ജ്ഞാനപ്പഴം

ജാ ജ്വല്യ മാനം സുര വൃന്ദ വന്ദ്യം
കുമാര ധാരാ തട മന്ദിരസ്ഥം
കന്ദർപ്പ രൂപം കമനീയ ഗാത്രം
ബ്രാഹ്മണ്യ ദേവം ശരണം പ്രപദ്യേ !

ഓർമവേരുകൾക്കു ബലം വയ്ക്കും മുൻപു തന്നെ ഉരുവിട്ടു തുടങ്ങിയ മുരുകസ്തുതി , എന്റെ ചെവിയിലിപ്പോൾ മന്ത്രിക്കുന്നതാരാണെന്നു ഞാനത്ഭുതപ്പെട്ടു. കിടന്ന കിടപ്പിൽ നിന്നെണീക്കുവാനോ കൈകൾ ചലിപ്പിക്കുവാനോ പോയിട്ട് കണ്ണൊന്നു തുറക്കാൻ പോലുമാവാത്ത അവസ്ഥയിലും , പതിഞ്ഞ സ്വരത്തിലുള്ള ശ്ലോകം എന്റെ കാതുകളെ ഉത്തേജിപ്പിച്ചു കൊണ്ടിരുന്നു.

തണുപ്പും നേർമയുള്ള കിടക്കയിൽ എങ്ങനെ വന്നെത്തിയെന്നതിന്റെ അന്വേഷണാർത്ഥം , ഞാനെന്റെ ഓർമകളെ നൂലിഴ പോലെ പിരിച്ചെടുത്ത് അതിലൂടെ പിറകോട്ട് സഞ്ചരിച്ചു നോക്കി. കർപ്പൂരദീപം കത്തിച്ച് ഭഗവാനെ ഉഴിഞ്ഞിടത്തു നിന്ന് ഏകാങ്കവിളക്ക് നാഗപത്തി വിളക്ക് പർവത വിളക്ക് … അങ്ങനെ പിന്നോട്ടോടി ഒടുവിൽ , തെല്ലൊരൂക്കോടെ തീപ്പെട്ടിയുരച്ച് തട്ടുവിളക്ക് കത്തിച്ചിടത്ത് ചെന്നു നിന്നു. ദേവന്മാർ പോലും വന്ദിക്കുന്ന സുമുഖനും സുന്ദരഗാത്രനുമായ മുരുകനെ ശരണം പ്രാപിക്കുന്നുവെന്ന സ്തുതി , അപ്പോഴൊന്നും എന്റെ ചുണ്ടുകളുരുവിട്ടിരുന്നില്ല. പകരം ‘ പെണ്ണുങ്ങക്കിത്ര അഹങ്കാരം പാടില്ലല്ലോ ആണൊരുത്തനൊരു കാര്യം ചെയ്യരുതെന്നു പറഞ്ഞാൽ അതിലെന്തേലും ന്യായം ണ്ടാവും ന്ന് മൻസിലാക്കണ്ടേ. വാശി കാണിക്ക്യാച്ചാൽ കാണാല്ലോ ആരാ ജയിക്കാന്ന് ! ‘ അങ്ങനെയെന്തൊക്കെയോ പിറുപിറുക്കലുകൾ ഉള്ളിൽ കടിപിടി കൂട്ടിയിരുന്നു.

കാർത്തികയോട് പിണങ്ങിയതിന് ശേഷം എന്റെ ചിന്തകളെ ഭരിച്ചിരുന്നതു മുഴുവൻ അതിന്റെ മൂലഹേതുവായ സംഭവം തന്നെയായിരുന്നല്ലോ. പി. എസ്.സി ലിസ്റ്റിൽ കയറിക്കൂടിയതിൽ പിന്നെ എന്റെ വാക്കുകളെയൊന്നും മുഖവിലയ്ക്കെടുക്കണ്ട എന്നൊരു ഭാവം അവൾക്കുണ്ടായിട്ടുണ്ടെന്നതിൽ സംശയമൊന്നുമില്ല. മാട്ടടസതീശൻ പറഞ്ഞത് തന്നെയാണ് ശരി. അവൾക്കിപ്പോൾ നിയമന ഉത്തരവ് കിട്ടിയിരിക്കുന്ന ജോലി , പെണ്ണുങ്ങൾക്ക് പറഞ്ഞിട്ടുള്ളതേയല്ല. ‘ ” വേലായുധേട്ടനത് ആദ്യം പറയാര്ന്നില്ലേ ? കായിക പരീക്ഷേം കഴിഞ്ഞ് ജോലീക്കേറാൻ കടലാസ് വന്നപ്പഴാണോ ദൊക്കെ ആലോയ്ക്കണ്ടത്. യ്ക്കറിയണം എന്താ ഞാൻ പോയാല്ന്ന്. ” അവളുടെ അഹങ്കാരമൊന്ന് കാണണ്ടതായിരുന്നു. എനിക്ക് ജീവനുള്ളിടത്തോളം കാലം ഇതിന് സമ്മതിക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ ശേഷം തമ്മിൽ മിണ്ടിയിട്ടുമില്ല.

