കോൺസ്റ്റബിൾ കുട്ടൻപിള്ള

ഓർമ്മയുടെ
വിഴിപ്പു ഭാണ്ഡങ്ങൾ
തെരുവിലെവിടെയോ വലിച്ചെറിഞ്ഞ്
കോൺസ്റ്റബിൾ കുട്ടൻ പിള്ള
യാത്രയായി

അന്തിക്കള്ളിന്റെ
പാതി വെളിവിൽ
ഓർമ്മകളുടെ വേതാളത്തേയും
തോളിലേന്തി
അയാൾ ഈ വഴിയേ നടന്നു പോയിരുന്നു

നഗരത്തിന്റെ വിളക്കുമരം
അടർന്നുവീണെന്ന്
മുതിർന്ന ഓഫീസറുമാർ
അനുശോചനമറിയിച്ചു

നഗരമദ്ധ്യത്തിൽ നാലും കൂടിയ
കവലയിൽ
വെയിൽ കുത്തുകൾ തിന്ന് തിന്ന്
വഴി പറഞ്ഞു പറഞ്ഞ്
അയാൾ ആവിയായ് ഉയരുന്നുണ്ടാവും

നഗരത്തിന്റെ നെടുംതൂണായ
കാവൽക്കാരനാണെന്ന്
നാട്ടുകാർ അനുശോചനമറിയിച്ചു

കാവൽക്കാരൻ
ഒന്നും പറയാതെ വീടുവിട്ടിറങ്ങിപ്പോയതിന്റെ
വ്യസനത്തിൽ
നെഞ്ചുപൊട്ടി കണ്ണുനീർ വാർക്കുന്നുണ്ട്
പെണ്ണൊരുത്തി.

നാൽകവലയുടെ
അച്ചുതണ്ട് അറ്റുപോയെന്ന്
നഗരവാസികൾ അടക്കം പറഞ്ഞു

ആ കവല അയാളുടെ
വിരൽ തുമ്പിലാണ് ചലിക്കുന്നതെന്ന് കണ്ടു നിൽക്കുന്ന ഏതൊരാളും സംശയിച്ചു പോകും

മാല പൊട്ടിച്ചോടിയവനെ
ഓടിച്ച് പിടിച്ചെന്ന്
അയൽക്കാരി
അയവിറത്തു.
കോളേജിനടുത്ത്
ബൈക്കിൽ ഹോണടിച്ച്
കമൻറടിക്കുന്നവർക്കു നേരെ
ലാത്തി ചുഴറ്റുമെന്ന്
കോളേജ് കുമാരിമാർ!

കുട്ടൻപിള്ളയുടെ നാടുനീങ്ങലിൽ ആത്മാക്കൾ
കാക്കയുടെ രൂപത്തിൽ
കറുപ്പണിഞ്ഞ് വന്ന്
അനുശോചിച്ചു

ആത്മാവ് പിണങ്ങിപ്പോയ
ശരീരങ്ങൾക്ക്
നേരം നോക്കാതെ കൂട്ടിരുന്ന് അവരുടെ
പ്രിയ കൂട്ടാളിയായി

ചിതയിലേക്കെടുക്കുമ്പോൾ
ഈ കൊൺസ്റ്റബിളൊരു
നൻമ മരമായിരുന്നെന്ന്
കണ്ണുനീർ വാർത്തു

കോഴിക്കോട് വടകര ചാത്തൻ കണ്ടി സ്വദേശി. ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും സജീവം. 'ഒരു വാക്ക് പോലും മൊഴിയാതെ' 'പറയാൻ കൊതിച്ചത്' എന്നീ രണ്ട് കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്