ഏകലോചനം

അതു ഞാനറിഞ്ഞില്ലെൻ
അമ്മതൻമുഖം കാൺകെ
പെരുകും ദുഖത്താലെൻ
ഹൃദയം നുറുങ്ങുന്നു.

ജനിയ്ക്കും മുൻപേ
യച്ഛൻമരിച്ചു
പിന്നീടെന്നെ-
വളർത്താൻ വലുതാക്കാൻ –
മാത്രമായ് ജീവിച്ചവൾ!.

പുലരും മുൻപേ തോളിൽ
എന്നെയും കയറ്റിക്കൊ-
ണ്ടയൽ വീടെല്ലാമമ്മ-
വേലയ്ക്കായലഞ്ഞിടും.

അരയിൽ കീറിത്തൂങ്ങും
കൈലിയും ജാക്കറ്റുമായ്
വിശപ്പിന്നപ്പം തേടാൻ
കൂലിവേലകൾ ചെയ്‍വാൻ.

സ്കൂളിൽ ഞാനൊന്നാമനായ് –
ജയിച്ചെന്നറിഞ്ഞനാൾ
മോദമോടെന്നെക്കാണാൻ
അമ്മയെന്നടുത്തെത്തി.

കൂട്ടുകാർ കണ്ടൂ തമ്മിൽ
കേട്ടു ഞാൻ പറഞ്ഞവർ-
കിട്ടുവിന്റമ്മയ്ക്കൊറ്റ
കണ്ണത്രെ! പൊട്ടക്കണ്ണി!!

നാണത്താൽ തകർന്നു പോയ് –
അമ്മയോടൊപ്പം പിന്നെ
പോയതില്ലൊരേടത്തും
അത്രമേൽ ലജ്ജിച്ചു ഞാൻ.

ഒറ്റക്കണ്ണിതൻ മോനെ-
-ന്നാളുകൾ വിളിച്ചാലോ?
ചെല്ലപ്പേർ മാറാപ്പേരായ്
എന്നെന്നും പതിഞ്ഞീടും.

ഭയമായുള്ളം കാളുന്ന-
പകർഷതാബോധം
അതു താനല്ലോ സത്യം
വിധിയെ പഴിച്ചു ഞാൻ.

പട്ടിണി, പരിവട്ടം,
ജീവിയ്ക്കാൻ വഴിതേടി-
യലഞ്ഞും കറങ്ങിയും
നാടുകൾ താണ്ടിത്താണ്ടി..

ഇത്ര മേലുയർന്നു ഞാൻ
എങ്കിലുമിന്നേ വരെ-
കഷ്ടമെന്നമ്മയ്ക്കടു-
ത്തെത്തിയില്ലൊരിയ്ക്കലും.

ജനിയ്ക്കും കാലത്തൊറ്റ-
കണ്ണനായ് പിറന്നു നീ
നിനക്കായ്പകുത്തേകി
അമ്മയന്നൊരു നേത്രം.

അറിയാതിരിയ്ക്കുവാ-
നാരോടും പറഞ്ഞീല,
കിട്ടുവിന്നുള്ളം നോകും
അറിഞ്ഞാലെന്നോർത്തവൾ…

എത്രമേൽ മഹാപാപി
ഞാന,മ്മേയറിഞ്ഞീല-
യിപ്പൊളാണച്ചമ്മ!!,
ഞാനെന്തിനായ് ജീവിയ്ക്കണം….

ഞെട്ടലോടിന്നാ സത്യം
ആദ്യമായറിഞ്ഞു ഞാൻ
മൃത്യുവിൻ കരങ്ങളിൽ
പൂകിയെൻ മാതാവപ്പോൾ.

ഇത്രമേൽത്യാഗംചെയ്തൊ
രമ്മതൻചിതയ്ക്കടു-
ത്തിപ്പൊൾ ഞാൻ നിന്നീടുന്നു
മാപ്പിനായിരക്കുവാൻ.

ഇന്നു ഞാൻ കാണുന്നതെൻ
അമ്മയാൽ ദാനം തന്ന-
കണ്ണിനാ, ലറിയുമ്പോൾ
ഇടിത്തീ കാളുന്നുള്ളിൽ..

അമ്മയാണവനിയിൽ –
കണ്ണിനാൽ കാണാകുന്ന –
ദൈവമെന്നറിഞ്ഞുഞാൻ
വൈകി,ശപ്തമെൻ ജന്മം.

കോട്ടയം ജില്ലയിലെ വൈക്കം സ്വദേശി. ആരും പറയാത്ത കഥകൾ , ഹൃദയസോപാനത്തിലെ പ്രണവ മന്ത്രങ്ങൾ, പത്മഹാരം തുടങ്ങിയ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ആനുകാലികങ്ങളിൽ കവിതകൾ എഴുതാറുണ്ടു്.