അയാൾക്ക് പിന്നാലെ ഞാൻ നടന്നുകൊണ്ടിരുന്നു.
നടവഴിക്കപ്പുറം പഴയ ഇടിഞ്ഞു വീഴാറായ ഓടിട്ട അറയും പുരയും താണ്ടി മുന്നോട്ട് നടക്കുമ്പോൾ അയാൾ വെള്ള മുണ്ടിന്റെ അറ്റം ഒരു കയ്യിൽ ലേശം ഉയർത്തിപ്പിടിച്ചിരുന്നു. നീല ഷർട്ടും വെള്ളമുണ്ടും അയാൾക്ക് നന്നായി ചേരുന്നുണ്ടായിരുന്നു.എന്റെ ദാവണി നിലത്തിഴഞ്ഞിഴഞ്ഞു വല്ലാത്തൊരു രൂപം സൃഷ്ടിച്ചു കൊണ്ടിരുന്നു. എന്റെ പാദസ്വരം കിലുങ്ങുകയും ഒപ്പം കില് കിലെ ഞാൻ വർത്തമാനം പറയുകയും ചെയ്യുന്നുണ്ടായിരുന്നു.
“ഇത് ഒരു മുറി അതിനോട് ചേർന്ന് ഇനി മൂന്നു ചെറിയ അറകൾ കൂടിയുണ്ട്”
വെള്ളയും നീലയും കലർന്ന ഭിത്തികൾക്ക് അന്നേരമേന്തോ വല്ലാത്തൊരു ഭംഗി തോന്നി. ‘ഇത്രയുമെയുള്ളൂ’ എന്നു പറഞ്ഞു മുന്നോട്ട് നടന്നു. ആ മൂന്നു അറകളിൽ പിൻവശത്തായുള്ള ഒരെണ്ണം ഞാനും ആദ്യമായി കാണുകയായിരുന്നു.
‘കുട്ടി പോയി കാട്ടിക്കൊടുക്കു’ എന്ന് അമ്മ പറയുമ്പോൾ ‘ഇത്രയും കാലം ഇതെന്തേ നോക്കിയില്ല’ എന്ന് ഞാനും ചിന്തിച്ചു. ആകെ ഇരുണ്ടു കിടക്കുന്ന അവിടം വല്ലാത്തൊരു ഭയമാണ് എന്നിൽ ജനിപ്പിച്ചത്.
“അല്ല അതെന്താണ് ആ വാതിൽ തുറക്കാറില്ലേ??”
വടക്ക് അടഞ്ഞു കീഴ്പ്പോട്ടു കുറച്ചു ഇറങ്ങി നിലക്ക്കുന്ന വലിയ വാതിലക്കലേക്ക് കൈചൂണ്ടി അയാൾ ചോദിച്ചു.
“അവിടെ പശുത്തൊഴുവമോ മറ്റോ ആണ്” തെല്ലും ശങ്കയില്ലാതെ ഞാൻ പറഞ്ഞു.
“അങ്ങോട്ടേക്ക് ഞങ്ങളാരും പോകാറില്ല. മുത്തശ്ശി മരിച്ചേല്പിന്നെ ഈ മുറികളിലേക്ക് പോലും വരില്ല”
“എങ്കിൽ വാ നമുക്ക് നോക്കാം” അയാൾ മുന്നിൽ നടന്നു.
അയാളാണ് ഇപ്പോൾ എനിക്ക് വഴി കാട്ടുന്നത്. അതിനിടയിൽ അയാൾ ഒരു കൈകൊണ്ട് എന്റെ ഇടം കൈ പിന്നിലേക്ക് വലിച്ച്, എന്നെ പിന്തള്ളി മുന്നോട്ട് നടന്നിരുന്നു.
