ഗന്ധർവ്വന്മാരെത്തേടി (കിന്നർ കൈലാസയാത്ര – 1 )

ഇന്നലെ മീൻമുട്ടി വെള്ളച്ചാട്ടത്തിൽ വെച്ചുണ്ടായ അപകടത്തിൽ മരിച്ച ഹരികുമാർ കരുണാകരന് തസറാക് കുടുംബത്തിന്റെ ആദരാഞ്ജലികൾ .

ഹരിയുടെ കിന്നർ കൈലാസയാത്ര “ഗന്ധർവ്വന്മാരെത്തേടി ” എന്ന ടൈറ്റിലിൽ നാലു ഭാഗങ്ങളായി തസറാക് കഴിഞ്ഞ വര്ഷം പ്രസിദ്ധീകരിച്ചിരുന്നു . യാത്രകളിലെ ഓരോ നിമിഷവും ഇഷ്ടപ്പെട്ടിരുന്ന ഹരി അന്ന് താൻ എടുത്ത ധാരാളം ചിത്രങ്ങളും വായനക്കാർക്കായി നൽകി . അപകടകരമായ യാത്ര എന്ന് ഹരി തന്നെ വിശേഷിപ്പിച്ചിരുന്ന ആ യാത്രയുടെ വിശദാംശങ്ങൾ ഞങ്ങളോട് പറയുമ്പോൾ ഹരിയിലെ യാത്രികന്റെ സഞ്ചാരത്തോടുള്ള അഭിനിവേശം ഞങ്ങൾ തിരിച്ചറിഞ്ഞിരുന്നു.

ഗന്ധർവ്വന്മാരെത്തേടിയുള്ള യാത്രകൾ ഇനിയും വായനക്കാർക്കായി പങ്കുവെയ്ക്കാമെന്നു പറഞ്ഞു ഗന്ധർവ്വ ലോകത്തേയ്ക്ക് മറഞ്ഞ ഹരിയുടെ ഓർമ്മകൾക്ക് മുന്നിൽ കിന്നർ കൈലാസയാത്രയുടെ ആദ്യ ഭാഗം ഒരിക്കൽ കൂടി സമർപ്പിക്കുന്നു.

ഉത്തരാഖണ്ഡിലെ ആദി കൈലാസത്തിലേക്ക് എന്ന് പറഞ്ഞായിരുന്നു വീട്ടിൽ നിന്നു പുറപ്പെട്ടത്. എന്നാൽ എത്തിപ്പെട്ടതോ കിന്നരന്മാരുടെ നാഥൻ്റ ഇരിപ്പിടമായ ഹിമാചൽ പ്രദേശിലെ കിന്നർ കൈലാസത്തിലും. 2017-ലെ മഴക്കാലത്തെ ഉരുൾപൊട്ടലിൽ കുടി ഗ്രാമത്തിലേക്കുള്ള പാലം ഒലിച്ചുപോയതോടെ കാശടച്ചു യാത്ര ബുക്കു ചെയ്തവരെ നിരാശരാക്കി കെ.എം.വി .എൻ (കുമയൂൺ മണ്ഡൽ വികാസ് നിഗം ലിമിറ്റഡ്) ആ വർഷത്തെ ആദി കൈലാസയാത്ര റദ്ദു ചെയ്യുകയായിരുന്നു. വിമാന ടിക്കറ്റൊക്കെയെടുത്ത് യാത്രക്കു തയ്യാറായിരുന്ന ഞാനും അജിത്തും എന്നിട്ടും വീട്ടിൽ പറയാതെ ബാഗുമെടുത്ത് ദില്ലിക്കു പുറപ്പെട്ടു. ഇനിയെങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ?

