ഒരുവട്ടംകൂടി : നോവലൈറ്റ് – 1

അവനും വയസ്സറിഞ്ഞു.,ഇതാണ് പ്രായപൂർത്തി. ഇനി പറയാം. ‘ഊർമ്മിളേ, ഞാൻ കഴിഞ്ഞ ഒമ്പതുവർഷങ്ങളായി ഊണുമുറക്കവുമില്ലാതെ, രാപ്പകലില്ലാതെ, ഋതുഭേദങ്ങളറിയാതെ നിന്നെ, നിന്നെ മാത്രം പ്രണയിക്കുന്നു. അതിൻറെ തെളിവായി, ഞാൻ നിൻറെ ഹൃദയത്തിൽ, ഹൃദയത്തെ സൂക്ഷിക്കുന്ന നെഞ്ചിൽ, മൃദുവായി, വളരെ മൃദുവായിഒരുമ്മ തരാൻ പോകുന്നു’

പെൻഷനേഴ്സ് അസ്സോസ്യേഷൻറെ മീറ്റിംഗ് കഴിയാൻ ഒരുപാട് വൈകി. ശേഖരേട്ടൻ ക്ഷീണിതനാണ്. ഈ എഴുപതാം പക്കത്തിൽ ഇതിനൊന്നും വിളിക്കരുതേ എന്ന് ബന്ധപ്പെട്ടവരോട് പലവുരു അഭ്യർത്ഥിച്ചിട്ടുണ്ട്. ആരു കേൾക്കാൻ?

കാര്യങ്ങള് സലാമത്താവണമെങ്കിൽ ങ്ങള് ന്നെ വേണം ശേഖരേട്ടാ. കണ്‍വീനർ അബുബക്കർ വിടാറില്ല.
വീ.ജെ.ടീ.ഹാളിൽ സമ്മേളനം കഴിഞ്ഞപ്പോൾ, ആറര. പത്താംകല്ലിൽ ബസ്സിറങ്ങി, കയറ്റം പിന്നിട്ടപ്പോൾ, ശേഖരേട്ടൻ കിതയ്ക്കാൻ തുടങ്ങി. ഒരൂന്നുവടി വാങ്ങണമെന്ന് പലവട്ടം ഉപദേശിച്ചിട്ടുണ്ട്, ഭാമ.
വയ്യ.
മുക്കാലിൽ നടക്കുന്ന ഒരുതരം അശരണത്വം! അതിനൊന്നും കീഴടങ്ങാൻ ശേഖരേട്ടൻറെ മനസ്സ് തയ്യാറല്ലായിരുന്നു. വെട്ടുവഴിയെത്താറായപ്പോൾ, നിലംപറ്റാറായ കുടിലിൽനിന്നും, കുറുമ്പ തല പുറത്തിട്ടു.
“ഓലച്ചൂട്ടു വേണ്ടേ, ഉടയോരെ?”
“വേണ്ട കുറുമ്പേ. നല്ല നിലാവുണ്ട്”
“എങ്കിലും കാവെത്തുമ്പള് ഒരു നോട്ടം വേണം. ഊരണത് കാണും”
കഴിഞ്ഞ നാൽപ്പത് വർഷങ്ങളായി കുറുമ്പ ശേഖരേട്ടനെ ഇതോർമ്മിപ്പിക്കുന്നു. ഇവർ മണം പിടിച്ചാണോ, ആളെ തിരിച്ചറിയുന്നത്‌?
കുറുമ്പയ്ക്ക് കണ്ണുകാണില്ലാന്നാണ് എല്ലാരും പറയുന്നത്. നൂറ് വയസ്സ് കഴിഞ്ഞു കാണും.
ശേഖരേട്ടന് പെൻഷൻ കിട്ടുന്ന ദിവസം, അമ്പത് രൂപ കുറുമ്പയ്ക്ക്പ ടിയുണ്ട്. അതിൻറെ നന്ദിയും ഓലചൂട്ടുമായി, കാലങ്ങളായി, കുറുമ്പ കാത്തിരിക്കുന്നു.
ഓലചൂട്ട് വാങ്ങാൻ ശേഖരേട്ടൻ, ഇനി വരില്ലാന്നുറപ്പായാൽ കുറുമ്പ ഒരുപക്ഷെ മരിച്ചു പോയീന്നുംവരാം.

