തേനിലലിഞ്ഞ നിന്റെ വാക്കുകൾക്കുള്ളിലെ
കയ്പിന്റെ മധുരമായിരുന്നു എനിക്കാ പ്രണയം
സെല്ലിലടച്ച സ്വപ്നങ്ങളിന്നും
ജാമ്യത്തിനായി മുറവിളി കൂട്ടുന്നുണ്ട്
രാത്രിയുടെ കാണാക്കയങ്ങളിൽ
മോഹങ്ങളിന്നും ചാട്ടവാറടി കൊള്ളാറുണ്ട്
ശിക്ഷയാണ്…..! ജീവപര്യന്തം.
സ്നേഹത്തിന്റെ നഖങ്ങളിൽ
നീ അടിച്ചുകയറ്റിയ മൊട്ടുസൂചികളെല്ലാം
മനസ്സിന്റെ ചെപ്പിൽ കൂട്ടി വെച്ചിട്ടുണ്ട്
കാലം കോലം കെട്ടിക്കുമ്പോഴെല്ലാം
അവ എണ്ണി മിനുക്കിവെക്കാറുണ്ട് ഞാൻ.
തലകീഴായെന്നെ നീ കെട്ടിത്തൂക്കി ആട്ടുമ്പോഴെല്ലാം
മരണമടഞ്ഞ ബാല്യത്തെ തിരികെ കിട്ടിയതായി
ഞാൻ ആഹ്ളാദിച്ചിരുന്നു
ഈട്ടി കസേരയിൽ പിടിച്ചിരുത്തി
നീ കണ്ണു മൂടിത്തന്നപ്പോൾ
സംശയമാണെന്നറിഞ്ഞിട്ടും
കണ്ണുകെട്ടിക്കളിച്ച കുട്ടിക്കാലത്തെ ഓർക്കാനായിരുന്നെനിക്കിഷ്ടം
ഓർമ്മകളിൽ വെന്തിട്ടും, ചിന്തിച്ചുലഞ്ഞിട്ടും
ശിക്ഷ തീരാൻ ഒരു ജന്മമിരിക്കവെ,
ഒടുവിലെൻ കണ്ണുകൾ നീട്ടിയടക്കുമ്പോൾ
പാതി പറഞ്ഞ നിൻ മുറിവാക്കുകളിപ്പോഴും.
മുടിക്കുത്തുപിടിച്ചാഞ്ഞടിച്ചിട്ടും മതിയാകാതെ,
പ്രതീക്ഷകളുടെ വിരലുകൾ വിടുവിച്ചവൻ
പ്രണയത്തിന്റെ തടവറയിലെ കഴുമരത്തിലേറ്റി
പ്രേമഭാരം പേറിയ എന്റെ ശവശരീരം മന്ദഹസിച്ചിരുന്നത്രേ…
ആരാച്ചാരോടിന്നും പ്രണയമാണെന്ന്
ചോര കുതിർന്ന ആ വെള്ളച്ചുമരുകൾ
ഇനി സാക്ഷിക്കൂട്ടിൽ കയറും.
കണ്ണുമൂടി കെട്ടിയ പെൺപ്രതിമ കേൾക്കെ
വിശുദ്ധ ഗ്രന്ഥങ്ങളിൽ തൊട്ടു പറയും
ഇതൊരു കസ്റ്റഡി മരണമായിരുന്നെന്ന്.
പെണ്ണവളുടെ വീട്ടിലെ നീതിപീഠത്തിൽ നിന്ന്
ജീവപര്യന്തത്തിനായി റിമാൻഡിൽ വാങ്ങിയതാണ്.
കസ്റ്റഡിയിലിരിക്കെ പ്രതിമരണപ്പെട്ടു.
പ്രതിക്കെന്നിലെ ”കാമുകി”യുടെ മുഖമായിരുന്നു…
“ആരാച്ചാർ”ക്കെന്റെ കാമുകന്റെയും,
“കേസൊ”രു സൈക്കോ പ്രണയവും..
ദാമ്പത്യമെന്ന “കസ്റ്റഡി”യിലെ…
ഡൈവോഴ്സ് എന്ന “മരണവും” !!!