ചേരമാൻ പെരുമാളിന്റെ നാട്ടിലൂടെ – 9

മർണീഫ് ഗുഹയിൽ നിന്ന് മുന്നോട്ട് നോക്കിയാൽ കാണുന്നിടത്തൊക്കെ വലിയ പർവ്വത നിരകളാണ്. കടലിന്റെ അതിർത്തി പങ്കിടുന്ന വമ്പൻ ചുണ്ണാമ്പു മലകൾക്കിടയിലുള്ള ചെറിയ രണ്ടുവരി പാതയിലൂടെ പോവാനാവുന്നിടത്തോളം പോവാം എന്ന് പറഞ്ഞ് ഞങ്ങൾ മുകളിലേക്ക് യാത്ര തുടങ്ങി. മുന്നിൽ മറ്റ് കാഴ്ചകളൊന്നുമില്ല. ചുണ്ണാമ്പുപാറകളുടെ വന്യത മാത്രം. താഴെ നീല നിറത്തിൽ തെളിഞ്ഞു കാണുന്ന അറബിക്കടൽ. എ.സി ഓഫാക്കി മുൻകരുതലെടുത്ത് വണ്ടി മുകളിലേക്ക് നീങ്ങി. ശരിക്കുമൊരു റോളർ കോസ്റ്റർ എഫക്ടായിരുന്നു ആ യാത്രക്ക് . മുന്നിലോ പിന്നിലോ മറ്റു വാഹനങ്ങൾ ഒന്നുമില്ല. ശ്വാസമടക്കിപ്പിടിച്ച് ഞങ്ങൾ ഇരുന്നു. അമ്മ പ്രാർത്ഥനകൾ ചൊല്ലിത്തുടങ്ങി.
പക്ഷേ യഥാർത്ഥത്തിൽ വിസ്മയിപ്പിക്കുന്ന കാഴ്ചകളിൽ ഒന്നായിരുന്നു അത് , പ്രത്യേകിച്ചും പച്ചപ്പും സമനിലങ്ങളും മാത്രം പരിചയിച്ച അച്ഛനും അമ്മക്കും . ഞങ്ങളും യു.എ.ഇ യിലെ മണൽക്കാടുകളല്ലാ ഇതിനു മുൻപ് ഇതു പോലൊരു കാഴ്ച കണ്ടിട്ടില്ല.

ഓരോ ഉയരത്തിനിടയിലും താഴെ നീല നിറത്തിൽ പ്രത്യക്ഷപ്പെടുന്ന കടലിന്റെ കാഴ്ച അതിരമണീയമായിരുന്നു. ഒരു വശത്ത് പാറക്കെട്ടുകളും മറുഭാഗത്ത് മിന്നി മായുന്ന കടൽക്കാഴ്ചകളുമായി ഞങ്ങൾ വലിയ ഒരു മല കയറി മറുഭാഗത്തേക്കിറങ്ങി. ചെറിയ പൊട്ടു പോലെ മറ്റ് വാഹനങ്ങൾ അടുത്ത മലയെ ലക്ഷ്യമാക്കി നീങ്ങുന്നുണ്ടായിരുന്നു.

രണ്ടു വലിയ മലനിരകൾ കയറിയിറങ്ങി ഒരു താഴ്വാരത്തിൽ എത്തിയപ്പോൾ അവിടെ വണ്ടി ഒതുക്കിയിട്ട് ഒന്നു വിശ്രമിച്ചിട്ട് മുകളിലേക്ക് വീണ്ടും പോവാം എന്നായി.
ചുണ്ണാമ്പ് പാറകൾക്കിടയിലെ ചെറിയ ഒരു ഇടപ്രദേശത്താണ് ഞങ്ങൾ വണ്ടി നിർത്തിയത്. കടലിനടിയിൽ കാണുന്ന വിവിധ തരം കല്ലുകളുടെ സാന്നിദ്ധ്യം മീന ഞങ്ങൾക്ക് കാട്ടിത്തന്നു. ഈ ഭൂവിഭാഗം മുഴുവൻ ഒരു കാലത്ത് കടലിനടിയിലായിരുന്നെന്നതിന് യാതൊരു സംശയവും ഇല്ല.

