ഞങ്ങളുടെ കുട്ടിപാപ്പ പതിനാറ് കൊല്ലമായി സലാലയിൽ ആണ്. അവൾ എന്നെ സലാല കാണാൻ വിളിക്കാൻ തുടങ്ങിയിട്ടും പതിനാറ് കൊല്ലമായി. കാര്യം പറയുമ്പോൾ അനിയത്തിയാണെങ്കിലും, സ്വഭാവം ചേച്ചിയുടെതാണ്.
ആദ്യ കാഴ്ചയിൽ തന്നെ കുട്ടികളുടെ ഗ്രേഡ് ആണ് അന്വേഷണം. ഞാനിങ്ങനെ മറുപടി പറയാതെ ഉരുണ്ട് പിരണ്ട് കളിക്കുമ്പോൾ അവളുടെ തനി ടീച്ചർ സ്വഭാവം പുറത്തെടുക്കും. കണ്ണട ഒന്നു കൂടി മൂക്കിലുറപ്പിച്ച് എന്നെ ഒന്നു നോക്കും. അതു കാണുമ്പോൾ എനിക്ക് ചിരി വരും. പഴയ കുട്ടി പാപ്പയെ ഓർമ്മ വരും. ലില്ലിപ്പുട്ടിന്റെ ഇംഗ്ലീഷ് കഥ ഉറക്കെ വായിച്ച് എന്നെ കണ്ണടയിലൂടെ മിഴിച്ച് നോക്കുന്ന നാലു വയസുകാരിയെ.
കുട്ടികളുടെ ഗ്രേഡുകളില്ലാക്കാലത്തായിരുന്നു അവൾ ദുബായി കാണാൻ വന്നത്. ദുബായി കണ്ടപ്പോഴാണ് അവൾ പറഞ്ഞത് നീ എന്തായാലും സലാല വരണം. അറബ് നാടിന്റെ മുഴുവൻ സൗന്ദര്യവും കാണണമെങ്കിൽ,എന്നു കൂട്ടിച്ചേർക്കുകയും ചെയ്തു. അച്ഛനും അമ്മയും സലാല സന്ദർശിക്കാൻ തീരുമാനിച്ച വിവരം അറിഞ്ഞപ്പോൾ അവൾ വീണ്ടും ടീച്ചറായി. നീയും വന്നിരിക്കണം എന്ന അവളുടെ ആജ്ഞയും കൂടിയായപ്പോൾ ഞങ്ങളുടെ മൂന്നാം ബാക്ക് പാക്ക് യാത്രയ്ക്കായി സലാല തിരഞ്ഞെടുത്തു.
ദുബായിൽ നിന്ന് റോഡ് മാർഗ്ഗം പോവാമെങ്കിലും സൗകര്യത്തിന് ഞങ്ങൾ ഫ്ലൈ ദുബായിയുടെ ദുബായ് – സലാല ഫ്ലൈറ്റ് ആണ് തിരഞ്ഞെടുത്തത്. സലാല ഒമാനിന്റെ ഭാഗമായതുകൊണ്ട് വിസ വേണം. അത് ഓൺലൈൻ കിട്ടും. അല്ലെങ്കിൽ അവിടെ എയർപോർട്ടിൽ കിട്ടും (കാറ്റഗറി ഉണ്ട്). അഞ്ച് റിയാൽ ആണ് വിസചാർജ്.
യാത്ര തുടങ്ങിയത് കരാമ ADCB മെട്രോ സ്റ്റേഷനിൽ നിന്നാണ്. ടെർമിനൽ 3 എമിറേറ്റ്സ് ടെർമിനലിലേക്ക്.
ഫ്ലൈറ്റ് നിറയെ ഒമാൻ ദേശീയ യാത്രക്കാരായിരുന്നു. അഞ്ച് ദിവസത്തെ അവധി ദുബായിയിൽ ആഘോഷിച്ച് മടങ്ങുന്ന കുടുംബങ്ങൾ. തൊട്ടടുത്തിരുന്ന ഒമാനി കുടുംബത്തിലെ കുട്ടികളുമായുള്ള കൺചിരികളിൽ തുടങ്ങിയ ആശയ വിനിമയത്തിലെ വിഷയം യാത്രാ ഉദ്ദേശമായി. ‘ഖരീഫ്’ ലാണ് ഞങ്ങളുടെ നാടു കാണേണ്ടത്. അവർ വാചാലയായി;അവരുടെ നാടിന്റെ സൗന്ദര്യത്തെ കുറിച്ച് …..സമൃദ്ധിയെക്കുറിച്ച്.
