ഒരു പൂച്ച മരിച്ച രാത്രി ഈയടുത്ത ദിവസമായിരുന്നു ,
മഴക്കാലം വരവറിയിച്ചതിന്റെ മൂന്നാം ദിവസം .
രാത്രിയായി വിശപ്പ് ഏറിത്തുടങ്ങുന്നത് മഴക്കാലത്താണ്. എന്തിനും ഏതിനുമുള്ള ഒരു തരം കൊതി ചുറ്റിലും മൂളിപ്പറക്കും.
ഏതോ നല്ല പലഹാരങ്ങളെ ചുറ്റിലും കൂട്ടിനിരുത്തി ദിവാസ്വപ്നം കണ്ടുകൊണ്ടിരിക്കുന്നതിനിടക്ക് അടുത്ത പറമ്പിലെ കൂരിരുട്ടിൽ നിന്ന് കൂട്ടമായി നായക്കളുടെ ഒച്ചയിലുള്ള സംഭാഷണങ്ങൾ കേട്ടു.
ഒരുത്തൻ ചൂടാവുന്ന പോലെ…
മറ്റവൻ നേർത്ത സ്വരത്തിൽ അവനെ ആശ്വസിപ്പിക്കുന്ന പോലെ…
പിന്നെ എല്ലാവരും കൂടെ വീണ്ടും കൂട്ടമായ ചർച്ച.
ഇവറ്റകൾ എന്താണിത്ര കാര്യമായി പറയുന്നത്..!! ഹലാക്കിന്റെ കൊടി. ഒന്ന് സ്വസ്ഥമായി ചിന്തിച്ചിരിക്കാൻ സമ്മതിക്കാത്ത പെറഗണികൾ …
വറുതിക്കാലമല്ലെ…!
ചിലപ്പോൾ അതിനേ കുറിച്ചുള്ള ചർച്ചയാവും. അല്ലേൽ ദൂരദേശത്തു നിന്നുമുള്ള ഏതെങ്കിലും നായ വരുന്നതും അവനെ ക്വാറന്റയ്നിൽ ആക്കുന്നതിനെ പറ്റിയുള്ള ആശയക്കുഴപ്പങ്ങൾക്ക് ഒരു തീരുമാനമെടുക്കുന്നതാവും.
അവർക്കും കാണില്ലേ അവരവരുടേതായ പൊല്ലാപ്പുകളും ജീവിത കണക്കു കൂട്ടലുകളിലെ പാളിച്ചകളും പട്ടിണിയും പരിവട്ടവും പരിപ്പ് വടയും… ശോ പരിപ്പ് വട തിന്നാൻ തോന്നുന്നു…
പഞ്ചായത്ത് മുഴുവൻ ഹോട്സ്പോട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇപ്പോൾ ചൂട് പരിപ്പ് വട തേടിയിറങ്ങിയാൽ ജീവിതം തന്നെ ചൂടാറി കൊറോണ വന്ന് ചത്തു മലക്കേണ്ടി വരും. മനസ്സിൽ നൃത്തം വെച്ച ഒരു പരിപ്പ് വട പിടുത്തം കിട്ടാത്ത കൊറോണയുടെ ആകുലതകളിൽ പെട്ട് ചീഞ്ഞു നാറി .
വീണ്ടും മഴ ചാറിത്തുടങ്ങി. മഴയെ നോക്കിയിരുന്നിരുന്ന് പണ്ട് കാലത്ത് സംഭവിച്ച ഏതോ മാവിന് കല്ലെറിഞ്ഞ ഉപ്പും മുളകും കൂട്ടി തിന്ന മാങ്ങ രുചികൾ വരെ ഓർമ്മയിൽ വരാൻ തുടങ്ങി…
മഴയുടെ പ്രത്യേകതകളിൽ പെട്ടതാണ് ഓരോ പൊട്ടും പൊടിയും ഓർമ്മിപ്പിക്കുക എന്നുള്ളത് .
ഉരലിൽ പണ്ട് ഉമ്മമ്മ ചുട്ട് തല്ലിയെടുത്ത കശുവണ്ടിയിട്ട് അതിൽ ശർക്കരയും തേങ്ങയും കൂടെ ചേർത്ത് ഒന്നൂടെ കുത്തി പിന്നെ അരിപ്പൊടിയിട്ട് ഓരോ പിടിപിടിച്ച് അണ്ടിയുണ്ട ഉണ്ടാക്കിത്തന്നിരുന്ന കാലം .
ഞാനും ഇക്കയും പിടിയുരുട്ടുന്നതിലേക്ക് നോക്കി കൊതി വെട്ടിയിരിക്കും. ഉരലിൽ ചിലന്തി വല കെട്ടിയത് ഉമ്മമ്മ മനസ്സിലേക്ക് ഇത്തിരി നോവോർമ്മകളെ ചേറിയിട്ട് പോയതിന് ശേഷമാണ്.
