അപസർപ്പക പരബ്രഹ്മമൂർത്തി (കഥകൾ)

കഥകളുടെ ലോകം എന്നത് വ്യത്യസ്ഥമായ ഒരു ഭൂവിഭാഗം ആണ്. ചടുലവും വേഗതയാർന്നതുമായ കഥകൾ പോലെ ദുരൂഹവും ദുർഗ്രാഹ്യവുമായ കഥകളും ഒരു തരത്തിൽ രസാവഹവും വായനാനന്ദവും നല്കുന്നവയാണ്. കഥകൾക്ക് ബൗദ്ധികവും സാധാരണത്വവും നല്കുന്നത് വായനക്കാരുടെ മാനസികമായ അതിനോടുള്ള സമീപനത്തിലൂടെയാണ്. വെറും പൈങ്കിളി എന്ന് വിവക്ഷിക്കുന്ന തലത്തിൽ വാരികകൾക്കും ചില കഥാസമാഹാരങ്ങൾക്കും ലേബലിടുന്ന കഥകൾക്ക് കഥയില്ലായ്മ ഉണ്ടാകുന്നുവോ എന്നു കൂടി ചിന്തിക്കേണ്ടിയിരിക്കുന്നു. വായനക്കാർ എല്ലാവരും ഒരേ പോലെ എല്ലാ കഥകളിലും അഭിരമിക്കണം എന്ന ദുർവ്വാശി ഒരിക്കലും പാടില്ല എന്നാണ് കരുതുന്നത്. ഇംഗ്ലീഷ് ചെറുകഥകൾക്ക് മലയാള വ്യാഖ്യാനം കിട്ടിത്തുടങ്ങുന്നിടത്താണ് കഥകളിൽ പരീക്ഷണം തുടങ്ങുന്നത് എന്നു കരുതുന്നു. കാരണം മലയാള കഥകൾ മിക്കതും അന്തപ്പുരങ്ങളിലേക്ക് വേണ്ടി ഉളളവയായിരുന്നു എന്ന തലത്തിൽ നിന്നും മനുഷ്യ വികാരങ്ങൾ വെറും കിടപ്പറ വിഷയങ്ങൾ അല്ല എന്ന കാഴ്ചപ്പാടിലേക്ക് മാറാൻ കഥാ സാഹിത്യ ലോകം എടുത്ത കാലതാമസം ആണ് കഥയുടെ വികാസവളർച്ചയുടേത് എന്നു കാണാം. വാസനാ വികൃതി എന്ന ആദ്യ ലക്ഷണയുക്ത കഥയ്ക്ക് ശേഷം എത്ര കാലം കാത്തിരുന്നു മലയാളിക്ക് നല്ല കഥകൾ വായിക്കാൻ എന്നു നോക്കുക. കഥകളിൽ കാരൂരിനെ മാറ്റി നിർത്തി വളർച്ചയെ പറയാനാകില്ല. അത് കാലം മാറുമ്പോൾ മാറി വരുകയും ചെയ്യുന്നു. ബഷീറിയൻ കഥകളുടെ തലമല്ല എംടിയുടെ കഥകൾക്കുള്ളത്. മാധവിക്കുട്ടിയുടെ കഥകൾക്കുള്ള തലമല്ല ചന്ദ്രമതിയുടെ കഥകൾക്കുള്ളത്. രാജലക്ഷ്മി കഥകൾക്കും ഇന്ദുമതി കഥകൾക്കും ഉള്ള വ്യതിയാനങ്ങളും സ്പഷ്ടമാണ്. മലയാറ്റൂർ കഥകൾ പോലെ ആനന്ദിൻ്റെ കഥകൾക്കോ എൻ എസ് മാധവിൻ്റെ കഥകൾ പോലെ സുഭാഷ് ചന്ദ്രൻ്റെ കഥകളോ വായിക്കുക എളുപ്പമല്ല കാരണം ശക്തവും വ്യത്യസ്ഥവുമായ വായനാനുഭവങ്ങളാണ് ഇവ നല്കുന്നത്. ഈ വ്യത്യാസങ്ങൾ ഇന്ദുഗോപനിലും ഇയ്യാവള പട്ടണത്തിലും സുസ്മേഷ് ചന്ദ്രനിലും വിനോയി തോമസിലും കാണാൻ ഇന്നു കഴിയുന്നുണ്ട്. ഓരോരുത്തരും ഓരോ പ്രത്യേക ലോകം സൃഷ്ടിക്കുകയാണ് തങ്ങളുടെ കഥകളിലൂടെ . ആധുനിക സമൂഹത്തിൻ്റെ വ്യത്യസ്ഥത ഈ കഥാകാരന്മാരുടെ കഥകളിലും കാണുന്നുണ്ട്.


