അച്ഛൻ യാത്ര കഴിഞ്ഞ് വീട്ടിൽ മടങ്ങിയെത്തിയ ഉടനെ അന്ന് കണ്ട സ്ഥലങ്ങളുടെ പേരുകളും മറ്റ് വിവരങ്ങളും തന്റെ പോക്കറ്റ് ഡയറിയിൽ എഴുതി വെച്ചു. മീനയോട് ഫോട്ടോകൾ പ്രിന്റ് എടുത്ത് കൊടുക്കണമെന്നും ഏല്പിച്ചു. അച്ഛൻ പണ്ടുമുതലേ അങ്ങനെയാണ് .എല്ലാം എഴുതി സൂക്ഷിക്കും. കണക്കുകളും വിവരങ്ങളും എന്നും കൃത്യമായിരിക്കും.
സൂര്യമോൾക്ക് ഇന്നത്തെ യാത്രയുടെ ആദ്യ പകുതി ഇഷ്ടമായിരുന്നില്ല. മണൽപ്പരപ്പിലൂടെയുള്ള യാത്ര ആസ്വദിക്കാനുള്ള പ്രായമല്ലല്ലോ അവൾക്ക് . ഓടിക്കളിക്കാമെന്ന് വെച്ച് ബീച്ചിലെത്തിയപ്പോൾ ചിപ്പി കൊണ്ട് കാല് മുറിഞ്ഞ സങ്കടവുമായി. ഇപ്പോഴവളുടെ ആവശ്യം പുറത്ത് പോയി ഭക്ഷണം കഴിക്കണമെന്നതാണ്. അടുക്കളയിൽ കയറാൻ മടി പിടിച്ചിരിക്കുന്ന ഞങ്ങളും അവളെ സപ്പോർട്ട് ചെയ്തു. ടൗണിലെ ഇന്ത്യൻ റെസ്റ്റോറന്റിൽ നിന്നുള്ള ഭക്ഷണം കഴിഞ്ഞപ്പോൾ സൂര്യയുടെ വാശി അച്ഛനേറ്റെടുത്തു. അത്താഴം കഴിഞ്ഞാൽ അരക്കാതം നടക്കണമെന്ന വാശി. പുരുഷപ്രജകൾ അത് ഏറ്റ് പിടിച്ചു.
അങ്ങിനെ വീടിനടുത്തുള്ള ഇറ്റിൻ ( Ittin walk way) വാക്-വേയിൽ എത്തി. അവിടെ നിന്ന് നോക്കിയാൽ പഴയ എയർ പോർട്ട് കാണാം. അല്പം വലിയ ഒരു ബസ് സ്റ്റേഷന്റെ വലുപ്പമുള്ള എയർപ്പോർട്ടിൽ ഇപ്പോൾ എയർ ലൈൻസ് ഓഫീസുകളാണ് .
ഖരീഫ് സീസണിൽ സന്ദർശകരെ ആകർഷിക്കാനായി നിർമ്മിച്ച ഈ വാക് വേയിൽ നടക്കാനും സൈക്കിളോടി ക്കാനും വേറെ വേറെ റബ്ബറൈസ്ഡ് പാതകളുണ്ടായിരുന്നു. നല്ല കാലാവസ്ഥയായത് കൊണ്ട് നടക്കാനും സമയം കളയാനുമായി സ്വദേശികളും വിദേശികളുമായി സന്ദർശകരും ഏറെയുണ്ടായിരുന്നു. ഞങ്ങൾ പെണ്ണുങ്ങൾ വർത്താനക്കെട്ടഴിച്ചു. നാട്ടിലും കോയമ്പത്തൂരുമുള്ള വിശേഷങ്ങൾ അമ്മ പറഞ്ഞ് തീർത്തു. സൂര്യമോൾകളിച്ച് മതിയാവുന്നത് വരെ ഞങ്ങൾ ഇളം കാറ്റിന്റെയും നാട്ടുവിശേഷങ്ങളുടെയും സുഖത്തിൽ അവിടെ ചാഞ്ഞിരുന്നു.
അയ്യുബ് നബി (ബൈബിളിൽ പരാമർശിച്ചിട്ടുള്ള ജോബ്) യുടെ ഖബറിടമാണ് അടുത്ത ദിവസത്തെ കാഴ്ചകളിൽ ആദ്യത്തേത് എന്ന് ഉണ്ണി പറഞ്ഞിരുന്നു. സലാലയിലെ സർവ്വ മതസ്ഥരായ മലയാളികളുടെയും ആരാധനാ കേന്ദ്രമാണ് അവിടം.