ഒരു നിമിഷം എവിടെയോ എന്തോ ഒരു മിന്നൽ. എന്നെ അനുസരിപ്പിക്കുവാൻ പോന്ന എന്തോ ഒരു ശക്തി അയാളിൽ ഉണ്ടോ എന്ന തോന്നൽ. അത്രയും നേരമില്ലാത്ത എന്തൊ ഒരു നാണവും ഭയവും എന്റെ മനസ്സിൽ. ഞാൻ അയാളെ പിന്തുടർന്നു, യാതൊരു ഭയവും കൂടാതെ. അയാൾ എന്നെ സ്നേഹത്തോടെ ഒരു സംരക്ഷണ വലയത്തിൽ നിർത്തുന്നുണ്ടെങ്കിലും ശ്രദ്ധ മുഴുവൻ ആ വാതിലിൽ ആണ്.
കൈകൾ പിണച്ചുവച്ചു അയാൾ ആ വാതിലിൽ ആഞ്ഞു തള്ളി. ചെറിയൊരു ഞരക്കത്തോടെ ആ വാതിൽ രണ്ടു വശത്തേക്കും പതിയെ തുറന്നു മാറി. അയാൾ എന്നെ നോക്കിപറഞ്ഞു
“വാ.. “
ഞാൻ അത്രയും അത്ഭുതത്തോടെ അവിടേക്ക് നോക്കി. നീണ്ട ഒരു ഇടനാഴി.അതിന് വലതുവശം പല മുറികളിലേക്ക് പോകുവാൻ ഒരുപാടധികം അടച്ചുകെട്ടുള്ളതും ഇല്ലാത്തതുമായ, പാതി വട്ടത്തിലും ചിലത് ചതുരത്തിലുമായ വാതിലുകൾ.
അയാളെ ഞാൻ അത്ഭുതത്തോടെ നോക്കി.
രാജഭരണകാലത്ത് മുത്തശ്ശിക്ക് രാജാവ് കെട്ടിക്കൊടുത്തത് എന്ന പേരിൽ അടഞ്ഞു കിടക്കുന്ന ആദ്യം അയാളെ കാണിച്ച ഒന്നോ രണ്ടോ മുറികൾ മാത്രമാണ് ഞങ്ങൾ കണ്ടിട്ടുള്ളത്. ആ രണ്ടുമുറിയെങ്കിൽ അത്… അത് വിൽക്കാതെ വേറെ നിവർത്തിയില്ലാതെ വന്നപ്പോളാണ് പത്രത്തിൽപരസ്യം നൽകിയത്. പഴയ കെട്ടിടങ്ങൾ ഇഷ്ടപ്പെടുന്ന ആരെങ്കിലും വന്നു വാങ്ങിയാൽ ‘കിട്ടുന്നത് എന്തോ അതാകട്ടെ’ എന്ന് അച്ഛൻ പറയുന്നത് ഓർമ്മയിൽ വച്ചിട്ടുണ്ട്. അതിനപ്പുറം മറ്റെന്തെങ്കിലും ഉണ്ടോയെന്നോ…. ഇത് എവിടെ ചെന്നു അവസാനിക്കുന്നുവെന്നോ…. നാളിതുവരെ നോക്കിയിട്ടില്ല, നോക്കാൻ തോന്നിയിട്ടില്ല. നോക്കാൻ തക്കവണ്ണം ആരും ഒപ്പം വന്നിട്ടുമില്ല.
അച്ഛൻ പോലും മറ്റെന്തെങ്കിലും ഇതിനൊപ്പം ഉണ്ടെന്ന ഒരു സംശയം പ്രകടിപ്പിച്ചു പോലും കേട്ടിട്ടില്ല.
ജീവിതത്തിന്റെ വലിയ ചില പട്ടിണികൾക്ക് മുന്പിലേക്കാണ് ഇന്ന് കടന്നുവന്ന അജ്ഞാതനായ ഈ യുവാവ് രണ്ടു വാതിലുകൾ തുറന്നു വച്ചത്.
“നോക്കു..” അയാൾ എന്തോ വിജയിച്ച ഭാവത്തിൽ എങ്കിൽ തീരെ ആവേശമില്ലാതെ താൻ തേടിയത് തിരഞ്ഞെനിക്ക് നൽകി എന്ന ചരിതാർഥ്യത്തോടെ എന്നെ നോക്കി നിന്നു.
