കാജാ ബീഡി

ശബ്ദമില്ലാതെ
ചുമയ്ക്കുന്നൊരു
എഞ്ചിനീയറുണ്ടായിരുന്നു
ആരോ കരംകെട്ടുന്ന
പുറംപോക്കിലെ
കടവരാന്തയിൽ.

ജവുളിക്കടയുടെ
അടുത്തിരുന്നിട്ടും
കൊതുകൾ
അയാളെ
അർദ്ധനഗ്നനായ
പിശുക്കനെന്ന്
വിളിച്ചിരുന്നു.

തട്ടിൻപ്പുറത്തെ
ജിമ്മിലെ ചെറുപ്പക്കാർ
അയാളുടെ
സിക്സ്പാക്കു കാണുമ്പോൾ
കൊതിയോടെ
കണ്ണടയ്ക്കും.

തലപ്പാവും
സോഡാഗ്ലാസും
കൈയിലിയും
വലം കൈയ്യിലെ
കത്രികയും
പിന്നൊരു മുറവും
ആഹാ!
സെൽഫിക്ക്
അഭിമാനം……

ദൈവം അധ്വാനിക്കുന്നവൻ്റെ
വിയർപ്പുണക്കുന്നു
ആയതിനാൽ
അത്തരക്കാർ
എൻ്റെയടുത്ത് വരുവിൻ..
പ്രസംഗി അച്ചൻ
വിയർത്തുകുളിച്ച്
കാറിലേറുമ്പോൾ
അയാൾ
പുകയൂതിരസിക്കും.

ഒറ്റത്തവണയെ
ചെരിപ്പുവാങ്ങിയിട്ടുള്ളു
ഉൽപ്പാദനവും
വിപണനവും
സോഷ്യലിസ്റ്റ് ബീഡിയല്ലേ
നടത്തയില്ല
ഇരിപ്പാണ്
ആയതിനാൽ
തേയ്മാനമില്ല……

ഡയറ്റിംഗ്….
വാക്കിന് നന്ദി
വയറിലെ ചുളിവെണ്ണുന്ന
കുട്ടികൾ
തെറ്റിയാലുമിപ്പോൾ
സംശയം ചോദിക്കാറില്ല.

അപ്പുപ്പൻ്റെ
വിരലടയാളമുള്ള
ബ്രാൻ്റാണ്
ലോകത്ത്
വൈറലെന്ന്
ആർക്കെങ്കിലു
മറിയാമോ…..
ചോദ്യം മഴയത്തു
വീണു.

ഒഴുക്കിൻ്റെ
സഹായത്തോടെ
മൂന്ന് ഉറുമ്പുകൾ
ഒരു ബീഡിയിൽ
കയറി തുഴഞ്ഞു പോകുന്നു

‘പുകവലി ആരോഗ്യത്തിന്
ഹാനികരമെന്നറിയാതെ’

ചലചിത്ര ഗാനരചയിതാവ്, കവി, നാടകപ്രവർത്തകൻ, സ്വദേശം തിരുവനന്തപുരം കാട്ടാക്കട . കവിതാ സമാഹാരങ്ങൾ 'കടലുതിന്ന കാക്കകൾ', 'ഇല്ലെൻ്റ് കവിതകൾ' സെക്രട്ടറിയേറ്റ് ധനകാര്യ ഓഡിറ്റ് വിഭാഗമായ കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിലെ ഉദ്യേഗസ്ഥൻ.