ഞാൻ / നീ

എന്റെ കണ്ണാടിയായിരുന്നു നീ.
ഈയിടെയായി
ഒന്നും പ്രതിഫലിക്കാറില്ല.
മരിച്ചത് നീയോ ഞാനോ?

ഒരു മഴത്തുള്ളിയിലൂടെയാണ്
നീ എന്നിൽ വേരൂന്നിയത്?

ഈയിടെയായി
മഴമേഘങ്ങളെയും
കാണാറില്ല.
അവ ജരാനരയിൽ
എന്തൊക്കെയോ
പിറുപിറുക്കുന്നുണ്ട്.

വേരാഴങ്ങൾ
കൂട്ടിപ്പിടിച്ച
ഈർപ്പത്തിന്റെ
മേഘശകലങ്ങൾ
അകന്നുപോകുന്നതിന്റെ
കാലൊച്ച.

ശ്വാസം പോലും
നാലു ഭിത്തിക്കുള്ളിൽ
പ്രതിധ്വനിക്കുമ്പോൾ
ശവപ്പെട്ടിക്കുള്ളിൽനിന്ന്
മത്സരിച്ച് ഊർധ്വൻ വലിക്കുന്നത്
ഞാനോ നീയോ ?

പട്ടു പോയ
ഒരു വിത്തായിരുന്നുവോ
ഞാൻ / നീ?

മലപ്പുറം ജില്ലയിലെ പൂക്കോട്ടും പാടം സ്വദേശി. ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപിക. 'ആകാശവേരുകൾ' എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആനുകാലികങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും കഥകലും കവിതകളും എഴുതുന്നു.