ഓർമനൂലിലൂടെ തിരിച്ചു വന്ന് ഇങ്ങേ അറ്റത്തെത്തി നിന്നപ്പോൾ മറ്റു ചിലതുമ്പുകൾ കൂടി വീണുകിട്ടി. ആരതിയുഴിഞ്ഞു കൊണ്ടിരുന്നപ്പോൾ ശ്വാസംമുട്ടൽ അനുഭവപ്പെട്ടു തുടങ്ങിയത് , വിളക്കോടെ പിന്നിലേക്ക് മറിഞ്ഞു വീണത് ,

‘വേലായുധമ്പ്രാന്തിരി ശ്രീകോവിലിനകത്ത് വീണൂട്ടോ അങ്ങട്ട് കയറ്യശുദ്ധാക്കാനും വയ്യാല്ലോ. അച്ചുമ്പ്രാന്തിരിയെ വിളിക്ക്യാ…’

തുടങ്ങിയ ബഹളങ്ങൾ എല്ലാം ഒന്നിനു പിറകെ ഒന്നായി ഓർമനൂലിൽ വിളക്കിച്ചേർത്തെടുത്തു. അച്ചുമ്പ്രാന്തിരി കൃഷ്ണന്റമ്പലത്തിൽ പൂജയ്ക്ക് കയറിയിരുന്നതുകൊണ്ട് പെട്ടെന്നൊന്നും അതിനുള്ളിൽ നിന്നിറങ്ങി വന്നിരിക്കാനിടയില്ല. അപ്പോൾ ഞാൻ മരിച്ചിരിക്കാനാണ് സാധ്യത. മരണശേഷവും മനുഷ്യനിങ്ങനെ ഓർമവലയ്ക്കുള്ളിൽ കുരുങ്ങി അന്തമില്ലാതെ നട്ടംതിരിയുമോ ? രണ്ടിലൊന്നറിയണമെന്ന നിർബന്ധബുദ്ധിയോടെ കണ്ണുകൾ ബലപ്പെട്ടു തുറന്നപ്പോൾ , നേർത്ത മഞ്ഞുകണങ്ങൾ മുന്നിലൂടെ ഒഴുകി നീങ്ങുന്നതായി തോന്നി. നെറ്റിയിൽ മൂന്നുവര ഭസ്മക്കുറിയും ഇടം കൈയിൽ ശൂലവും ചുണ്ടിലിളം പുഞ്ചിരിയുമായി എന്നെ ഉറ്റു നോക്കിക്കൊണ്ട് കിടക്കയുടെയറ്റത്ത് ഒരാളിരിക്കുന്നു. അതു മുരുകനാണെന്ന് തിരിച്ചറിഞ്ഞതും ചാടിയെണീക്കാനൊരു ശ്രമം നടത്തി പരാജയപ്പെട്ട് നിസ്സഹായതയുടെ പച്ചപ്പുതപ്പണിഞ്ഞ് ഞാനങ്ങനെ കിടന്നു. ഞാൻ മരിച്ചു കഴിഞ്ഞെന്നും ഇത്രനാളും സേവിച്ച പാദങ്ങൾക്കരികിലെത്തപ്പെട്ടുവെന്നും എനിക്കു തോന്നി. പക്ഷേ , തണുപ്പു തങ്ങി നിൽക്കുന്ന മുറിയും യന്ത്രങ്ങളിൽ നിന്ന് പുറപ്പെടുന്ന നേർത്ത ശബ്ദവും എന്നെയൊന്ന് നോക്കിയ ശേഷം പേഷ്യന്റിന് ബോധം വീണിട്ടില്ലെന്ന് മന്ത്രിച്ച് തിരിഞ്ഞു നടന്ന നഴ്സും ഒന്നും പരലോകത്തുണ്ടാകാൻ സാധ്യതയില്ലല്ലോ !
” വേലായുധാ… ” തന്റെ അതേ പേരുള്ള മറ്റൊരാളെ പേരു ചൊല്ലി വിളിക്കുമ്പോഴുണ്ടാകുന്ന ജാള്യത മുരുകന്റെ മുഖത്തു തെളിഞ്ഞു.