യാത്ര റദ്ദു ചെയ്യപ്പെട്ടതിനാൽ ഹോട്ടലിൽ നിന്ന് പുറത്താക്കപ്പെട്ട ഞങ്ങൾ അഭയം ചോദിച്ചെത്തിയത് പ്രേം സിംഗ് സാറിൻ്റെ അടുത്താണ്. ഐ.ടി.ബി.പി.യുടെ ദില്ലി ആസ്ഥാനത്ത് ഡി.ഐ.ജി. ആയ അദ്ദേഹമായിരുന്നു എൻ്റെ ആദ്യ ഹിമാലയ യാതയായ 2014-ലെ കൈലാസ-മാനസസരോവർ യാത്രയിലെ ഞങ്ങളുടെ ലെയ്സൺ ഓഫീസർ. കർമ്മധീരനും ഒപ്പം ദീനാനുകമ്പനുമായ അദ്ദേഹം സഹോര നിർവിശേഷമായ സ്റ്റേഹത്തോടെയാണ് ഞങ്ങളെ അദ്ദേഹത്തിൻ്റെ ഓഫീസിൽ സ്വീകരിച്ചത്. നാട്ടിലേക്കുള്ള മടക്ക ടിക്കറ്റ് രണ്ടാഴ്ചയ്ക്കു ശേഷമാണെന്നു ഗ്രഹിച്ച അദ്ദേഹമാണ് ഞങ്ങളോട് കിന്നർ – മണി മഹേഷ് കൈലാസങ്ങളിലേക്ക് പോകൂ എന്നു പദേശിച്ചത്. കയ്യിലുള്ള മാപ്പു നോക്കി പോകേണ്ട വഴികളും തങ്ങാനുള്ള സ്ഥലങ്ങളും വിശദീകരിക്കുകയും അവിടങ്ങളിലെ ഐ.ടി.ബി.പി.യുടെ ഐ.ബികളിൽ താമസ സൗകര്യം ഏർപ്പാടാക്കാമെന്നു ഉറപ്പുതരികയും ചെയ്തതോടെ പിന്നൊന്നും ചിന്തിച്ചില്ല.

കിന്നോർ ജില്ലയിലേക്കുള്ള പ്രവേശന കവാടം എന്നു പറയാവുന്ന ഈ കുഞ്ഞു തുരങ്കത്തിൻ്റെ ചിത്രം ആ യാത്രയിൽ എടുത്തതല്ല. പിന്നെയും രണ്ടു വർഷങ്ങൾക്കു ശേഷം ഒരു മാർച്ചിൽ ഹിമപ്പുലിയെ തേടി സുഹൃത്തുക്കളുമായി സ്പിത്തിയിലേക്കു പോകുമ്പോൾ എടുത്തതാണ്. അല്ലെങ്കിൽ തന്നെ, ചണ്ഡീഗഡ് എത്താൻ വൈകിയതു കാരണം വൈകുന്നേരം അഞ്ചരക്കു റിക്കോം പിയോയിലേക്കുള്ള വോൾവോ എ.സി. ബസ് മിസ്സായി രാത്രി ഒൻപതു മണിക്കുള്ള ലോക്കൽ ബസിലെ ഇടുങ്ങിയ സീറ്റുകളിലൊന്നിൽ യാത്രക്കാരുടെ അനവധിയായ ഭാണ്ഡങ്ങൾക്കും ഞങ്ങളുടെ ബാഗുകൾക്കിടയിലും ഞെരുങ്ങി ഇരുന്ന് ഉറക്കത്തിൻ്റെയും ഉണർവിൻ്റെയും ഇടയിലെ ചെറിയ നൂൽപാലത്തിലൂടെ ആടിയുലഞ്ഞുള്ള ആ രാത്രി യാത്രയിൽ ചില അവ്യക്തമായ സ്ഥലപ്പേരുകൾ അല്ലാതെ മറ്റൊന്നം ഓർമ്മയിൽ നിന്നില്ല എന്നതാണ് സത്യം.

‘കല്പ’, മലമുകളിലെ മനോഹരമായ ഒരു ചെറു ഗ്രാമം ആണ്. പ്രേം സിംഗ് സാറിൻ്റെ സുഹൃത്തുക്കൾ എന്ന പരിഗണനയിൽ റിക്കോംഗ് പിയോയിലെ ഐ.ടി.ബി.പി. ക്യാമ്പിലെ ഓഫീസേഴ്സ് മെസിൽ അനുവദിച്ചു കിട്ടിയ കിന്നര മലനിരകൾക്കഭിമുഖമായ മുറിയിൽ വിശ്രമിച്ച് വൈകുന്നേരമാണ് ഞങ്ങൾ കല്പയിലേക്കു പുറപ്പെട്ടത്. ടൂറിസ്റ്റുകളുടെ ഇഷ്ട സങ്കേതമാണ് ഈ ഹിൽ സ്റ്റേഷനെങ്കിലും വൈകുന്നേരം 7 മണി കഴിഞ്ഞാൽ നിരത്തിൽ ആൾക്കാരെയോ വാഹങ്ങളെയോ കണി കാണാൻ പോലും കിട്ടില്ല എന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. അതുകൊണ്ട് തന്നെ ബസ്സിറങ്ങി ഞങ്ങൾ പ്രസിദ്ധമായ ആത്മഹത്യാ മുനമ്പിലേക്കു നടന്നു.

