നടപ്പുയന്ത്രങ്ങൾ

വെയിലേറ്റ്
ചില വിശപ്പുകൾ
ദ്രവിച്ചു പോകാറുണ്ട്.
ആഞ്ഞുവലിച്ച്
കുറുക്കിയെടുത്ത
തുപ്പലിന്റെ അവസാന തുള്ളിയിൽ കലങ്ങി
വായുവിനൊപ്പം
പുറത്തേക്ക് തള്ളുന്നവ.
ചുവന്ന നദികളെ
പ്രസവിക്കുന്ന കാല്പാദങ്ങളിപ്പോഴും
മണ്ണിനെ ആഞ്ഞു ചുംബിച്ച്
ചോര കൊണ്ട്
ഭൂമിയുടെ ദാഹം തീർക്കുന്നുണ്ട്.

നിറവയറിൽ
കുഞ്ഞിളം സ്പന്ദനങ്ങൾ
ചുടു കാറ്റേറ്റ്
ഇളകി മറിയുന്നുണ്ട്
പിഞ്ഞിയ സാരിതലപ്പിന്റെ
തണലുതേടി.

കരഞ്ഞൊഴുകിയ
കണ്ണീർ ചാലിൽ
ഉപ്പു കുറുക്കി
പരിചിതമല്ലാത്തിടങ്ങളിൽ
പരിചിതമായ കാഴ്ചകൾ തേടുന്നുണ്ട്
കുറേ കുഞ്ഞുമുഖങ്ങൾ,

അതിരു തിരിയാത്തിടങ്ങളിലേക്ക്
മാറാപ്പിലാക്കിയ
സ്വപ്നങ്ങളേറ്റി,
അദൃശ്യനായ ശത്രുവിനെ
തേൽപ്പിക്കാൻ
ചങ്കിലൂറിയ നിലവിളികളും
താങ്ങി പിടിച്ച്
ആഞ്ഞു നടപ്പുണ്ട്
കുറേ ജീവിതങ്ങൾ..!

ഏതു സൂത്രവാക്യത്തിൽ
അളന്നു കുറിക്കും
വർത്തമാനത്തിലെ
ഈ നടപ്പുയന്ത്രങ്ങളെ..!

പട്ടാമ്പി ശങ്കരമംഗലം സ്വദേശി. ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും എഴുതാറുണ്ട്. എം ആർ എസ് അട്ടപ്പാടിയിലെ അധ്യാപകനാണ്,