കഴിഞ്ഞ വർഷത്തെ നോട്ടുബുക്കുകളിലെ എഴുതാത്ത ഏടുകൾ എല്ലാം കൂട്ടിച്ചേർത്ത് പുതിയ പുസ്തകമുണ്ടാക്കുന്ന തിരക്കിലാണ് ശ്രീദേവി. മഴ നിർത്താതെ പെയ്യുകയാണ്. രണ്ടു ദിവസമായി മഴ തുടങ്ങിയിട്ട്. അനഘ മഴയെ നോക്കി നിന്നു. വീട്ടിൽ നിന്നും കാണാനാകുന്ന പാടത്ത് മഴപെയ്യുന്നത് കാണാൻ നല്ല ചന്തമാണ്. അപ്പോഴാണ് അവൾക്ക് കളിവഞ്ചിയുണ്ടാക്കുന്നതിനെ കുറിച്ച് ക്ലസ്സിൽ പറഞ്ഞത് ഓർമ്മവന്നത്. കീറി വെച്ചിരിക്കുന്ന പഴയ കണക്കുപുസ്തകത്തിലെ ഒരേട് എടുത്തു. ആ ഏട് കൂട്ടിക്കുറക്കലുകൾ മാത്രം കുത്തിനിറച്ചത് ആയിരുന്നു. കൂട്ടുന്നത് എപ്പോഴും തെറ്റും കുറയ്ക്കുന്നത് തെറ്റാറും ഇല്ല. അതെന്തുകൊണ്ടാണ് എന്നു ഇതുവരെ മനസ്സിലായിരുന്നില്ല. അവൾ വഞ്ചിയുണ്ടാക്കാൻ ശ്രമിച്ചു പരാജയമടഞ്ഞു.
ഇത് കണ്ട് ശ്രീദേവി ‘മോൾക്ക് വഞ്ചി വേണമെങ്കിൽ അമ്മയുണ്ടാക്കിത്തരാല്ലോ’ എന്നു പറഞ്ഞ് ആ കടലാസ് വാങ്ങി വഞ്ചിയുണ്ടാക്കി. അനഘ അതെടുത്ത് ഇറയത്തുനിന്ന് വെട്ടിയുണ്ടാക്കിയ വെള്ളമൊഴുകുന്ന ചാലിലേക്ക് പതിയെ വെച്ചു. അത് മെല്ലെ ഒഴുകിപ്പോകുന്നത് കണ്ട അവൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി. ഈ സന്തോഷപ്രകടനം കണ്ടുകൊണ്ടാണ് സുഗുണൻ കയറി വന്നത്. മഴകൊണ്ടതുകൊണ്ട് അയാൾ വിറയ്ക്കുന്നുണ്ടായിരുന്നു.
‘ഇന്നും പണിയില്ല. മഴ മാറിയിട്ട് ചെന്നാൽ മതിയെന്നാണ് കോണ്ട്രാക്ടർ പറഞ്ഞത്……” അയാൾ ആരോടെന്നില്ലാതെ പറഞ്ഞു. ശ്രീദേവി അകത്തു നിന്നും തോർത്തെടുത്ത് ഉമ്മറത്തേക്ക് ചെല്ലുമ്പോൾ അയാൾ അനഘയ്ക്ക് പുതിയ കടലാസു വഞ്ചി ഉണ്ടാക്കുകയായിരുന്നു.