ജീവൻ നിലനിർത്താൻ മരുന്നുകൾ വേണമെന്നില്ല, തെളിച്ചമുള്ള ഒരു പ്രതീക്ഷ മാത്രം മതി. ശേഖരേട്ടൻ നടന്നു.
കയറ്റങ്ങളെല്ലാം കഴിഞ്ഞു. ഇനി ഒരു കൊച്ചിറക്കം കൂടി ആയാൽ ഭാമ ടീച്ചറിൻറെ ലോകത്തെത്താം.
മുറ്റത്ത്‌ ചെമ്പരത്തിച്ചെടികളുടെ ചോട്ടിൽ കാണുന്ന വെള്ളായം ഭാമയാണ്.

ഇത്ര അകലെ നില്ക്കുന്ന ഭാമയെ ഈ എഴുപത്തിയൊന്നാം വയസ്സിലും എങ്ങനെ കാണാൻ കഴിയുന്നു? ശേഖരേട്ടൻ, സ്വയം അത്ഭുതപ്പെട്ടു. ഒരുപക്ഷെ, തന്നെ കാത്ത്, അവൾ ആ മുറ്റത്ത്‌ തന്നെ ഉണ്ടാകും എന്ന
ശക്തമായ തോന്നലാവാം ആ ഉൾക്കാഴ്ച !
അല്ല, തോന്നലൊന്നുമല്ല. ദേ, നില്ക്കുന്നു. അത് ഭാമ തന്നെയാണ്.
പാവം.
കഴിഞ്ഞവർഷം… എന്നുവച്ചാൽ, കഴിഞ്ഞ ഇടവത്തിൽ അവളുടെഷഷ്ഠിപൂർത്തിയ്ക്ക്, ഒരു പുതിയ മുണ്ടും നേര്യതും വാങ്ങണമെന്ന് കരുതിയതായിരുന്നു. എന്തൊക്കെയോ തിരക്കിൽ പെട്ട് മറന്നുപോയത് കാരണം നടന്നില്ല. ഒന്നിലും പരാതി പറയാത്ത ഭാമയുടെ കാര്യത്തിൽ പലപ്പോഴും പല കാര്യങ്ങളും മറക്കാറുണ്ട്. അതൊക്കെ അവൾ മനസ്സിൽ സൂക്ഷിക്കുന്നുണ്ടാവുമൊ? അതോ ശ്രദ്ധിച്ചു കാണില്ലേ? ശേഖരേട്ടൻ വീടെത്താറായി.

അത് വീടല്ല. അവരുടെ ലോകമാണ്. ശേഖരേട്ടൻറെയും ഭാമ ടീച്ചറുടെയും ലോകം. വൃത്തിയും വെടിപ്പുമുള്ള ചെറിയ ഓടിട്ട വീട്. സദാ മധുരജലം ഉള്ളിൽ നിറച്ചു കൊണ്ട്, മുറ്റത്ത് കുലച്ചു മറിഞ്ഞു നില്ക്കുന്ന,
ചാപ്പാണൻ തെങ്ങ്. പൂമുഖത്തെ ചുമരു നിറയെ സർവ്വത്ര ഈശ്വരന്മാരുടെയും മറ്റു വേണ്ടപ്പെട്ടവരുടെയും ചില്ലിട്ട ചിത്രങ്ങൾ. വരാന്തയിലെ ചാരുകസേരയിൽ ഇരുന്നാൽ കാണാൻ പാകത്തിൽ ഭാമയുടെ മുറിയിലെ മേശപ്പുറത്തിരിക്കുന്ന ചെറിയ റ്റീവീ സെറ്റ്. മക്കൾക്കാർക്കെങ്കിലും ദയതോന്നി വല്ലപ്പോഴോ വന്നാൽ കൊച്ചുമക്കൾക്ക് കിടക്കാൻ വേണ്ടി കെട്ടിയിട്ടുള്ള ഒരിക്കലുമഴിക്കാത്ത തൊട്ടിൽ. തൊഴുത്തിൽ
ആട്ടിൻകുട്ടികളുടെ; “ഭാമേ…” ന്നുള്ള അരുമ നിലവിളി. കൂട്ടിൽ കിടക്കുന്ന കോഴികളുടെ കിന്നാരം. മച്ചിൻപുറത്തെ എലികളുടെ കലഹം. ശേഖരേട്ടനു വേണ്ടി എപ്പോഴും എന്തെങ്കിലും വറുത്തതും പൊരിച്ചതും
ഉണ്ടാക്കുന്ന ഭാമയുടെ, അല്ല , അടുക്കളയുടെ മണം. (ഭാമയ്ക്കും അടുക്കളയ്ക്കും ഒരേ മണമാണെന്ന് പറഞ്ഞതിന്, പത്തിരുപതു വർഷം മുൻപൊരു ദിവസം, ഭാമ ശേഖരേട്ടനോട് കുറേനേരം പിണങ്ങിയിരുന്നിട്ടുണ്ട്.) ഇത്രയുമായാൽ, അവരുടെ ലോകമായി. ഭാമടീച്ചറുടെയും ശേഖരേട്ടൻറെയും ലോകം.

