ആത്മത

ഗ്രേ ഏരിയയിലെ തമ്പുരാനേ
വരയ്ക്കാൻ അറിഞ്ഞെങ്കിൽ
നിന്നെ ഞാൻ വരച്ചേനെ

വീതി കുറഞ്ഞ കട്ടിലിൽ കിടന്ന്
ഒരു കൈ പുറത്തോട്ടു നീട്ടി
കാല്പാദങ്ങൾ മച്ചിനുനേരെ പൊക്കി
രോമമില്ലാത്ത നെഞ്ചുകാട്ടി
പേരിനു മറയ്ക്കുന്ന മുണ്ടുമായി
കണ്ണിനെ ജനലിലൂടെ വിട്ട്
മിനഞ്ഞാന്നെഴുതിയ
സാധനം പോലെയാണ്
നീ കിടക്കുന്നത്.

കവിതയാണോ കഥയാണോ
അർത്ഥമുണ്ടോ ഒന്നുമറിയില്ല
നിന്റെ ചിരിയും സംസാരവും
നിശബ്ദതയും കരച്ചിലും
ഒന്നും എനിക്ക്
മനസ്സിലാകുന്നില്ല.

ചിലപ്പോൾ നീ പ്രിയപ്പെട്ട
ചിതലയെ പോലെയാണ്
കലപിലകൂടി
ഉണങ്ങിയ ഇലകളിൽ
എളുപ്പം ഒളിക്കുന്ന
എസ്ക്കേപ്പിസമായും
അതേ ഒച്ചയിൽ
ശത്രുവിനെ കാട്ടിത്തരുന്ന
രക്ഷകനായും
എത്ര വേഗത്തിലാണ്
നീ മാറുന്നത്.?

ആദ്യ കലാലയ ദിനത്തിൽ
താൻ ഗ്രേ ഏരിയകളിലാണ്
ജീവിക്കുന്നതെന്ന് പറഞ്ഞ്
അധ്യാപകനായി വന്ന്
ഞാനൊഴികെ മറ്റെല്ലാവരെയും
ചിരിപ്പിക്കാതെ ചിന്തിപ്പിച്ചവനേ
നിന്നെ ഇപ്പോഴും
എനിയ്ക്കറിയില്ല
നിന്നെ വരയ്ക്കാനും
എനിയ്ക്കറിയില്ല.

എങ്കിലും നീയെന്നതിനെ
ഈ അരക്ഷിത ധ്യാനത്തെ
ഞാൻ ആസ്വദിക്കുന്നു
ആഗ്രഹിക്കുന്നു

കോഴിക്കോട് ബാലുശ്ശേരി സ്വദേശി. സിവിൽ എൻജിനിയർ ആണ്