തവാത്തീർ സിംക് ഹോളിലെത്തിപ്പെടാനുള്ള വഴി വളരെ ദുർഘടം പിടിച്ചതായതു കൊണ്ട് അച്ഛനും അമ്മയും താഴോട്ട് വന്നിരുന്നില്ല. മരുഭൂമിയിൽ മാത്രം കാണുന്ന ചില കുറ്റിച്ചെടികളെ നാട്ടിലെ കാട്ടുചെടികളുമായി താരതമ്യം ചെയ്ത് നിരീക്ഷിച്ച് അവർ സമയം കളഞ്ഞു. വിജനമായ മരുക്കാട്ടിൽ നിന്ന് പഴുത്തടിഞ്ഞ പേരക്കകളുമായി ഞാൻ കയറി വന്നപ്പോൾ അച്ഛന് അതിശയമായി. അവിടെ വലിയ ഒരു പേരമരം ഉണ്ടായിരുന്നെന്നും വല്യമ്മ പറിച്ചെടുത്തതാണെന്നും പറഞ്ഞ് സൂര്യമോൾ അമ്മ താഴെ ഇറങ്ങി വരാത്തതിന്റെ പരിഭവം തീർത്തു.
വരണ്ട് കിടക്കുന്ന ഈ മരുഭൂമി ജൂൺ മാസത്തിലെ ആദ്യ മഴച്ചാറലിൽ തന്നെ പച്ച പുതച്ച് സുന്ദരിയാവുമെന്നും കരീഫ് സീസണിലെ ബിസിനസ് പ്രതീക്ഷിച്ച് ചില സെറ്റിൽമെന്റുകൾ ആ പ്രദേശത്തുണ്ടെന്നും ഉണ്ണി വ്യക്തമാക്കി. ചെറിയ ഒന്നുരണ്ടു ഗ്രാസറികൾ മാത്രമായിരുന്നു ഇവിടെ ഞങ്ങൾക്ക് കാണാൻ പറ്റിയ ബിസിനസ് സ്ഥാപനങ്ങൾ. സ്വയം തീറ്റ തേടി അവശരായ പശു ക്കൂട്ടം ആരുടെയും സഹായമില്ലാതെ തങ്ങളുടെ താമസ സ്ഥലം ലക്ഷ്യമാക്കി തിരിച്ച് നടക്കുന്നതും കണ്ടു.
അടുത്ത ലക്ഷ്യം ജബൽ സംഹാൻ എന്ന പർവ്വതശിഖരം ആണ് . ദോഫാർ പ്രവിശ്യയിലെ നാലായിരത്തി അഞ്ഞൂറോളം സ്ക്വയർ കിലോമീറ്ററിൽ പരന്നുകിടക്കുന്ന ജബൽ സംഹാൻ സംരക്ഷിത വനമേഖലയുടെ ബോർഡ് കണ്ടു പോവുന്ന വഴിക്ക്. ( കുറ്റിച്ചെടികൾ നിറഞ്ഞ ഈ കാടിനെ നാട്ടിലെ വനവുമായി ഒരിക്കലും താരതമ്യം ചെയ്യാൻ പറ്റില്ല.) ജനവാസമില്ലാത്ത ഈ പ്രദേശത്ത് നാശോൻമുഖമായിക്കൊണ്ടിരിക്കുന്ന അറേബ്യൻ പുള്ളിപ്പുലിയടക്കമുള്ള സസ്യമൃഗ സമ്പത്തുകൾ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഈ വനമേഖല സന്ദർശിക്കാൻ പ്രത്യേക അനുമതി വേണമെന്നതുകൊണ്ട് ദൂരെ നിന്ന് അവിടം നോക്കിക്കണ്ടു തൃപ്തിയടഞ്ഞു.
മേഘങ്ങൾ താണിറങ്ങി വന്ന് നമ്മളെ ഉമ്മ വെക്കുന്നിടത്തേക്കാണ് ഇനി പോവുന്നത് എന്നു പറഞ്ഞു കുട്ടികൾ സന്തോഷത്തോടെ പാട്ടു പാടാൻ തുടങ്ങി. സമുദ്രനിരപ്പിൽ നിന്ന് 2100 മീറ്റർ ഉയരത്തിലുള്ള പർവ്വതനിരകളെ ലക്ഷ്യം വെച്ച് വണ്ടി ഓടിക്കൊണ്ടിരുന്നു.
