വിവേക് ജനാലയ്ക്കരികിലിരുന്ന് പുറത്തേക്ക് നോക്കി. തണുത്ത കാറ്റ്. ബാംഗ്ലൂരിലെ രാത്രികളോട് തനിക്ക് പ്രിയം തോന്നാൻ ആദ്യത്തെ കാരണം ഈ തണുത്ത കാറ്റാണ്. ശരീരത്തിലെ ഓരോ കോശത്തിലെയും ക്ഷീണമകറ്റാനും മനസ്സിലെ ഓരോ കോണിലെയും ഉഷ്ണമകറ്റാനും ഈ കാറ്റിനു കഴിയും എന്ന ഒരുറച്ച വിശ്വാസം എവിടെയോ അടയാളപ്പെട്ടു കിടപ്പുണ്ട്. ഈ അന്തരീക്ഷത്തിൽ ഏതൊരോർമ്മയ്ക്കും തണുപ്പാണ്. ഒരു നേർത്ത മഞ്ഞിന്റെ മണമുള്ള തണുപ്പ്. എന്നിട്ടും ആ കാറ്റ് പോലും കടന്നു വരാത്ത ഒരു കുമിളയ്ക്കുള്ളിൽ മൂടിയിട്ടിരിയ്ക്കുകയാണ് സ്വയം.
‘വിവി, ഞാൻ ഒരു ചോദ്യം ചോദിക്കട്ടെ ‘. മാഗ്ഗി ഇന്ന് തലയ്ക്കകത്തിരുന്നു നിർത്താതെ സംസാരിച്ചു കൊണ്ടിരിയ്ക്കുമെന്ന് വിവേകിനറിയാം. ഈ ചോദ്യങ്ങളും ഓർമ്മകളും കടന്നു വരാതിരിയ്ക്കാനായി താൻ ഓടിക്കൊണ്ടിരിക്കുകയാണ് കഴിഞ്ഞ ഒരാഴ്ചയായി. ഇന്ന് കടന്നു വരുന്ന ആ ഓർമ്മകളെ അയാൾ തടഞ്ഞില്ല. ഇനിയും തടയാനാവില്ല. ‘ഉം. ചോദിക്ക് ‘ ഗതകാലത്തിലെ തന്റെ ശബ്ദത്തിൽ നിറഞ്ഞ ആകാംക്ഷ വിവേക് വീണ്ടും കേട്ടു.
‘വിവി ഇവിടെ നിന്ന് അമേരിക്കയിലേക്ക് യാത്ര ചെയ്യുകയാണെന്ന് കരുതുക. താൻ പുറപ്പെടുന്നത് നാളെ പുലർച്ചയ്ക്ക്, അതായത് 2018 ആഗസ്ററ് 28ന് പുലർച്ചെ നാലുമണിയ്ക്കാണ്. തന്റെ യാത്ര ഇരുപത് മണിക്കൂർ ദൈർഘ്യമുള്ളതാണ്. പക്ഷേ, താനവിടെ എത്തുന്നത് ആഗസ്റ്റ് 30ന് രാവിലെയും. അപ്പോൾ ആഗസ്റ്റ് 29 എവിടെപ്പോയി? തന്റെ ജീവിതത്തിലെ ആ ഒരു ദിവസം, ആ സമയം തനിക്ക് നഷ്ടപ്പെടുമോ? നഷ്ടപ്പെട്ടാൽ ഈ വർഷത്തെ എന്റെ പിറന്നാളാശംസിക്കാനുള്ള അവസരമാണ് നഷ്ടപ്പെടുന്നത്. അതിന്റെ പരിണതഫലങ്ങൾ അറിയാലോ? അതുകൊണ്ട് ആലോചിച്ച് ഉത്തരം പറഞ്ഞാൽ മതി. ‘മാഗ്ഗി ഒരു പിരികമുയർത്തി ചോദ്യത്തിൽ ഗൗരവം നിറച്ചു.
അന്ന് അവളുടെ ചോദ്യത്തിന്റെ ഉത്തരം കണ്ടെത്താൻ താൻ ശ്രമിച്ചിരുന്നോ യഥാർത്ഥത്തിൽ എന്ന് ആലോചിക്കേണ്ട വിഷയമാണ്. അന്നൊക്കെ അവൾ മുൻപിൽ വരുമ്പോൾ തന്റെ മനസ്സിലെ ആകാശം ശൂന്യമാകും. അവളതിൽ ചിറക് വിടർത്തി പറന്നു നടക്കും. ഒരു പരാജയഭാവം നടിച്ച് ‘നീ തന്നെ പറയ്. ‘ എന്ന് പറയാനാണ് താൻ താല്പര്യപ്പെട്ടിരുന്നത്. അവളുടെ ചോദ്യങ്ങൾക്ക് അവൾ തന്നെ ഉത്തരം പറയുന്നത് നോക്കിയിരിക്കാൻ രസമായിരുന്നു. അന്നേരം അവൾ സ്വന്തം ലോകത്താണ്. താൻ മറ്റൊരു ലോകത്തും. അവളുടെ കണ്ണുകൾ തിളങ്ങുന്നതും നുണക്കുഴികൾ തെളിയുന്നതും ചുണ്ടുകൾ വിടരുന്നതും മുടിയിഴകൾ ഒഴുകിനടക്കുന്നതും കണ്ണെടുക്കാതെ നോക്കിയിരിക്കാൻ ആ നിമിഷങ്ങൾ അനുവദിച്ചിരുന്ന സ്വാതന്ത്ര്യം ആസ്വദിക്കാൻ സമയം എന്നും തികയാതെ പോകാറാണ്. ഇനി എന്നെങ്കിലും അവളുടെ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞാൽ തന്നെ അവളത് അത്ര പെട്ടന്നൊന്നും ശരിവെച്ചു തരാറും ഇല്ല.
ശക്തിയായി വീശിയ ഒരു കാറ്റിൽ വിവേകിനെ ഞെട്ടിച്ചുകൊണ്ട് ജനാലയടഞ്ഞു. നിറഞ്ഞു നിന്നൊരോർമ്മയിൽ നിന്ന് പെട്ടന്ന് വിച്‌ഛേദിക്കപ്പെട്ട ബന്ധത്തിൽ അയാൾക്ക് വേദനയനുഭവപ്പെട്ടു. അതിനൊരാശ്വാസം കിട്ടാനായി ഒരു സിഗരറ്റ് കത്തിച്ച് വലിച്ചു. പുക ശ്വാസനാളത്തിലൂടെ കയറി ഇറങ്ങിയപ്പോൾ അതിനോടൊപ്പം അവളുടെ ഓർമ്മകളും തിരിച്ചെത്തി, മറ്റൊരു കോണിൽ നിന്ന്.