“ഇനി എന്തുചെയ്യും. മോൾക്ക് നാളെ തന്നെ പുസ്തകങ്ങൾ വാങ്ങിക്കണം. നാളേക്ക് അരിയില്ല. വൈകീട്ട് സ്കൂളിൽ നിന്നും വരുമ്പോൾ അവൾക്ക് എന്തു കൊടുക്കും”
“നാളെയ്ക്കല്ലെ…? എന്തെങ്കിലും വഴിയുണ്ടാവും നീയൊന്നു മിണ്ടാതിരുന്നെ”
സുഗുണൻ പിന്നെയും കടലാസു വഞ്ചികളുണ്ടാക്കിക്കൊണ്ടിരുന്നു. ശ്രീദേവി തുന്നിച്ചേർത്ത പുസ്തകവുമായി അകത്തേക്ക് പോയി. മഴ ഇന്നേക്ക് മൂന്നു ദിവസമായി നിർത്താതെ പെയ്യുന്നു. പകൽ കനമില്ലാത്ത മഴയാണെങ്കിലും രാത്രിയാകുമ്പോൾ മഴ അതിന്റെ തനിസ്വഭാവം കാണിക്കുന്നുണ്ട്. പഴകിയതും അവിടവിടെ ചോർന്നൊലിക്കുന്നതാണ് എങ്കിലും വീട് നൽകുന്ന സുരക്ഷിതത്വം അതൊന്നു വേറെ തന്നെയാണ് എന്നവളോർത്തു.
ചായയുണ്ടാക്കി പുറത്തു വന്നു നോക്കുമ്പോൾ സുഗുണൻ പോയിക്കഴിഞ്ഞിരുന്നു.
“അനഘേ അച്ഛൻ എങ്ങോട്ടാ പോയത്.”
“ഇപ്പൊ വരാന്ന് പറഞ്ഞു പോയതാ….. കടേക്കാവും മോൾക്ക് മിട്ടായി കൊണ്ടരൂല്ലോ.”
ശ്രീദേവി ഒന്നും പറയാതെ അകത്തേക്ക് തന്നെ തിരിച്ചു പോയി. നാളേക്ക് അരിയുണ്ടാവണമെങ്കിൽ ഇന്ന് രാത്രി കഴിയണം. അതിനെന്താണ് വഴി. അവൾ അടുക്കളപ്പുറത്തേക്ക് ഇറങ്ങി നാല് മൂട് കപ്പ നട്ടിരുന്നു. അതിൽ രണ്ടെണ്ണം പറിച്ചപ്പോൾ തന്നെ ആവശ്യത്തിന് കിട്ടി. അവൾ ചെണ്ടക്കപ്പ നുറുക്കി വേവിക്കാൻ വെച്ചു.
എത്ര വർഷമായി സുഗണേട്ടന്റെ കൂടെ, അവൾ ഓർത്തു നോക്കി. പതിനഞ്ചു വർഷം കഴിഞ്ഞിരിക്കുന്നു. ‘അന്ന് കൂടെ പോരുന്നോ’ എന്നു ചോദിച്ച ദിവസം. ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു. അമ്മ മരിച്ചതിന് ശേഷം അച്ഛന്റെ വീട്ടിലേക്കുള്ള വരവ് കുറഞ്ഞിരുന്നു. എവിടെയെങ്കിലും പണിയുണ്ട് എന്നു പറഞ്ഞു പോയാൽ പിന്നെ ഒരു മാസം അല്ലെങ്കിൽ രണ്ടുമാസം കഴിഞ്ഞേ അച്ഛനെ കാണാൻ സാധിച്ചിരുന്നുള്ളൂ. വരുമ്പോൾ ഒരു ചുരിദാർ അല്ലെങ്കിൽ ഒരു സാരി…. കഴിഞ്ഞു. പ്രായപൂർത്തിയായ ഞാനും അമ്മമ്മയും എങ്ങനെയാണ് ജീവിക്കുന്നത് എന്ന ശ്രദ്ധപോലും അച്ഛനുണ്ടായിരുന്നില്ല. അതു മാത്രമല്ല വന്നുകഴിഞ്ഞാൽ പിന്നെ തനിക്ക് കിട്ടുന്ന കൂലികൂടി വാങ്ങിക്കൊണ്ടു പോകും. അത്രയ്ക്കുമാണ് കുടി. കുടി കഴിഞ്ഞു വീട്ടിലേക്ക് വന്നു കഴിഞ്ഞാൽ പിന്നെ അമ്മയുടെ ഓർമ്മകളാണ് കരച്ചിലാണ്.