പിന്നെ എന്റെ ഇക്ക നാട് വിട്ട് പോയത് ഞാനൊരു ഒറ്റമൈനയെ കണ്ടതിന്റെ പിറ്റേന്നും. ഒറ്റ മൈനകളുടെ കണ്ണിലെ ദുർമന്ത്രത്തെ പറ്റി പറഞ്ഞത് പറമ്പിൽ കിളക്കാൻ വന്ന കോരപ്പൻ ചേട്ടനാണ്. മൈനകളുടെ കണ്ണുകളിൽ അടയിരിക്കുന്ന
ദുർമന്ത്രങ്ങളും ദുർനിമിത്തങ്ങളും. ഒറ്റ മൈനകളെ കണ്ടാൽ പച്ച നിറത്തിലേക്ക് നോക്കാനായിരുന്നു കോരപ്പൻ ചേട്ടൻ ഉപദേശിച്ചത്…
നോക്കാൻ മറന്ന ദിവസത്തെ ഒരു മഴയുള്ള രാത്രി എന്റെ ഇക്ക ഇറങ്ങിപ്പോയി.
കണ്ണിൽ പച്ച വറ്റിയ തരത്തിൽ പച്ച വറ്റ് വാരിത്തിന്ന് കൊണ്ടിരിക്കുമ്പോഴാണ് പൂനെയിലെ ഒരു കുഗ്രാമത്തിൽ വെച്ച് പിന്നെ ഞങ്ങൾ കണ്ട് മുട്ടിയത്. പച്ചയിറച്ചി ശരീരത്തിലില്ലാതെ ശോഷിച്ച ഒരു പച്ചയായ ജീവിതത്തെ കണ്ണിൽ കണ്ടു… കണ്ണുനീർ നിറഞ്ഞു. ചുറ്റിലും പച്ച നിറമുള്ള പോലെ എനിക്ക് തോന്നി . മഴ കനത്തു… രുചിയും ജീവിത രുചിയും കൂടെ എന്റെ തലയിൽ കനത്തു. കണ്ണിൽ നിന്നും അട്ടാറ് വീണ് ഉടു മുണ്ടിൽ ഉണങ്ങി വറ്റി. പെരയുടെ പിന്നിൽ നിന്നും ഒരു പെരക്കാട്ടം കൂട്ടമായി ഓടുന്ന ശബ്ദം. ഒച്ചയിലുള്ള, ദേഷ്യത്തിലുള്ള ചർച്ചകൾ..
ഇടക്കൊരു പൂച്ചയുടെ ശബ്ദം.. എന്റെ ഉമ്മയുടെ ഒച്ചയിടൽ…
കയ്യിൽ കിട്ടിയ വടിയും ടോർച്ചും ഒരു കരിങ്കൽ ചീളും. പിന്നിലെ പടർന്ന പൊന്തയെ വകഞ്ഞു മാറ്റി ടോർച്ചു ഞാൻ നീട്ടിയടിച്ചു. അങ്ങേ പറമ്പിലെ ചർച്ചകൾ വിജയിച്ചത് അവസാനം എന്റെ പറമ്പിലായിരുന്നു. തലേന്ന് പെറ്റ കുറിഞ്ഞിപ്പൂച്ച കൊടല് ചാടി
കിടന്ന് പിടച്ചു. പൊടി മക്കളേ ഞാൻ കണ്ണിൽ കണ്ടു. കണ്ണിലെ നനവും മഴയുടെ നനവും ഉള്ളിലെ നോവും.
നേതാവെന്ന് തോന്നിപ്പിച്ച ഒരു കറുത്ത നായക്ക് നേരേ എന്റെ കയ്യിലുള്ള കരിങ്കൽ ചീള് പാഞ്ഞു ചെന്നു…
എങ്കിലും എന്റെ മനസ്സ് പറഞ്ഞു പാവങ്ങൾ മഴയല്ലേ…, കൊതിമൂത്ത് തിന്നാൻ കിട്ടാണ്ടാവും വറുതിയുടെ വിശപ്പോണ്ടാവും…
വിശപ്പിന്റെ വിവേകമില്ലായ്മയാവും. വിശപ്പ് അതൊരു തെറ്റല്ലല്ലോ …? വീണ്ടും മഴ കനത്തു മഴയുടെ സീൽക്കാരങ്ങൾക്കൊപ്പം അനാഥമാക്കപ്പെട്ട പൂച്ച കുഞ്ഞുങ്ങളുടെ കരച്ചിൽ ഹൃദയത്തെ മുറിപ്പെടുത്തികൊണ്ടിരുന്നു…
ഒരു പക്ഷെ അവരും ഒറ്റമൈനയെ കണ്ട് പച്ചപ്പിലേക്ക് നോക്കാൻ മറന്നതാകാം.