“ഇത് എന്തൊരു മീറ്റിങ്ങാണ്”
ചെറിയകുട്ടികൾ പുറത്തുപോയി വൈകുമ്പോൾ, വഴിക്കണ്ണുമായി നില്ക്കുന്ന അമ്മയുടെ നെഞ്ചിടിപ്പാണ്, എന്നും ഭാമയ്ക്ക്.
“ഇനി ആ സായിപ്പ്, മീറ്റിങ്ങ്…. കണ്‍വൻഷൻ എന്നൊക്കെ പറഞ്ഞ് തുള്ളിച്ചാടി ഇങ്ങു വരട്ടെ, കൊടുക്കുന്നുണ്ട് ഞാൻ” , അബുബക്കറിനെയാണ്.
“സർക്കാരിനോടെന്താ ഇത്രയ്ക്ക് പറയാൻ? ജോലിക്ക് തിരിച്ചെടുക്കണമെന്നോ”
തീർന്നു. , ഇത്രയും ശകാരിച്ചുകഴിഞ്ഞാൽ, ഭാമ പിന്നെ ശാന്തസ്വരൂപിണിയാണ്….ദേവതയാണ്.

“അതേയ്, വടക്കേല് ദേവൂം മക്കളും വന്നിട്ടൊണ്ട്. ആ ചെറ്യ കുട്ടിയ്ക്ക് വയറുകടിപോലെ എന്തോ… വന്നുചോദിച്ചാൽ ഇല്ലെന്നെങ്ങനാ പറയ്വാ? ഇരുന്ന ആട്ടിൻപാല് കൊടുക്കേണ്ടിവന്നു. ആളെ മോളിൽ കണ്ടപ്പോ ഞാൻ എരുത്തിലിൽ പോയി നോക്കി. ആടിൻറെ മെല പഴന്തുണിപോലെ കിടക്ക്വാ. മുഴുവൻ കിടാവ് കുടിച്ചിരിക്കുന്നു. കട്ടൻ എടുക്കട്ടെ?”
“വേണ്ടെടോ. ഇന്ന് പത്തുപന്ത്രണ്ടു ചായ കുടിച്ചു. നമുക്ക് നേരത്തേ ഊണ് കഴിക്കാം”;
“ഓഹോ? പത്തുപന്ത്രണ്ടു ചായ ! അപ്പൊ ഇന്നിനി ശിവരാത്രി. ബീഡിപ്പൊകേം ചെമേം ആയിട്ട് നേരം വെളുപ്പിച്ചോളും” ഒരു കുഞ്ഞു ശകാരം കൂടി. കഴിഞ്ഞു. ഇപ്പോൾ ആ വീട്ടിൽ ടെലിവിഷനിലൂടെ ഒഴുകിവരുന്ന ഹിന്ദുസ്ഥാനി സംഗീതം മാത്രം കേൾക്കാം.