‘ഓടിക്കൊണ്ടേയിരിക്കുക വിവീ, ഒരു സമയത്തിൽ നിന്ന് മറ്റൊരു സമയത്തിലേക്ക്. ഓടിക്കൊണ്ടിരിക്കുമ്പോൾ കാലത്തിന് നമ്മളെ കീഴ്പ്പെടുത്താനാവില്ല. അസ്വസ്ഥപ്പെടുത്തുന്ന ശൂന്യതകൾ അനുഭവപ്പെടാതിരിക്കാൻ വേണ്ടിയല്ലേ നമ്മൾ ഓടിക്കൊണ്ടിരിക്കുന്നത്. അവനവനോടൊപ്പം ഒറ്റയ്ക്കിരിയ്ക്കേണ്ടി വരുന്ന സമയത്തെയല്ല, ആ സമയങ്ങളിലേക്ക് അപൂർവമായെങ്കിലും കടന്നു വരുന്ന ശൂന്യമായ ഒറ്റപ്പെടലിനെയാണ് ഞാൻ ഭയക്കുന്നത്. തനിച്ചായിപ്പോയെന്ന തോന്നൽ മനസ്സിന് നൽകുന്ന വേദന അസഹ്യമാണ്. ചില നിശ്ശബ്ദതകൾക്ക് പ്രതീക്ഷിക്കുന്നതിലും ആഴത്തിൽ മനുഷ്യനെ മുറിവേൽപ്പിക്കാനാകും.’ നമ്മളാഗ്രഹിക്കുന്നത് പോലെയല്ല ഓർമ്മകൾ കടന്നു വരുന്നത്. അതിനു മുൻപിൽ മനുഷ്യൻ നിസ്സഹായനാണ്, അതിൽ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന വികാരങ്ങളെ നിയന്ത്രിക്കാനായില്ലെങ്കിൽ. ഒരാഴ്ചയായി നിർത്താതെ ഓടിക്കൊണ്ടിരിക്കുകയാണ്, എന്നിട്ടും ആ ഓർമ്മ വിവേകിനെ അസ്വസ്ഥനാക്കി. തന്റെ ഫ്ളാറ്റിലെ നിശ്ശബ്ദതയിൽ അയാൾക്ക് ഭയം തോന്നി. ബുള്ളറ്റിന്റെ ചാവിയും പഴ്സുമെടുത്ത് അയാൾ പുറത്തേക്കിറങ്ങി. ഡോർ അടച്ച് വാച്ചിൽ സമയം നോക്കി. പന്ത്രണ്ട് മണി. ബാംഗ്ലൂർ നഗരത്തിലെ അർദ്ധരാത്രികൾ നാട്ടിലത്തേതു പോലെയല്ല. ഒറ്റയ്ക്ക് ബൈക്കിൽ കയറിയാലും സഹയാത്രികർ നിരത്തിൽ ഏറെയുണ്ടാവും.
ആദ്യം കണ്ട പബ്ബിന് മുൻപിൽ വണ്ടിയൊതുക്കി അകത്തേക്ക് കയറി. ‘സ്റ്റോൺ കോൾഡ്… സ്റ്റോൺകോൾഡ്…. യൂ സീ മി സ്റ്റാൻഡിങ്ങ് ബട്ട് ഐ ആം ഡയിങ് ഓൺ ദ ഫ്ലോർ ‘ ആ പബ്ബിന്റെ മൂകതയ്ക്ക് ആഴം കൂട്ടിക്കൊണ്ട് ഡെമി ലൊവാറ്റോ മനോഹരമായ ശബ്ദത്തിൽ വേദനയോടെ പാടിക്കൊണ്ടിരിക്കുന്നു. മൂകത പബ്ബിനോ തനിക്കോ. തിരിച്ചറിയാൻ വയ്യ. ഓടിയൊളിക്കാൻ ശ്രമിക്കുംതോറും ഓർമ്മകൾ പിന്തുടർന്നുകൊണ്ടിരിക്കും. പോകുന്നിടത്തെല്ലാം. കാണുന്ന കാഴ്ചകളിലും കേൾക്കുന്ന ശബ്ദങ്ങളിലും തൊട്ട് കടന്നു പോകുന്ന കാറ്റിലും വെയിലിലും എന്തിന് വെള്ളത്തിൽ പോലും അവളുടെ ഓർമ്മകൾ പതിയിരിയ്ക്കുന്നുണ്ടായിരുന്നെന്ന് തനിക്ക് പോലും ബോധ്യപ്പെടുത്തിത്തന്നത് കടന്നുപോയ കുറച്ച് ദിവസങ്ങളാണ്. വെയിറ്റർ വന്ന് ടേബിളിനു മുൻപിൽ നിന്നു. ‘വൺ പിച്ചർ ബിയർ’. ആലോചിക്കാതെ പെട്ടന്ന് ഓർഡർ കൊടുത്ത് വിവേക് മൊബൈലിൽ ഗ്യാലറി തുറന്ന് വിവേക് ഫോട്ടോകളിലൂടെ പരതി. ആ കണ്ണുകളിൽ വീണ്ടും കണ്ണുടക്കി. മാഗ്ഗി.
മാതംഗി ധനഞ്ജയൻ. ആ പേര് ആദ്യം കാണുന്നത് നന്ദിതയുടെ അടുത്ത ഡെസ്കിലെ നെയിം ബോർഡിലാണ്. രണ്ടു വർഷം മുൻപ്. നാട്ടിൽ നിന്ന് വരുമ്പോൾ നന്ദിതയ്ക്ക് കൊടുക്കാൻ അമ്മ തന്നുവിട്ട പലഹാരങ്ങളുമായി അവളുടെ ഓഫീസിൽ ചെന്നപ്പോൾ. നന്ദിത തന്റെ അച്ഛന്റെ പെങ്ങളുടെ മകളാണ്. ബാംഗ്ലൂർ വിപ്രോയിലാണ് നന്ദിത. താൻ തിരുവനന്തപുരം ഇൻഫോസിസ് വിട്ട് ബാംഗ്ലൂർ ഐ ബി എമ്മിലേക്ക് വന്നിട്ടേ ഉള്ളൂ അന്ന്. പേരിന്റെ പ്രത്യേകത കൊണ്ടാവാം അത് മനസ്സിൽ പതിഞ്ഞു കിടന്നു. ‘മാതംഗി’. ആ പേരിന് ഒരു ആനച്ചന്തം. പേരുള്ള ആൾക്ക് രണ്ടു കൊമ്പുണ്ടാവാതിരിക്കാൻ സാധ്യതയില്ല എന്ന് അപ്പോൾത്തന്നെ മനസ്സിലുറപ്പിച്ചിരുന്നു. പേരിനോടൊപ്പം ആളെ കാണണമെന്നുള്ള മോഹവും മനസ്സിൽ നിറഞ്ഞു. വളരെ കാത്തിരിക്കേണ്ടി വന്നില്ല.