പുതിയൊരു നാടും സംസ്കാരവും അറിയാനായുള്ള യാത്ര തുടരുന്നു…
വളരെ വൃത്തിയോടെയും ഭംഗിയോടെയും സൂക്ഷിച്ചിരിക്കുന്ന ചെറിയ ഒരു എയർപ്പോർട്ടാണ് സലാല ഇന്റർനാഷണൽ എയർ പോർട്ട്. പത്ത് റിയാൽ അടച്ച് ഞങ്ങൾ ടൂറിസ്റ്റ് വിസ എടുത്തു. ലോക്കൽ അറബ് വംശജരാണ് ഉദ്യോഗസ്ഥർ മുഴുവൻ. അവർക്ക് അറിയാവുന്ന ഒരേ ഒരു ഭാഷ അറബി മാത്രം. ആംഗ്യ വിക്ഷേപങ്ങളിലൂടെയും ഹിന്ദി വാക്കുകൾ ചേർത്തു വെച്ചും ആ കടമ്പ ഭംഗിയായി കടന്നു.
മീനയും ഭർത്താവും ചെറിയ മോളും ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. പ്രശാന്തസുന്ദരമായ ഒരു നഗരത്തിലൂടെയാണ് വണ്ടി നീങ്ങിയത്. അംബരചുംബികളായ കെട്ടിടങ്ങളൊന്നും കണ്ടില്ല ആ വഴിയിലൊന്നും. ദുബായിയുമായി സലാലയെ താരതമ്യം ചെയ്യരുത് എന്ന് അവൾ ആദ്യമേ പറഞ്ഞിരുന്നു.
അച്ഛനും അമ്മയും വഴിക്കണ്ണുമായി നോക്കിയിരിക്കുകയാണെന്ന് അറിയുന്നത് കൊണ്ട് തന്നെ മറ്റെവിടെയോ പോവുകയാണെന്ന ഫീലിങ്ങും ഉണ്ടായിരുന്നില്ല എനിക്ക്. കോയമ്പത്തൂർ വീട്ടിലേതുപോലെ ചൂടുള്ള ഉണ്ണിയപ്പവുമായാണ് അമ്മ ഞങ്ങളെ സ്വീകരിച്ചത്. അച്ഛൻ കറുത്ത കണ്ണടക്കിടയിലൂടെ പതിവുപോലെ ഒന്ന് പാളി നോക്കി. കുട്ടികൾ ഇല്ലാത്തതിൽ പരിഭവപ്പെട്ടു. തലയിലൊന്ന് തടവി.
രാത്രി ഭക്ഷണത്തിനു ശേഷം മീനയുടെ സ്കൂൾ കാണാനായി ഞങ്ങൾ പുറത്തിറങ്ങി. സലാലയിലെത്തിയാൽ ആദ്യം കാണിക്കേണ്ടത് അവരുടെ സ്കൂൾ ആണെന്ന് സൂര്യയും മേഘയും മുന്നേ തന്നെ തീരുമാനിച്ചിരുന്നത്രേ.
യു.എ.ഇ ലൈസൻസ് വെച്ച് ടൂറിസ്റ്റ് വിസക്കാർക്ക് ഒമാനിലും വണ്ടിയോടിക്കാമെന്ന ധൈര്യത്തിൽ വിശ്വേട്ടനാണ് ഡ്രൈവ് ചെയ്തത്. നാട്ടിലെ വഴികളിലൂടെ യാത്ര ചെയ്യുന്നതു പോലെ തോന്നി. പഴങ്ങളും പച്ചക്കറികളും നിറഞ്ഞ ചന്തകൾ വഴിയരികുകളിൻ സുലഭമായി കാണാൻ കഴിഞ്ഞു. മറുഭാഗത്ത് തെങ്ങിൻ തോപ്പുകളും വാഴത്തോട്ടങ്ങളും.
സ്കൂളുകളുടെ ഏരിയയിൽ ഇന്ത്യൻ സ്കൂളും പാകിസ്ഥാനി സ്കൂളും തോളോട് തോൾ ചേർന്നു നിന്നു. തൊട്ടടുത്ത് ഇന്ത്യൻ കൾച്ചറൽ ക്ലബ്ബും. തിരിച്ചു വരുന്ന വഴി ബീച്ച് കാണാമെന്ന കുട്ടികളുടെ ആവശ്യം സാധിപ്പിച്ചു കൊടുക്കാമെന്ന് കരുതി.