” ഞാൻ നിന്നോടൊരു കാര്യം … ” മുരുകൻ സംസാരിച്ച് തുടങ്ങിയ നിമിഷം പുറത്തെ വാതിലിനു നടുവിലെ സുതാര്യമായ ഭാഗത്ത് കർട്ടൻ നീങ്ങി മാറി കാർത്തികയുടെ മുഖം തെളിഞ്ഞു. കരഞ്ഞു കലങ്ങിയ കണ്ണുകളോടെ എന്നെ ഏറെ നേരം നോക്കി നിന്ന ശേഷം കവിളു തുടച്ചു നടന്നു പോയ പ്രിയപ്പെട്ടവളെ ഒരിക്കൽ കൂടി കാണാനെനിക്കു കൊതി തോന്നി. പിണക്കമൊന്നും ആ മുഖത്തിപ്പോൾ കാണാനേയില്ല.
” പാവം ! “
” ആര് ? “
” കാർത്തിക “
ചിന്തകളിലേക്കൂളിയിട്ട് കണ്ണുമടച്ച് കിടക്കുമ്പോൾ മുരുകന്റെ ചോദ്യമെന്നെ അസ്വസ്ഥനാക്കി.
” ഇത്രേം എതിർക്കാൻ മാത്രം ആ ജോലിക്കെന്തായിരുന്നു വേലായുധാ കുഴപ്പം. അവള് കൊറേ കഷ്ടപ്പെട്ട് കിട്ടീതല്ലേ ? ഷഷ്ഠീം നോറ്റിരുന്നില്ലേ ? “
ഷഷ്ഠി നോറ്റോണ്ടാണോ അവള് പരീക്ഷ പാസായതെന്നൊരു സംശയം സ്വാഭാവികമായും എനിക്കുണ്ടാവണമല്ലോ. അവള് കുത്തിയിരുന്നു പഠിച്ചതും നീ കണ്ടില്ലാരുന്നോ എന്നൊരു മറുചോദ്യമായിരുന്നു ഉത്തരം. താൻ പാതി ദൈവം പാതി എന്ന ചൊല്ലിനെക്കുറിച്ചു പറഞ്ഞപ്പോൾ അതിനെക്കുറിച്ച് മനുഷ്യർക്ക് മാത്രേ അറിവുള്ളൂ എന്ന് തിരിച്ചടി. പെണ്ണുങ്ങൾ ജോലിക്കു പോയാലുണ്ടാകാവുന്ന പ്രയാസങ്ങൾ നിരത്തലിലായി പിന്നീടെന്റെ ശ്രദ്ധ.
” പെട്രോൾ പമ്പിലൊക്കെ ജോലിക്കു നിക്കണ പെണ്ണ്ങ്ങടെ കഷ്ടപ്പാടൊന്ന് കാണണം. ആണുങ്ങള് പറയ്ണ വൃത്തികേട് മുഴ്വോൻ കേട്ട് തിരിച്ചൊന്നും പറയാമ്പോലും പറ്റാണ്ടെ. ഹോ ! “
” ആഹാ , എന്നാലാ കഷ്ടപ്പാടൊന്നു കാണണല്ലോ. “
മുരുകനെണീറ്റ് കഴിഞ്ഞു. എഴുന്നേൽക്കാനാവുന്നില്ലല്ലോയെന്ന വിഷമത്തിലായി ഞാൻ. മുരുകനെന്റെ കൈ പിടിച്ചു. ചെറുചൂടും മാർദവവുമുള്ള കൈപത്തിയിൽ പിടിച്ച് ഞാനെണീറ്റപ്പോഴും എന്റെ ശരീരം ചലനമറ്റ് കിടക്കയിൽ തന്നെ കിടന്നു.

