ക്ലാസ് മുറിയുടെ ജനലിനപ്പുറത്ത് സിറാജ് സാറുടെ ശബ്ദവും മുഖവും കണ്ടുകൊണ്ടാണ് ബെഞ്ചിൽ നിന്നും പതുക്കെ എഴുന്നേറ്റത്.
കണ്ണുകൾ അടഞ്ഞുപോയത് എപ്പോഴാണെന്നറിയില്ല. രാത്രി നന്നായിട്ടുറങ്ങാത്തതിന്റെ ക്ഷീണം കൊണ്ട് ബസ്സിലൊരുവിധം തൂങ്ങിപ്പിടിച്ചാണ് സ്കൂളിലെത്തിയത്.
ഒന്നാം പീരിയേഡിൽ നിഷാദ് സാറ് പതിവുപോലെ രജിസ്റ്റർ പൊക്കി ഞങ്ങളുടെ നേരെ നോക്കി പുഞ്ചിരിച്ചു. ഈ വർഷം സ്കൂളിൽ മാഷ്ടെ ആദ്യത്തെ എസ്.എസ്. എൽ. സി ഉത്തരവാദിത്തമാണ് ഞങ്ങളുടെ ക്ലാസ്.
‘ഭൂമി കിലുങ്ങി…’
മാഷ് പാഠം വിവരിക്കുമ്പോഴേക്കും കണ്ണുകളിൽ ഉറക്കം പാദസ്വരം കിലുക്കി.
മാഷ് ഈ ഭാഗത്തേക്ക് നോക്കുന്നില്ല എന്നു കണ്ട് ടെക്സ്റ്റ് ബുക്ക് അടച്ചുവെച്ച് മുഖം പൊത്തി കണ്ണുകളടച്ചു.
ഉറക്കത്തിലെപ്പോഴോ ഒന്നാം പിരീയഡിനെ കൊന്ന് മാഷ് പോയി.
അടുത്തത് ഫിസിക്‌സാണ്. ഇടിമിന്നൽ ഉണ്ടാകുമെന്നതിനെ കുറിച്ച് മാഷ് വാചാലനായി.
രാത്രി ഇടിമിന്നലിനെ പോലെ മദ്രസ്സയിൽ നിന്നും വന്ന ഉപ്പ സ്മാർട്ട് ഫോൺ പിടിച്ചുവാങ്ങി പുസ്തകം എന്റെ മടിയിലേക്കെറിഞ്ഞു. മഴയുടെ കൂടെ ഇടീടെ ഒച്ച കേട്ട് അടുക്കളയിൽ നിന്നും വന്ന ഉമ്മ ജനലുകൾ വലിച്ചടച്ചു. ഞാൻ പുസ്തകത്തിലേക്ക് തന്നെ കണ്ണു തറപ്പിച്ചു.
“നേരം കുറെയായില്ലേ, ഇന്റെ മോന് കിടന്നുറങ്ങാൻ നോക്ക്.” അടുത്തിരുന്ന് ഉമ്മ പറഞ്ഞു.
പത്താം ക്ലാസ്സിലായത് കൊണ്ട് ഇവരൊക്കെ പറയുന്നത് സഹിക്കുകയെ നിവർത്തിയുള്ളൂ. രാത്രി വളരെ വൈകിയാണ് ഉറങ്ങാൻ പോയത്.
കഴിഞ്ഞ രാത്രിയെ കുറിച്ച് ആലോചിച്ചു തീരുന്നതിനു മുൻപ് ബെല്ലടിച്ചു.
മൂന്നാം പീരിയഡ് കമ്പ്യൂട്ടർ ക്ലാസ്സായിരുന്നു, ടീച്ചർ ഇന്ന് വന്നിട്ടില്ല. ചുറ്റുപാടുമുള്ളവർ പുസ്തകം പെറുക്കി പുറത്തിറങ്ങി. വെറുതെ കീബോർഡിലെ അക്ഷരങ്ങൾ ഞെക്കിയിരുന്നിട്ടെന്തു കാര്യം? ഞാൻ ബെഞ്ചിൽ നിവർന്നു കിടന്നു. അപ്പോഴാണ് ജനാലക്കപ്പുറത്തു നിന്നും സിറാജ് മാഷ് വിളിക്കുന്നത്. കുട്ടികളുടെ മേൽനോട്ടമാണ് സ്കൂളിൽ സിറാജ് സാർക്ക്.
