മിഷേലിന്റെ തീൻമേശ

താറാവുറോസ്റ്റിൽ നിന്ന്
അപ്പോഴും
പുക ഉയരുന്നുണ്ടായിരുന്നു.

പെട്ടെന്നാണ് വാതിലിൽ മുട്ടു കേട്ടത്.
ഓടിച്ചെന്നു തുറന്നപ്പോഴുണ്ട്,
ഗബ്രിയേൽ മാലാഖ!

‘ഓ ഞാനെങ്ങും വരുന്നില്ല; എൻറെ പീലികളാണേ മുഴുവൻ നനഞ്ഞിരിക്കുവാ.’
മിഷേലിന് ചെറുതായി ദേഷ്യം വന്നു.

‘അങ്ങനെ പറഞ്ഞാലെങ്ങനാ,
തമ്പുരാന് താറാവുറോസ്റ്റു വേണം’.

പറഞ്ഞുതീർന്നതും,
‘ആഹാ ഇത് കൊള്ളാലോ’ ന്ന്
മാലാഖ ഒരു നിമിഷം ഞെട്ടി.

തുടർന്ന്,

മിഷേൽ, ദാ ഇതു കേൾക്ക്;
‘തമ്പുരാനു വേണം താറാവു റോസ്റ്റ് ;
ആഹാ തമ്പുരാനു വേണേ താറാവിൻ റോസ്റ്റ്’
എന്നുറക്കെ പാടാൻ തുടങ്ങി.

മിഷേലിനെ മുഖത്ത് ദേഷ്യത്തിന്റെയും പരിഭവത്തിൻറെയും കടന്നലുകൾ
ഒരുമിച്ചങ്ങട് കുത്തി.

‘ദേ, പൂന്തോട്ടം പുഴക്കരയോട് ചെയ്യണത് ന്നോട് ചെയ്യല്ലേന്നു പറ നിൻറെതമ്പുരാനോട്; പോ!’

റോസ്റ്റുമണം ഏറ്റുവാങ്ങിയ മാലാഖമൂക്ക് അപ്ലത്തേക്കും മൂപ്പിച്ചു നിർത്തിയ
എൻജിൻ പോലായി.

‘ഡീ, രക്ഷസ്സേ,
നിന്നെ വക്ഷസ്സിൽ തൂക്കിയെടുത്തു
ഞാങ്കൊണ്ടോവുമേ!’ അവൻ ചുമന്നു.

മിഷേലുണ്ടോ വിട്ടുകൊടുക്കുന്നു;

‘ഗബ്ബൂ ,ഞാനിത് പാഴ്സലാക്കിത്തരാം;
നീയങ്ങട് കൊണ്ടുപോയി കൊടക്ക്!’

‘ആഹാ, തമ്പുരാന് പാഴ്സലോ?!
അതെന്നാ എടപാടാ?’

‘ആ, അതന്നെ’

മിഷേൽ താറാവു റോസ്റ്റ് അത്യധികം ശ്രദ്ധയോടെ പൊതിഞ്ഞെടുത്ത് ,
തൻറെ മാറോടടുക്കിപ്പിടിച്ച്
ഒരു സ്തുതിഗീതമുരുവിടാൻ തുടങ്ങി.

ഒരുവേള,
അവൾടെ മാർച്ചൂടേറ്റ് ആ താറാവെങ്ങാനും ജീവൻ വെച്ച് പിടഞ്ഞുണർന്നേക്കുമോ
എന്നവൻ സന്ദേഹപ്പെടുന്നതിനിടെ,
അവളാ പൊതി അവനുനേരെ നീട്ടി.

‘പൊന്നു മാലാഖേ,
നിൻറെ, അല്ല എൻറെ തമ്പുരാനോടു പറയൂ,
ഒരു പുഴ എന്നെ കാത്തിരിക്കുന്നുണ്ട് എന്ന്;
ഇന്നു രാത്രി ഞങ്ങൾക്കൊന്നിച്ചൊന്നായ് കുറെദൂരമൊഴുകാനുണ്ട് എന്ന്.

വൈക്കത്തിനടുത്ത് വെള്ളൂർ സ്വദേശി. ധനലക്ഷ്മി ബാങ്കിൽ ജോലി ചെയ്യുന്നു. ജോലിയോടൊപ്പം, വായന, എഴുത്ത് ഫോട്ടോഗ്രാഫി, യാത്രകൾ തുടങ്ങിയവയും ഇഷ്ടങ്ങൾ. ആനുകാലികങ്ങളിൽ (ഓൺലൈൻ /പ്രിൻറ്) കവിതകളും മറ്റ് ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രഥമ കവിതാസമാഹാരം മെയ് മാസത്തിൽ പുറത്തിറങ്ങും.