ഐ.സി.യുവിന് മുന്നിൽ കരഞ്ഞു തളർന്നിരിക്കുന്ന കാർത്തിയെ അടുത്തു ചെന്നൊന്നാശ്വസിപ്പിക്കാൻ എനിക്കു വല്ലാത്ത കൊതി തോന്നി. അവിടവിടെ അലഞ്ഞു തിരിയുന്നവന്മാരുടെയൊക്കെ നോട്ടം അവളിൽ തന്നെയാണെന്നു കണ്ട് ചങ്ക് കാളി.മാട്ടടസതീശന്റെ വഷള് ചിരി അതിനുള്ളിലിരുന്ന് പഴുത്തു.

” ഈ വനിതാ കോൺസ്റ്റബിളെന്നു പറയുമ്പോയ്യ് വിചാരിക്ക്ണ പവറൊന്നൂല്ല വേലായുധാ. മ്മള് കൂട്ട്കാരായോണ്ട് പറഞ്ഞ് തരണതാ.യ്യ് കേക്ക്. അലമ്പ്ണ്ടാക്കണ പെണ്ണ്ങ്ങളെ പിടിച്ചു വലിച്ച് ജീപ്പീക്കേറ്റാനേ ഇത്ങ്ങളെ ആവശ്യള്ളൂ. ഏമാന്മാരുടെ താളത്തിനൊത്തു തുള്ളിയാൽ വല്യ പരിക്കൊന്നുല്ലാണ്ട് ‘ തട്ടീം മുട്ടീം ‘ പോവാം. അല്ലേൽ വല്ല്യ പാടാട്ടോ. ത്തിരി ചന്തള്ളോരാച്ചാൽ പറയും വേണ്ട. “
ഇല്ല , എനിക്ക് ജീവനുള്ളിടത്തോളം…

മുരുകനെന്നെ കാത്ത് ആശുപത്രി മുറ്റത്ത് നിൽക്കുന്നു. അരികു ചാരി നിൽക്കുന്ന പക്ഷിയെ കണ്ട് ഞാൻ വാ പൊളിച്ചു.
” അയ്യേ ! ഇതെന്താ പെൺമയിൽ ? “
” പെൺമയിലെന്താ മയിലല്ലേ ? ”
ആണുങ്ങളേക്കാൾ ചുറുചുറുക്കുണ്ടെന്ന കാരണം പറഞ്ഞ് വാഹനതസ്തികയിൽ പെൺമയിലുകളെ മാത്രം നിയമിക്കുന്ന നടപടിയോട് എനിക്ക് യോജിക്കാനായില്ല. മയിലെന്ന് പറയുമ്പോൾ നമ്മടെ മനസ്സിൽ തെളിയുന്ന ചിത്രമെന്താ ? ഭംഗിയുള്ള പീലിയൊക്കെ നിവർത്തിയിങ്ങനെ നൃത്തം ചെയ്ത് … ഇതൊരു മാതിരി വലിയ കോഴിയെപ്പോലെ കാക്കി നിറത്തിൽ തൂവലും കുടഞ്ഞ് !
” പെണ്ണുങ്ങളെ വശീകരിക്കാനുള്ള കാബറേയാണ് മോനേ നീയീ പറയുന്ന ഡാൻസ് ! അതിലൊന്നും വല്യ കാര്യല്ല്യ. നീ വന്നെന്റെ മുന്നിലിരിക്ക്. “
” ഈ മയിലിനൊരുപാട് ദൂരൊന്നും പറക്കാമ്പറ്റില്ലല്ലോ.”
ഞാനെന്റെ ഉള്ളിലെ അരുചി സംശയ രൂപത്തിൽ പുറത്തുവിട്ടു.
” എടോ ദൈവത്തിന്റെ വാഹനമാകുന്നതോടെ അസാധാരണമായ ചില കഴിവുകൾ ഇവറ്റയ്ക്ക് വന്നു ചേരുന്നു. അങ്ങനെ വിശ്വസിച്ചാപ്പോരേ ? ”
മതി , അതാണല്ലോ എളുപ്പവും.