അടുത്തുള്ള കൺസ്ട്രക്ഷൻ സൈറ്റിൽ പണിക്ക് പോയതായിരുന്നു. അവിടെ വെച്ചാണ് ആദ്യമായി സുഗണേട്ടനെ കാണുന്നത്. എപ്പോഴും ചിരിച്ചുകൊണ്ട് സംസാരിക്കുന്ന പ്രകൃതം. തെറ്റുകൾ പറ്റിയാൽ പോലും ആരോടും ദേഷ്യപ്പെടാതെ ആ തെറ്റുകൾ ശരിയാക്കുന്ന ഊർജ്ജസ്വലനായ മനുഷ്യൻ. ഉച്ചയ്ക്ക് ഭക്ഷണവുമായി എത്തുന്ന അമ്മമ്മയോടുള്ള സമീപനവും ആരെയും ഇഷ്ടപ്പെടുത്താൻ പോന്നതായിരുന്നു.
ആ ദിവസം ഇന്നും മങ്ങാതെ കിടക്കുന്നു. അച്ഛൻ നല്ലവണ്ണം കുടിച്ചിട്ടാണ് സൈറ്റിലേക്ക് വന്നത്. വന്നതും കോണ്ട്രാക്ടറോട് പണം ആവശ്യപ്പെട്ടു. എന്നോട് ചോദിച്ചു തരാമെന്നു പറഞ്ഞപ്പോളാണ് എന്നെ കാണാൻ രണ്ടാം നിലയിലേക്ക് കയറിവന്നത് ഞാനും സുഗണേട്ടനും മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ. തരില്ല എന്നു തീർത്തു പറഞ്ഞതും ഒറ്റ അടിയാണ്. മറിഞ്ഞു വീണുപോയി. ചവിട്ടി തുള്ളി ഒറ്റ പോക്കാണ് പിന്നെ.
കരഞ്ഞുകൊണ്ടിരുന്നപ്പോഴാണ് സുഗണേട്ടൻ വന്നു ചോദിക്കുന്നത്. ‘എനിക്ക് നിന്നെ ഇഷ്ടമാണ് എന്റെ കൂടെ പോരുന്നോ ഞാൻ പൊന്നു പോലെ നോക്കിക്കൊള്ളാം’. അതു കേട്ടതും കരയണോ ചിരിക്കണോ എന്നു അറിയാത്ത അവസ്ഥയിൽ ആയി. അമ്മമ്മയോടാണ് പിന്നീട് എല്ലാം സംസാരിച്ചത്. അതിൽ നിന്നുമാണ് അച്ഛനും അമ്മയും മരിച്ചതാണ്… ആകെയുള്ളത് രണ്ടാനമ്മയും അവരുടെ മകനും മാത്രമാണ്,,, മകൻ വിവാഹം കഴിച്ചു. വീട് സുഗണേട്ടന്റെ പേരിലാണ് എന്നുതുടങ്ങിയ വിവരങ്ങൾ അറിയുന്നത്.
പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നു. സൈറ്റിലെ പണി കഴിഞ്ഞതിന്റെ പിറ്റേന്ന് സുഗണേട്ടന്റെ ഭാര്യയായി ഈ വീട്ടിലേക്ക് കയറിവന്നു. അതിഷ്ടമാവാത്ത രണ്ടാനമ്മയും മകനും മാറിപ്പോയി. പിന്നെ ഈ വീട്ടിൽ ഞങ്ങൾ മാത്രം പിന്നെ കൂടെ പൊന്നുമോളും. എന്തൊക്കെ പറഞ്ഞാലും സുഗണേട്ടൻ പൊന്നു പോലെ തന്നെയാണ് നോക്കുന്നത് ഒന്നിനും ഇതുവരെ ഒരു കുറവും വന്നിട്ടില്ല.