ഉദ്ദേശം രണ്ടു കിലോമീറ്റർ എങ്കിലും ദൂരമുണ്ടാകും കവലയിൽ നിന്നും ആത്മഹത്യാ മുനമ്പിലേക്കു എന്നാണ് ബസിൽ നിന്നുമറിഞ്ഞത്. അര മണിക്കൂറിലേറെ നടന്നു. തുടക്കത്തിൽ ആപ്പിൾ തോട്ടങ്ങൾക്കിടയിടെയുള്ള റോഡ് ബുദ്ധ ക്ഷേത്രം പിന്നിടുന്നതോടെ പുതിയ രൂപം കൈക്കൊള്ളും. ചെങ്കുത്തായ മലനിരകൾ. അവയുടെ ഉദരം കീറിയുണ്ടാക്കിയ റോഡ്. മഞ്ഞു മൂടിയ വൻ കൊടുമുടികളോട് കൂടിയ പർവതങ്ങൾ മറുവശത്ത്. ഇവക്കിടയിലൂടെ അഗാധതയിൽ ആരവം മുഴക്കി ഒഴുകുന്ന പുഴ. പടിഞ്ഞാറു പോകുന്ന സൂര്യൻ മഞ്ഞു മലകളിൽ വെള്ളി ഉരുക്കി ഒഴിക്കുന്നു. തികച്ചും അഭൗമമായ അന്തരീക്ഷം. ആടുകളുമായി കുടിലുകളിലേക്ക് മടങ്ങുന്ന ഇടയന്മാരും അപൂർവമായി കടന്നു പോകുന്ന വാഹനങ്ങളും മാത്രമാണ് അപവാദം. പിന്നെ അതുമില്ല. നേരം വൈകുന്നതിൻ്റെ പരിഭ്രമത്തിൽ ആത്മഹത്യാമുനമ്പ് എന്ന ലക്ഷ്യം ഉപേക്ഷിച്ച് മടങ്ങാൻ ഞങ്ങൾ നിർബന്ധിതരായി.

ലോച്ചാവ ബുദ്ധ ക്ഷേത്രത്തിന് അടുത്ത് മടങ്ങി എത്തുമ്പോഴേക്കും സൂര്യൻ മലനിരകളെ ചെമ്പട്ടുടുപ്പിച്ചു കഴിഞ്ഞിരുന്നു. ക്ഷേത്രത്തിന്റെ പശ്ചാത്തലത്തിൽ ആ ദൃശ്യത്തിന്റെ മാസ്മരികത വർണ്ണനാതീതമാണ്.

ബി സി ഒന്നാം ശതകത്തിൽ പണിതതാണ് ലോച്ചാവ ബുദ്ധ ക്ഷേത്രം. യേഷേ-ഓ രാജാവിന്റെ (King Yeshe-O) ആത്മീയ ഗുരു ലോച്ചാവ രിഞ്ചൻ സാങ്പോ (Lochowa Rinechan Zangpo- 958- 1055 BC) സ്ഥാപിച്ച 108 ബുദ്ധിസ്റ്റ് മൊണാസ്റ്ററികളിൽ ഒന്നാണ് കല്പയിലേത്. 1959 ഡിസംബറിലെ തീപ്പിടുത്തത്തിൽ നശിച്ചുപോയ പ്രസ്തുത മൊണാസ്റ്ററി ഗ്രാമീണർ പിന്നീട്‌ പുനർനിർമ്മിക്കുകയായിരുന്നു.

ക്ഷേത്രനട അടച്ചിരുന്നു. എന്നാൽ തെക്കേ ഇന്ത്യയിൽ നിന്ന്‌ വന്ന ഞങ്ങൾക്ക് വേണ്ടി ക്ഷേത്ര കവാടം തുറന്നു തന്നു. ഉള്ളിലെ അതീവ ശാന്തതയിൽ കുറച്ചു നേരം കണ്ണടച്ചിരുന്നതിനു ശേഷം പ്രേം സിങ് സർ പറഞ്ഞിരുന്ന പ്രകാരം പൃഥ്വിയുടെ ഗ്രെറ്റ് ഷൻഗ്രില റിസോർട്ടിലേക്കു പുറപ്പെട്ടു. ഉത്തമനായ ആതിഥേയനായിരുന്നു പ്രിഥ്വി. തിരികെ റിക്കോംഗ് പിയോയിലേക്കു വാഹനം കിട്ടില്ലാന്ന് അറിയാമായിരുന്ന അദ്ദേഹം രാത്രിയിൽ ഞങ്ങളെ സ്വന്തം വാഹനത്തിൻ ക്യാമ്പിൽ കൊണ്ടു വിട്ടു. അല്ലെങ്കിൽ പെട്ടേനെ!

തിരുവനന്തപുരം പാേത്തൻകാേടിന് അടുത്ത് നേതാജിപുരത്ത് താമസം. സെക്രട്ടേറിയറ്റിൽ സെക്ഷൻ ഓഫീസറായി ജാേലി ചെയ്യുന്നു. യാത്രകളോടാണ് പ്രിയം