ഞങ്ങൾ പറന്നിറങ്ങുമ്പോൾ പെട്രോൾപമ്പിൽ വാഹനങ്ങളുടെ ക്യൂ ! കാണാനൊട്ടും ചന്തമില്ലാത്തൊരു പെൺകുട്ടി പൈപ്പും പിടിച്ചൊരു ബൈക്കിനടുത്ത് നിൽക്കുന്നു. ‘ ഇറുക്കിപ്പിടിച്ചില്ലേൽ പുറത്തു പോവും മോളേ ‘ എന്നു പറഞ്ഞ് ബൈക്കിലിരുന്നവൻ പെണ്ണിന്റെ ചന്തിക്കിട്ടൊന്നു തോണ്ടിയതും അവൾ തിരിഞ്ഞു നിന്നവന്റെ കരണം നോക്കിയൊന്നു പൊട്ടിച്ചതും ഒപ്പം കഴിഞ്ഞു. തലങ്ങും വെലങ്ങുമൊന്നു തല വെട്ടിച്ചു നോക്കിയ ശേഷം , പ്രകാശത്തെ തോല്പിച്ചു കളഞ്ഞേക്കാവുന്ന വേഗതയിൽ ചീറിപ്പാഞ്ഞവനങ്ങു പോയി.
” സീസീടീവീം ത്രേം ആൾക്കാരുമൊക്കെ ഇവിടുള്ളോണ്ടാ. ഒറ്റയ്ക്ക് കിട്ട്യാ അവനിവളെ …”
പിന്നേ.. ഒലത്തും ! എന്നൊരു ഭാവം മയിൽപെണ്ണിന്റെ മുഖത്തുണ്ടോ?
” ഇനിയെവിടേലും പോവാനുണ്ടോ വേലായുധാ ? “
ഉത്തരം പറയാതെ തലയും താഴ്ത്തി നിന്ന എന്റെ കരണം കുറേശ്ശെ പുകഞ്ഞു തുടങ്ങി.
പെട്ടെന്നൊരോർമയിൽ മുരുകനെനിക്ക് നേരെ തിരിഞ്ഞു
” വേലായുധാ … ഞാൻ നിന്നെ കാണാൻ വന്നത് മറ്റൊരു കാര്യം പറയാനാ. നിന്റെ സംസാരോം കേട്ട് നിന്ന് അതങ്ങ് വിട്ടുപോയി ”

