നിർബന്ധിതമായ ഔപചാരിക വ്യവഹാരങ്ങൾക്കൊടുവിലെ
അനിവാര്യമായ അടച്ചിടപ്പെടലിൽ,
അയാൾ തന്റെ ശൂന്യതകളെ
വീണ്ടും വെല്ലുവിളിക്കാൻ മുതിരുന്നു.
ആത്മാവെന്ന പുരാതന ഘടികാരത്തിൽ
വിയോജിപ്പുകളുടെ കനം തൂങ്ങിയാടുന്നു.
ദിനങ്ങളേറുമ്പോൾ മണിക്കൂറുകളുടെ
സൂചിക മാത്രമതിൽ ബാക്കിയാവുന്നു.
ചലനവിളംബരങ്ങളുടെ ചുരുക്കത്താൽ
അതും ക്രമേണ അപ്രത്യക്ഷമാകുന്നു.
ഖസാക്കുകാരൻ കുറിച്ചുവച്ച
‘അനന്തമായ കാലത്തിന്റെ അനാസക്തിയായി’
അയാളതിനെ വ്യാഖ്യാനിക്കുന്നു.
സിഗരറ്റിൽ നിന്നും ബീഡിയിലേക്കുള്ള
തന്റെ കാലബന്ധിത പരിണാമത്തെ,
കേവല ഭൗതികതയെന്നയാൾ വേർതിരിക്കുന്നു.
പൊട്ടിപ്പോയ തുമ്പറ്റത്തിലേതടക്കമുള്ള
ഇരട്ടക്കെട്ടുകളോടെ വലിയിൽനിന്നും
ഒന്നയാളെ തേടിയെത്തുന്നത് വരെയും
അതങ്ങനെതന്നെ തുടരുന്നു.
ശേഷമാവട്ടെ, തൊഴിലാളിയുടെ
മൂല്യ ബന്ധിത ബോധങ്ങളുടെ പ്രകട രൂപമായി
അയാളിലത് കനംവക്കുന്നു.
പെട്ടെന്നുണ്ടായ ചുമയിൽ
രക്തം പൊടിഞ്ഞു കാണുമ്പോൾ,
ആദ്യം വിളിക്കേണ്ടത്
‘ഇൻക്വിലാബോ ആംബുലൻസോ’ എന്ന ചിന്തയെ
ബോധക്ഷയം അപഹരിക്കുകയും ചെയ്യുന്നു