“വാ മുൻപോട്ട് നോക്കാം.”
അയാൾക്കൊപ്പം പതിയെ ഞാൻ ആ ഇടനാഴി താണ്ടി. അതിനു വലതുവശത്തുള്ള എണ്ണിയാൽ തീരാത്ത മുറികൾ എന്നെ വിസ്മയിപ്പിച്ചു
“ഇതൊരു കൊട്ടാരമാണ്”. അയാളോട് ഞാൻ തികഞ്ഞ ആകാംഷയോടെ എന്നാൽ അതിലധികം കുട്ടിത്വത്തോടെ പറഞ്ഞു.
അയാൾ ചെറിയ ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ടു മുൻപോട്ടു നടന്നു.
“വാ നോക്കാം “. അയാൾക്ക് മറ്റെന്തൊക്കെയോ കൂടി കണ്ടെത്തുവാനുള്ള ആഗ്രഹം ഉണ്ടെന്നു തോന്നി.
ഞാൻ നടന്നു അയാൾക്ക് പിന്നാലെ. തികച്ചും അപരിചിതനായിരുന്നിട്ടും ഇതുവരെ ജീവിതത്തിൽ ഒരിക്കലും തോന്നിയിട്ടില്ലാത്ത ഒരു മനസ്സമാധാനവും സുരക്ഷിതത്വവും അയാൾക്കു പിന്നാലെയുള്ള നടത്തത്തിൽ എനിക്ക് തോന്നി.
വെളുത്ത ഭിത്തികൾ മാറി ഇരുവശവും കൊത്തുപണികളുള്ള ഒരിടനാഴി ഞങ്ങളെ ഇരുണ്ട വലിയ ഒരു അകത്തളത്തിലേക്ക് നയിച്ചു. ഇരുവശവും വലിയ കൽഭിത്തികൾ. വീണ്ടുമൊരു ഇടനാഴി. അവിടം കഴിഞ്ഞു ആ ഇടനാഴി വികസിച്ചു ഇരുവശവും കൊത്തുപണികളുള്ള നിരയായി നിൽക്കുന്ന കരിങ്കൽത്തൂണുകൾക്ക് നടുവിലെ പടവുകളിലൂടെ നീണ്ട് ഞങ്ങളെ മുൻപോട്ട് നയിച്ചു. തൂണുകൾക്ക് പിന്നിൽ ഇരുവശവും വെള്ള മണലും അതിനപ്പുറം ഇരുണ്ട വലിയ കൊത്തുപണികൾ നിറഞ്ഞ കൽക്കെട്ടും. അവിടെ ഇരുട്ടു പരത്തി. വെള്ള മണൽ നിറഞ്ഞ ഇരുവശങ്ങളിലും അവിടവിടെയായി തൂണുകളും പടവുകളുമുള്ള കൽമണ്ഡപങ്ങൾ,
ഒന്നു രണ്ടു ചെറിയ കോവിലുകൾ.
അവിടം കടന്നു മുൻപോട്ടു പോകുമ്പോൾ എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാൻ സാധിക്കുമായിരുന്നില്ല.
അയാൾ ഇതൊക്കെ അറിയാമായിരുന്നു എന്ന ഭാവത്തിൽ മുൻപോട്ട് നടന്നു. പടവുകൾ കയറി വീണ്ടും ഏതാണ്ട് 50 മീറ്റർ പോയിട്ടുണ്ടാകണം. ഇരുവശങ്ങളിലുമുള്ള തൂണുകൾ ഇപ്പോൾ ഇല്ല. പകരം
നടക്കുന്നത് കല്ലുപാകിയ നടവഴിയിലൂടെയാണ്. വീണ്ടും പടവുകൾ. പടവുകൾക്കിരുവശവും വരിവരിയായി നിരന്നു നില്ക്കുന്ന സാലഭഞ്ജികമാർ. വലിയ വാളുമായി നിൽക്കുന്ന ആൾരൂപങ്ങൾ.
