പുതുമഴയൊന്നുപെയ്തപ്പോഴാ
വേനലിൽ നിനവുകൾ വറ്റിയ
പുഴയിന്ന് നവജീവത്തുടിപ്പിൽ
പുളകിതയായൊഴുകി…
ആദ്യ തുള്ളികൾ ആനന്ദത്തിന്റെയുൾക്കുളിർ പാകിയപ്പോൾ
അറിഞ്ഞില്ലിതൊരു പ്രളയപാച്ചിലിന്നുറവയെന്ന്…
കൂലംകുത്തിയൊഴുകിയവശയായിപ്പുഴ
കവിഞ്ഞു തവിഞ്ഞു കിടന്നപ്പോളൊരു
തലോടലിൻ സ്നേഹസ്പർശവുമായൊരിളം
വെയിൽ പുഴയേ പുൽകിനിൽക്കേ,
അത്രനാൾ പെയ്യാതിരുന്ന
പുഴയുടെ മിഴികളിലൊരു നനവടർന്നത്
ആരോരുമറിയാതെയാ
വെയിലൊപ്പിയെടുത്തു..!
വളഞ്ഞുപുളഞ്ഞൊടുവിൽ നേർരേഖയായ പുഴ.
വേനൽക്കിനാവുകൾ ഉള്ളിലൊതുക്കിയൊടുങ്ങി…
അലകളൊടുങ്ങിയ പുഴയുടെയടിയിൽ
വേനലടയിരുന്നതു പുഴയുമറിഞ്ഞില്ല…,
പുതുമഴയുമറിഞ്ഞതില്ല.