നിറയെ തെങ്ങുകൾ നിറഞ്ഞു നിൽക്കുന്ന ബീച്ച് ജനനിബിഢമായിരുന്നു. നടപ്പാതകൾ കെട്ടിയൊരുക്കി സൗകര്യങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ആവശ്യത്തിന് തെരുവ് വിളക്കുകൾ ഉണ്ടായിരുന്നില്ല. അതിനാൽ മനോഹരിയായ ബീച്ചിന്റെ സൗന്ദര്യം മുഴുവൻ ആസ്വദിക്കാനായില്ല.
സ്വദേശികളും വിദേശികളും വാരാന്ത്യം ആഘോഷിക്കാനായി മണലിൽ ബാർബെക്യൂ സ്റ്റാൻഡുകളുറപ്പിച്ച് ആഹാരം ഉണ്ടാക്കുന്നു. കുട്ടികൾ മണലിൽ വീണുരുണ്ടു കളിക്കുന്നു. ചില കുംടുംബനാഥകൾ പായയിൽ ചാഞ്ഞ് കിടന്ന് കുട്ടികളുടെ കളികൾ ആസ്വദിക്കുന്നു. നാട്ടുകാരേക്കാൾ കൂടുതൽ അയൽ രാജ്യങ്ങളിൽ നിന്ന് കുടിയേറിയ അറബ് വംശജരാണ്. ബിസിനസുകാരണ് മിക്കവവരും. വിദ്യാഭ്യാസത്തിന് ഇവർ വലിയ പ്രാധാന്യമൊന്നും കൊടുക്കുന്നില്ല എന്നാണ് മൂന്ന് വർഷത്തെ അറബ് സ്കൂൾ ജീവിതം കൊണ്ട് മീന മനസ്സിലാക്കിയത്. ക്ലാസിലെ കുട്ടികൾ ഇംഗ്ലീഷ് പഠിച്ചില്ലെങ്കിലും അവൾ പച്ച വെള്ളം പോലെ അറബിക് സംസാരഭാഷ പഠിച്ചു. ലോക്കൽ ഭാഷ പഠിച്ചില്ലെങ്കിൽ അവിടെ ആശയ വിനിമയത്തിന് ബുദ്ധിമുട്ടുമെന്നത് അവരുടെ അനുഭവം.
ചില സ്ത്രീകൾ പാത്രങ്ങളിൽ ഉണ്ടാക്കിക്കൊണ്ടു വന്ന ഭക്ഷണവും, വറുത്ത പോപ് കോണും, ചിപ്സുകളും ഫ്ളാസ്കുകളിൽ നിറച്ച് വെച്ച ചായയും വില്പന ചെയ്യുന്നതും കണ്ടു.
പ്ലാസ്റ്റിക്ക് കവറുകളും കുപ്പികളും ചിതറിക്കിടക്കുന്നുണ്ടായിരുന്നു ആ മണൽത്തീരത്ത്. പരിസര ശുചിത്വത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാൻ സർക്കാരും ശ്രമിക്കുന്നതായി തോന്നിയില്ല. വേസ്റ്റ് ബിന്നുകളും പിഴ അറിയിപ്പുകളും നിറഞ്ഞ ദുബായിൽ നിന്ന് പോയതിനാലാവാം ഞങ്ങൾക്ക് ഈ കഴ്ച കണ്ട് ഇത്രയ്ക് കല്ല് കടിച്ചത്.
പക്ഷേ, രാത്രി യാത്രയിലും മനോഹരിയായിരുന്നു സലാല.
കണ്ടു തീർക്കാൻ പ്രകൃതി തന്നെ അത്ഭുതക്കാഴ്ചകളും, സൗന്ദര്യക്കാഴ്ചകളും ഒളിച്ചു വെച്ച നാടാണത്.
കേരളം പോലെ മാത്രമല്ല സലാല.
മറ്റ് സലാല കാഴ്ചകളും വിശേഷങ്ങളും തുടർന്നു കൊണ്ടേയിരിക്കാം…..
അമ്പലങ്ങളും ഖബറിടങ്ങളും മരുഭൂമികളും മരുപ്പച്ചകളും നിറഞ്ഞ സലാലയുടെ വിശേഷങ്ങൾ.