അണു, മഹാമാരി സംഹാര
രുദ്രയായ്…
മരണ താണ്ഡവമാടും
നിശാചരി…
അണു, മഹാവ്യാധി സകല
ലോകത്തിലും,
ദുരിതഗന്ധ പെരുംകാല
ഭൈരവി…
അണു, പുരാതന സംസ്കാര
ശുദ്ധിയെ,
മറവിയിൽ നിന്നു വീണ്ടെടു-
ക്കുന്നവൾ.
അണു, ചരാചര പ്രേമ-
രാഗങ്ങളെ,
ഹൃദയവീണയിലാവഹി-
ക്കുന്നവൾ.
തിമിരമേറ്റും മർത്ത്യ മദ –
മത്സരങ്ങളെ,
മതിമറക്കും നിത്യശീല-
ഗുണങ്ങളെ,
മത-ജാതി മുനകൊണ്ട് രുധിര-
പത്രങ്ങളിൽ,
കുലജാതകപ്പോർ കുറിക്കും
കളങ്ങളെ,
അതിജീവനത്തിന്റെ ബീജ
മന്ത്രങ്ങളാൽ..
പുതുജീവനത്തിന്നമൃത്-
പകർന്നവൾ…!
അണു, അഗ്നികാരിക, സൂക്ഷ്മ –
സ്വരൂപിണി,
അവനിവാഴ്വിന്നകക്കണ്ണ്
നൽകിയോൾ …. (അണു)
അണു, ചിരന്തന പ്രണവ
സത്യത്തിന്റെ,
സ്മൃതിയുണർത്തുന്ന ജൈവ
പ്രബോധിനി.
അണു,സനാതന ധർമ്മ
ബോധങ്ങളെ,
മിഴികൊളുത്തുന്ന ദീപ
പ്രകാശിനി.
അണു, അഹങ്കാര രാജ്യ
വൈരങ്ങളെ,
കടപുഴക്കുന്ന കാല
പ്രവാഹിനി.
അണു, അതിർത്തികൾക്കപ്പുറം
ലോകത്തെ,
അലിവിന്നാഴപ്പൊരുൾ
പഠിപ്പിച്ചവൾ.
അണു, അഗോചര, അധിനി –
വേശത്തിന്റെ,
കഥയറുക്കും ദുരാചാര
നാശിനി.
അണു, മനുഷ്യന്റെ ലോഭ –
മോഹങ്ങളെ,
ചിതയെരിച്ചഗ്നിശുദ്ധി
വരുത്തുവോൾ..
അണു, അക്ഷമാലിക, കപട –
ദൈവക്കോല
മുഖപടങ്ങൾ പിളർക്കും
വിനാശിനി.
അണയാത്ത രോഗപ്പകർച്ചയും
മൃത്യുവും
അരുതുകൾ തീർക്കും മനുഷ്യ
കർമ്മം
അണു, അഗ്നിരൂപിണി, അതു
പഠിപ്പിക്കുവാൻ
അവതാരമായ് വന്ന വിശ്വൈക
കാരിണി…. (അണു)
പ്രാണവായു കെടുത്തി വിഷ-
പ്പുക
ആകെമൂടി കറുപ്പിച്ച
വാനവും
മലിനമായി പെരുകും
കൃമികളായ്
മിഴിയടക്കും പുഴകൾ
നദികളും.
ഹരിതഭൂമി മരുപ്പറ-
മ്പാക്കയായ്,
മനമെരിയും മലകൾ
മരങ്ങളും.
തിരികെയെത്തുന്നിതാദി –
പ്രഭാവമായ്,
ഉയിരുനൽകുന്ന മുക്തി –
പ്രദായിനി.
മിഴി തുറക്കുന്ന താരക-
പൂക്കളും,
കുളിരു നെയ്യുന്ന ചന്ദ്രികാ –
ചന്തവും,
മലർവനിയും മരതക
ഛായയും,
പുഴയഴകും നിത്യ നിർമ്മ-
ലാകാശവും.
തിരികെ നൽകുന്നു വീണ്ടുമീ-
മണ്ണിനായ്.
തലമുറയ്ക്ക് കെടാവിള –
ക്കാകുവാൻ…
തിരികെടാതത് കരുതലായ്
തീരണം,
ഇളവിശുദ്ധമായ് കാവലാ-
ളാകുവാൻ.
അണു, അഗ്നിശാസന, അവളഗ്നി-
രോഹിണി
ഇതുപരമാണുപൊരുളിന്റെയത്യുഗ്ര-
ശാസന (അണു)