പ്രകൃതി ഞങ്ങളെ വിസ്മയിപ്പിച്ചു കൊണ്ടേയിരിക്കുകയായിരുന്നു.
വീണ്ടും മുകളിലേക്ക് പോവാമെന്നുള്ള വിശ്വേട്ടന്റെയും ഉണ്ണിയുടെയും പ്ലാൻ ഞങ്ങൾ തടഞ്ഞു. താഴ്വാരത്തിൽ നിന്ന് നോക്കുമ്പോഴാണ് ആ പ്രദേശത്തിന്റെ ഭീകര സൗന്ദര്യം ശരിക്കും തിരിച്ചറിഞ്ഞത്. അതിനു ശേഷം മുകളിലേക്ക് പോവുന്നത് അതി സാഹസികതയാവുമെന്നൊരു സംശയം ഞങ്ങൾക്കുണ്ടായി. ഇനിയും ഇവിടെ കണ്ടു തീർക്കാൻ കാഴ്ചകൾ ഏറെയുണ്ട്.

സലാലയിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്യുമ്പോൾ എപ്പോഴും കേൾക്കുന്ന കാര്യം കേരളം പോലെയാണ് അവിടം എന്നാണ്. എന്നാൽ ഇതുവരെയുള്ള കാഴ്ചകളിൽ മിക്കതും കേരളത്തോട് താരതമ്യം ചെയ്യാനാവാത്തവയായിരുന്നു. വൻ മരുഭൂമികളും അഗാധഗർത്തങ്ങളും ഗുഹകളും, കടലിനോട് ചേർന്ന് നിൽക്കുന്ന ചുണ്ണാമ്പു മലകളുമെല്ലാം കാഴ്ചകളിൽ വിസ്മയം നിറച്ചു, കേരളത്തിനോട് താരതമ്യപ്പെടുത്താനാവാത്ത വിധം .

ഞങ്ങൾ യാത്ര തുടരുകയാണ്…..
കേരളത്തിന്റെ ആത്മാവുറങ്ങുന്ന സലാലയുടെ മറുഭാഗത്തേക്ക്.. ഇവിടെ ഞാൻ കാണാൻ കാത്തിരുന്നത് ചേരമാൻ പെരുമാളിന്റെ ഖബറിടം ആയിരുന്നു.

അവസാനത്തെ ചേരമാൻ പെരുമാൾ മക്കയിൽ പോയി മതം മാറി മടങ്ങി വരുന്ന വഴി കേരള തീരമാണെന്ന് കരുതി സലാലയിൽ ഇറങ്ങുകയും ശിഷ്ടകാലം അവിടെ കഴിച്ചുകൂട്ടുകയും ചെയ്തെന്നാണ് വിശ്വാസം. ചേരമാൻ പെരുമാൾ എത്തിപ്പെടുന്ന കാലത്ത് മത്സ്യ ബന്ധനത്താൽ ജീവിതം കഴിച്ച് പോവുന്ന സ്വദേശികൾ കച്ചവട ആവശ്യത്തിനുള്ള മീൻ കിട്ടാതെ വിഷമിച്ചിരിക്കുകയായിരുന്നു പോലും. അവരുടെ ദാരിദ്ര്യാവസ്ഥയിൽ ദു:ഖിതനായ ചേരമാൻ പെരുമാൾ കടൽത്തീരന്ന് നിന്ന് കിട്ടിയ ഒരു മീൻ പ്രാർത്ഥനയോടെ കടലിലേക്ക് വലിച്ചെറിയുകയും അടുത്ത ദിവസം മുതൽ മത്തിയുടെ ചാകര ഉണ്ടാവുകയും ചെയ്തത്രേ. ഇന്നും സലാല കടൽത്തീരത്ത് മത്തി സമൃദ്ധമായി ലഭിക്കുന്നതിന് കാരണമിതാണെന്ന് പറയപ്പെടുന്നു. കേരളത്തിലേക്ക് തിരിച്ച് പോവുന്നതിന് മുമ്പ് രോഗബാധിതനായ പെരുമാൾ സലാല വെച്ച് ജീവൻ വെടിഞ്ഞുവെന്നും അവിടെത്തന്നെ ഖബറടക്കി എന്നുമാണ് വിശ്വാസം.
കഥകളും ഉപകഥകളും ധാരാളം കേട്ട ആവേശത്തിൽ അടുത്ത് കാണേണ്ടയിടം ഇതു തന്നെ എന്ന് പറഞ്ഞ് ഞാൻ തിടുക്കം കൂട്ടി. ചേരമാൻ പെരുമാളിന്റെ ഖബർസ്ഥാനം അവിടെ അടുത്താണെന്നും ഏകദേശം സ്ഥലത്തെ കുറിച്ചൊരു ഐഡിയ ഉണ്ടെന്നും ഉണ്ണി പറഞ്ഞതനുസരിച്ച് വിശ്വേട്ടൻ വണ്ടി വിട്ടു.