പടവുകയറിചെന്നതും, മുകളിൽ കൊത്തുപണികളുള്ള ഇരുവശങ്ങളിലും ഭിത്തികൾ പാതിയാക്കി അതിൽ നിന്നും ചിത്രപ്പണിചെയ്ത കൽവിളക്കുകളുള്ള തൂണുകൾ വലിയ വലുപ്പത്തിൽ ചതുരാകൃതിയിൽ മുകളിലേക്ക് ചെന്ന് മേൽക്കൂരയിൽ മുട്ടി നിൽക്കുന്നു. ഏതാണ്ട് അര കിലോമീറ്ററോളം ഇതേ രീതിയിൽ ആ മണ്ഡപം രൂപകൽപ്പന ചെയ്തിരിക്കുന്നു..
അവിടെ തൂണുകൾക്ക് നടുവിൽ ഇരിക്കാവുന്ന തരത്തിലാണ് കൽഭിത്തികൾ ഒരുക്കിയിരിക്കുന്നത്.
“കാലു കിഴയ്ക്കുന്നു.ദാഹിക്കുന്നു”… ഒരുപാട് മുന്നിൽ നടന്ന അയാളോട് ഞാൻ പറഞ്ഞു.
യാതൊരു ക്ഷീണവുമില്ലാതെ തെല്ലു ക്ഷമയോടെ അയാൾ വലതു വശത്തെക്ക് കൈചൂണ്ടി പറഞ്ഞു.
“വാ അവിടെ ഇരിക്കാം”
അയാൾക്കൊപ്പം അങ്ങോട്ടു നടന്നു. നടുവിലേക്ക് ഇടയ്ക്കിടെ ഉന്തിനിൽക്കുന്ന തൂണോടു കൂടിയ ഇരിപ്പിടത്തിൽ കിഴക്കോട്ടു നോക്കി അയാൾ ഇരുന്നു. അയാളുടെ ഇടതു വശം ഞാനും.
ആ കാഴ്ച എന്നെ വിസ്മയിപ്പിച്ചു. അവിടെ ഇരുന്നുകൊണ്ട് വിശാലമായ മണ്ഡപത്തിന് ഇരുവശവുമുള്ള മണൽപ്പരപ്പും അതിനു നടുവിലുള്ള ചെറുമണ്ഡപങ്ങളും കാണാൻ കഴിയുന്നു. അതിനിരുവശവുമുള്ള കൽഭിത്തികൾക്ക് മുൻപിലുള്ള നടവഴി… അകത്തേക്കു ഏതൊക്കെയോ മുറികളിലേക്ക് തുറക്കുന്ന വാതിലുകൾ… ,അങ്ങനെ നോക്കി നിൽക്കെ അവിടെ വിളക്കുകൾ തെളിയുന്നതായും, അവിടെ ധാരാളം ആളുകൾ പലവിധ കാര്യങ്ങളിൽ വ്യാപൃതരായി നടക്കുന്നതും ഞാൻകണ്ടു. ചിലർ ഞങ്ങളെ നോക്കി വണങ്ങുന്നു.
അയാളുടെ കയ്യിൽ ഞാൻ ഇറുക്കി പിടിച്ചു. ഏതോ ഒരാത്മബന്ധം. ഇന്നുവരെ കാണാത്ത കാഴ്ചകൾ ..! അതും കണ്മുന്നിൽ ഒളിച്ചിരുന്നത് കാണിച്ചുതന്ന ആ മനുഷ്യൻ ഒട്ടും അന്യനായി തോന്നിയില്ല. എന്തോ വല്ലാത്തൊരു അടുപ്പം. ഏറ്റവും വേണ്ടപ്പെട്ട ഒരാൾ എന്ന തോന്നൽ. അയാൾ കൈകൾ രണ്ടും ഇരിപ്പിടത്തിൽ ശക്തമായി കുത്തി നിവർന്നു മുകളിലേക്ക് നോക്കി. ഒരു കൊച്ചു കുട്ടിയെപ്പോലെ, കൗതുകത്തോടെ അയാളുടെ ഇടം കയ്യിൽ രണ്ടു കയ്യും വട്ടമിട്ടു അള്ളിപ്പിടിച്ചു ഞാനും മുകളിലേക്ക് നോക്കി.