യാത്ര തുടരുമ്പോൾ ചുറ്റുപാടുമുള്ള ഭൂപ്രദേശങ്ങൾക്ക് വന്ന രൂപമാറ്റം വ്യക്തമായി അനുഭവപ്പെട്ടു. വ്യക്തമായ പീഢഭൂമിയുടെ ലക്ഷണങ്ങളോടെയുള്ള മണൽപ്പരപ്പായിരുന്നു അവിടം. തൂക്കായ മലയിടുക്കുകളും പാറക്കൂട്ടങ്ങളും കഴിഞ്ഞ് ലക്ഷ്യസ്ഥാനത്തെത്തിയപ്പോൾ ശരിക്കും മേഘങ്ങൾ താണിറങ്ങി വന്ന് മൃദുവായി മുഖത്ത് തലോടി എനിക്ക് ചുറ്റും നൃത്തം ചെയ്യുന്നത് പോലെ തന്നെ അനുഭവപ്പെട്ടു. അവിടെ നിന്നുള്ള ആകാശ കാഴ്ചയും കാലാവസ്ഥയും ഒരു പോലെ നല്ലതായിരുന്നു..
വളരെ വൃത്തിയായി സംരക്ഷിച്ചിട്ടുള്ള ഒരു പിക്നിക് സ്പോട്ടായിരുന്നു അത്. കുറച്ച് സ്വദേശി ചെറുപ്പക്കാർ ഭക്ഷണവും പഴവർഗ്ഗങ്ങളും നിരത്തി വെച്ച് ഒരു ചുണ്ണാമ്പ് ഗുഹ സ്വന്തമാക്കിയിരുന്നു. നല്ല ചുവന്നു തുടുത്ത തണ്ണിമത്തൻ കഷണങ്ങൾ അവർ ഞങ്ങൾക്ക് നേരെയും നീട്ടി ഉപചാരം കാണിച്ചു.
മീനയുടെ സഹപ്രവർത്തകരും വിദ്യാർത്ഥികളുമടങ്ങിയ ഒരു ഗ്രൂപ്പ് പിക്നിക്കിനു ശേഷം അവിടെ നിന്ന് മടങ്ങുന്നുണ്ടായിരുന്നു. സലാലയിലെ മിക്ക മലയാളി കുടുംബത്തിലും ഒരംഗമെങ്കിലും ഇന്ത്യൻ സ്കൂളിൽ പഠിക്കുന്നവരോ പഠിച്ചിറങ്ങിയവരോ ഉണ്ടാവും. അതു കൊണ്ട് യാത്രയിൽ പലയിടത്ത് വെച്ചും മീനക്ക് ടീച്ചറുടെ ഗൗരവമുഖം അണിയേണ്ടിവന്നു. അവളിങ്ങനെ ഗൗരവിക്കുന്നത് കാണുമ്പോൾ എനിക്ക് ചിരി വരും. വാശി പിടിച്ച് കരയുന്ന പഴയ കുഞ്ഞിപ്പെണ്ണിനെ ഓർമ്മ വരും.
വലിയ ചുണ്ണാമ്പുപാറകൾക്കിടയിലെ സ്വാഭാവിക ഗുഹകൾ ഇവിടെയുമുണ്ടായിരുന്നു. അതിനിടയിൽ സന്ദർശകർക്ക് കാഴ്ചകൾ കാണാനും വിശ്രമിക്കാനുമായി ചാരുബെഞ്ചുകൾ സ്ഥാപിച്ചിരുന്നു. വ്യുപോയിന്റിനു ചുറ്റും കമ്പിവേലികൾ കെട്ടിയുറപ്പിച്ച് ആ പ്രദേശം സുരക്ഷിതമാക്കിയിട്ടുണ്ട്. താഴ്വാരത്തിലേക്ക് നീളുന്ന ചെറുപടികളിലൂടെ ഞങ്ങൾ ഇറങ്ങി നോക്കി. പാറക്കെട്ടുകളും മണൽ നിരകളും ചേർന്ന മനോഹരമായ കാഴ്ച മനസ്സിൽ നിറഞ്ഞു. കഠിനമായ ചൂട് കാലത്തും ഇവിടെ ഇരുപത് ഡിഗ്രിക്കു മേൽ താപനില ഉയരില്ലെന്ന് ഒരു സന്ദർശകൻ അച്ഛനോട് പറഞ്ഞു.
