക്കി
“തുറുങ്കിലടക്കപ്പെടുമെന്ന് മറ്റു കാക്കകൾ ഭയക്കട്ടെ.”
അയൽ വാസിപ്പയ്യനാണ്
“കറുപ്പിനെ ലോകം അവഗണിക്കുമ്പോൾ
സ്വന്തം വീട്ടിൽ ലവ് ബേഡ്സിനു പകരം കാക്കയെ അലങ്കാരമായി
വളർത്തുന്ന മഹാമനസ്കൻ്റെ” കഥ വീഡിയോ സഹിതം ടിക് ടോക്കിലിട്ടത്.
ടിക് ടോക്കും, റ്റ്വിറ്ററും, ഫേസ്ബുക്കും –
വാട്സപ്പും നിറഞ്ഞെൻ്റെ കരുണ
പമ്പാ നദി പോലെ
കര കവിഞ്ഞൊഴുകി.
ചാനലുകൾ അഭിമുഖമെടുക്കാൻ വീട്ടിൽ വന്നു.
“എനിക്ക് കറുപ്പിനെ അവഗണിക്കുന്നവരോട് പുച്ഛമാണ് “
എൻ്റെ ജീവിതത്തിൽ അവഗണിക്കപ്പെടുന്ന കറുപ്പിനെ പരിഗണിച്ച്
ഞാൻ അവരോട് പ്രതികരിക്കുന്നു”
എന്ന് പറഞ്ഞ്
ഉദാഹരണത്തിന് ഞാൻ
ഭാര്യയെ ക്യാമറക്ക് മുന്നിലേക്ക് വിളിച്ചു.
കറുകറെ കറുത്ത അവൾ
മേക്കപ്പിട്ട് വെളുങ്ങനെ ക്യാമറയ്ക്ക് മുന്നിൽ വന്നെൻ്റെ
പ്രതീക്ഷകളെ തകിടം മറിച്ചു കളഞ്ഞു.
“ഹായ് എത്ര മധുരമീ ഗാനം”
എന്ന് കാക്കക്കരച്ചില് കേട്ട്
ഞാൻ പറഞ്ഞപ്പോൾ.
“സോ, ബ്യൂട്ടിഫുൾ എന്ന് ടി.വി അവതാരകയുടെ വിവരക്കേടെന്നെ
ശരിവച്ചു ചിരിച്ചു.
ടി.വി യിലും ഞാൻ വൻ ഹിറ്റായതോടെ
കരുണാമയനായ എൻ്റെ യുട്യൂബ് ചാനൽ കൊട്ടക്കണക്കായ (18 K)
സബ്സ്ക്രൈബ്രേയ്സിനാൽ നിറഞ്ഞു -.
പണം ഡോളറായി അക്കൗണ്ടിൽ വന്നു വീണു.
കാണാതായ തോഴനെ തേടി ഒരു കാക്കച്ചി
എൻ്റെ വീട്ടുമുറ്റത്ത് വന്നു നിന്നു.
പാരതന്ത്ര്യത്തിൻ്റെ കയ്പനുഭവങ്ങളാവണം
കൂട്ടിലിരുന്ന കാക്ക അവളെ പാടി കേൾപ്പിച്ചു.
പിറ്റേന്നവളവൾ കുടുംബക്കാരെയും കൂട്ടി വന്നു
‘കാ കാ കാ ‘
എന്ന് കരഞ്ഞു.
മുറ്റം നിറയെ കാക്കകൾ
അയൽവാസികളൊക്കെ
പുച്ഛത്തോടെത്തിനാേക്കി
അസൂയക്ക് മരുന്നില്ലല്ലോ !
കാക്കകളുടെ പ്രതിഷേധത്തെ
അനുമോദനമായി വിവർത്തനം ചെയ്ത്
സോഷ്യൽ മീഡിയയിൽ ഞാനിട്ട വീഡിയോ
വീണ്ടും വൈറലായി.
ഇപ്പോളെനിക്ക് ധാരാളം ആരാധകരുണ്ട്
ഇന്നലെ
മകൾ പ്രസവിച്ചു.
ഇനിയാ കാക്കയെക്കൊന്ന്
ചിറക് വരാന്തയിൽ കെട്ടിത്തൂക്കണം –
(എന്നെ ആരും ക്രൂരനെന്ന് വിളിക്കില്ല
വിളിച്ചാലും അല്ലെന്ന് വാദിക്കാൻ എനിക്കിപ്പോൾ ആരാധകരുണ്ട്.)