‘മാതംഗി. നല്ല പേര്. ഡിഫറെൻറ്. ഇതുവരെ കേട്ടിട്ടില്ല.’ മാഗ്ഗിയുടെ കൈപിടിച്ച് കുലുക്കിക്കൊണ്ട് വിവേക് പറഞ്ഞു. ‘ താങ്ക്സ് വിവേക്. ആദിപരാശക്തിയുടെ രൂപാന്തരഭാവങ്ങളായ ദശമഹാവിദ്യകളിൽ ഒരാളാണ് മാതംഗി. ജ്ഞാനത്തിന്റെയും വാക്‌സിദ്ധിയുടെയും കലാ സംഗീതാദി വിദ്യയുടെയും അധിദേവത.’ വിവേക് മാഗ്ഗിയെ സൂക്ഷ്മമായി വീക്ഷിച്ചു. ഒറ്റ നോട്ടത്തിൽ ബാംഗ്ലൂരിലെ പരിഷ്‌കാരത്തിന്റെ തെളിഞ്ഞ പ്രതിഛായ. ചുറ്റുമുള്ള ലോകത്തോട് മൊത്തത്തിൽ താല്പര്യക്കുറവ് തോന്നിക്കുന്ന അലസമായ മുഖഭാവം. വിളറിയ നിറമുള്ള മുഖത്തേക്ക് വീണുകിടക്കുന്ന പാറിപ്പറന്ന തലമുടിയിൽ ഇടകലർന്നു ബ്രൗൺ കളർ ചെയ്തിട്ടുണ്ട്. അലസമായ സൗന്ദര്യം. നുണക്കുഴികൾ തെളിഞ്ഞാൽ മായുന്ന നിഗൂഢത. ആവശ്യം വന്നാൽ ചങ്ങല ഘടിപ്പിക്കാൻ പാകത്തിൽ കരിപിടിച്ച വെള്ളി നിറത്തിൽ ഒരു റിംഗ് മൂക്കുത്തി. വിവേക് മനസ്സിൽ ചിരിച്ചു. നോക്കിനിൽക്കുമ്പോൾ, രണ്ട് ലോകങ്ങളിലേക്ക് മാറിമാറിയുള്ള ഒരു സഞ്ചാരം പോലെ. തന്റെ ആസ്വാദനപ്രയാണത്തിൽ നിന്ന് തിരിച്ച് വിളിച്ചുകൊണ്ട് മാഗ്ഗി എന്തോ ഓർത്തത് പോലെ ചിരിച്ചു. ‘വിവേക്, ശരിയ്ക്കുള്ള കഥ അതല്ല. ഈ പറഞ്ഞ കലയും വാക്‌സിദ്ധിയും ഒന്നും ലവലേശം എന്നെ അനുഗ്രഹിച്ചിട്ടില്ല. ജനിച്ചപ്പോൾ എനിക്ക് രണ്ടു പല്ലുണ്ടായിരുന്നു. ഐ ആം ബോൺ ഡിഫറെൻറ്. അപ്പൊ പപ്പയ്ക്ക് നിർബന്ധം. എനിക്ക് വ്യത്യസ്‍തമായ ഒരു പേരിടണം എന്ന്. അങ്ങനെ വലിയ പല്ലുകളുള്ള ദേവിയുടെ പേരുകൾക്കുള്ള തിരച്ചിൽ കൊണ്ടെത്തിച്ചത് ഭദ്രകാളിയിലാണ്. കാളിയും മഹാവിദ്യകളിൽ ഒരാളാണ്. അത് കുറച്ച് അധികം വ്യത്യസ്തമാവില്ലേ. അതുകൊണ്ട് ആ കൂട്ടത്തിൽ തന്നെയുള്ള വ്യത്യസ്തമായ മറ്റൊരു പേര് തിരഞ്ഞെടുത്തു. മാതംഗി.’ താൻ മനസ്സിൽ മെനഞ്ഞ മാതംഗലീല വിവേകിന്റെ നാവിൻ തുമ്പിൽ വിളയാടിയെങ്കിലും, അതേക്കുറിച്ചൊന്നും പറഞ്ഞില്ല. ‘കാളിയെന്നായിരുന്നെങ്കിൽ ഗംഭീരമായേനെ.’ മാഗ്ഗി ഉറക്കെച്ചിരിച്ചുകൊണ്ട് വിവേകിന്റെ വയറ്റിൽ ആഞ്ഞു കുത്തി. അതായിരുന്നു ആദ്യത്തെ കൂടിക്കാഴ്ച. ചിലരങ്ങനെയാണ് ഉൽക്ക പതിക്കുംപോലെയാണ് ജീവിതത്തിലേക്ക് ക്രാഷ് ലാൻഡിംഗ് ചെയ്യുന്നത്, അകന്നു പോകുമ്പോൾ മനസ്സിലൊരു തമോഗർത്തം സൃഷ്ടിച്ചുകൊണ്ട്. പ്രത്യേകതകളെ ഇഷ്ടപ്പെടാൻ എളുപ്പമാണ്. പക്ഷേ പ്രത്യേകത എന്നത് സാധാരണതയിൽ നിന്ന് എന്നും വേറിട്ട് നിൽക്കുന്ന ഒന്നാണെന്ന് അംഗീകരിക്കാനായില്ലെങ്കിൽ ആ ഇഷ്ടത്തിന് അൽപായുസ്സേ ഉണ്ടാകൂ. തന്റെ ജീവിതത്തിൽ പെൺകുട്ടികൾ വേറെയും കടന്നു വന്നിട്ടുണ്ട്. പക്ഷേ മാഗ്ഗി വ്യത്യസ്തയായിരുന്നു. അത്രയൊക്കെ അടുത്തിട്ടും അവളെ അറിയാൻ പറ്റിയിരുന്നില്ല എന്ന് മനസ്സിലാക്കാൻ വൈകിപ്പോയി. തനിക്ക് മാഗ്ഗിയോട് തോന്നിയിരുന്ന ഇഷ്ടത്തിന്റെ ആഴമളക്കാൻ വിവേകിന്റെ മനസ്സ് തുനിഞ്ഞപ്പോഴാണ് ബിയറുമായി വെയിറ്റർ വന്നത്.
‘ഐ ആം ഹാപ്പി ഫോർ യൂ….. ‘ പശ്ചാത്തലത്തിൽ മുഴങ്ങിക്കൊണ്ടിരുന്ന ഗാനം അവസാനിച്ചതറിയാതെ വിവേക് അപ്പോഴും അതിന്റെ അടിത്തട്ടിൽ മുങ്ങിക്കിടന്നു.
മാഗ്ഗിയെ അവസാനം കണ്ടത് കഴിഞ്ഞ വർഷത്തെ ന്യൂ ഇയർ പാർട്ടിയിൽ വെച്ചാണ്. നന്ദിതയുടെ ഫ്ലാറ്റിൽ. അന്ന് അവരുടെ കൂടെ ജോലിചെയ്യുന്നതും അല്ലാതെയുമായി സുഹൃത്തുക്കൾ പത്തു പതിനഞ്ചു പേരുണ്ടായിരുന്നു അവിടെ. താൻ ചെല്ലുമ്പോൾ മാഗ്ഗി നീണ്ട സോഫയുടെ ഒരു തലയ്ക്കൽ തീർത്ത മറ്റൊരു ലോകത്തിൽ മൂകയായി ഇരിയ്ക്കുകയായിരുന്നു. അത് പതിവുള്ളതല്ല. താൻ കാണുമ്പോഴൊക്കെ അവൾ ഉല്ലാസവതിയായിരുന്നു. അവളുടെ ഭാവം തന്റെ മടിച്ചു മടിച്ചു മിടിച്ചുകൊണ്ടിരുന്ന ഹൃദയത്തിന് ഭാരം കൂട്ടിയത് പോലെ തോന്നി. വരേണ്ടിയിരുന്നില്ല എന്ന് വിവേകിന് തോന്നി. തന്നെ കണ്ട മാത്രയിൽ അവൾ കയ്യിലെ ഗ്ലാസ് താഴെ വെക്കാതെ എഴുന്നേറ്റ് വന്നു കെട്ടിപ്പിടിച്ചു. സാധാരണ കാണുമ്പോഴുണ്ടാകുന്ന സൗഹൃദപരമായ സ്നേഹം നിറഞ്ഞ അഭിസംബോധനയിൽ നിന്നും ഒരു നിമിഷത്തിന്റെ ദൈർഘ്യവും ആഴവും ആ ആലിംഗനത്തിന് ഏറിയോ? തോന്നിയതാവാം.