“സുസ്മേഷ് ചന്ദ്രോത്തി”ൻ്റെ “അപസർപ്പക പരബ്രഹ്മമൂർത്തി” എന്ന കഥാസമാഹാരത്തിലെ ഏഴ് അപസർപ്പക കഥകളും ഏഴ് തലങ്ങളിൽ ഉള്ള കാഴ്ചകൾ ആണ് നല്കുന്നത്. രതിയും രാഷ്ട്രീയവും സാമൂഹിക ചിന്തകളും സദാചാര കാഴ്ചകളും നിറഞ്ഞ ഏഴു വ്യത്യസ്ഥ കഥകളാണിവ. ആദ്യത്തെ കഥ സദാചാരത്തിൽ ഉറഞ്ഞ രാഷ്ട്രീയ ചിത്രമാണ് പകരുന്നത്. തൻ്റെ രാഷ്ട്രീയ, സാമൂഹ്യ ജീവിതവും കുടുംബ ജീവിതവും തമ്മിൽ കൂട്ടിമുട്ടാതെ രക്ഷിച്ചെടുക്കാൻ ശ്രമിക്കുന്ന മനുഷ്യരുടെയും അവരെ മൂന്നാം കണ്ണു കൊണ്ടു ഒപ്പിയെടുക്കുന്ന അദൃശ്യതയെയും ചൂണ്ടിക്കാട്ടുന്ന കഥ സുതാര്യമായ ജീവിതത്തെയും സദാചാരക്കണ്ണുകളെയും എങ്ങനെ ഒരാൾ സ്വജീവിതത്തിൽ പരിചയപ്പെടേണ്ടി വരുന്നു എന്നു വെളിപ്പെടുത്തുന്നു. രണ്ടാമത്തെ കഥയിൽ കഥാകാരൻ തൻ്റെ വികലമായ സ്ത്രീ, പുരുഷലോക ചിന്തകൾ പങ്കുവയ്ക്കുന്നത് ഒട്ടൊരു അമർഷത്തോടെ വായനക്കാർ സ്വീകരിക്കേണ്ടി വരുന്നു. പൊതുവിൽ ഉള്ള ഒരു വസ്തുതയായി സ്വന്തം കാഴ്ചപ്പാടുകളെ അവതരിപ്പിക്കുന്ന ഒരു ടിപ്പിക്കൽ മലയാളിയാണ് ആ കഥയിലുള്ളത് എന്ന് കാണാം. മൂന്നാം കഥയിൽ വളരെ കൗതുകകരമായ ഒരു ലെസ്ബിയൻ, പോക്സോ വിഷയവുമായി കടന്നു വരുന്നു കഥാകാരൻ. 70 വയസ്സിന് മേൽ പ്രായമുള്ള ഒരു വിധവ, തൻ്റെ മനോവളർച്ചയില്ലാത്ത മകളുമായി നടത്തുന്ന ലെസ്ബിയൻ പ്രണയം കൊച്ചു മകളിലേക്ക് പടരുമ്പോൾ അത് ഒരു സാമൂഹിക വിഷയത്തിലേക്ക്, ആരും അധികം ചർച്ച ചെയ്യാത്ത , ചെയ്യാൻ താത്പര്യപ്പെടാത്ത വിരളമായ ഒരു യാഥാർത്യത്തിലേക്ക് കണ്ണുതുറക്കലാകുന്നു. തുടർന്നു വരുന്ന കഥയാകട്ടെ ആധുനിക ജീവിതത്തിലെ യുവതയുടെ സ്വതന്ത്ര ജീവിതത്തിലേക്കാണ് വാതിൽ തുറക്കുന്നത്. ലിംഗഭേദമില്ലാതെ ലൈംഗികതയില്ലാതെ ഒരുമിച്ചു കൂടുന്ന യുവതയുടെ തുറന്ന ജീവിതയാത്രയെ, സമകാലീന