കൊത്തുപണികൾ…..
പ്രണയത്തെ കൊത്തിവച്ചിരിക്കുന്നു…. ആദ്യചുംബനം മുതൽ പ്രണയത്തിന്റെ വിവിധ മുഖങ്ങൾ….
ഓടക്കുഴൽ പിടിച്ച കണ്ണന്റെ തോളിൽ ചാരിയ രാധ..,
നാണത്താൽ മുഖം കുനിച്ച രാധ…
പാർവതീ പരമേശ്വരസ്വരൂപങ്ങൾ…
പാർവതീ പരമേശ്വര പ്രണയ കേളികൾ….
ഒടുവിൽ ഒരു സ്ത്രീരൂപത്തിൽ കണ്ണുകൾ ഉടക്കി. ആ സ്ത്രീയ്ക്ക് എന്റെ മുത്തശ്ശിയുടെ രൂപമായിരുന്നു, അതായത് ഇപ്പോളത്തെ ഏതാണ്ട് എന്റെ രൂപം. കാലു പിണച്ചു വച്ചു ധ്യാനത്തിലിരിക്കുന്ന ഒരുവൻറെ പാദസേവ ചെയ്യുന്ന സ്ത്രീരൂപം…!
നൃത്തം ചെയ്യുന്ന സ്ത്രീ.. വീണ വായിക്കുന്ന അയാളുടെ മുഖമുള്ള പുരുഷൻ..,
വ്യത്യസ്ത ഭാവങ്ങൾ…. പ്രണയ കേളികൾ..,
അയാൾ എന്റെ മുഖത്തേക്ക് നോക്കി. ഞാൻ കണ്ണുകളിറുക്കി ചിമ്മിത്തുറന്നു.
എന്റെ മനസ്സിൽ ഇയാൾ ആരെന്ന നൂറു ചോദ്യങ്ങൾ. പക്ഷെ അയാളുടെ അരികിൽ ലോകം മുഴുവൻ ഒന്നിച്ചു കൂടിയതുപോലെ.
ഇരുണ്ട സൂര്യപ്രകാശം മണൽത്തരികളിൽ അടിച്ചു ചിതറിത്തെറിച്ച് ഭയം പരത്തുന്ന തീർത്തും അപരിചിതമായ, നിഗൂഢമായ ഒരിടത്ത് ഒറ്റയ്ക്ക് അയാൾക്കൊപ്പം ഇരിക്കുവാൻ തെല്ലും ഭയം തോന്നിയില്ല.
അറിയാതെ അയാളുടെ മടിയിലേയ്ക്ക് ഞാൻ തലചായ്ച്ചു.ക്ഷീണിച്ചു ഒരു താമരയിതൾ പോലെകണ്ണുകൾ കൂമ്പിയടയുമ്പോൾ ഞാനറിഞ്ഞു, അയാൾ പാട്ടു പാടുകയാണ്. ഒരു കൈ എന്റെ തലയിൽ പതിയെ തലോടിക്കൊണ്ട്, മറുകൈ കൊണ്ട് എന്റെ ഇടം കയ്യിൽ ഉറക്കു താളം പിടിച്ചുകൊണ്ട്. ഏറ്റവും വലുതായി തോന്നിയ ഒരു സുരക്ഷിതത്വത്തിൽ ഞാനുറങ്ങി. അപരിചിതനായ ഒരാൾ കാവലിരിക്കെ, അയാളുടെ മടിയിൽ ഒരു കൊച്ചു കുട്ടിയെപ്പോലെ…
അന്നേരമത്രയും അയാൾ എനിക്ക് കാവലിരുന്നു.
ഉണർന്നപ്പോൾ അയാൾ വീണ്ടും ചിരിച്ചു.