‘വോഡ്ക ഓൺ ദി റോക്‌സ് വിത്ത് ലെമൺ സെസ്റ്റ്’ അവളുടെ സുപരിചിതമായ ഓർഡറുകൾ മനസ്സിൽ അലയടിച്ചു. ചിലപ്പോൾ അവൾ കുടിച്ചുകൊണ്ടിരുന്ന വോഡ്കയുടെ ഫലമാവാം. വിവേക് മനസ്സിനെ ആശ്വസിപ്പിച്ചു. വിട്ടപ്പോൾ അവൾ പഴയ മാഗിയായി. ‘കൺഗ്രാജുലഷൻസ് വിവി, എന്നാലും ഞങ്ങളോടൊന്നും പറയാതെ പെട്ടന്നങ്ങു പോയി വിവാഹമുറപ്പിച്ച് വന്നത് ശരിയായില്ല. ‘ അവൾ മുഖത്ത് ദേഷ്യം വരുത്തിക്കൊണ്ട് പറഞ്ഞു. ‘താങ്ക്സ് മാഗ്ഗി, സംസാരങ്ങളുണ്ടായിരുന്നു വീട്ടിൽ. പക്ഷേ പെണ്ണുകാണാൻ പോകുന്നതിനെപ്പറ്റിയൊന്നും ആരും പറഞ്ഞിരുന്നില്ല. മുന്പോട്ടുള്ള ജീവിതത്തെ ഇരുട്ടിൽ തപ്പിക്കൊണ്ടിരിക്കുകയായിരുന്നു ഞാനും. എന്താണ് വേണ്ടതെന്നു എനിക്കും നിശ്ചയമില്ലായിരുന്നു, പക്ഷേ എന്തെങ്കിലും ഒരു നിശ്ചയം ഉണ്ടായേ പറ്റൂ എന്ന തിടുക്കവും. ജീവിതം മുന്പോട്ട് പോകാൻ അനുവദിക്കണ്ടേ. സംസാരിച്ചപ്പോൾ കുട്ടിയും വളരെ സൗഹൃദപരമായാണ് പെരുമാറിയത്. പിന്നെ, എനിക്ക് വലിയ സങ്കൽപ്പങ്ങളൊന്നും ഇല്ലായിരുന്നു മാഗ്ഗി. സ്നേഹിക്കാൻ കഴിയുമെങ്കിൽ ആരുടെ കൂടെയും ജീവിക്കാം. ശ്രമിക്കാം. ശ്രമമില്ലാതെ ഒരു ബന്ധങ്ങളും നിലനിർത്താൻ കഴിയില്ലല്ലോ. പിന്നെ എല്ലാവരും ഹാപ്പി. അപ്പൊ പിന്നെ ഞാൻ ഓക്കേ പറഞ്ഞു.’ ‘വിവി, നീ ഹാപ്പിയാണോ?’ പറഞ്ഞവസാനിപ്പിക്കും മുൻപ് മാഗ്ഗി ചോദിച്ചു. അവളുടെ ചോദ്യം തന്റെ നെഞ്ചിലാണ് തറച്ചത്. ഉത്തരം പറയാൻ ഒരു നിമിഷം വൈകിയാൽ, പറയുമ്പോൾ ഒന്ന് പതറിയാൽ അവളതറിയും.
‘അതെ മാഗ്ഗി ‘. വിവി മാഗ്ഗിയുടെ കണ്ണിലേക്ക് നോക്കി. അവരുടെ കണ്ണുകൾ ഒരു നിമിഷം ഉടക്കി. അവൾ മന്ദഹസിച്ചു. വിവേക് നോട്ടം അവളുടെ കവിളിലേയ്ക്ക് പായിച്ചു. ഇല്ല, കാണാനാഗ്രഹിച്ച ആ നുണക്കുഴികളുടെ ലാഞ്ചനപോലും ഇല്ലെന്ന് കണ്ട് കണ്ണുകൾ വീണ്ടും അവളുടെ കണ്ണിൽ പരതി. അത്രെയും അസ്വസ്ഥത താൻ മുൻപൊരിക്കലും അനുഭവിച്ചിട്ടില്ല. ആ കണ്ണുകൾ കഥ പറയാൻ തുടങ്ങും മുൻപ് മാഗ്ഗി തന്റെ കയ്യിലെ ഗ്ലാസ് ചുണ്ടോടടുപ്പിക്കാൻ തുടങ്ങിയെങ്കിലും പിറകോട്ട് വലിച്ചു. ‘നന്നായി വിവി ‘. അവൾ മുഖത്ത് നോക്കാതെ പറഞ്ഞ് റൂമിനു പുറത്തെ തുറന്ന ബാൽക്കണിയിലേക്ക് നടന്നു നീങ്ങി.
ബാൽക്കണിയുടെ കൈവരിയിൽ ഒരു കൈമുട്ടു മടക്കിയൂന്നി, മനസ്സിലെ ചിന്തകൾക്ക് താളമിട്ടുകൊണ്ട് മറുകൈയ്യിലെ ഗ്ലാസിലെ ഐസ്കട്ടകളെ വട്ടത്തിൽ കറക്കിക്കൊണ്ട് വിദൂരതയിലേക്ക് നോക്കി നിൽക്കുന്ന മാഗ്ഗി തന്റെയുള്ളിൽ ഒരു കുറ്റബോധം സൃഷ്ടിച്ച് തുടങ്ങുന്നതായി വിവേകിന് അനുഭവപ്പെട്ടു. പുതുവത്സരരാത്രിയിലെ തണുപ്പ് മനസ്സിൽ നിന്നകന്നിരിയ്ക്കുന്നു. വിവിയ്ക്ക് അവളെ പിറകിലൂടെ പോയി മുറുകെ കെട്ടിപ്പിടിക്കണമെന്നു തോന്നി. ഇനിയിപ്പോൾ എന്തിനാണ് ഇതൊക്കെ ചിന്തിക്കുന്നത്. സ്വന്തം മനസ്സിനെ ശകാരിച്ചു. എന്തു കൊണ്ട് അവളെ ഇഷ്ടമാണെന്ന് പറയാൻ പലവട്ടം മനസ്സ് വെമ്പിയിട്ടും പറഞ്ഞില്ല? എന്തുകൊണ്ട് അവളുടെ സാന്നിധ്യം തന്നിൽ സൃഷ്ടിയ്ക്കുന്ന തിരമാലകളെക്കുറിച്ച് ഒന്ന് പറഞ്ഞറിയിക്കാൻ ശ്രമിച്ചില്ല? വിവേക് പുറംതിരിഞ്ഞു നിൽക്കുന്ന മാഗ്ഗിയെ നോക്കി. ഭയം. അത് പറഞ്ഞാൽ അവളെ എന്നേക്കുമായി നഷ്ടപ്പെടുമോ എന്ന ഭയം. അവളുടെ മനസ്സ് അറിയാൻ കഴിയാത്തതിലുള്ള ഭയം. മനസ്സിലാകാത്ത കാര്യങ്ങളോട് അല്ലെങ്കിലും തനിക്ക് എന്നും തോന്നുന്നത് ഒരു വല്ലാത്ത വിദ്വേഷമാണ്. ഉത്തരമെന്താകുമെന്ന് ഊഹിക്കാൻ പോലും പറ്റാത്ത ഒരു ചോദ്യമാകും ചോദിക്കേണ്ടത്. ചോദ്യം മാഗ്ഗിയോടായത് കൊണ്ട് തന്നെ. തന്നോട് സ്നേഹത്തോടെയാണ് പെരുമാറിയയിട്ടുള്ളതെങ്കിലും സൗഹൃദത്തിൽ കവിഞ്ഞ ഒന്നും ഒരു നോക്ക് കൊണ്ടു പോലും അവൾ പ്രകടിപ്പിച്ചിട്ടില്ല. മാതംഗി. അവൾ തന്നെ ഉത്തരം കിട്ടാത്ത ഒരു ചോദ്യമായാണ് തനിക്ക് തോന്നിയിട്ടുള്ളത്. അതുവരെ സംസാരിച്ചതിൽ താൻ പ്രതീക്ഷിച്ച മറുപടികളൊന്നുമല്ല ഒരു കാര്യത്തിനും അവളിൽ നിന്ന് കിട്ടിയിട്ടുള്ളത്. അതുകൊണ്ട് അവളോട് ചോദിക്കാതെ തന്നെ ഒരുത്തരം സ്വയം കണ്ടെത്തുകയാണ് ചെയ്തത്. തനിക്ക് തെറ്റിയോ.? അറിയില്ലെന്ന് പറയാൻ പോലും മനസ്സ് അനുവദിക്കുന്നില്ല.
