ഇന്ന് 245-ാമത്തെ പ്രേമലേഖനമാണെനിക്കു കിട്ടുന്നത്. 244-ാമത്തെ വരെ വായിച്ചതിനു ശേഷം പൊട്ടിപ്പൊട്ടിച്ചിരിക്കുകയും, രണ്ടാവർത്തിവായിച്ച് അതുകത്തിച്ചുകളയുകയുമായിരുന്നുപതിവ്. കാരണം എല്ലാവരും എന്റെ സൗന്ദര്യാരാധകരായിരുന്നു.
ചിലർ മുടി, മുഖം, കാൽപാദങ്ങൾ തുടങ്ങിയവയെ ശാരദയുടേതു പോലെ, ശ്രീവിദ്യയേപ്പോലെ അങ്ങനെ നീളുന്നു. അതു കൊണ്ടു തന്നെ ഒരാളെയും എനിക്കു സ്നേഹിക്കാൻ കഴിഞ്ഞിരുന്നില്ല.
ഉപമയില്ലാതെ എന്റെ സ്വന്തം അസ്തിത്വം തിരിച്ചറിഞ്ഞ കത്തായിരുന്നു 245 നമ്പർ. പക്ഷേ ഒരു കുറവ്, പേരില്ല. എല്ലാവരും അയച്ചുതരാറുള്ള പോലെ ഫോട്ടോയില്ല. പക്ഷേ രൂപഭാവങ്ങളില്ലാത്ത ആ ഒന്നിനെ ഞാനെന്റെ ഹൃദയത്തിലേറ്റി.
എന്നെ അതിശയിപ്പിക്കുമാറ് ഓരോദിവസവും ഫോൺ ചെയ്ത് രോഗവിവരങ്ങൾ തിരക്കുകയും, ആശ്വസിപ്പിക്കുകയും ചെയ്യും. എന്റെ കഴിവുകേടുകൾ മനസ്സിലാക്കിക്കൊണ്ടു തന്നെ ജീവിതത്തിലേക്കു ക്ഷണിച്ചു. ഞാനും പോകാനുള്ള തയാറെടുപ്പിലായിരുന്നു.
മടുത്തിരിക്കുന്നു ഇവിടം.
ഇന്നലെ ഡോക്ടറെ കാണാൻ പോയിരുന്നു. അമ്മയോടാണ് അദ്ദേഹം കൂടുതൽ സംസാരിച്ചത് – ഒരു പടികൂടി ഉയർന്നിരിക്കുന്നു. എന്നു ഡോക്ടർ പറഞ്ഞു. ഞാൻ ഡോർ തുറന്ന് പുറത്തിറങ്ങി. സാഡിസത്തിൽ നിന്നും സ്കിസോഫ്രനിയായിലേക്ക് ഞാൻ കടന്നിരിക്കുന്നു. കൂടെ ഹൃദ്രോഗവും. അപ്പോൾ അദ്ദേഹത്തിന്റെ കോൾ വന്നു.
“നീ വിഷമിക്കേണ്ട ഞാൻ വരുന്നുണ്ട്. എത്ര വേദനയിലും നിന്നെ ഞാൻ ചേർത്തു നിർത്തും. ഉടനെ വരാം”
“പേരെങ്കിലും ഒന്നു പറയൂ…. എന്റെ മനസ്സൊന്നു ശാന്തമാവട്ടെ…. ഞാനെന്റെ പച്ചക്കല്ലുമാല എടുക്കട്ടേ? “
“വേണ്ട ഒന്നും വേണ്ട. നിന്നെ മാത്രം മതി. ഇനി എല്ലാം സർപ്രൈസാണ്’
“Ok …. Bye”
വീട്ടിലേക്കു വരുന്ന വഴി ഞാൻ ഉത്സാഹവതിയായിരുന്നു. നിർത്താതെ, കാണുന്നവരോടൊക്കെ സംസാരിച്ചു കൊണ്ടിരുന്നു. അമ്മ കരഞ്ഞുകൊണ്ട് എന്റെ പിറകേയും. വൈകുന്നേരം ആ സാമീപ്യം എനിക്കനുഭവപ്പെടാൻ തുടങ്ങി. അദ്ദേഹം പുറകിൽ വന്നു നിൽക്കുന്നു. ഗന്ധം എനിക്കു തിരിച്ചറിയാം. തൊണ്ടയിൽ ഒരു കുറുകൽ. വല്ലാത്ത വിയർപ്പ് എനിക്കനുഭവപ്പെട്ടു. 245-ാമത്തെ കത്ത് ഞാനെന്റെ നെഞ്ചോടു ചേർത്തു.
അദ്ദേഹം തുളസിയിലയിൽ ഒരു തുള്ളി ജലം എന്റെ നാവിലിറ്റിച്ചു. എന്റെ കൺപോളകൾ പൂട്ടി.
ഞങ്ങൾ യാത്രയായി.