“വാ മുൻപോട്ട് പോകാനുണ്ട്”
അയാൾ എണീറ്റുകൊണ്ട് എന്നെ വിളിച്ചു. അയാൾ ഇത്രയും നേരം ഉറങ്ങിയില്ല എന്നത് എന്നെ അമ്പരപ്പിച്ചു. അവിടെ ഞങ്ങൾ മാത്രമേ ഉള്ളു എന്നതും.
അയാളുടെ കയ്യിൽ ഞാൻ കടന്നു പിടിച്ചു.
ആരാണ്…. നിങ്ങൾ ആരാണ് ??
“വാ….. മുത്തശ്ശിയോട് ചോദിക്കാം”
അയാൾ പറഞ്ഞു.
“മുത്തശ്ശിയോടൊ…?”
“താൻ വാടോ” അയാൾ വീണ്ടും ചിരിച്ചു മുന്നോട്ടു നടന്നു.
ഈ സ്ഥലം അവസാനിക്കുന്നത് വലിയൊരു കുളത്തിനു പിന്നിലെ മറ്റൊരു കൽമണ്ഡപത്തിലാണ്.
“ഇത് കുടുംബക്ഷേത്രത്തിന് പിന്നിലെ കുളമാണ്”
“എനിക്കിവിടം അറിയാം”
ഞാൻ കണ്ടിട്ടുണ്ട്. അച്ഛൻ പറഞ്ഞുതന്നിട്ടുണ്ട്. ഇത് മുത്തശ്ശിയുടെ കാലത്ത് സ്ഥിരമായി തീരുമാനങ്ങൾക്ക്, വിശേഷങ്ങൾക്ക് ഒക്കെ മുതിർന്നവർ ഒത്തുചേർന്നിരുന്ന ഇടമാണ്. ഒത്തുതീർപ്പുകൾ നടക്കുന്നത് ഇവിടെയാണ്” പണ്ട് തീർപ്പുകല്പിക്കാൻ മുത്തശ്ശി കൂടിയിരുന്ന സ്ഥലം.
പക്ഷെ ഭിത്തിക്കിപ്പുറം ഈ വാതിലും പിന്നിൽ നമ്മൾ കണ്ട കാഴ്ചക്ളും…!!!
എനിക്ക് വിശ്വസിക്കാൻ ആകുന്നില്ല..!! “
ഞാൻ പറഞ്ഞു.
“ഇതിനു വടക്കോട്ടുള്ള വാതിൽ തുറന്നാൽ എന്റെ വീടിന്റെ അറപ്പുരയാണ്. ഈശ്വാരാ… എന്തൊക്കെയാ നടക്കുന്നത്. ?
ഞാൻ എന്നെ നുള്ളി നോക്കി.. അയാൾ അവിടെ തന്നെ നിന്നു.
പെട്ടന്ന് എനിക്ക് കൈകൾ തരിച്ചു, ഞാൻ വടക്കു വശത്തെക്കുള്ള പടവിറങ്ങി ഒരു വാതിൽ തള്ളിതുറന്ന് അവിടെനിന്നും ഒരു വലിയ ചാരു കസേര എടുത്തുകൊണ്ടുവന്നു മണ്ഡപത്തിൽ കുളത്തിനു വിപരീതമായി പടിഞ്ഞാറേക്ക് ദർശനമാക്കി ഇട്ടു.
അവിടെ ഞങ്ങൾക്ക് ചുറ്റും മുത്തശ്ശിയും മുത്തച്ഛനും പിന്നെ പരിചയമില്ലാത്ത ആരൊക്കെയോ ഉണ്ടായിരുന്നു. മുത്തച്ഛന്റെ കാലിൽ അയാൾ തൊട്ടു വന്ദിച്ചു, മുത്തശ്ശിയുടെയും.
