തീരാതെ പെയ്യുന്നത്

ദൂരെ മലകളിൽ
മഴ പെയ്യുന്ന നാളുകളിലൊന്നിലും
അമ്മ തീരെയുറങ്ങാറില്ല.

ജനലടച്ചും തുറന്നും
ഇരുന്നും
പിന്നെ, മടങ്ങി കിടന്നും
വീണ്ടും ഞെട്ടിയെഴുന്നേറ്റിത്തിരി
വെള്ളം കുടിച്ചും നേരം കഴിക്കും

ദൂരെ മഴ പെയ്യുമ്പോളൊന്നും
അമ്മ ചിരിക്കാറെയില്ല.
കിഴക്കൻ മാനം
കറുത്ത് കണ്ടാൽ
അമ്മയുടെ മുഖവും
പെയ്യാൻ കനക്കും.

ആദ്യ മഴയിലെ
ആർത്തിപ്പാച്ചിലിൽ
പുഴയൊരു കാമുകനാവും
കയ്യുകൾ വീശി പിടിച്ചാ-
കരകളെ തൊട്ടു
കൊതിപ്പിച്ചു പോയിടും.

ആദ്യ മഴയിലെ
കന്നി ചുവപ്പിൽ
ഇതു വരെ കാണാത്ത
പലതുമുണ്ടാവും.

ഒരു സോപ്പ് പെട്ടി
ഒരു കുഞ്ഞു കുട്ടിക്കൂറ ടിന്ന്
തോരണം പോലെ
നിറമുള്ള കടലാസ് ചീളുകൾ
എതേതോ കരകളിൽ നിന്ന്
കൈകളിൽ കരുതി വന്നത്

കിഴക്കെതോ മലയുടെ
ചോരയോടൊപ്പം
ചിലപ്പോൾ
കടപുഴകി വീണൊരു
കൂറ്റൻ ആഞ്ഞിലി
ഞെട്ടറ്റു വീണൊരു
മുരിക്കിൻ പൂവ്
അങ്ങനെയങ്ങനെ…

പണ്ട്..,
ദൂരെ മഴ പെയ്തനാളിലത്രേ-
അച്ഛനും പോയത്.
കരയൊന്നടുക്കാതെ
ഒരു വാക്കും മിണ്ടാതെ
ദൂരെ മഴ പെയ്ത
നാളിലൊന്നിൽ.