മാങ്ങാപ്പഴം തിന്നുന്ന കൂട്ടുകാരിക്ക്,
ഇതിങ്ങ് കോഴിക്കോട് നിന്നാണ്.
ഓർമ്മയുടെ മഞ്ഞകേറിയ
ഏതോ പുറത്തിൽ
ഓർത്തുകൊണ്ടു മാത്രം
കണ്ടുമുട്ടുന്ന നമ്മളെക്കുറിച്ച്
ഓർമ്മിപ്പിക്കാൻ,
അവറാച്ചൻ എഴുതുന്നത്.
നിന്റെ പഠിപ്പും പഠിപ്പീരും
നല്ലതെന്നു കരുതുന്നു.
അവിടെ,
ഒപ്പമുള്ളവരൊക്കെ
ഒത്തിരി വലിപ്പത്തിലെത്താൻ
തമ്പുരാനോട് പറയുന്നു.
തല്ലിയോടിച്ചതിനെയൊക്കെ
തിരിച്ച് തരാൻ
തല്ലുകൊണ്ടവർക്കുതന്നെ തോന്നട്ടെ!
കാലമങ്ങനെ ഉരുണ്ടുനടക്കുമ്പൊ,
സ്നേഹം കൊണ്ട്
പഴുത്തും പഴുപ്പിച്ചും
നമ്മളൊക്കെ മാവിലകളാവില്ലേ ?,
അന്നേരമിത്തിരി
ഉപ്പ് വിളമ്പുവാൻ
നീ അയക്കുന്ന
ഓരോ കടലാസ്സും
ഞാനിവിടെ നെഞ്ചിലൊളിച്ചുവയ്ക്കുന്നു.
ഓർമ്മപ്പിശകിന്റെ
വൈകുന്നേരങ്ങളിൽ,
എന്നെ മാന്തിപ്പൊളിച്ചു
നിന്നെ വായിക്കുന്നു.
മേടയിലെ ഒടുവിലെത്തിരിക്കും
കാവലിരിക്കാൻ,
ചിലനേരമതെന്നോടു പറയുന്നു.
എടീ കൊച്ചേ,
നേരിന്റെ ചുരമിറങ്ങുമ്പോൾ
വിറയ്ക്കുന്ന കൈയ്യുള്ളൊരു
വയസ്സന്റെ കണ്ണീരിലൂടെ
നീ നടന്നുപോകുന്നത്
എന്റെ കണ്ണുകൾ
ഒപ്പിവയ്ക്കുന്നു.
ഓർമ്മയുടെ പിടിവള്ളി
മുറിയുന്ന നേരത്ത്
നിന്നെ ഓർത്തുകൊണ്ട് ഞാൻ
ഉയർത്തെഴുന്നേൽക്കുന്നു.
കല്ലായി** കടന്നന്നേരമൊരു കാറ്റ്
എന്റെ കവിളിലെ
വറ്റിയ പുഴയുടെ ചാലുകീറുന്നു.
അകലെയിരുന്നെങ്കിലും
ശൂന്യതയുടെ പടമുരിഞ്ഞു ഞാൻ,
പതിവുപോലെന്നെ ഇറക്കിവച്ച്
നിന്റെ പരാതികളുടെ
ഭാരമേൽക്കുന്നു.
സ്നേഹക്കൂടു പൊളിച്ച്
പുളിപ്പുള്ള മധുരങ്ങളുണ്ണുന്നു.
കയ്യകലങ്ങളിൽ
കണ്ണടച്ചിരുന്ന്
ഓർമ്മക്കമ്പിളിയുടെ
പൊടികുടഞ്ഞു പുതക്കുന്നു.
പിന്നെ നിന്നോട് പറയാൻ
മൗനത്തിന്റെ
വീഞ്ഞുകുടഞ്ഞ് വളർത്തിയ
വാക്കുകളെ കട്ടെടുക്കുന്നു.
കരുതലിൽ പൊതിഞ്ഞതിനെ
കത്തുകളെന്ന്
നീ പേരിട്ടുവിളിക്കുന്നു.
ഇവിടെ, ഒപ്പമുള്ളവരൊക്കെ
മരങ്ങളായും മനുഷ്യരായും വളരുന്നു.
മുറിവുകളിൽ സ്നേഹം വിതച്ച്
സ്നേഹത്തോട്
പൊരുതിത്തോൽക്കുന്നു.
ജീവിതം രുചിച്ച് രുചിച്ച്
മാങ്ങാപ്പഴം പോലെ
മധുരിച്ചുകൊണ്ടിനിയു-
മെഴുതാമെന്നോർത്ത്,
ഇപ്പോൾ ചുരുക്കുന്നു…
എന്ന്,
അവറാച്ചൻ.
( *ഒരു സുഹൃത്ത്. ഇന്ന് ജീവിച്ചിരിപ്പില്ല )
(**കല്ലായിപ്പുഴ)