ദൈവങ്ങൾക്ക് എല്ലായ്പ്പോഴും സംഭവിക്കുന്ന അബദ്ധമാണത്രേ ഇത്. ഭക്തരുടെ തീരാത്ത ആവലാതികൾ കേട്ട് മനസ്സിടറി അവരോട് സംവദിക്കാനുള്ളത് മറന്നു പോകൽ ! കാര്യസാധ്യത്തിനു വേണ്ടിയല്ലാതെ ഇത്തിരി നേരം ആരെങ്കിലും തന്റെ മുന്നിലൊന്നു വന്നു നിന്നെങ്കിലെന്ന് മുരുകൻ ആഗ്രഹിച്ചിട്ടുണ്ട് പോലും !
” ശ്രോതാവ് മാത്രമായിട്ടിരിക്കുന്നതിന്റെ വിരസത അറിയണെങ്കി നീ എന്റെ സ്ഥാനത്തൊന്നിരുന്നു നോക്കണം ഭക്താ ! ”
വൈകുന്നേരം അരിയും പച്ചക്കറിയും വാങ്ങിക്കാൻ കാശില്ലാത്തതിന്റെ വേദനയറിയണമെങ്കിൽ മുരുകൻ എന്റെ സ്ഥാനത്തും ഇരുന്നു നോക്കണം. പ്രയാസങ്ങൾ എല്ലാവർക്കുമുണ്ട്. അതവനവൻ തന്നെ പരിഹരിച്ചേ പറ്റൂ.
” ഇനീം മറക്കണേന് മുന്നേ എന്നോട് പറയാൻള്ള കാര്യങ്ങട്ട് പറഞ്ഞോളൂ.”
ഞാനെന്റെ അക്ഷമ മറച്ചുവെച്ചില്ല.
” നീ മരിക്കാനുണ്ടായ കാരണമറിയണ്ടേ വേലായുധാ ..?”
” മരിക്കാനുണ്ടായ കാരണോ ? അപ്പോ ഞാൻ മരിച്ചോ ? “
” അല്ല , രണ്ടിനുമിടയ്ക്കു നിക്കുമ്പോ അങ്ങടും ഇങ്ങടും ആവാലോ ! ഈ അവസ്ഥേലാവാനുള്ള കാരണമറിയോന്നാ ഉദ്ദേശിച്ചേ. ”
” കൊറേക്കാലായിട്ട് അസ്ത്മയുള്ളതാ. ഇപ്പോ മരുന്നൊന്നും കഴിക്കാറില്ല. അതിത്തിരി കൂടീണ്ടാവും അത്രേ ള്ളൂ. ”
” ഉവ്വോ ! ഈ അസ്ത്മ എന്ന് തൊടങ്ങീന്ന് വല്ല നിശ്ചയോണ്ടോ ? ചെമ്പന്തറ മുരുകക്ഷേത്രത്തില് ശാന്തിപ്പണി തൊടങ്ങ്യേപ്പിന്നെ. അല്ലേ ? ”
” അതെ ! “
ഒരു ക്രൈം ത്രില്ലറിന്റെ ക്ലൈമാക്സിലേക്കുള്ള തിരിവിലാണിപ്പോൾ ഞങ്ങളെന്നു തോന്നി. ദീപാരാധനയ്ക്കു ശേഷം പതിവായി തലചുറ്റൽ വരാറുള്ളത് മുരുകൻ സൂചിപ്പിച്ചപ്പോഴാണ് ഞാനോർത്തത്.
” ഇനീം നിന്നെ ആകാംക്ഷേല് നിർത്തണില്ല. കാര്യങ്ങട്ട് പറയാം. ക്ഷേത്രത്തില് ആരതിയുഴിയാനെടുക്കണ കർപ്പൂരത്തില് മായം ണ്ട്. “
” കർപ്പൂരത്തിലും മായോ ! “
” വെലകുറഞ്ഞ ഉപ്പുപൊടീല് വരെ മായല്ലേ ! സോഡിയം സിലിക്കേറ്റും ചോക്കുപൊടീം ചേർത്ത് ഉപ്പുപായ്ക്കറ്റ് വിൽക്കണോര് കർപ്പൂരത്തെ വെറുതെ വിട്വോ ? “
” ഇത്രേം വിവരൊക്കെ മുരുകനെവിടുന്നാ ?
“ഇതൊന്നുമറിയാത്തവനെ നിങ്ങൾ ജ്ഞാനപ്പഴം എന്ന് വിളിക്കില്ലല്ലോ ! “
” വേദോപനിഷത്തിലും ജ്യോതിഷത്തിലുമുള്ള പാണ്ഡിത്യം കാരണല്ലേ അങ്ങനെ വിളിക്കണേ ? “
” നൂറ്റാണ്ടുകൾക്കു മുൻപെഴുതി വെച്ചതുമാത്രം പഠിച്ച് അതിനു മേൽ അടയിരിക്കുന്നവൻ എങ്ങനെ പണ്ഡിതനാകും ഭക്താ ? “
എനിക്കുത്തരമുണ്ടായില്ല.
” അതുപോട്ടെ , നമുക്ക് കാര്യത്തിലേക്ക് കടക്കാം. കർപ്പൂരം കത്തിത്തീരുമ്പോൾ വിളക്കിൽ അസ്വാഭാവികമായ ചില അവശിഷ്ടങ്ങൾ നിന്റെ ശ്രദ്ധയിൽ പെട്ടില്ലല്ലേ ? “