മുത്തശ്ശി ചാരുകസേലയിൽ കയറി ഇരുന്നു. എല്ലാവരും മിണ്ടാതെ ചമ്രം പടിഞ്ഞിരുന്നു. അയാൾ എന്നെ അയാൾക്ക് പിന്നിൽ ഇടത്തുവശത്തേക്ക് വലിച്ചു ചേർത്തു നിർത്തി. മുത്തശ്ശി കണ്ണുതുറന്നു ചിരിച്ചു, അയാൾ പുഞ്ചിരിച്ചു,തെല്ലൊരു നാണത്തിൽ.
ഞാൻ അത്ഭുതത്തോടെ എല്ലാവരെയും നോക്കി.
അയാളുടെ കൈകളിൽ മാത്രം ഞാൻ സുരക്ഷിതയായി തോന്നി. അയാളെ ഞാൻ ഇറുകെ പിടിച്ചു. മെല്ലെ പിൻകൈയ്യാൽ തലോടി അയാളെന്നെ സമാധാനിപ്പിച്ചു.
മുത്തശ്ശി പറഞ്ഞു തുടങ്ങി, മുത്തച്ഛനോട്, പിന്നെ അയാളുടെ മുഖമുള്ള മറ്റൊരാളോട്.. എന്തൊക്കെയോ…
ഏതോ പ്രത്യേകതരം പൂട്ടിട്ട് എന്തൊക്കെയോ കെട്ടിപ്പൂട്ടുന്നതിനേക്കുറിച്ച്…
മുഖക്കൂട് കൂട്ടി, പൂട്ടി മറയ്ക്കുന്നതിനെക്കുറിച്ച്…
ഒരാൾ രണ്ടു മുഖങ്ങൾ കൊത്തിയുണ്ടാക്കിയത് മുത്തശ്ശിയുടെ കയ്യിലേക്ക് നൽകി. അതുയർത്തിപ്പിടിച്ചു മുത്തശ്ശി എല്ലാവരെയും കാട്ടി.
മുത്തശ്ശിക്ക് എന്തൊരു വെളുപ്പാണ് .! മെലിഞ്ഞിട്ടെങ്കിലും ദൃഢഗാത്ര. വലിയ ചുമന്ന പൊട്ട്. വല്ലാത്ത ആഢ്യത്വം തോന്നുന്ന ദൃഢഗംഭീരരൂപം. ആജ്ഞാശക്തി സ്ഫുരിക്കുന്ന കണ്ണുകൾ.
അയാളുടെ കൈകൾക്ക് വല്ലാത്ത ചൂട്. അയാളുടെ മണം എന്നിൽ ഇരച്ചുകയറി. വല്ലാത്ത ഭ്രാന്തമായ സുരക്ഷിതത്വവും അതേ സമയം പ്രണയവും സൃഷ്ടിക്കുന്ന മണം.
ഇടയ്ക്ക് പാലപൂക്കുന്ന സന്ധ്യകളിൽ അറപ്പുരയ്ക്കുള്ളിൽ കടന്നു വരുന്ന ഇലഞ്ഞിപ്പൂക്കളുടെയും പാൽപ്പൂവിന്റെയും പിച്ചിപ്പൂവിന്റെയും സമ്മിശ്ര ഗന്ധം. എന്നെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുമായിരുന്ന ഗന്ധം. ഞാൻ അയാളെ വീണ്ടും ഇറുക്കി പിടിച്ചു.
മുത്തശ്ശി അപ്പോഴും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു .
ഇടയ്ക്കെപ്പോഴോ കണ്ണൊന്നടച്ചു തുറന്നപ്പോൾ അവിടെ ആരും ഉണ്ടായിരുന്നില്ല…!
അൽപം മുൻപ് കൂടിയിരുന്നആളുകളോ മുത്തശ്ശിയോ ആരും…!
അയാളുടെ കയ്യിൽ പിടിച്ചു വിറച്ചു തൂങ്ങി നിൽക്കുന്ന ഞാനും, പിന്നെ ആ വലിയ, ഇത്രകാലവും ഞാൻ കണ്ടിട്ടില്ലാത്ത കൊട്ടാര സമുച്ചയവും മാത്രം !
