ഓർമ്മകളെ പങ്കു വയ്ക്കുക എന്നതിനോളം മധുരതരമായ മറ്റൊന്നുമില്ല വായനകളെ മനോഹരമാക്കാൻ! ആ ഓർമ്മകൾ, ജീവിതത്തിലോ ശൈലിയിലോ ചര്യകളിലോ ചിന്താഗതികളിലോ ഒക്കെ മാറ്റം നല്കുന്നവയാണെങ്കിൽ തീർച്ചയായും അത് കാലത്തിന് മുതൽക്കൂട്ടാണ്. ഇത്തരം ഓർമ്മകളെ പച്ചയായി അവതരിപ്പിക്കപ്പെടുന്നതാണ് കാലനീതി. ആത്മകഥകളും ഇതേപോലെ തന്നെയാണ്. കുട്ടിക്കാലത്തെ നേർവഴികളിൽ, നന്മകളിൽ കൂടി സഞ്ചരിക്കാൻ പ്രേരിപ്പിക്കുന്ന സഹായിക്കുന്ന പുസ്തകങ്ങൾ ഒക്കെയും ഒരു കാലത്ത് പഞ്ചതന്ത്ര കഥകളും നീതിസാരകഥകളും ഇതിഹാസങ്ങളും ഒക്കെയായിരുന്നു. പിന്നെയവ മഹാന്മാരുടെ ജീവിതകഥകൾ ആയി മാറി. ഈ ജീവിത കഥകളിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ് ഇന്ത്യയുടെ രാഷ്ട്രപിതാവായി കണക്കാക്കുന്ന മഹാത്മാഗാന്ധിയുടെ എൻ്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ. ഈ പുസ്തകം മുഴുവൻ വായിക്കുന്നതുവരെയും ഇതിനെക്കുറിച്ച് വലിയ പ്രതീക്ഷകൾ ആയിരുന്നു. പക്ഷേ കുട്ടിക്കാലത്ത് പാഠപുസ്തകത്തിൽ വായിച്ച ചെറു ശകലമൊഴിച്ചു ബാക്കി മുഴുവനും മുതിർന്ന ശേഷമാണ് അതും സമീപകാലത്താണ് വായിക്കാനായത്. അത് നന്നായി എന്നും തോന്നി. ഒരു കുട്ടിയെ നന്മ പഠിപ്പിക്കാൻ ഉതകുന്ന ഒന്നും തന്നെ അതിലുണ്ടായിരുന്നില്ല. പറഞ്ഞു വന്നത് ഓർമ്മകൾ എഴുതിപ്പിടിപ്പിക്കുന്നതിലെ സത്യസന്ധതയും അവ നല്കുന്ന ഊർജ്ജവും ആണല്ലോ. ആ രീതിയിൽ മൺമറഞ്ഞ രാഷ്ട്രപതി അബ്ദുൾ കലാമിൻ്റെ പുസ്തകം ഒക്കെ പിന്നെയും ഒരു നല്ല ഗൈഡായി കാണാം എന്നു കരുതുന്നു.
“കപാലം” എന്നത് കേരള പോലീസിലെ പ്രശസ്തനായ സർജൻ ഡോ. ബി. ഉമാദത്തൻ തൻ്റെ സർവ്വീസ് കാലത്തെ അനുഭവങ്ങളെ എഴുതിപ്പിടിപ്പിച്ചവയാണ്. അദ്ദേഹം തൻ്റെ ആദ്യപുസ്തകമായ “ഒരു പോലീസ് സർജൻ്റെ ഓർമ്മക്കുറിപ്പുകൾ ” എന്നതിൻ്റെ തുടർച്ചയായാണ് ഈ പുസ്തകം ഇറക്കിയത്. ആദ്യ പുസ്തകം ഒരു ഗൗരവതരമായ വായനയാണ് നല്കിയിരുന്നതെങ്കിലും അതിൻ്റെ ഭാഷ വായനക്കാരോട് ഒരു മയമുള്ള രീതിയിൽ അല്ല സംവദിച്ചത് എന്ന അദ്ദേഹത്തിൻ്റെ തന്നെ കണ്ടു പിടിത്തത്തിൽ നിന്നാണ് രണ്ടാമത്തെ പുസ്തകം ഒരു നോവലിൻ്റെ രീതിയിൽ എഴുതാൻ ശ്രമിച്ചത് എന്ന് കാണാം. അങ്ങനെ എഴുതുമ്പോൾ സ്വഭാവികമായും അതിനെ വായിക്കുന്നവർക്ക് മുഷിവ് തോന്നുകയില്ലല്ലോ. ഒരു പോലീസ് സർജനും പോലീസ് ഓഫീസറും ചേർന്ന് വളരെ ശാസ്ത്രീയമായ രീതിയിൽ കുറച്ചു അസ്വഭാവികമായ മരണങ്ങളെ കൊലപാതകമോ സാധാരണ മരണമോ എന്ന യാഥാർത്ഥ്യം കണ്ടെത്തി വെളിപ്പെടുത്തുന്നതാണ് ഇതിവൃത്തം. ഈ പുസ്തകം ഒരു വിധത്തിൽ പോലീസുകാർക്കും, കുറ്റാന്വേഷണ വിദഗ്ധർക്കും അതുപോലെ അന്വേഷണാത്മക പത്രപ്രവർത്തനം നടത്തുന്ന ( പൈങ്കിളി തേടുന്നവർക്കല്ല) വർക്കും ഏറെ ഉപകാരപ്പെടുന്ന ഒന്നാണ്. ഒരു നെഗറ്റീവ് ചിന്ത പറയുകയാണെങ്കിൽ കൊല ചെയ്യാൻ പ്ലാനിടുന്നവർക്കും ഇതു പകാരം തന്നെയാണ്.
കൊലപാതകങ്ങൾ ചെയ്യുന്നവർ എല്ലായ്പ്പോഴും എന്തെങ്കിലും ഒരു അടയാളം അവശേഷിപ്പിച്ചു പോകും. വിദഗ്ധനായ ഒരു അന്വേഷകന് ഇത് കണ്ടെത്താൻ കഴിയുമ്പോൾ കുറ്റവാളി പിടിക്കപ്പെടുന്നു. ഒരു മൃതശരീരത്തെ എങ്ങനെയൊക്കെയാണ് ശാസ്ത്രീയ രീതിയിൽ പരിശോധിക്കുന്നതെന്നുള്ള വിവരങ്ങൾ വിശദമായി പറയുന്നതിലൂടെ ഈ പുസ്തകം ഒരു പഠന ഗ്രന്ഥമായി മാറുകയാണ്.
ഭാഷകൊണ്ടും പ്രയോഗങ്ങൾ കൊണ്ടും വായനയെ മുഷിപ്പിച്ചില്ല എങ്കിലും ഇതിൽ പലയിടത്തും സമീപകാല നോവലിസ്റ്റുകൾ അനുവർത്തിക്കുന്ന ‘ഞാൻ’ എന്ന പൊലിമ നിറയെ കാണാമായിരുന്നു. ഒരു വിദഗ്ധ എഴുത്തുകാരനല്ലാത്തതിലെ കുഴപ്പങ്ങൾ ഒഴിച്ചു നിർത്തിയാൽ ഒരു നല്ല പുസ്തകമാണ് ഇത്.
കപാലം. ഒരു പോലീസ് സർജൻ്റെ കുറ്റാന്വേഷണ യാത്രകൾ.(ഓർമ്മ)
ഡോ. ബി. ഉമാദത്തൻ
ഡി.സി.ബുക്സ് (2020)
വില: ₹ 252.00