കത്തുന്നതിനെക്കുറിച്ചല്ലാതെ ശേഷിപ്പുകളെക്കുറിച്ച് ആര് ചിന്തിക്കുന്നു ! പൂർണമായും കത്തിത്തീരുന്ന കർപ്പൂരം പോലെ , ക്ഷേത്രദർശനം നടത്തുന്ന ഭക്തരുടെ ഉള്ളും ദുഷ്ചിന്തകളില്ലാതെ പരിശുദ്ധമാകുന്നു എന്നതാണ് വിശ്വാസം. ആ കർപ്പൂരത്തിനാണിപ്പോൾ ഈ ഗതി വന്നിരിക്കുന്നത്.
” ഞാൻ മാത്രമല്ലല്ലോ മുരുകാ ഇത് ശ്വസിക്കുന്നത്. ക്ഷേത്രത്തില് വര്ണോരെല്ലാം … “
എന്നെ പൂർത്തിയാക്കാൻ സമ്മതിക്കാതെ മുരുകനിടയ്ക്ക് കയറി.
” പുകവലിക്കണോർക്കു മുഴുവനെന്താ കാൻസറ് വരാത്തേന്ന് ചോദിക്കണ പോലായി പ്പോ ദ്. രക്തത്തിൽ അളവിൽ കൂടുതൽ കാർബൺ ഡൈ ഓക്സൈഡുമായി എത്ര പേർ ആശുപത്രീലാവുന്നുണ്ടെന്ന് ആരറിയുന്നു ? “
” ഇനീം ആ കർപ്പൂരം തന്നെയല്ലേ അവിടെ കത്തിക്ക്യാ ? “
” അതെ. “
” അതു മാത്രല്ല പ്രശ്നം , ചെമ്പന്തറ കോലോക്കാരാ അമ്പലത്തിന്റെ നടത്തിപ്പൊക്കെ. പൂജാസാധനങ്ങളും അവര് പറയണോടത്ത്ന്നേ വാങ്ങാൻ പറ്റൂ. ആരാപ്പോ അവരോട് ചെന്നിദ് പറയ്യാ ? എന്താ ചെയ്യാ മുരുകാ ? “
” എല്ലാ തോന്നിവാസോം കാട്ടിവെച്ചിട്ട് പരിഹാരം കാണാൻ ദൈവത്തിനോട് പറയണത് മര്യാദയാണോ വേലായുധാ ? “
ഒന്നും ചെയ്യാനാവില്ലെങ്കിൽ പിന്നെ എന്നോടിക്കഥയൊക്കെ പറഞ്ഞതിന്റെ ഉദ്ദേശ്യമെന്താണാവോ ? നാക്കിന്റെ ചൊറിച്ചിൽ പണിപ്പെട്ടൊതുക്കി.
” മനസ്സിൽ ലവലേശം സംശയമില്ലാതെ എന്നെ ആരാധിക്കുന്ന ഒരാളുണ്ടെങ്കിൽ അയാൾക്ക് സ്വപ്നദർശനം നൽകി കാര്യമറിയിക്കാൻ എനിക്കു കഴിയും. അങ്ങനെയൊരാൾ … “
” കാർത്തികയുണ്ടല്ലോ. അവൾക്കങ്ങയെ പരിപൂർണ വിശ്വാസാ.”
പ്രത്യേകിച്ചൊരു പ്രാധാന്യവുമില്ലാത്ത ഒരു പെണ്ണുപറഞ്ഞാൽ ആരും കാര്യമാക്കില്ലെന്നാണ് മുരുകന്റെ വാദം. ഭർത്താവ് മരിച്ച ശേഷം അവൾക്കു നൊസ്സായി എന്ന് ആക്ഷേപിക്കാനും സാധ്യതയുണ്ടത്രേ. ഞാൻ മരിച്ചു എന്നാവർത്തിക്കുന്നതിൽ മുരുകനെന്തോ സന്തോഷം കണ്ടെത്തുന്നതു പോലെ. വല്ലാത്ത ക്രൂരത തന്നെ !
” രണ്ടു വഴികളുണ്ട് വേലായുധാ ..”
പറഞ്ഞ ശേഷം മുരുകൻ കണ്ണടച്ച് ധ്യാനിച്ചു. പൊടുന്നനെ എന്റെ മുന്നിലൊരു സ്ക്രീൻ പ്രത്യക്ഷപ്പെട്ട് അതിൽ കാർത്തിക ഉറഞ്ഞുതുള്ളുന്ന രംഗം തെളിഞ്ഞു.
” ഞാൻ ദേവിയാണ് ഭക്തരേ…. നിങ്ങളോടെനിക്കൊരു കാര്യം പറയാനുണ്ട്. നമ്മുടെ അമ്പലത്തിൽ കത്തിക്കുന്ന കർപ്പൂരം … “
വെളിപാട് ശ്രദ്ധിച്ച് അവൾക്കു മുന്നിൽ നാട്ടിലെ സകലമാന ജനങ്ങളുമുണ്ട്.കൺമുന്നിലെ രംഗം മാഞ്ഞുപോയിട്ടും അതു സൃഷ്ടിച്ച നടുക്കം എന്റെയുള്ളിൽ കിടന്നു പിടച്ചു.
” എങ്ങനുണ്ട് വേലായുധാ ഈ മാർഗം ? അഥവാ നീ മരിച്ചാലും അവൾക്കും കുട്ട്യോൾക്കും ആരെയും ഭയക്കാതെ ആരോടുമിരക്കാതെ സമാധാനമായിട്ട് കഴിയാം. “

