ഓര്‍മ്മകള്‍ക്ക് മനോഹാരിത നല്‍കുന്നത് ഓര്‍മ്മകള്‍ നറുമണം നല്‍കുന്ന അനുഭവം നല്കുമ്പോള്‍ മാത്രമാണോ?. ഓര്‍മ്മകള്‍ ചരിത്രകാലത്തിന്റ ശേഷിപ്പുകള്‍ ആണ്. വര്‍ത്തമാനകാലത്തിന്റെ മുഖം ആണ് ഭാവിയുടെ മാര്‍ഗ്ഗ രേഖയാണ്. അതേ, ഓര്‍മ്മകള്‍ക്ക് ഒരുപാട് മുഖങ്ങള്‍ ഉണ്ട്. അതിന്റെ അടയാളപ്പെടുത്തലുകള്‍ക്ക് അനുസരിച്ചു അത് മാറി മറിയുന്നു. ഒരിടത്ത് മാധവിക്കുട്ടി എന്‍റെ കഥയും എന്റെ ലോകവും എഴുതുന്നു ഒരിടത്ത് മോഹന്‍ ദാസ് കരം ചന്ദ് ഗാന്ധി എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ എഴുതുന്നു. ഒരിടത്ത് അബ്ദുള്‍ കലാം അഗ്നിപരീക്ഷകള്‍ എഴുതുന്നു ഒരിടത്ത് ഹണി ഭാസ്കരന്‍ എന്റെ പുരുഷന്‍ എഡിറ്റ് ചെയ്യുന്നു. ഒരിടത്ത് സിസ്റ്റര്‍ ജസ്മി ആമേന്‍ എഴുതുന്നു ഒരിടത്ത് എച്മുക്കുട്ടി ഇതെന്റെ രക്തം ഇതെന്റെ മാംസം എഴുതുന്നു. ഒരിടത്ത് നളിനി ജമീല എന്റെ ആണുങ്ങള്‍ എഴുതുന്നു ഒരിടത്ത് ഗെയില്‍ ട്രേഡ് വെല്‍ വിശുദ്ധ നരകം എഴുതുന്നു. ഈ ലിസ്റ്റുകള്‍ പരിപൂര്‍ണ്ണമായും അപൂര്‍ണ്ണമാണ് എന്നു എനിക്കും വായനക്കാരായ നിങ്ങൾക്കും ഒരുപോലെ അറിയാവുന്നതാണല്ലോ. എങ്കിലും പൊടുന്നനെ ഓര്‍മ്മയിലേക്ക് വന്ന ചില വായനാനുഭവങ്ങളെ മുന്നില്‍ കൊണ്ട് വന്നു എന്നുമാത്രം. എന്തുകൊണ്ടാണ് ഈ ചിന്തകൾ !!! ഓർമ്മകൾ എന്തിനു വേണ്ടി’ എന്ന ചിന്തക്ക് ഒരു പ്രതിബന്ധമെന്നോണം എന്തിനീ ചിന്തകൾ.?
ശരിയാണ് നാം ഓരോ ഓർമ്മക്കുറിപ്പുകളെയും സമീപിക്കുക എന്തൊക്കെയോ പ്രതീക്ഷകൾ നിറച്ചാകും. നാം സംതൃപ്തരാകുന്നു എങ്കിൽ എഴുത്ത് മനോഹരം അതല്ലായെങ്കിൽ എഴുത്ത് മോശം.