ഇതുവരെ കണ്ടതിൽ നിന്നൊക്കെ വ്യത്യസ്തമായിരുന്നു വഴിക്കാഴ്ചകൾ . കണ്ണൂരിലെ ഗ്രാമപ്രദേശത്തെ ഒരു ഇടറോഡിലൂടെ പോവുന്ന പ്രതീതിയായിരുന്നു എനിക്ക്. നിറയെ വാഴകളും, തെങ്ങുകളും നിറഞ്ഞു നിൽക്കുന്ന പറമ്പുകൾ ഇരുവശത്തും നിരന്നു നിന്നു. കുറച്ച് ദൂരം വണ്ടിയോടിച്ചതിനു ശേഷവും ഖബർസ്ഥാനത്തിലേക്കുള്ള സൂചികകളൊന്നും കാണാനായില്ല. വഴിയിൽ നിറയെ മലയാളി കച്ചവടക്കാരുണ്ടായിരുന്നെങ്കിലും ആർക്കും അങ്ങിനെയൊരു സ്ഥലത്തെപ്പറ്റി അറിയില്ലായിരുന്നു. പ്രതീക്ഷകൾ നിരാശയിലേക്കടുക്കുമ്പോഴേക്ക് തൊട്ടടുത്ത കടയിലെ വൃദ്ധൻ കടന്നു വന്ന വഴിയരികിലെ മറ്റൊരു ഊടുവഴി കാണിച്ചു തന്നു. വള്ളികൾ പടർന്ന് കിടക്കുന്ന നാട്ടുവേലികൾക്കിടയിലൂടെ സംശയിച്ച് അല്പദൂരം നടന്നപ്പോൾ പച്ചപ്പുതപ്പ് വിരിച്ച രണ്ട് വലിയ ഖബർസ്ഥാനങ്ങൾ കണ്ടു. കുറ്റിക്കാടിനു നടുവിൽ അനാഥമായെന്നോണം കിടക്കുന്ന അവയിലൊന്നാണ് ചേരമാൻ പെരുമാളുടേത് എന്ന് ഉറപ്പായിരുന്നു. എന്തൊക്കെയോ മിനുക്കുപണികൾ നടക്കുന്നതിന്റെ അവശിഷ്ടങ്ങൾ ചുറ്റുപാടും ചിതറിക്കിടന്നു. ആരോ എപ്പോഴോ കത്തിച്ചു വെച്ച ചന്ദനത്തിരിയുടെ കറുത്ത ചാരം ഒരു തട്ടത്തിൽ കറുത്തിരിക്കുന്നുണ്ടായിരുന്നു. ഏതായാലും ചേരമാൻ പെരുമാളുടെ ഭൗതികാവശിഷ്ടം കിടക്കുന്ന ഖബറിടത്തിനു മുകളിൽ ഞാൻ സ്നേഹപൂർവം തലോടി. കേരള തീരത്ത് നിന്നുള്ള സന്ദർശകയെ ഒരു ഇളം കാറ്റോടെ അവിടത്തെ പ്രകൃതിയും സ്വീകരിച്ചു.

