അമ്മ ഇറയത്തു വെച്ച
തകരപാത്രത്ത്തിൽ
കൊട്ടിപ്പഠിച്ചാണ്
വേനൽമഴ
ഇടവപ്പാതിക്കു
അരങ്ങേറ്റം കുറിച്ചത്
——— ** ———–
നമ്മിൽ വസന്തം വീണ്ടും
തിരയുന്നതെന്താണ്
വേരറ്റതൊന്നും പിന്നെ
പൂക്കില്ലെന്നു അതിന്നറിഞ്ഞു കൂടെ ?
——— ** ———–
ഞാൻ പുഴയും , നീ കടലും
ആയിരുന്നിരിയ്ക്കണം
ഇത്രമാത്രം നിന്നിൽ
ഒഴുകി എത്തിയിട്ടും
ഒരു വേലിയേറ്റത്തിലും നീ
എന്നിൽ അത്രപോലും
തിരിച്ചെത്തിയില്ല ..!!
——— ** ———–
നിനക്ക് ചുകപ്പ്
കുന്നികുരുവും ,
മഞ്ചാടി മണിയും
മാത്രമല്ലാതായതു മുതലാണ്
നമുക്കിടയിൽ
ആണും, പെണ്ണും
പിറന്നു വീണത് …!
—————— ** ———–
ചിണുങ്ങി പെയ്തൊരു
ചിങ്ങമഴയാണ് നീ
പെയ്തതിലേറെ
പെയ്യാൻ മടിച്ചവൾ
——— ** ———–
ഇന്നിൽ നിന്നും നാളെയിലേക്ക്
തുമ്പിയായ് പറക്കും മുമ്പ്
ഇന്നിൽ നിന്നും ഇന്നലെയിലേക്കു
കുഴിയാനയായി
പിറകോട്ടു നടക്കണം