കരിനാക്ക്

വെള്ള പെയിന്റടിച്ച പുരാതനമായ വീടിന്റെ കോലായിലേക്ക് പാത്തു കയറിയിരുന്നു. മേശപ്പുറത്ത് വെച്ച വരയുള്ള കടലാസിൽ ഇരുപത്തിരണ്ടാമത്തെയാളായി തന്റെ പേരെഴുതിവെച്ചു ഊഴം കാത്തിരിക്കുന്ന ഏതാനും പേരിൽ ഒരാളായി നീളമുള്ള ബെഞ്ചിലിരുന്നു. പാതി തുറന്നിട്ടിരിക്കുന്ന ജനലിലൂടെ അകത്ത് കസേരയിലിരിക്കുന്ന ഉസ്താദിനെ നന്നായികാണാം. വെളുത്ത ജുബ്ബയും തൊപ്പിയും, ചുമലിലൂടെ പച്ച നിറത്തിലുള്ള ഷാളും അണിഞ്ഞിരിക്കുന്നു. നരച്ചു തുടങ്ങിയ നീണ്ട താടി അദ്ദേഹത്തിന് നല്ല ചേർച്ചയുണ്ട്. ഉസ്താദിനോടു സംസാരിച്ച് പുറത്തേക്കിറങ്ങി വരുന്നവരുടെ മുഖത്ത് നേരിയ മന്ദഹാസം കാണാം.

പുറത്ത് കാത്തിരിക്കുന്നവരിൽ പലരും മൊബൈലിൽ നോക്കിയിരിക്കുന്നു. മറ്റു ചിലരാകട്ടെ ഒച്ച കുറച്ച് എന്തൊക്കെയോ സംസാരിച്ചിരിക്കുന്നു. ഇവർകെല്ലാം ഉസ്താദിനോട് പറയാൻ ഒരുപാട് സങ്കടങ്ങൾ കാണും, പാത്തു ഓരോന്നങ്ങനെ ആലോചിച്ചിരുന്നു. മുറ്റത്ത് നിർത്തിയിട്ടിരിക്കുന്ന ആംബുലൻസിനെ ചൂണ്ടിക്കാണിച്ച് അടുത്തിരുന്ന പർദ്ദയിട്ട താത്ത പാത്തുവിന്റെ ചെവിയിൽ അടക്കം പറഞ്ഞു

“മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ഇനി രക്ഷപ്പെടാൻ സാധ്യതയില്ലെന്ന് പറഞ്ഞ് വീട്ടിലേക്ക് മടക്കിയയച്ച കേസാ…., ഇപ്പോ ഉസ്താദിന്റെ ചികിത്സകൊണ്ട് അസുഖം കുറേയേറെ മാറ്റം വന്നുതുടങ്ങി …”
പാത്തുവിന്റെ നെഞ്ചിൻ കൂടിനിന്ന് പ്രതീക്ഷയുടെ ദീർഘനിശ്വാസം പുറത്ത് വന്നു. ‘കരിനാക്ക് പാത്തു’ എന്നായിരുന്നു നാട്ടിൽ അവൾ അറിയപ്പെട്ടത്.ഇനിയെങ്കിലും ആ വിളിക്കൊരവസാനം വേണം. തനിക്കും അയൽപക്കക്കാർക്കൊപ്പം വൈകുന്നേരങ്ങളിൽ തമാശകൾ പറഞ്ഞിരിക്കണം. അവളുടെ തികച്ചും ന്യായമായ ആഗ്രഹങ്ങൾ !

തന്റേത് കരിനാക്ക് തന്നെയാണോ?, സത്യത്തിൽ അങ്ങനെയൊന്നുണ്ടോ?, പിന്നെയെന്തുകൊണ്ട് താൻ പറയുന്ന കാര്യങ്ങൾ പലപ്പോഴും മറ്റുള്ളവർക്ക് ബുദ്ധിമുട്ടാവുന്ന രീതിയിൽ വന്നുഭവിക്കുന്നു.? പാത്തുവിന്റെ മനസ്സിൽ വാദപ്രതിവാദങ്ങൾ നടന്നുകൊണ്ടിരുന്നു.

കുറച്ചു ദിവസം മുമ്പ് അപ്പുറത്തെ വീട്ടു മുറ്റത്തെ തെങ്ങിന്റെ മണ്ടയിൽ നോക്കി പാത്തു പറഞ്ഞു ‘വീട്ടാവശ്യത്തിനുള്ള തേങ്ങ മുറ്റത്ത് തന്നെയുണ്ടല്ലോ.!, ശേഷം രണ്ട് ദിവസം കൊണ്ട് തെങ്ങിന് ഇടിവെട്ടേറ്റ് കൂമ്പുണങ്ങിപ്പോയി. പാത്തൂന്റെ കെട്ട്യോൻ തന്നെ മയ്യത്തായത് അവളുടെ നാക്കിന്റെ വിഷം കൊണ്ടാണെന്നാണ് പെണ്ണുങ്ങൾക്കിടയിലെ സംസാരം. അതിനാൽ പത്തുവിനോട് സംസാരിച്ചിരിക്കാാനും അവളുടെ വീട്ടിൽ കുട്ടികളെെ കളിക്കാൻ വിടാനും സ്ത്രീകളാരും മെനക്കെടാറില്ല.