കാട്ടുവള്ളികളും അടക്കാക്കിളികളും ചേർന്ന് ഖബർസ്ഥാനത്തിനു ചുറ്റും ചെറിയൊരു സംരക്ഷണവലയമൊരുക്കി. തൊട്ടടുത്ത പറമ്പിൽ തെങ്ങുകൾക്കിടയിൽ വിളവെടുക്കാനായ കാബേജുകൾ നിരന്നു കിടക്കുന്നുണ്ടായിരുന്നു. തൊട്ടാവാടിച്ചെടികളും ഞെട്ടാഞെണുങ്ങിയും അവിടെ പടർന്നു കിടന്നു.

ആ വഴി മുഴുവൻ കൃഷിയിടങ്ങളായിരുന്നു. പഴക്കുലകളും പച്ചക്കായകളും നിരന്ന് കിടക്കുന്ന പാടങ്ങൾ വീടിനു മുന്നിലെ വയലിനെ ഓർമ്മിപ്പിച്ചു… കാണുന്നിടത്തൊക്കെ സമൃദ്ധമായി പച്ചക്കറികളും, പയർ, കയ്പ വള്ളികളും മറുഭാഗത്ത് വാഴയും കരിമ്പും ഇടകലർന്നു കിടന്നു.

പറമ്പിൽ പണിയെടുക്കുന്ന കൃഷിക്കാർ ഞങ്ങളെ തല പൊക്കി നോക്കാതെ പണി തുടർന്നു. ഫോട്ടോയെടുക്കലിന്റെ ബഹളമൊന്നും അവരുടെ ശ്രദ്ധ തെറ്റിക്കുന്നതായിരുന്നില്ല ….

കൃഷിസ്ഥലത്തിന് എതിർവശത്തായി പശുവിന്റെ ആലകളും ഉണ്ടായിരുന്നു. അയവിറക്കിക്കൊണ്ട് ലക്ഷണമൊത്ത പശുക്കൾ ഞങ്ങൾക്ക് നേരെ തിരിഞ്ഞു. നിന്നു. അവരെ മേയാനായി അഴിച്ച് വിടാൻ വന്നവരാണെന്ന് കരുതിയിട്ടുണ്ടാവും. ഇപ്പോൾ നാട്ടിലെ കുട്ടികൾക്ക് പോലും പാല് തരുന്ന ജീവി മിൽമ കവറാണ്. സൂര്യമോൾ പശുവിനോട് ലോഗ്യം പറഞ്ഞ് കളിച്ചു. പാല് വരുന്ന വഴിയെക്കുറിച്ച് മീന അവൾക്കൊരു ക്ലാസുമെടുത്തു.

തിരിച്ച് പോവുന്ന വഴിയുടെ ഇരു ഭാഗങ്ങളിലും പച്ചക്കറി വാഴപ്പഴ വില്ലനശാലകൾ ആയിരുന്നു. അറേബ്യയുടെ സുഗന്ധ തലസ്ഥാനം എന്നുകൂടി ഒരു പേരുണ്ട് സലാലക്ക് . മേന്മയേറിയ കുന്തിരക്കം കിട്ടുന്ന മരങ്ങൾ ഇവിടെയാണത്രെ സുലഭം.
സുഗന്ധദ്രവ്യങ്ങളുടെ നാടായ സലാലയോട് തത്കാലം വിട ….
അടുത്ത ഖരീഫിന് കാണുന്നത് വരെ.

ചേരമാൻ പെരുമാളിന്റെ നാട്ടിലൂടെ – പരമ്പര അവസാനിക്കുന്നു

ഓൺലൈൻ പ്രവാസി എഴുത്തുകാരിയാണ്. നീലപാപ്പാത്തികൾ എന്ന ഓർമ്മ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.