വിവേക് മാതംഗിയുടെ ഓർമ്മകളിലേക്ക് ആഴത്തിൽ സഞ്ചരിക്കാനെന്നവണ്ണം ഫോട്ടോകളിലൂടെ പരതിക്കൊണ്ടേയിരുന്നു. മനസ്സേറ്റവും കാണാൻ കൊതിച്ച ആ ചിത്രത്തിൽ വിരലമർന്നപ്പോൾ, അതിന് ജീവൻ വെച്ചു. നിറയെ വയലറ്റ് ബോഗെയ്ൻവില്ല പൂക്കൾ വീണുകിടക്കുന്ന വിജനമായ ഒരു വഴിയ്ക്കരികിൽ നിർത്തിയിട്ട തന്റെ ബുള്ളെറ്റിനു മുകളിൽ ചാരി നിൽക്കുന്ന മാഗ്ഗി. പിറകിലും അതേ പൂക്കൾ, കൊഴിയാതെ നിറഞ്ഞു നിൽക്കുന്നു. ബ്ലൂ ജീൻസും കറുത്ത ജാക്കറ്റും ആണ് വേഷം. മുടി പിന്നിലേയ്ക്ക് അലസമായി വാരിക്കെട്ടിയിരിയ്ക്കുന്നു. അവളുടെ കണ്ണിൽ നിറഞ്ഞ ചിരി. ആ ദിവസമാണ് അവളോടുള്ള പ്രണയം പ്രകടിപ്പിക്കുന്നതിൽ നിന്നും തടഞ്ഞത്, തന്റെ മനസ്സിനെ സംരക്ഷിക്കാൻ പ്രേരിപ്പിച്ചതും.
‘സ്നേഹിച്ചു തുടങ്ങുമ്പോൾ മനുഷ്യൻ ബുദ്ധിശൂന്യനായി മാറും. വികാരങ്ങൾ പ്രകടിപ്പിക്കുന്ന മനുഷ്യർ നല്ലവരാണ്. അവരെ സ്നേഹിക്കാൻ കഴിയുന്നവർ ഭാഗ്യവാന്മാരും. എനിക്ക് എന്തോ അങ്ങനെയുള്ളവരെ സ്നേഹിക്കാൻ കഴിയില്ല. ഐ കാൻ ലവ് പീപ്പ്ൾസ് ബ്രയിൻസ് ഫോർ എവർ. പക്ഷേ, ഹൃദയം കൊടുത്തും വാങ്ങിയുമുള്ള പ്രണയം, അതിന് അവകാശവാദങ്ങൾ ഏറെയാണ്. ഇറ്റ്സ് നോട്ട് മൈ കപ്പ് ഓഫ് ടീ. ‘ അത് പറയുമ്പോൾ അവളുടെ മുഖത്ത് പ്രത്യേകിച്ച് ഭാവഭേദങ്ങളൊന്നും ഉണ്ടായിരുന്നില്ല. ‘മിസ്സ് മാതംഗി ആർക്കും നഷ്ടമുണ്ടാവാതിരിക്കാൻ വേണ്ടി, തന്നെത്താൻ നഷ്ടപ്പെടുത്താതെ സ്വയം ചില്ലുകൂട്ടിൽ കയറിയിരിക്കുന്നതിന്റെ ലോജിക് ഒന്ന് പറഞ്ഞു തരാമോ.? ‘ തനിക്ക് എവിടെയോ ഒരു നിരാശ അനുഭവപ്പെടുന്നതായി വിവിക്ക് തോന്നി. ‘ഞാനൊന്ന് ആലോചിക്കട്ടെ.’ അവൾ താടി ചൊറിഞ്ഞു. ‘തന്റെ കയ്യിൽ സിഗരറ്റ് ഉണ്ടോ?’ വിവേക് സിഗരറ്റ് നീട്ടി. അവൾ സിഗരറ്റ് കത്തിച്ച് ചുണ്ടിൽ വെച്ചു. ബാംഗ്ലൂർ വരുന്നതിനു മുൻപായിരുന്നെങ്കിൽ സിഗരറ്റ് വലിക്കുന്ന പെണ്ണുങ്ങളുടെ അടുത്ത് പോലും ഇരിക്കാൻ താൻ ആഗ്രഹിക്കില്ലായിരുന്നു. വിവി മനസ്സിലോർത്തു. ആണും പെണ്ണും തമ്മിൽ വലിയ വ്യത്യാസമൊന്നും ഇല്ല, ചിന്തകൾ സ്വാതന്ത്രമാകുമ്പോൾ.
‘എനിക്ക് ജീവിതം ആസ്വദിക്കണം വിവേക്. ഈ ജന്മം മുഴുവൻ. പ്രണയം അടുത്ത ജന്മത്തിലാവാം.’ അവൾ സിഗരറ്റിന്റെ പുക കൊണ്ട് തീർത്ത വട്ടത്തിൽ തട്ടി അതിന്റെ പൂർണതയെ ഇല്ലാതാക്കിക്കൊണ്ട് പറഞ്ഞു. വിവേക് അക്ഷമനായി നിലത്ത് നോക്കി നിഷേധഭാവത്തിൽ തലയാട്ടി. ‘ഗ്രേറ്റ്. പ്രണയിച്ചാൽ സ്വാതന്ത്ര്യം നഷ്ടപ്പെടുമെന്ന് താൻ തന്നെ ഉറപ്പിയ്ക്കണോ? പിന്നെ, അടുത്ത ഒരു ജന്മം ഉണ്ടെന്ന് തനിക്കെന്താ ഉറപ്പ്? ഉള്ളത് ഈ സമയമാണ്. മരിച്ചാൽ പിന്നെ മാതംഗിയില്ല.’ മാഗ്ഗി ഉറക്കെ ചിരിച്ചു. ‘വിവേക് മരണം എന്ന ഒന്നില്ല. സമയവും.’ ഒന്ന് നിർത്തിയ ശേഷം അവൾ വിവേകിന്റെ മുഖത്ത് നോക്കി. ആ സംസാരം തന്നെ അസ്വസ്ഥനാക്കുകയാണെന്ന് വിവിയ്ക്കറിയാം, പക്ഷേ മാഗ്ഗിയുടെ മനസ്സറിയാനുള്ള ശ്രമം ഉപേക്ഷിക്കാൻ കഴിയില്ല. ‘നിന്റെ ഹൃദയത്തിലേക്ക് ആരെയും കടത്തില്ല എന്ന വാശി ഉപേക്ഷിച്ച് അതിനു മുകളിൽ ധരിച്ചിരിയ്ക്കുന്ന ബുള്ളറ്റ് പ്രൂഫ് അഴിച്ചു വെയ്ക്ക്. പ്രണയത്തോളം സ്വാതന്ത്ര്യം തരുന്ന മറ്റൊന്ന് കണ്ടെത്താൻ പിന്നീട് നിനക്ക് കഴിയില്ല.’ വിവേക് വാദിച്ചു.’ ഹൃദയം പോയാൽ മരണമല്ലേ വിവി.’ മാഗ്ഗിയുടെ കവിൾ ചുവന്നെന്നു വിവിയ്ക്ക് തോന്നി. ‘നിനക്ക് ഭയമാണ് പ്രണയിക്കാൻ. അതല്ലേ കാര്യം. ‘ ചോദിക്കാത്ത ഒരു ചോദ്യത്തിന്റെ ഉത്തരത്തിന് വേണ്ടി താൻ അവളെ പ്രകോപിപ്പിക്കാൻ ശ്രമിയ്ക്കുകയാണ്. വിവേകിന്റെ ചുണ്ടിൽ പടർന്ന ചിരി മാഗ്ഗിയ്ക്കുണ്ടായ ഭാവമാറ്റത്തിൽ മായ്ഞ്ഞു. അവൾ സിഗരറ്റ് ചുണ്ടോടടുപ്പിച്ച് നീട്ടിവലിച്ച് കണ്ണടച്ച് ദീർഘനിശ്വാസത്തോടെ മുകളിലേയ്ക്ക് ഊതി.
