ഓന്ത്‌

നിന്നനിൽപ്പിലൊരു
മഴ നനയുന്നതിനെക്കുറിച്ച്
ഓർത്തു നോക്കിയിട്ടുണ്ടോ..?
വെയിലാറും മുൻപേ
മഞ്ഞു കൊള്ളാനിറങ്ങുന്നതിനെക്കുറിച്ചും..?
പാതിവഴിയിൽ
പകലുപേക്ഷിച്ചു പോകുന്ന
സൂര്യനെ കണ്ടിട്ടുണ്ടോ..?
ഓരോ നിമിഷവും വേഷം മാറുന്ന,
ഒരായിരം മുഖംമൂടികളാൽ
ആളെപ്പറ്റിക്കുന്ന മനുഷ്യരെയും..?

ഭ്രാന്തു പറയുകയല്ല,
ഇന്നലെ രാത്രിയാകാശം നിറയെ
നിറങ്ങൾ കൊണ്ടാരോ
കുത്തിവരക്കുന്നത് കണ്ടിരുന്നു.
നിഴലുകളിലൊന്നിറങ്ങിവന്ന്
നിലാവൂറ്റിക്കുടിക്കുന്നതും…
രാവിൻറെ ഒടിവേഷങ്ങൾ…
പൊയ്ക്കാൽ നടത്തങ്ങൾ…
പകൽ പോലുമേതോ
പകപോക്കും പോലെ…
തീകണ്ണുകൾ… മേനിയിലെ
കനലെഴുത്തുകൾ… !

ഇതുവരെ കണ്ട ആകാശമല്ല,
നിന്നെപ്പോലെ
നിമിഷ നേരംകൊണ്ട്
നിറം മാറുന്ന ഒരോന്തായത്
മാറിക്കഴിഞ്ഞിരിക്കുന്നു

ചാരവും പച്ചയും ഇടകലർന്ന
ഈ ചവണ്ട നിറം എന്റേതല്ല
ഇപ്പോഴുള്ള കടും ചുവപ്പും
തിരിച്ചറിയാനാവാത്ത വണ്ണം
മനസ്സിനെ പൊതിഞ്ഞു വച്ചിരിക്കുന്ന
വർണ്ണക്കടലാസ്സു പോലും എന്റേതല്ല..

നോക്കൂ,
നിന്റെ നിഴൽ വീഴുന്നിടങ്ങൾക്കെല്ലാം
നിന്റെ നിറമാകുമെന്നിരിക്കെ
ഞാൻ വിഭ്രാന്തിയുടെ സാധ്യതകളെ
എന്നിൽനിന്ന് പാടെ നുള്ളിക്കളയുകയാണ്…
നിനക്ക് ചുറ്റും കറങ്ങിത്തളർന്ന
സമയസൂചികളെ
കാൽവേഗങ്ങളിൽ നിന്ന്
പറിച്ചെറിയുകയാണ്…
ഒരു നിറത്തിന്റെയും
നിഴലുപറ്റാത്തൊരിടത്തേക്ക്
എന്റെ ആകാശത്തെ
കടത്തിക്കൊണ്ടു പോകുകയാണ്…

ഹൈദരാബാദിൽ ഫിസിയോ തെറാപ്പിസ്റ്റ് ആയി ജോലി ചെയ്യുന്നു. തൃശൂർ കൊരട്ടി സ്വദേശി. ആനുകാലികങ്ങളിൽ എഴുതാറുണ്ട്.