“ശ്രീ….”
അവൾ ചിന്തയിൽ നിന്നുണർന്നു. കപ്പ വെന്തു പാത്രം അടുപ്പിൽ നിന്നിറക്കിയപ്പോൾ വീണ്ടും വിളി കേട്ടു. സുഗണേട്ടനാണ് ഉമ്മറത്തേക്ക് ചെന്നപ്പോൾ ആകെ ഒരു നാറ്റം. മൂക്ക് പൊത്തിപ്പിടിച്ച് അനഘമോൾ അല്പം മാറി നിൽക്കുന്നു.
“നീയൊന്നിങ്ങ് വന്നേ വരുമ്പോൾ സോപ്പും തോർത്തും എടുത്തോ.”
അവൾ അകത്തുകയറി സോപ്പും തോർത്തുമെടുത്ത് മഴയിലേക്കിറങ്ങി. അടുത്തെത്തിയപ്പോൾ നാറ്റം അസഹ്യമാകുന്നു. ഇതെന്താ ഇങ്ങനെ നാറുന്നത്.
‘നീയിതു പിടിച്ചേ’ എന്നുപറഞ്ഞ് അയാൾ ചുരുട്ടിവെച്ച നനഞ്ഞ നോട്ടുകൾ കൊടുത്തു.
“ഇതെവിടുന്നാ?”
“ആ വിനോദിന്റെ വീട്ടിലെ കക്കൂസ് ടാങ്ക് നിറഞ്ഞു. ഞാൻ അത് ക്ലീൻ ചെയ്തു കൊടുത്തു അതിനു കിട്ടിയതാ. ഞാൻ കുളിച്ചിട്ട് വരാം” അയാൾ സോപ്പും തോർത്തുമെടുത്ത് പിന്നിലേക്ക് നടന്നു.
ആ പോക്ക് കണ്ടപ്പോൾ ശ്രീദേവിയുടെ കണ്ണുകൾ നിറഞ്ഞു.
രാത്രി മഴ ശക്തമാവുകയാണ്. കറന്റ് പോയതും മണ്ണെണ്ണ വിളക്ക് തെളിഞ്ഞു. അനഘ പുതിയ കടലാസ് വഞ്ചിയുണ്ടാക്കുകയാണ്.
“അമ്മേ അമ്മക്കറിയോ ഇതിന്റെ പേര് പേപ്പർ ബോട്ട്ന്നാണ് ടീച്ചർ പറഞ്ഞത്…. കൊറേ ഉണ്ടാക്കണം എന്നിട്ട് വേണം സ്കൂളിലെ എല്ലാർക്കും കൊടുക്കാൻ…. കൊറേ വേണം കൊറേ….” അവൾ രണ്ടു കയ്യും വിടർത്തി കാണിച്ചു.
സുഗുണനും ശ്രീദേവിയും അവൾക്കൊപ്പം കൂടി.കീറിവച്ച കടലാസുകൾ മുഴുവനും വഞ്ചികളായി മാറുന്നത് അനഘ സന്തോഷത്തോടെ നോക്കിയിരുന്നു. ഭക്ഷണശേഷം നാളെ മറക്കാതിരിക്കാൻ അവൾ പേപ്പർ ബോട്ടുകൾ എല്ലാം ഒരു സഞ്ചിയിലാക്കി ഉമ്മറത്ത് കുടയ്ക്കൊപ്പം തൂക്കിയിടീപ്പിച്ചു. മഴ അതിന്റെ സർവ്വശക്തിയും പ്രകടിപ്പിച്ചു കൊണ്ടിരുന്നു. അകലെ ഏതോ മരം അതിന്റെ മണ്ണുമായുള്ള ഉറച്ച ബന്ധം വിച്ഛേദിച്ചു കഠിനശബ്ദത്തിൽ വീണു. അനഘ ഭയന്നു.