രാഷ്ട്രീയത്തിൻ്റെ പുളിപ്പുകൾക്കിടയിലൂടെ അവതരിപ്പിക്കുന്ന ആക്ഷേപഹാസ്യമായാണ് ആ കഥ നിലപാട് തേടുന്നത്. ഇതിനെത്തുടർന്നു വരുന്ന മൂന്നു കഥകൾക്കും വേണ്ട സാഹചര്യവും കാലാവസ്ഥയും പൊടുന്നനെ കൽക്കട്ടയിലേക്ക് മാറുന്നത് കാണാം. വിദ്യാലയങ്ങളുടെ കാലാവസ്ഥയിലേക്കു ചുവടു മാറിയ കഥ പക്ഷേ കേരളത്തിൻ്റെ പരിതസ്ഥിതി തന്നെയാണ് ചർച്ച ചെയ്യുന്നത് എന്ന് കാണാം. മനുഷികതയുടെ മനോവ്യാപാരങ്ങളുടെ ഒരു സംക്ഷിപ്ത രൂപമായി സ്വകാര്യ അന്വേഷണ കമ്പനിയുടെ ഒരു ഫയൽ ഓപ്പൺ ചെയ്തു അവസാനിപ്പിക്കുന്നതും അസാധാരണമായ ഒരു കൊലപാതകത്തിൻ്റെ നിഗൂഢമായ വഴികളിലൂടെ ഉള്ള സഞ്ചാര മാർഗ്ഗങ്ങൾ അവതരിപ്പിക്കുന്നതുമായ രണ്ടു കഥകൾ കൂടിച്ചേരുമ്പോൾ ഈ പുസ്തകം പൂർണ്ണമാകുന്നു.

ഇന്ദുഗോപൻ്റെ അവതാരികയും കൂടിച്ചേർന്ന ഈ കഥാസമാഹാരം വ്യത്യസ്ഥമായ കാഴ്ചകളുടെ ഒരു സമന്വയമാണ്. എടുത്തു പറയേണ്ട പോരായ്മ കഥകളിലുറങ്ങുന്ന സദാചാര ചിന്തകളുടെ വിട്ടുമാറാത്ത പനിയാണ്. ആധുനികതയുടെ വെളിച്ചം കണ്ണുകളിൽ പ്രകാശിക്കുമ്പോഴും വിട്ടു പോകാൻ മടിക്കുന്ന സദാചാരത്തിൻ്റെ വഴുവഴുക്കലുകൾ ചവിട്ടി നടക്കേണ്ടി വരുന്നുണ്ട് കഥകളിൽ ഗൂഢമായും ചിലപ്പോൾ പ്രത്യക്ഷത്തിലും. നല്ല ശൈലിയും ഭാഷാചാതുരിയും പ്രത്യേകതകളും പരീക്ഷണങ്ങളും ഉള്ള ചിന്തയും ഒരു നല്ല വളർച്ചയുടെ ലക്ഷണമാണ്. നാളെ മലയാളം അംഗീകരിക്കുന്ന എഴുത്തുകാരുടെ പേരുകളിൽ ഒന്നാകാൻ യോഗ്യതയുള്ള എഴുത്തുകൾ ഇനിയും തന്നിലുണ്ട് എന്ന് പറയാതെ പറയുന്ന ഈ എഴുത്തുകാരൻ ഭാവിയുടെ വാഗ്ദാനം തന്നെയാണ്.

ആനുകാലികങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും സജീവമായി എഴുതുന്നു. കനൽ ചിന്തുകൾ എന്ന കവിതാ സമാഹാരം ആദ്യ പുസ്തകം. ദുബായിൽ ഇൻഡസ്ട്രിയൽ സേഫ്റ്റി വിഭാഗത്തിൽ ഉദ്യോഗസ്ഥൻ. വർക്കല സ്വദേശി.