ഏതു നാട്ടിലുമെന്നപോലെ അതിസാഹസികമായി ചുമരുകളിൽ തങ്ങളുടെ അനശ്വരപ്രണയം കൊത്തിവെച്ച മിടുക്കൻമാരുടെ കരവിരുതുകളും ധാരാളമായുണ്ട്. തന്റെ പ്രണയിനി ഇരുന്ന ഈ കൽക്കെട്ടിൽ ഇനി മറ്റാരും ഇരിക്കരുത് എന്ന് കൊത്തിവെച്ചിരിക്കുന്നു ഒരു കാമുകൻ. പ്രണയ ചിഹ്നങ്ങളിൽ കാമുകിയുടെ പേര് കൊരുത്തുവെച്ചിരിക്കുന്നു മറ്റ് ചിലർ. അറബിക്കിലും മലയാളത്തിലും ഹിന്ദിയിലും ഉണ്ട് പ്രണയ ലിഖിതങ്ങൾ എന്നത് ചിരിയുണർത്തുന്ന കാഴ്ചയായി .
താഴോട്ട് തൂക്കമായ ഇറക്കമാണ്. വളരെ അപകടകരമായ ഭൂപ്രകൃതി. ജ്യോഗ്രഫി ടെക്സ്റ്റ് ബുക്കുകളിൽ മാത്രം വായിച്ചറിഞ്ഞ പീഢഭൂമിയുടെ നേർക്കാഴ്ച നേരിട്ടറിയുകയായിരുന്നു. ഇവിടെ നിന്ന് നോക്കിയാൽ താഴെ പരന്നു കിടക്കുന്ന കടൽ തിരയിളക്കുന്നത് കാണാം. മരുഭൂമിയുടെ ബോർഡറായി കടൽ, അതിനോട് ചേർന്ന് പവ്വതനിരകളും. എത്ര നേരം വേണമെങ്കിലും കണ്ടു നിൽക്കാവുന്ന വിസ്മയക്കാഴ്ചയായിരുന്നു അത്. കാഴ്ചക്ക് ലഹരി പകരാൻ തണുത്ത ഇളം കാറ്റും.
ഈ വലിയ പർവ്വതനിരകൾ അവസാനിക്കുന്നത് കടൽത്തീരത്തേക്കാണ്. അതി മനോഹരമായ കാഴ്ചകൾ നിറഞ്ഞ ഡ്രൈവായിരുന്നു താഴോട്ടു പോവും തോറും. ഓരോ വളവിലും തിരിവിലും താഴേക്ക് നോക്കുമ്പോൾ ബീച്ചിന്റെ മനോഹരക്കാഴ്ച കാണം. ഈ ഇറക്കത്തിൽ തന്നെയാണ് സുപ്രസിദ്ധമായ “ആൻറി ഗ്രാവിറ്റി പോയിന്റ് “.
ടൂറിസ്റ്റ് സ്പോട്ടുകൾക്ക് ഒമാൻ ഗവൺമെന്റ് യാതൊരു പ്രധാന്യവും നൽകുന്നില്ല എന്നതാണ് വാസ്തവം… ഞങ്ങൾ കടന്നു വന്ന വഴിയിലെവിടെയും സ്ഥലപ്പേരുകൾ ചൂണ്ടിക്കാണിക്കുന്ന വഴികാട്ടികളോ, അടയാളങ്ങളോ ഉണ്ടായിരുന്നില്ല. സംരക്ഷിത വന മേഖല ഒഴിച്ച്. ആൻറി ഗ്രാവിറ്റി പോയിന്റിന് ആ ഗതി കേട് ഉണ്ടാവില്ലെന്ന് ഞാൻ വെറുതെ വിശ്വസിച്ചു. മിർബാത്ത് റോക്ക് ബീച്ചിലേക്ക് പോവുന്ന വഴിയ്ക്കിടയിലാണ് ഈ പോയിന്റ് എന്ന് മീന ഓർമ്മിച്ചു.