‘വിവിയ്ക്ക് എന്നെക്കുറിച്ച് എന്തറിയാം?’ അവളുടെ ചോദ്യത്തിൽ തെല്ലൊരമ്പരപ്പാണ് ഉണ്ടായത്, തന്റെ മനസ്സിലെ ഭാവനകൾക്കപ്പുറത്ത് അവളെക്കുറിച്ചൊന്നും തനിയ്ക്കറിയില്ലെന്ന ആ നിമിഷത്തെ തിരിച്ചറിവും. ‘മരണത്തെ ഞാൻ ഭയക്കുന്നില്ല വിവി, പക്ഷേ മരിച്ച് ജീവിയ്ക്കുന്നതിനെ ഞാൻ ഭയക്കുന്നു. ഒറ്റയ്ക്കിരിയ്ക്കുന്നവന്റെ ഒറ്റപ്പെടലല്ല വിവി, ഒരാൾ, അല്ലെങ്കിൽ ഒരുപാടുപേർ ചുറ്റുമുണ്ടായിട്ടും അനുഭവിയ്ക്കുന്ന ഒറ്റപ്പെടൽ. ഒരിക്കൽ ഒരൊറ്റപ്പെടൽ സമ്മാനിച്ച ഡിപ്രഷൻ എന്നെക്കൊണ്ട് ആത്മഹത്യയ്ക്ക് ശ്രമം നടത്തിച്ചതാണ്. എന്തിനായിരുന്നു എന്ന് ചോദിച്ചാൽ ഒരു രക്ഷപ്പെടലിനു വേണ്ടി. ആ കടന്നു പോയിക്കൊണ്ടിരിയ്ക്കുന്ന പ്രത്യേക സമയത്തിൽ നിന്നും രക്ഷപ്പെടാനുള്ള ഒരു ടൈം ട്രാവൽ. പക്ഷേ അന്ന് ആ സമയം എന്നെ പോകാനനുവദിച്ചില്ല. സ്വബോധത്തിലേയ്ക്ക് വന്നപ്പോൾ കുറേ തിരിച്ചറിവുകളുണ്ടായി. മറ്റാരിലും സന്തോഷം തിരയരുതെന്നത് അതിലൊന്നാണ്. ബാംഗ്ലൂരിലേക്ക് വന്നത് ഒറ്റപ്പെടലിന്റെ സ്വാതന്ത്ര്യം അനുഭവിയ്ക്കാനാണ്. ഞാനിന്ന് ഈ സ്വാതന്ത്ര്യത്തിന് അടിമയാണ് വിവി. അതെ, സഞ്ചരിച്ച വഴികളിലൂടെ വീണ്ടും സഞ്ചരിയ്ക്കാനുള്ള ഭയമുണ്ട് എനിക്ക്.’ അവൾ കത്തിത്തീരാറായ സിഗരറ്റ് നിലത്തിട്ട് ചവിട്ടി, സ്വയം എരിഞ്ഞടങ്ങാൻ അനുവദിയ്ക്കാതെ. അത് അടുത്തുള്ള കരിയിലകളിലേയ്ക്ക് പടർന്നു നാശം വിതയ്ക്കുമെന്നു അവൾ ചിന്തിച്ചിരുന്നിരിയ്ക്കണം. ‘അനുഭവങ്ങളുടെ കനലിൽ വെന്ത ചൂടുള്ള തത്വചിന്തകളൊക്കെ മറക്കാൻ ഒരു നിമിഷം മതി എന്ന് എനിയ്ക്കും അറിയാം വിവി, ഐ ആം ഓൾസോ എ ഹ്യൂമൻ. പക്ഷേ, എന്നെ സ്നേഹിക്കുന്ന ആൾക്ക് തിരിച്ചുകൊടുക്കാൻ എന്റെയുള്ളിൽ ബാക്കി എന്താണുള്ളതെന്ന് എനിക്കും അറിയില്ല. എപ്പോൾ വേണമെങ്കിലും ഇറങ്ങിപ്പോകാനുള്ള സ്വാതന്ത്ര്യമല്ലാതെ.’ അവൾ ആദ്യമായി പങ്കുവെച്ച അവളുടെ യാഥാർഥ്യങ്ങൾ വിവേകിനെ അസ്വസ്ഥപ്പെടുക മാത്രമല്ല, ഭയം ജനിപ്പിയ്ക്കുകയും കൂടിയാണ് ചെയ്തത്.
ഫോൺ റിംഗ് ചെയ്തപ്പോഴാണ് താൻ പബ്ബിലാണ് ഇരിയ്ക്കുന്നതെന്ന് പോലും വിവേക് ഓർത്തത്. നന്ദിതയാണ് വിളിയ്ക്കുന്നത്. ഒന്ന് സംശയിച്ചിട്ട് വിവേക് മൊബൈലെടുത്ത് ചെവിയിൽ വെച്ചു. ‘ഹലോ വിവി, ആർ യു ആൾറൈറ്റ്? അന്ന് ഞാൻ വിഷമത്തിൽ എന്തൊക്കെയോ പറഞ്ഞു. അതെല്ലാം മറന്നേക്ക് വിവി. ഐ ആം സോറി. ‘
വിവി തിരിച്ചെന്ത് പറയണമെന്നറിയാതെ ഒരു നിമിഷം മിണ്ടാതിരുന്നു. ‘ഉം… ശരി. നന്ദു, ഞാൻ പബ്ബിലാണ്. ഞാൻ പിന്നീട് വിളിയ്ക്കാം. ‘ വിവേക് കോൾ കട്ട് ചെയ്തു. പറഞ്ഞതും അറിഞ്ഞതുമെല്ലാം എളുപ്പത്തിൽ മായ്ച്ചു കളയാൻ പറ്റിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു. അയാൾ ഓർത്തു. ഒരാഴ്ചയായി. കഴിഞ്ഞ ഞായറാഴ്ച രാവിലെ നന്ദിതയുടെ ഫോൺകോളാണ് തന്നെ ഉണർത്തിയത്. ‘വിവി…’ ഒരു വിളിയിൽ അവൾ നിർത്തി. ഉറക്കത്തിൽ നിന്നെഴുന്നേൽക്കാൻ മടിച്ച തന്റെ ചെവിയിൽ നന്ദിതയുടെ നിശ്ശബ്ദമായ കരച്ചിൽ തുളച്ചുകയറി. മാഗ്ഗി ഖത്തറിലേയ്ക്ക് പോയശേഷവും നന്ദിതയെ ഇടയ്ക്ക് കാണാറുണ്ട്. പക്ഷേ അവളുടെ ഫ്ലാറ്റിൽ പോകാറില്ല പരമാവധി. ഇടയ്ക്ക് ബോയ്ഫ്രണ്ടുമായി പിണങ്ങിയാലും ഓഫീസിൽ പ്രശ്നങ്ങളുണ്ടാവുമ്പോഴും വിളിച്ച് പരാതി പറയുന്നതും കരയുന്നതും ഒക്കെ പണ്ടും പതിവാണ്. ‘എന്താ നന്ദു…നീ കാര്യം പറയ്.’ വിവി കണ്ണ് തിരുമ്മിക്കൊണ്ട് ചോദിച്ചു. ‘വിവി… മാഗ്ഗി നമ്മളെ വിട്ടുപോയി. അവൾ ആത്മഹത്യ ചെയ്തു. മിനിഞ്ഞാന്ന് രാത്രി. ‘