ഉസ്താദിനെ കാണാനുള്ള പാത്തുവിന്റെ ഊഴമെത്തി.അത്തറിന്റെ സുഖന്ധം നിറഞ്ഞ മുറിയിലെ ചുവരുകളിൽ ഏതൊക്കെയോ മഹാന്മാരുടെ ഖബറുകളുടെ ചിത്രങ്ങൾ ഒട്ടിച്ചു വെച്ചിരിക്കുന്നു.അതിൽ നിന്നൊരദൃശ്യ ശക്തി ഉസ്താദിലേക്ക് പ്രവഹിക്കുന്നതായി പാത്തുവിന് തോന്നി.

എന്തു പറ്റീ…’ ഉസ്താദിന്റെ ഗാംഭീര്യമുള്ള ശബദമുയർന്നു

‘എന്റ നാക്ക് കരിനാക്കാണ് ഉസ്താദേ.., ഞാനെന്തു പറഞ്ഞാലും അനർത്ഥങ്ങൾ സംഭവിക്കുന്നു. എന്നെ ആർക്കും വേണ്ടാതായി.’പാത്തു സങ്കടത്തിന്റെ മാറാപ്പ് തുറന്നു അതിൽ നിന്നും കുറേ നീറുന്ന അനുഭവങ്ങൾ പുറത്തെടുത്തു നിരത്തി.

സാരമില്ല. ഒക്കെ ശരിയാക്കാം.

അയാൾ ഒരു കഷ്ണം നൂല് മുറിച്ചെടുത്തു, തടിച്ച കല്ലുവെച്ച മോതിരവിരലിലൂടെ ഒന്നു് രണ്ട് വട്ടം വലിച്ചു. എന്തൊക്കെയോ ചൊല്ലിക്കൊണ്ട് അതിൽ ഏഴ് കെട്ടുകൾ കെട്ടി. എന്നിട്ട് പാത്തുവിന്റെ മുഖത്ത് നോക്കി പറഞ്ഞു തുടങ്ങി.

‘ഓരോ ദിവസവും സുബഹിക്കു ശേഷം ഞാൻ പറഞ്ഞു തരുന്ന മന്ത്രങ്ങൾ ചൊല്ലിക്കൊണ്ട് ഓരോ കെട്ടഴിക്കണം.അതിന്റെ കൂടെ ചെറുചൂട് കൊളളിച്ച് ഓരോ കോഴിമുട്ടയും കഴിക്കണം.’

വീട്ടിൽ മുട്ടയിടുന്ന കോഴികളുണ്ടല്ലോ..?

ഉം, മുന്നെണ്ണമുണ്ട്.

‘വീട്ടിൽ മുട്ടയിടുന്ന കോഴികളുണ്ടെങ്കിൽ അതൊരു ബർക്കത്താ…’ ഉസ്താദ് ചിരിച്ചു കൊണ്ട് പറഞ്ഞു,

പ്രസന്നവദനയായി പത്തു അവിടം വിട്ടു.ഏറെ നാളുകൾക് ശേഷം അന്ന് രാത്രി അവളെ ഉറക്കം വന്നു തലോടി.സുബഹിക്കുതന്നെ മുട്ടയെടുക്കാൻ കോഴിക്കുട്ടിനടുത്ത് പോയ പാത്തുവിന്റെ നെഞ്ചൊന്ന് കാളി.കൂടിനുളളിൽ മൂന്ന് കോഴികളും ചത്തു കിടക്കുന്നു.!

എന്തു ചെയ്യണമെന്നറിയാതെ തരിച്ചുനിൽകുന്ന പാത്തുവിന്റെ ചെവിയിൽ അപ്പോഴും ഉസ്താദിന്റെ വാക്കുകൾ അലയടിച്ചു കൊണ്ടിരുന്നു.

“മുട്ടയിടുന്ന കോഴികൾ വീട്ടിലുണ്ടെങ്കിൽ അതൊരു ബർക്കത്താ…. “

വാണിമേൽ സ്വദേശം, ആനുകാലികങ്ങളിലും ഓൺലൈൻ മാഗസിനുകളിലും ചെറുകഥകൾ എഴുതാറുണ്ട്. വിരൽ സാഹിത്യ വേദി ചെറു കഥ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഷാർജയിൽ ജോലി ചെയ്തുവരുന്നു..