അപ്പോൾ ഞാൻ കണ്ടതൊക്കെ.!? അയാൾ അപ്പോൾ ആ കസേലയിലേക്ക് കൈകൾ നീട്ടി.
അവിടെ ഒരു ചൂരൽ, അറയിൽ സൂക്ഷിച്ച മുത്തശ്ശിയുടെ പീഠം, പിന്നെ ഒരു മുദ്രപത്രം, ഒരു സാളഗ്രാമം , രണ്ട് ചിലങ്കകൾ ..!
ചിലങ്കകൾ കൈകളിൽ എടുത്തു ഞാനയാളുടെ കണ്ണുകളിലേക്ക് നോക്കി.
അയാൾ ആ ചിലങ്ക എന്റെ കൈകളിൽ നിന്നു വാങ്ങി എന്റെ കാലിൽ അണിയിച്ചു.
മറ്റെന്തോ ബാക്കിയെന്ന നിലയിൽ ഞാൻ അയാളെ നോക്കി. അയാൾ ചിരിച്ചുകൊണ്ട് ചമ്രം പിടഞ്ഞിരുന്നു പാടിത്തുടങ്ങി…
നൃത്തം ചെയ്തു തളർന്ന എന്നെ കയ്യിൽ താങ്ങി അറവാതിൽ തുറന്നു ഉമ്മറത്തേക്കിറങ്ങുമ്പോൾ എന്നെ കാണാതായതിന്റെ ആവലാതിയിൽ കരയുന്ന അമ്മ, ഭയന്ന അച്ഛൻ, ജ്യേഷ്ഠൻ എല്ലാവരും…
അച്ഛന്റെ കയ്യിലേക്ക് മുദ്രപത്രം നൽകുമ്പോൾ, അയാൾ പതിയെ പുറത്തേക്ക് നടന്നു.
അയാൾക്ക് പിന്നാലെ എന്റെ കാലിലെ ചിലങ്ക ശബ്ദമുണ്ടാക്കി… ആ ശബ്ദത്തിൽ ഒരു നിമിഷം തിരിഞ്ഞു നിന്ന അയാളുടെ കൈകളിലേക്ക് അച്ഛൻ എന്റെ കൈകൾ വച്ചു നീട്ടി.
“ആ കൊട്ടാരത്തിന്റെ പൂട്ടുതുറക്കാൻ ഈ ചിലങ്കയും ഇവളും പോര..,
എങ്ങുനിന്നോ കാലത്തിന്റെ ദൗത്യവും പേറി ഒരു നിയോഗംപോലെ കയറി വന്ന നിങ്ങൾ കൂടി വേണം.!”
ഒരു സ്വപ്നമെന്നവണ്ണം അയാൾ എന്നെ ചേർത്തു പിടിച്ചപ്പോൾ അയാളുടെ നിശ്വാസം വീണ്ടുമെന്നെ എന്തോ പറഞ്ഞു ഭയപ്പെടുത്തി.
അപ്പോളും അയാൾ ചിരിച്ചു
വെറും വെറുതെയൊരു ചിരി.
അയാൾക്ക് അപ്പോളും അനിർവചനീയമായ ഗന്ധമായിരുന്നു, പാലപൂക്കുന്ന സന്ധ്യകളിലെ ആ അനിർവചനീയ ഗന്ധം.
പാലപ്പൂവിന്റെ..
അല്ല ഇലഞ്ഞിപ്പൂവിന്റെ….
അല്ല…. എനിക്കറിയില്ല.
മുത്തശ്ശിയെക്കുറിച്ചു പഴമക്കാർ പറയുന്നത് ഞാൻ ഓർമ്മിച്ചു. മുത്തശ്ശിക്കരുകിൽ ഗന്ധർവ്വൻ വരുമായിരുന്നത്രെ, പാലപ്പൂവിന്റെ മണമുള്ള ഗന്ധർവ്വൻ
അയാളുടെ കണ്ണുകളിലേക്ക് നോക്കി, ഞാൻ വെറുതെ ചിരിച്ചു.