‘
ജബൽ ഇറ്റിൻന്റെ (ഇറ്റിൻ പർവ്വതം) മുകളിലാണ് ഈ ഖബറിടം സ്ഥിതി ചെയ്യുന്നത്. ഒട്ടകങ്ങൾ മേയുന്ന താഴ്വാരങ്ങൾ താണ്ടി ഞങ്ങൾ അയ്യൂബ് നബിയുടെ ഖബർസ്ഥാനത്തിലെത്തി. കുന്നിൻ മുകളിൽ കാഴ്ചയിൽ യാതൊരു പ്രത്യേകതകളുമില്ലാത്ത ഒരു ചെറിയ പള്ളിയായിരുന്നു അത്. ഒട്ടകങ്ങൾ സ്വസ്ഥമായി അലഞ്ഞ് നടക്കുന്ന മണൽക്കാടിനുള്ളിൽ മനോഹരമായ പൂക്കൾ നിറഞ്ഞ് നിൽക്കുന്ന ഉദ്യാനത്തിനിടയിൽ ഒരു കൊച്ചു പള്ളി. പ്രവേശന കവാടത്തിന് മുൻപിൽ കല്ലിൽ പതിഞ്ഞ വലിയ ഒരു കാൽപ്പാദത്തിന്റെ അടയാളം കമ്പിവേലികൾ കൊണ്ട് കെട്ടി സംരക്ഷിച്ചിട്ടുണ്ട്. പള്ളിയുടെ ഉള്ളിൽ പച്ചപ്പട്ടിൽ പുതച്ച് കിടക്കുന്ന ഖബർ സ്ഥാനം സാമാന്യത്തിലും വലുതായിരുന്നു. അതിമാനുഷരായിരുന്നു പോലും അക്കാലത്തെ പ്രവാചകൻമാർ. അതാണത്രേ ഇതു പോലുള്ള വലിയ ഖബറുകളുടെ രഹസ്യം.
അതിതീവ്രമായ ത്വക് രോഗത്തിനടിമയായിരുന്നു സിറിയൻ വംശജനായ അയ്യുബ് നബി. അദ്ദേഹത്തിന് രണ്ടു ഭാര്യമാരുമുണ്ടായിരുന്നു. ശരീരമാസകലം വ്രണബാധിതനായ അദ്ദേഹം നാട്ടുകാരുടെ സമ്മർദ്ദത്തിന്റെ ഫലമായി നാട് വിടേണ്ടി വന്നപ്പോൾ ഒരു ഭാര്യ മാത്രമെ അദ്ദേഹത്തെ അനുഗമിക്കാൻ തയ്യാറായുള്ളു. സ്വദേശത്ത് നിന്ന് പാലായനം ചെയ്ത് സലാലയിലെ ഈ പള്ളിയിലായിരുന്നു അദ്ദേഹം അഭയം തേടിയത്. നീണ്ട പതിനഞ്ചു വർഷത്തെ രോഗാവസ്ഥക്ക് ശേഷവും ഈശ്വരനെ തള്ളിപ്പറയാൻ തയ്യാറാവാതിരുന്ന നബിയുടെ അചഞ്ചലമായ വിശ്വാസത്തിൽ പ്രീതനായ ദൈവം അദ്ദേഹത്തോട് ഇരിക്കുന്നിടത്ത് നിന്ന് പുറത്ത് വരാൻ പറയുകയും പുറത്ത് കാൽ വെച്ച മാത്രയിൽ അവിടെ പ്രത്യക്ഷപ്പെട്ട ജല പ്രവാഹത്തിന്റെ സ്പർശനത്തോടെ രോഗം പരിപൂർണ്ണമായും സുഖപ്പെടുകയും ചെയ്തു എന്നാണ് വിശ്വാസം.