ശ്രീമതി നളിനി ജമീലയെ ഞാനറിയുന്നത് ഞാൻ ലൈംഗിക തൊഴിലാളി എന്ന ആത്മകഥയിലൂടെയാണ്. പിന്നീടാണ് ടി.വി അഭിമുഖങ്ങളും മറ്റു വാർത്തകളും എന്നെ തേടി വരുന്നത്. കൗമാരത്തിലെ കുതൂഹലങ്ങളിൽ നളിനി ജമീലമാരെ ഒരു പാട് പരിചയപ്പെട്ടിട്ടുണ്ട്. അത് ഒരു ക്ലയൻ്റ് എന്ന നിലയിലല്ല മറിച്ച് ഒരു മെഡിക്കൽ ഷോപ്പ് ജീവനക്കാരൻ എന്ന നിലയിലാണ്. ഒരിക്കലും തന്നെ ആ പ്രായത്തിൽ ( 17 – 21 പ്രായത്തിൽ) ഞാനാ പരീക്ഷണങ്ങളിൽ ഇറങ്ങിയിട്ടില്ല എങ്കിലും വളരെ അടുത്ത് പരിചയമുണ്ടായിരുന്നു. അവർക്കൊക്കെ ഇഷ്ടമുണ്ടാക്കുന്ന ഒരടുപ്പം സൂക്ഷിച്ചിരുന്നു. പിൽക്കാല ജീവിതത്തിൽ പ്രവാസ ഭൂമികയിൽ ഒരു പാട് സ്ത്രീകളെ പരിചയപ്പെട്ടു. പല മുഖങ്ങൾ ഉള്ള നളിനിമാർ അവരിൽ ഉണ്ടായിരുന്നു. ഒരിക്കലും അതവർക്ക് ഞാൻ മനസ്സിലാക്കി എന്ന ബോധം നല്കാതെ അവരെ കേട്ടു, മനസ്സിലാക്കി. ഇതൊന്നും ജീവിതത്തിലെ, എഴുത്തിലെ വിഷയങ്ങൾ ആയി പ്രയോഗിച്ചിട്ടില്ല. എങ്കിലും എപ്പോഴും ചിന്തിച്ചിരുന്ന ഒരു വിഷയം ലൈംഗിക തൊഴിൽ ഒരു തെറ്റായ കാഴ്ചപ്പാട് ആണോ എന്ന കുഴക്കിയ വസ്തുതയായിരുന്നു. വൻകിട ഉദ്യോഗസ്ഥ വൃന്ദങ്ങളിൽ നിലനിന്ന ഒരു സിസ്റ്റമായിരുന്നു വാരാന്ത്യത്തിലെ അല്ലെങ്കിൽ മാസാന്ത്യത്തിലെ വിരുന്നു പാർട്ടികൾ. ഫാമിലിയായി എത്തുകയും ആഘോഷത്തിൻ്റെ ഉച്ഛസ്ഥായിയിൽ മേശമേൽ ചിതറിച്ചിടുന്ന വാഹനക്കീകളെ നിമിഷാർദ്ധത്തിൻ്റെ ഇടവേളയിൽ നഷ്ടമാകുന്ന വെളിച്ചത്തിൽ കരസ്ഥമാക്കുകയും കരഗതമായ കീയുടെ ഉടമയുടെ പങ്കാളിയെ ആ രാത്രിയുടെ മറുപാതിയിലേക്ക് മാത്രം ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന ഹൈക്ലാസ് വ്യഭിചാരവും കൈകളിൽ തൂവാല കെട്ടി നിരത്തു വക്കിൽ നിന്നിരുന്ന ആൺവേശ്യകളേയും കണ്ടിട്ടുള്ളപ്പോഴുമീ ലൈംഗിക സദാചാരത്തിൻ്റെ ശരിതെറ്റുകളെക്കുറിച്ച് ഏറെ ചിന്തിച്ചിട്ടുണ്ട്.
ലൈംഗികത്തൊഴിൽ മറ്റേതു തൊഴിൽ പോലെയും ഉള്ള സ്വാഭാവികവും സാധാരണയുമായ ഒരു തൊഴിൽ ആണെന്ന കാഴ്ചപ്പാടു ഉള്ളിൽ നിറഞ്ഞ കാലഘട്ടത്തിലൂടെ കടന്നു പോകവേ ലൈംഗികത്തൊഴിലാളികളെ ആക്ഷേപിക്കുവാനോ അവരെ അവജ്ഞയോടെ നോക്കുവാനോ ശ്രമിക്കാറില്ല തന്നെ. അതിനാലാകണം മുൻവിധികളില്ലാതെ നളിനി ജമീലയെ വായിക്കാൻ കഴിഞ്ഞത്. ആ വായനയുടെ ഭംഗിയും സത്യസന്ധതയും ആണ് “എൻ്റെ ആണുങ്ങൾ ” എന്ന പുസ്തകത്തെ വായിക്കുവാൻ പ്രേരിപ്പിച്ചത് എന്ന് പറയാതെ വയ്യ. ഇതിന് മുമ്പ് ഇതേ തീം ഉള്ള ഒരു വായന എന്നത് യു എ ഇ യിലെ എഴുത്തുകാരിയായ ഹണി ഭാസ്ക്കരുടെ എഡിറ്റിംഗിൽ പുറത്തിറങ്ങിയ എൻ്റെ പുരുഷൻ എന്ന പുസ്തകമാണ്. അതിൽ ഒട്ടനവധി സ്ത്രീകൾ ( സമൂഹത്തിലെ പല തട്ടുകാർ എന്നു പറയാനാവില്ല എങ്കിലും സാഹിത്യവുമായി അടുത്ത ബന്ധമുള്ളവർ) തങ്ങളുടെ പുരുഷൻ എന്ന കാഴ്ചപ്പാടു പ്രകടിപ്പിക്കുന്നതിനെ സമാഹരിച്ച ഒരു പുസ്തകമായിരുന്നു അത്. ഇവിടെ, നളിനി ജമീല പക്ഷേ അതിൽ നിന്നും വ്യത്യസ്ഥമാണ്. കാരണം അവർ സ്വന്തം മനസ്സു തുറക്കുന്നത് പേരിനും പ്രശസ്തിക്കും മറ്റതുപോലുള്ള ഏതേലും ആവശ്യങ്ങൾക്കുമായിട്ടല്ല. ഗബ്രിയേൽ മർക്കസ് തൻ്റെ മൈ മെലൻകോളിയസ് വോർസ് എന്ന പുസ്തകത്തിൽ പറയുന്ന ലൈംഗിക ജൈത്രയായിൽ 500 ന് ശേഷം എണ്ണിയിട്ടില്ല എന്ന വെളിപ്പെടുത്തലിൻ്റെ പെൺവെർഷൻ ആണ് മൂവായിരത്തിലധികം പുരുഷൻമാരെ സ്വീകരിച്ച തൻ്റെ ലൈംഗിക തൊഴിൽ ജീവിതത്തിൽ നിന്നും കുറച്ചു പേരെ അതും വിരലിലെണ്ണാവുന്ന കുറച്ചു പേരെ ഓർമ്മിക്കുന്നത് ഈ പുസ്തകത്തിലൂടെ.