“മോള് പേടിക്കണ്ട ട്ടൊ. നമ്മൾ ഇവിടെ നമ്മുടെ വീട്ടിലല്ലേ. വീടുകൾക്ക് മാലാഖമാരാ കാവല് അവർ വീടിന് ഒന്നും പറ്റാതെ നോക്കും മാത്രല്ല മാലഘമാർക്ക് കുട്ടികളെ എന്തിഷ്ടാന്നോ.”
“അച്ഛാ ഈ മാലാഖമാര് എങ്ങന്യാരിക്കും.?”
“അവര്.. വെളുത്ത ഉടുപോക്കെ ഇട്ട്, തലേൽ ചെറിയ കിരീടമൊക്കെ വെച്ച്… കയ്യിൽ ഒരു മാന്ത്രിക വടിയൊക്കെ പിടിച്ച്…. പിന്നെ, അവർക്ക് വെളുത്ത നീളമുള്ള തൂവൽ ചിറകുകൾ ഉണ്ടാകും”
“അച്ഛാ എനിക്കും വേണം…. വെളുത്ത ചിറകുകൾ.”
“അച്ഛൻ നാളെ വാങ്ങി തരാട്ടോ… ഇപ്പൊ അച്ഛന്റെ മോള് ഉറങ്ങിക്കോ.”
മഴയുടെ ശബ്ദം കൂടിക്കൂടിവന്നു. എന്നാൽ ഭയമില്ലാതെ അനഘ ഉറക്കത്തിലേക്കാഴ്ന്നു.
ഒരു വലിയ കടലാസു വഞ്ചി. ആ വഞ്ചിക്ക് വീടിനേക്കാൾ വലിപ്പമുണ്ട്. അതിൽ അച്ഛനും അമ്മയും. സൂക്ഷിച്ചു നോക്കിയപ്പോൾ താനുമുണ്ട്. അതിങ്ങനെ ഒഴുകിപ്പോകുകയാണ്. പാടത്തേക്കാൾ വലിപ്പമുള്ള സ്ഥലത്തൂടെയാണ് ഒഴുകുന്നത്. ചുറ്റും വെള്ളം. അതാ അകലെ മരങ്ങൾ…. കരയിലേക്ക് അടുക്കുകയാണ്… ആരാണ് തുഴയുന്നത്….! വെളുത്ത തൂവൽ ചിറകുകളുള്ള കിരീടം വെച്ച രണ്ടു പേർ. അതാ അവിടെ കരയിൽ പരിചയമില്ലാത്ത കുറേപേർ അവർ കൈവീശുന്നു…,വിളിക്കുന്നു. എല്ലാരുടെ മുഖത്തും സന്തോഷം. അച്ഛനും അമ്മയും അവളെ കെട്ടിപ്പിടിച്ചിരുന്നു. തന്റെ കൈകൾക്ക് പിന്നിൽ വെളുത്ത നനുത്ത ചിറകുകൾ വിടർന്നു വരുന്നത് അവൾ തൊട്ടു നോക്കി. സന്തോഷം കൊണ്ട് അനഘ ഉറക്കത്തിന്നിടയിൽ ചിരിച്ചുകൊണ്ടിരുന്നു.
മഴ മാറിയ പുലരിയിൽ, വീടിരുന്നിടത്ത് ആകെ തകർന്ന ഒടുകളും മണ്ണും കൊണ്ട് ഒരു ചെറിയ കുന്ന് രൂപപ്പെട്ടിരുന്നു. തകർന്നു വീണ ആ വീടിന് ചുറ്റും മഴവെള്ളം പരന്നിരുന്നു. അതിൽ നിറയെ പേപ്പർ ബോട്ടുകൾ തുഴക്കാരില്ലാതെ ചിതറികിടക്കുന്നുണ്ടായിരുന്നു.