പ്രവേശന കവാടത്തിൽ വേലി കെട്ടി സംരക്ഷിച്ചിട്ടുള്ള കാൽപാദങ്ങളുടെ അടയാളം അദ്ദേഹം പുറത്തേക്ക് കടക്കുമ്പോൾ ഊന്നി നിന്നതാണ് എന്നാണ് വിശ്വാസം. അതിനടുത്തുണ്ടായ ഉറവ തനിയെ അപ്രത്യക്ഷമായെങ്കിലും പള്ളിയുടെ താഴ്വാരത്തിൽ ഇപ്പോഴും ചെറിയ ഉറവിൽ നിന്ന് ശുദ്ധജലം പ്രവഹിക്കുന്നത് കാണാം. അതിന് രോഗ പ്രതിരോധശേഷിയുണ്ടെന്ന വിശ്വാസത്താൽ സ്വദേശികൾ ഉറവിടത്തിൽ നിന്ന് വിശുദ്ധ ജലം പാത്രങ്ങളിൽ പകരുന്നത് കണ്ടു.. ഉറവു വെള്ളം നിറഞ്ഞ ആ കുളത്തിലെ വെള്ളത്തിൽ കുളിച്ചാൽ ത്വക് രോഗശമനമെന്നും അവർ വിശ്വസിക്കുന്നു. എന്തൊക്കെയായാലും മരുഭൂമിക്ക് നടുവിൽ നിന്നു ഒഴുകി വരുന്ന ഈ നീരുറവ ശരിക്കുമൊരു അത്ഭുതം തന്നെയാണ്. ഒട്ടകത്തിന് വെള്ളം കുടിക്കാനായി ചെറിയ കൽത്തൊട്ടികൾ പണിതിട്ടുണ്ട് അവിടെ . മരുഭൂമിയിലെ എല്ലാം പ്രകൃതി വിഭവങ്ങളുടെയും അവകാശികൾ ഒട്ടകങ്ങൾ കൂടിയാണ്. കഠിനമായ വേനൽക്കാലത്തും നീരുറവുമായി ആ പ്രദേശം പച്ചപുതച്ച് നിൽക്കുന്നു, ദൈവത്തിന്റെ അനുഗ്രഹം പോലെ. പ്രകൃതി ഒളിപ്പിച്ചു വെച്ച ഒട്ടേറെ അത്ഭുതങ്ങളുടെ നാടാണ് സലാല എന്ന കൊച്ച് ഭൂപ്രദേശം.
അയ്യൂബ് നബിയുടെ ഖബറിടത്തിൽ നിന്ന് അടുത്ത ലക്ഷ്യമായ മുഗ്സൈൽ ബീച്ച് ലക്ഷ്യമാക്കി നീങ്ങി. കടന്നു പോവുന്ന വഴിയിലായിരുന്നു സലാല പോർട്ട്. പ്രകൃതിദുരന്തത്തിന്റെ മുറിപ്പാടുകൾ ഇപ്പോഴും ആ വഴികളിൽ കാണാനുണ്ടായിരുന്നു. കഴിഞ്ഞു പോയ ഭീകര ദിനങ്ങളെക്കുറിച്ച് മീനയും ഓർത്തു. മുഗ്സൈൽ ബീച്ചിലേക്ക് പോവുന്ന വഴിയിലും കടൽ മാറിയൊഴുകി ഭൂപ്രദേശത്തിന് പരിണാമം വന്നിട്ടുണ്ട്. പ്രകൃതി ഒരുക്കിയ അതി മനോഹരമായ സൗന്ദര്യക്കാഴ്ചകളായിരുന്നു ആ ബീച്ചിനു ചുറ്റും. സൗന്ദര്യവും അത്ഭുതവും ഒത്തുചേർന്ന കാഴ്ചകളുടെ മലവെള്ളപ്പാച്ചിലിൽ ഞങ്ങൾ ആ ബീച്ചിലുള്ള മർണീഫ് ഗുഹ ലക്ഷ്യമാക്കി നീങ്ങി. വലിയൊരു സിംഹം വായ തുറന്നു നിൽക്കുന്നതു പോലെയായിരുന്നു ആ ഗുഹ സ്ഥിതി ചെയ്തിരുന്നത്. വലിയ ചുണ്ണാമ്പു പാറകൾ വിവിധ രൂപത്തിൽ കാഴ്ചകളൊരുക്കി സന്ദർശകരെ കാത്തു നിന്നു. മുഗ്സൈൽ ബീച്ചിലെ ബ്ലോഹോൾ പ്രതിഭാസം ശാസ്ത്രീയ പഠനങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഒന്നാണ്.
ബ്ലോഹോൾ വിശേഷങ്ങളും മറ്റ് അത്ഭുതക്കാഴ്ചകളുമായി അടുത്ത ലക്കം തുടരും.