ആദ്യ പുരുഷൻ, ആദ്യ ചുംബനം എന്നൊക്കെയുള്ള ക്ലീഷേ ചിന്തകളെ നളിനി ഈ പുസ്തകത്തിൽ ആവർത്തിക്കുന്നില്ല പക്ഷേ നാം , വായനക്കാർ പ്രതീക്ഷിക്കുക ഈ തിരഞ്ഞെടുക്കപ്പെട്ട പുരുഷൻമാർക്ക് സാധാരണ പുരുഷ സങ്കല്പങ്ങളിൽ നിന്നും ഉണ്ടാകുന്ന വ്യത്യസ്ഥതകൾ ആകും. എന്നാൽ, ഒട്ടും തന്നെ അതിശയോക്തികൾ ഇല്ലാതെ, താൻ കണ്ടുമുട്ടിയ പുരുഷന്മാരിലെ ചിലർ തന്നെ എങ്ങനെ സ്വാധീനിച്ചു എന്നു പറയുന്നത് മാത്രമാണ് ഈ പുസ്തകം. പ്രത്യേകിച്ച് എന്തെങ്കിലും പുതുമ അവകാശപ്പെടാനോ മനസ്സിലാക്കാനോ ഇല്ലാത്ത ഈ പുസ്തകത്തിൽ പറയുന്ന വിഷയങ്ങൾ തൻ്റെ ആത്മകഥയിൽ വിവരിച്ച വസ്തുതകളുടെ വിശാലാർത്ഥത്തിലുള്ള വിശദീകരണം മാത്രമാണ്. സാധാരണ കഥകൾ, സിനിമകൾ, വിശദീകരണങ്ങൾ തുടങ്ങിയവയിലൂടെ അനാവൃതമാകുന്ന ലൈംഗികത്തൊഴിലാളികളുടെ ജീവിത പശ്ചാത്തലങ്ങൾക്കപ്പുറം, ആ ആത്മകഥ വായിച്ചപ്പോൾ തോന്നിയതിനപ്പുറം ഒരു വികാരവും ഈ പുസ്തകത്തിന് നല്കാനായില്ല. പണ്ടു കാലത്ത് കേരള ശബ്ദത്തിൽ വന്നതും പിൽക്കാലത്ത് പുസ്തകമായതുമായ ഇന്ദ്രജിത്ത് എന്ന തൂലികാനാമത്തിൻ്റെ ‘ എത്രയെത്ര മദാലസ രാത്രികൾ’ എന്ന ലേഖന പരമ്പരയുടെ ഓർമ്മകൾ ആണ് ലൈംഗികത്തൊഴിലാളികൾ എന്ന വാക്യം പോലും ഓർമ്മയിൽ നല്കുന്നത്. എന്നാൽ അതിന് നേർ വിപരീതമായി അതേ ചുറ്റുപാടിൽ നിന്നു കൊണ്ട് അനുഭവത്തിൻ്റെ വെളിച്ചത്തിൽ നളിനി പറയുമ്പോൾ പുരുഷൻ്റെ പല മുഖങ്ങൾ വായനക്കാർക്ക് ലഭിക്കും എന്നു കരുതുന്നത് മൗഢ്യമാണ്. എങ്കിലും വ്യത്യസ്ഥവും യഥാർത്ഥ ജീവിത ചിത്രങ്ങളും രേഖപ്പെടുത്തുന്ന ഒരു പുസ്തകമെന്ന നിലയ്ക്ക് ഈ പുസ്തകം വായിക്കപ്പെടുമെന്നു കരുതുന്നു.