വിവേകിന്റെ ചെവിയിലൂടെ തലയിലേക്ക് കയറിയ തരിപ്പ് ശരീരമാകെ ബാധിച്ചു. അയാൾ കിടക്കയിൽ എഴുന്നേറ്റിരുന്നു. ‘അവളുടെ കസിൻ പ്രതീക് ആണ് വിളിച്ചത് ഇപ്പൊ. ഫാമിലി അവിടെത്തനെയായത് കൊണ്ട് ചടങ്ങെല്ലാം ഇന്നലെത്തന്നെ കഴിഞ്ഞു.’ വിവേക് കുറേ നേരം അനങ്ങാതെ ഇരുന്നു. നന്ദിത എന്താണ് പറഞ്ഞതെന്നും താൻ എന്താണ് കേട്ടതെന്നും വിവിയ്ക്ക് അപ്പോഴും സംശയമായിരുന്നു. നന്ദിതയുടെ അടുത്തേയ്ക്ക് പോകാൻ മനസ്സ് പറഞ്ഞു, യാന്ത്രികമായി ബൈക്കോടിച്ച് അങ്ങോട്ട് പോയി. അവിടെച്ചെന്നപ്പോൾ ഫ്ലാറ്റിന്റെ വാതിൽ തന്നെ പ്രതീക്ഷിച്ചെന്നപോലെ ചാരിക്കിടക്കുകയായിരുന്നു. നന്ദിത സോഫയിൽ ചാരിയിരുന്ന് ജനാലയിലൂടെ പുറത്തേയ്ക്ക് നോക്കിക്കൊണ്ടിരിക്കുകയാണ്. അവളുടെ കയ്യിലെ ഫ്രെയിം ചെയ്ത ഫോട്ടോയിലിരുന്നു മാഗ്ഗി തന്നെ നോക്കി ചിരിച്ചു. മാഗ്ഗിയുടെ മുഖത്ത് നിന്നും കണ്ണെടുക്കാതെ വിവേക് നന്ദിതയുടെ അടുത്ത് ചെന്നിരുന്നു. മാഗ്ഗി ബാംഗ്ലൂരിൽ നിന്നും പോയിട്ട് എട്ടു മാസം കഴിഞ്ഞെങ്കിലും നന്ദിതയെ മിക്കദിവസവും വിളിക്കാറുണ്ടായിരുന്നു, കഴിഞ്ഞ ഒരു മാസത്തിനു മുൻപ് വരെ. അതേക്കുറിച്ച് നന്ദിത തന്റെയടുത്ത് പറഞ്ഞിരുന്നതായി പെട്ടന്ന് ഓർമ്മ വന്നു. നീനയുമായുള്ള തന്റെ വിവാഹം മാഗ്ഗി പോയതിനു ഒരാഴ്ച കഴിഞ്ഞായിരുന്നു. അതിനു ശേഷം നന്ദിതയുടെ ഫ്ലാറ്റിലേക്ക് ഒരിക്കലേ വന്നിട്ടുള്ളൂ. നീനയ്ക്ക് വിരോധം ഉണ്ടായിട്ടല്ല, താൻ ഒഴിവാക്കിയതാണ്, മാഗ്ഗിയുടെ ഓർമകളിൽ നിന്നും അകന്നു പോകാൻ വേണ്ടി.
തന്നെ കണ്ടപ്പോൾ വീണ്ടും കരഞ്ഞുതുടങ്ങിയ നന്ദിതയുടെ തോളിലൂടെ കയ്യിട്ട് വിവേക് ചേർത്ത് പിടിച്ചു. സ്വയം സമാധാനിക്കാൻ കഴിയാത്ത ഒരാൾ മറ്റൊരാളെ സമാധിനിപ്പിക്കുമെന്ന് ആലോചിച്ചുകൊണ്ടിരിയ്ക്കുമ്പോൾ അവൾ സംസാരിച്ചു തുടങ്ങി. ‘ഉറക്കഗുളിക കഴിച്ചാണ് അവൾ മരിച്ചത്. എന്നെന്നേക്കുമായുള്ള ഒരുറക്കം’. ഫോട്ടോയിലെ മാഗ്ഗിയുടെ മുഖത്തേയ്ക്ക് നോക്കിക്കൊണ്ട് നന്ദിത പറഞ്ഞു. അവളുടെ കണ്ണീരിന്റെ ഒഴുക്ക് ശക്തിയായി. അവൾ ഏങ്ങലടിച്ചു. ‘വിവീ… അവൾക്ക് നിന്നെ ഇഷ്ടമായിരുന്നു എന്ന് മനസ്സിലാക്കാനുള്ള ബുദ്ധി നിനക്കുണ്ടായിരുന്നെങ്കിൽ ചിലപ്പോൾ അവളിന്നും, ഇവിടെ, നമുക്കിടയിൽ ഉണ്ടാകുമായിരുന്നു. ‘ വിവിയ്ക്ക് എന്തോ ഭാരമുള്ള വസ്തുകൊണ്ട് നന്ദിത തന്റെ തലയ്ക്കടിച്ചത് പോലെ തോന്നി. ‘നിന്നോടല്ലാതെ മറ്റാരോടും അവൾ ഇത്ര അടുത്തിടപഴകുന്നത് ഞാൻ കണ്ടിട്ടില്ല. എല്ലാ തീരുമാനങ്ങളും പെട്ടന്നല്ലേ ഉണ്ടായത്. നിന്റെ വിവാഹവും അവളുടെ പോക്കും. അവൾ പോകുന്ന അന്ന് ഞാൻ ചോദിച്ചിരുന്നു, നീ കാരണമാണോ അവൾ തിരിച്ചു പോകുന്നതെന്ന്. ‘ നന്ദിത ഏങ്ങലുകൾ ശക്തിയായി തടഞ്ഞു നിർത്താൻ ശ്രമിച്ചു. ‘അവൾ അന്ന് പറഞ്ഞത് എന്താണെന്ന് അറിയുമോ നിനക്ക്.? എന്നോട് സൗഹൃദത്തിൽക്കവിഞ്ഞ ഇഷ്ടമുണ്ടെന്ന് വിവി ഒരിക്കലും പറഞ്ഞിട്ടില്ല. എനിക്ക് അങ്ങോട്ട് അത് പറയാൻ കുറച്ച് സമയം വേണമായിരുന്നു. അതും തന്നില്ല. അകന്ന് പോകാൻ ബുദ്ധിമുട്ടാണ്, പക്ഷേ അടുത്തിരുന്ന് അകലം പാലിയ്ക്കാൻ അതിലും ബുദ്ധിമുട്ടാണ്. ‘
അധികമായി ഒരു നിമിഷം പോലും അവിടെ നിൽക്കാൻ കഴിയില്ല എന്ന തോന്നലിലാണ് നന്ദിതയോട് ഒന്നും പറയാതെ പുറത്തിറങ്ങി തന്റെ ഫ്ലാറ്റിലേക്ക് പോയത്. നീന നാട്ടിൽ പോയതാണ്. ഒരാഴ്ച കഴിഞ്ഞേ തിരിച്ചുവരൂ. ആ ചുമരുകൾക്കിടയിലെ ഒറ്റപ്പെടലിൽ വിവേക് അഭയം തേടി. ലിവിങ് റൂമിലെ ക്യാബിനറ്റിൽ നിന്നും ഒരു വിസ്കി എടുത്ത് ഗ്ലാസ്സിലേക്ക് പകർന്നു. സംഭവിച്ചതോ കേട്ടതോ ആയ ഒന്നിനെക്കുറിച്ചും ആലോചിക്കാതിരിയ്ക്കാൻ വേണ്ടി കുടിച്ചു തുടങ്ങി. പക്ഷേ, ലഹരി തന്റെ ശ്രമങ്ങളെ പരാജയപ്പെടുത്തിക്കൊണ്ട് ഉപബോധത്തിൽ ഉറങ്ങാതെകിടന്ന മാഗ്ഗിയോടുള്ള പ്രണയത്തിന്റെ നിഴലുകൾക്ക് മീതെ വെളിച്ചം വീഴ്ത്തി. ഒരു നീരുറവ കണ്ണിൽ നിന്നും ലക്ഷ്യമറിയാതെ പുറപ്പെട്ടു. പിന്നീടത് നിയന്ത്രണം ഭേദിച്ച് ഒരു കുത്തൊഴുക്കായി മാറി.