ഞാനൊന്നും മിണ്ടിയില്ല. എന്റെയുള്ളിലപ്പോൾ ഏഴാം ക്ലാസിൽ വെച്ച് പഠിത്തം നിർത്തിയ കൂട്ടുകാരൻ കുട്ടൻ കണ്ണീരൊലിപ്പിച്ച് നിന്നു.
” ഞാനില്ല വേലായുധാ ഞ്ഞി സ്കൂൾക്ക്. ദൈവത്തിന്റെ മോനാന്നും പറഞ്ഞ് ആരുമെന്നെ കളിക്ക് കൂട്ട്ണില്ല. ഒരു ബെഞ്ചിൽ ഞാനൊറ്റയ്ക്കാ ഇരിക്കണേ. ന്നോടാരും മിണ്ടാൻ കൂടി വരണില്ല.”

കൂലിപ്പണിക്ക് പോയിരുന്ന ഗോപാലൻ ഒരു സുപ്രഭാതത്തിൽ വൈലത്തറമുത്തപ്പനായതും പല ആവശ്യങ്ങൾക്കായി ആളുകളാ വീട്ടിൽ കൂടാൻ തുടങ്ങിയതും വെളിപാടുകൾ സത്യമാവുന്നതും അറിഞ്ഞ് , കുട്ടന്റെ ഭാഗ്യം എന്ന് ഞാൻ അസൂയപ്പെട്ടിരുന്നു. കുട്ടൻ പിന്നീട് നാടുവിട്ടു പോയി. മൂന്നാല് വർഷങ്ങൾക്കു ശേഷം ലിവർ സിറോസിസ് പിടിപെട്ട് ഗോപാലൻ മരിച്ചതും കൂലിപ്പണിക്ക് പോലും പോകാനാവാതെ അയാളുടെ കുടുംബം കഷ്ടത്തിലായതും ഇത്തിരി ഭയപ്പാടോടെ ഞാൻ ഓർമിച്ചു.
” ഇത് വേണ്ട മുരുകാ… അടുത്ത വഴി പറയൂ. “
” നീ അടച്ചിട്ടതിനെപ്പറ്റി ഞാനെന്തു പറയാൻ ? “
മുരുകന്റെ നിഗൂഢതയൊളിപ്പിച്ച മന്ദഹാസത്തിലേക്ക് സംശയത്തോടെ നോട്ടമെറിയവേ , കാർത്തികയുടെ നിയമന ഉത്തരവും അതിലെഴുതിയ അക്കങ്ങളും എന്റെ മനസ്സിൽ തെളിഞ്ഞു.
” ഇല്ല മുരുകാ …. ആ വഴി അടഞ്ഞിട്ടില്ല. “

വളരെ ഉയരത്തിൽ നിന്നും അഗാധതയിലേക്ക് പതിക്കുന്നതായാണ് എനിക്കപ്പോൾ തോന്നിയത്. പുറമടിച്ച് ഞാനെവിടെയാണ് വീണത് ?
” ഇയാൾക്ക് ബോധം തെളിഞ്ഞു ട്ടോ.”
മുരുകനാണോ ഡ്യൂട്ടി നഴ്സാണോ അതു പറഞ്ഞതെന്ന് വ്യക്തമാകും മുൻപേ എന്റെ കണ്ണുകൾ തുറന്നു കഴിഞ്ഞു.


ജ്ഞാനപ്പഴം – അറിവിന്റെ മൂർത്തി എന്ന അർത്ഥത്തിൽ മുരുകനെ വിശേഷിപ്പിക്കുന്ന പദം

മലപ്പുറം സ്വദേശി. എഴുത്തുകാരി കൂടിയായ അധ്യാപിക. ആനുകാലികങ്ങളിൽ കഥകളെഴുതാറുണ്ട്. ഒലീവ് റിഡ്ലി എന്ന പേരിൽ ഒരു കഥാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്