മരുഭൂമിയിൽ ഇടക്കിടെ കാണുന്ന ചില ഒറ്റമരങ്ങളെക്കുറിച്ച് മുന്നേ തന്നെ പറഞ്ഞിരുന്നല്ലോ ! ഏകാകിയായി അതിങ്ങനെ ഒറ്റത്തണ്ടിൽ ശാഖ വിരിച്ച് നിൽക്കും. അങ്ങിനെയൊരു മരം വഴിയരികിൽ കണ്ടപ്പോൾ വണ്ടി സ്ലോ ചെയ്യാൻ പറഞ്ഞു ഉണ്ണി. അവിടെ റോഡ് സമനിരപ്പിൽ നിന്ന് ഉയർന്ന് ഒരു താഴ്ചയിലേക്ക് പോവുകയാണ്. അവിടെ വെച്ച് ന്യൂട്രലിലിട്ട വണ്ടി സ്വയം മുകളിലോട്ട് പോവുന്ന അത്ഭുതം ഞങ്ങൾ അനുഭവിച്ചറിഞ്ഞു. സലാലയുടെ ഈ ഭൂപ്രദേശത്തുള്ള ഇത്തിരി സ്ഥലത്തിനോട് ഭൂമിക്കടിയിലെ കാന്തിക മേഖല പിണങ്ങിയതെന്തുകൊണ്ടാവുമെന്നോർത്ത് ഞങ്ങൾ യാത്ര തുടർന്നു.
ഞാൻ ഒന്നുകൂടി തിരിഞ്ഞു നോക്കി, ആന്റി ഗ്രാവിറ്റി അടയാളപ്പെടുത്തിയ ഏത് വഴികാട്ടിയാണ് മിസ്സ് ചെയ്തത് എന്ന ആകാംക്ഷയോടെ! ഉണ്ണി പണ്ടൊരിക്കൽ വന്നപ്പോൾ അടയാളം വെച്ചതായിരുന്നത്രെ ആ ഒറ്റമരം. ഗവൺമെന്റ് ഒരു ചൂണ്ടുപലക പോലും അവിടെ സ്ഥാപിച്ചിരുന്നില്ല. സ്ഥലം അറിയുന്ന ആൾ കൂടെയില്ലായിരുന്നെങ്കിൽ ഞങ്ങളത് തിരിച്ചറിയുക പോലുമില്ലായിരുന്നു.
ഇവിടം മുതൽ ബീച്ചിന്റെ കാഴ്ചകൾ തുടങ്ങി. എട്ടു വരിപ്പാതകളും ആധുനിക സിഗ്നലുകളും നഗരത്തിലെത്തിയെന്ന സൂചനകൾ തന്നു. മൊബൈലുകളിൽ മെസേജുകൾ വന്നു തുടങ്ങി.
ഞങ്ങൾ ഇറങ്ങി വന്ന ഡോഫാർ മലനിരകൾ ഒരു വശത്തങ്ങനെ നീണ്ടു പരന്നു കിടക്കുന്നുണ്ടായിരുന്നു, നിസ്സംഗരായി കടൽക്കാഴ്ച്ചകളിലേക്ക് കണ്ണും നട്ട് …. മനോഹരമായ ബീച്ച് റോഡിലൂടെയുള്ള ഡ്രൈവ് ഞങ്ങൾ ശരിക്കും ആസ്വദിച്ചു. പ്രത്യേകിച്ച് രാവിലെ മുതലുള്ള മരുഭൂമിയിലുള്ള ഓട്ടത്തിനു ശേഷമായതിനാൽ ….
മിർബാത്ത് റോക്ക് ബീച്ച് വിശേഷങ്ങളുമായി അടുത്ത ആഴ്ച വീണ്ടും കാണാം ..