എന്തോ തളർച്ച തന്നെ ബാധിക്കുന്നതറിഞ്ഞു കിടക്കയിൽ ചെന്ന് കിടന്നതാണ്. എഴുന്നേറ്റത് പിറ്റേദിവസം രാവിലെ. അതുമുതൽ ഒരാഴ്ചയായി ഓടിക്കൊണ്ടിരിയ്ക്കുകയാണ്. നീന തിരിച്ചു വരുമ്പോൾ ഇവിടെ വെച്ചിട്ട് പോയ എന്തിനെങ്കിലും സ്ഥാനഭ്രംശം സംഭവിച്ചാൽ അവളറിയും. തന്റെ മനസ്സിൽ സംഭവിച്ച ഭൂചലനത്തിന്റെ പ്രത്യാഘാതങ്ങൾ മായ്ക്കാൻ, മറയ്ക്കാനെങ്കിലും ഗതകാലത്തെ അഭിമുഖീകരിച്ചേ മതിയാകൂ. അതിനുവേണ്ടിയാണ് ജനാലയ്ക്കരികിൽ ചെന്നിരുന്ന് ഓർമ്മകളുടെ കെട്ടഴിച്ചത്.
വിവേക് ബില്ല് കൊടുത്ത് പുറത്തിറങ്ങി ബൈക്കിൽ കയറി. തണുത്ത കാറ്റ് മുഖത്തേയ്ക്കടിച്ചു തുടങ്ങിയപ്പോൾ മാഗ്ഗി തന്നെ വട്ടംപിടിച്ച് പിറകിലിരിയ്ക്കുന്നതായി വിവേകിന് അനുഭവപ്പെട്ടു. അവളുടെ ഓർമ്മകൾ ഒഴുകിത്തുടങ്ങിയടത്ത് പാതിവഴിയിലുപേക്ഷിച്ച ആ ചോദ്യത്തിന്റെ ഉത്തരം അവൾ തന്നെ ചെവിയിൽ വീണ്ടും പറഞ്ഞു തുടങ്ങി. ‘വിവി, നമ്മൾ ഒരു സമയത്തിൽ നിന്നും മറ്റൊരു സമയത്തിലേയ്ക്ക് സഞ്ചരിയ്ക്കുന്നു. അത്രമാത്രം. അവിടെ യഥാർഥത്തിൽ നമുക്ക് സമയം നഷ്ടമാകുന്നില്ല. ഒരു തുടർച്ച മാത്രം. ജന്മങ്ങൾ പോലെ.’ തണുപ്പിനിടയിലൂടെ അവളുടെ നിശ്വാസം തന്റെ കഴുത്തിൽ പതിക്കുന്നതായി അയാൾക്ക് തോന്നി. ‘സമയം എന്നത് ഒരു ഇല്ല്യൂഷൻ ആണ് വിവി. വെറും മായ. അനുഭവങ്ങൾ അടയാളപ്പെടുത്തുന്നതിനായി മനുഷ്യൻ കണ്ടുപിടിച്ച മാർഗം. സമയത്തിന് വലിയ വിലയാണ്. പക്ഷേ സമയം എന്തിനു വേണ്ടി എന്ന് അധികമാരും ചിന്തിക്കാറില്ല. ജനിയ്ക്കുന്നു. മരിയ്ക്കുന്നു. വീണ്ടും ജനിയ്ക്കുന്നു, മരിയ്ക്കുന്നു. സമയം തീരുന്നില്ല. തുടർന്നുകൊണ്ടേയിരിയ്ക്കുന്നു. ഈ സമയം കൊണ്ട് പൂർത്തീകരിയ്ക്കാത്തത് മറ്റൊരു സമയത്ത് പൂർത്തീകരിയ്ക്കപ്പെട്ടേ മതിയാകൂ. അതിന് സമയം തികയാതെ വരുന്നത് മനുഷ്യനാണ്, വിവീ. ജേർണി ഓഫ് ദ സോൾ ഈസ് ടൈംലൈസ്. ‘
ഒരാഴ്ചയായി താൻ മനപ്പൂർവം ഉപേക്ഷിയ്ക്കുന്ന ബോഗെയ്ൻവില്ല പൂക്കൾ വീണുകിടക്കുന്ന ആ സ്ഥലത്തെത്തിയപ്പോൾ വണ്ടി നിർത്തി. അവളും താനും ഓടുകയായിരുന്നു, ശൂന്യതകളെ ഭയന്ന്, രണ്ടു ദിശയിലേക്ക്. പക്ഷേ അവൾ തിരഞ്ഞെടുത്തത് ഒരു യാത്രയല്ല, ഒളിച്ചോട്ടമാണ്. മാതംഗിയിലേക്കുള്ള തന്റെ യാത്ര തുടരുമായിരിയ്ക്കാം, അവൾ പറഞ്ഞത് പോലെ ഒരു പൂർത്തീകരണത്തിനായി. ചോദിയ്ക്കാൻ ബാക്കിവെച്ച ഒരു ചോദ്യത്തിന് വേണ്ടി, ആ ഒരൊറ്റ ചോദ്യം ചോദിക്കാതെ പോയപ്പോൾ അറ്റുപോയ പ്രണയത്തിന്റെ ആ ഒരൊറ്റക്കണ്ണി വിളക്കിച്ചേർക്കാൻ, ഒറ്റ ഒരുത്തരത്തിനു വേണ്ടി. ഇന്ന്, അവളും സമയം പോലെ ഒരു ഇല്ല്യൂഷൻ മാത്രമായിത്തീർന്നിരിയ്ക്കുകായാണ്. തന്റെ യാഥാർഥ്യം ബാക്കിനിൽക്കുന്ന ജീവിതവും. യാഥാർഥ്യത്തിൽ നിന്ന് വിടപറഞ്ഞ മാതംഗിയ്ക്ക് മനസ്സിൽ വിട നൽകാൻ തനിയ്ക്ക് വേണ്ടത് സമയമാണ്. ഈ സമയത്തെ ഓർമ്മകൾക്ക് മങ്ങലേറ്റ മറ്റൊരു സമയത്തിലേയ്ക്ക് ഘടിപ്പിക്കുന്ന ആ സമയം. വിവേക് കണ്ണടച്ച് തണുത്ത കാറ്റ് പരമാവധി അകത്തേയ്ക്ക് വലിച്ച് ശക്തിയായി പുറത്തേയ്ക്ക് വിട്ടു. ആ വീണുകിടക്കുന്ന വയലറ്റ് പൂക്കൾ നോക്കി ബൈക്ക് സ്റ്റാർട്ട് ചെയ്ത് തന്റെ യാത്ര തുടർന്നു.