“ജലാലേ, ഇജ്ജ് ഒറങ്ങാ… പെട്ടെന്ന് പോയി മൊഖം കയ്ക്…”
പൈപ്പിൻ ചോട്ടിൽ ചെന്ന് മുഖം കഴുകി.
“ഓഫീസിലേക്ക് വാ…” പിറകിൽ നിന്നും മാഷ് ധൃതികൂട്ടി.
എന്തിനാണ് സാറ് ചെല്ലാൻ പറയുന്നത്? കമ്പ്യൂട്ടർ ക്ലാസിലേക്കു പോകാത്തത് കൊണ്ടായിരിക്കുമോ? എല്ലാവരും പോയപ്പോൾ ക്ലാസ്സിലുറങ്ങുന്ന എന്നെ കണ്ടിരിക്കുമോ?
വരാന്തയിൽ ഒരു കയ്യിൽ വടിയും മറുകയ്യിൽ മൊബൈൽ ഫോണും പിടിച്ച് നിൽക്കുന്ന സിറാജ് സാർ!
ഗ്രൗണ്ടിലൂടെ കണ്ണുപായിച്ചു കൊണ്ട് സാറിന്റെ കൂടെ നടക്കുമ്പോൾ എന്റെ മനസ്സ് അറിയാതെ ഉരുവിട്ടു,
اللهم ساعدني من فضلك
സ്റ്റാഫ് റൂമിലേക്കു കടന്നപ്പോൾ മറ്റേ സാറന്മാര് ഞങ്ങളുടെ ഭാഗത്തേക്ക് നോക്കി. വെളുത്ത തൊപ്പിയിട്ട തലകൾ ജനൽ കമ്പികളിൽ പിടിച്ചു അകത്തേക്ക് നോക്കുന്നുണ്ട്. എനിക്ക് രണ്ടുകിട്ടിക്കാണാനുള്ള കൂട്ടുകാരുടെ വെപ്രാളം. മാഷ് സീറ്റിലിരുന്നതും ചോദ്യങ്ങൾ തുരുതുരാ എത്തി.
“എന്തിനാണ് ക്ലാസിൽ ഉറങ്ങുന്നത്? ദീനമെന്തെങ്കിലും ഉണ്ടോ അനക്ക്.”
ഒന്നും പറയാതെ തലതാഴ്ത്തി നിന്നു. അടിയാണെങ്കിൽ അടി, ക്ലാസ്സിലേക്ക് തിരിച്ചു പോകാമല്ലോ.
“ഇതുവരെയുള്ള ക്ലാസ്സിലെ മാർക്ക് പരിശോധിച്ച് നിന്റെ സ്കോളര്ഷിപ്പിന്റെ അപേക്ഷ കമ്മിറ്റി അപ്പ്രൂവ് ചെയ്തു. S.S.L.C കഴിഞ്ഞാലും പ്ലസ് ടു-വിനും ഡിഗ്രിക്കുമെല്ലാമുള്ള ചെലവുകൾ മാനേജ്‌മെൻറ് ഏറ്റെടുക്കും. ഏതു വിഷയവും തെരഞ്ഞെടുക്കാം. ഫൈനൽ പരീക്ഷക്കും എല്ലാറ്റിനും A+ വാങ്ങണം. ഇത് കുടിക്ക്…”
മുന്നിലേക്ക് നീട്ടിയ ചായ ഗ്ലാസ്.
”അന്റെ ഉറക്ക് പോട്ടെ. ക്ലാസ്സിലിനി ഉറങ്ങരുത്.”
മാഷ് നീട്ടിയ ചായയും കുടിച്ച് തലയിലെ തൊപ്പി ഉറപ്പിച്ചു വെച്ച് ഞാൻ ക്ലാസിലേക്കു നടന്നു.
അടുത്ത പീരീഡ് ബയോളജിയാണ്…