അനുകരണ കലയെന്ന ജീവിതം

ജീവിക്കുക എന്ന
ജന്മാവകാശത്തിൽ നിന്നും
പതിയെ
പിറകോട്ടു നടക്കുന്നു.

അതിനെ സൗകര്യപൂർവ്വം
ഒരു ആയോധന കല
എന്ന്‌ മനസിലാക്കുന്നു.

അതും ജന്മവാസനയെന്നപോലെ
പരിപോഷിക്കപ്പെടേണ്ടത്.
ഞാൻ ഇനിയും ജനിക്കണമെന്നു
തീരുമാനമെടുക്കാത്ത
എന്റെ തന്നെ ജന്മാവകാശം.

ജനിച്ചുവെന്ന് ഉറപ്പ്
വരുത്തുമ്പോൾ മാത്രം
സഹജമാവുന്ന
ആയോധന മുറകൾ.

ഏറ്റവും ലളിതമെന്ന
അതിജീവന കല
മുറിപ്പെടുമ്പോൾ
പൂർവ്വജന്മത്തിലേക്ക് നാട് കടത്തപ്പെടുന്ന
എന്റെ തന്നെ വേദനകൾ..

അഭ്യാസിയെന്ന്
വാൾത്തലപ്പു ചുഴറ്റുന്ന
എന്റെ തന്നെ ചാപിള്ളജന്മം

ജീവിക്കുവാൻ യുദ്ധതന്ത്രങ്ങൾ
മനഃപാഠമാക്കുന്ന
എന്റെ തന്നെ ജന്മവാസന.

എനിക്ക് മീതെ ഏതു സമയവും
വീണേക്കാവുന്ന
ഉറയൂരിയ
ഒരു വാൾത്തലപ്പ്
ഇനിയും,
ഞാൻ പരിശീലിക്കാത്ത
എന്റെ തന്നെ ജീവിതം.

ഏത് സമയവും
മണ്ണിലേക്കാഴ്ന്നിറങ്ങിയേക്കാവുന്ന
എന്റെ തന്നെ തേര് വീഴ്ത്തിയ പാട്.

ഞാൻ തന്നെ ഉപേക്ഷിച്ച
എന്റെ തന്നെ
കവചവും കുണ്ഡലവും.

ജന്മവാസനയുടെ പെരുവിരൽ മറവിൽ
ഇപ്പോൾ
പടക്കോപ്പുകൾ
നിർമ്മിക്കുകയാണ്
ഇന്നലെ വരെ ജീവിച്ചു
തീർന്ന,
എന്റെ തന്നെ ജീവിതം
അനുകരണമെന്ന
എന്റെ തന്നെ സംശയം
ബലപ്പെടുത്തുന്നു.

വടകര സ്വദേശി. മലപ്പുറം ജില്ലയിൽ തിരുർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ഇംഗ്ലീഷ് അധ്യാപിക. ആനുകാലികങ്ങളിലും ഓൺലൈൻ മാഗസിനുകളിൽ എഴുതുന്നു. 'പാസ്സഞ്ചറിലെ പെണ്മമണം' ആദ്യ കവിത സമാഹാരം