അത്താഴം കഴിഞ്ഞ്, ഒരു ബീഡിയുമായി ശേഖരേട്ടൻ ചാരുകസേരയിലിരുന്നു. അതൊരു പതിവാണ്. അവർ രണ്ടാളും മുറുക്കാറില്ല. പക്ഷെ, ഭാമയ്ക്ക് വേറെ ചില ശീലങ്ങളുണ്ട്. എപ്പോഴും എന്തെങ്കിലും കൊറിച്ചുകൊണ്ട് നടക്കും. സീസണനുസരിച്ചാണ് .ചുട്ട പുളിയരി, അയണിക്കുരു….. വറുത്ത കശുവണ്ടി….. പച്ചനിലക്കടല…അങ്ങനെ എന്തെങ്കിലും.
‘അറുപതാം വയസ്സിലും പല്ലുകൾക്ക് പാമ്പൻ പാലത്തിൻറെ ബല’ മാണെന്നു പറഞ്ഞ് ശേഖരേട്ടൻ, ഭാമയെ കളിയാക്കാറുണ്ട്. അന്ന് ചുട്ടുതല്ലിയ കശുവണ്ടിയായിരുന്നു.
അതുമായി ഭാമടീച്ചർ ശേഖരേട്ടൻറെ അടുത്തായിട്ട് നിലത്തിരുന്നു. ആ ഇരിപ്പു കണ്ടാൽ ശേഖരേട്ടനറിയാം, എന്തോ പറയാനുണ്ടെന്ന്. അങ്ങനെ പറഞ്ഞിട്ടുള്ളതെല്ലാം പ്രധാനപ്പെട്ട കാര്യങ്ങളുമായിരുന്നു.
“ഒരു കാര്യം പറഞ്ഞാൽ വെഷമാവ്വോ?”; അങ്ങനെയായിരുന്നു, ടീച്ചർ സംഭാഷണമാരംഭിച്ചത്.
“എന്താ ടീച്ചറേ, എനിക്ക് വിഷമിക്കാൻ പാകത്തിൽ ഒരുകാര്യം?
മക്കളാരെങ്കിലും ഫോണ്‍ വിളിച്ചായിരുന്നോ?”
“മക്കളുടേയും ഭാര്യയുടേയും കാര്യമായിരുന്നെങ്കിൽ വെഷമാവ്വോന്ന് ഞാൻ ചോദിക്കില്ലായിരുന്നല്ലോ”
ഇതെന്താണ് പതിവില്ലാതെ, ഇവളിങ്ങനെ, അർത്ഥം വച്ച് ?
“കാര്യം പറയെടോ”; ശേഖരേട്ടൻ നീരസം ഉള്ളിലൊതുക്കിക്കൊണ്ട് പറഞ്ഞു.
“നമ്മുടെ കുന്നിലെ ഊർമ്മിളേച്ചിയെ മെഡിക്കൽകോളേജിൽ കിടത്തി” ഭാമ പറഞ്ഞു.
“എപ്പോ?” ശേഖരേട്ടൻ ഉൽക്കണ്ഠയോടെ മുന്നോട്ടാഞ്ഞു.
“ഭേദമായി ഇന്നലെ കൊണ്ടുവന്നതാണല്ലോ. ഇന്ന് കാലത്തും കൂടി ഞാൻ കണ്ടതാണല്ലോ”
“ഉച്ചയായപ്പോൾ വല്ലായ്മ തോന്നി. കൂട്ടനിലവിളി കേട്ടാണ് ഞാൻഓടിച്ചെന്നത്‌. അപ്പോഴേയ്ക്കും കാറ്‌ പിടിച്ച് മെഡിക്കൽ കോളേജിൽ കൊണ്ടുപോയി. കിടത്തണമെന്ന് പറഞ്ഞുവത്രേ, ഡോക്ടർമാര്.”
‘ഈശ്വരാ…!”
ശേഖരേട്ടൻ തളർന്നിരുന്നു.
“എനിക്ക് ശേഷമേ അവളെ വിളിക്കാൻ പാടുള്ളൂ”; എന്ന് എത്ര തവണ നേർച്ചയിട്ടു പറഞ്ഞതാണ്
എന്നിട്ടും?
ഇല്ല ഊർമ്മിളേ… നിനക്കൊന്നുംപറ്റില്ല.
“നീ കുറച്ച് തേയിലയിടൂ, ഭാമേ” ശേഖരേട്ടൻ അനന്തതയിലേയ്ക്ക് നോക്കി പറഞ്ഞു. അയാളുടെ ഓരോ ചലനങ്ങളും വീക്ഷിക്കുകയായിരുന്ന ഭാമ, അടുക്കളയിലേയ്ക്ക് പോയി.
ശേഖരേട്ടൻ ഇന്നുറങ്ങില്ല. അയാൾക്ക്‌ ഓർമ്മിക്കാൻ ഒരുപാടുണ്ട്.

എഴുപത്തിയൊന്ന് വർഷങ്ങൾ പിന്നാക്കം പോയാൽ, ഓർമ്മകൾ തുടങ്ങുന്നത് എവിടുന്നാണ്?
അഞ്ചു വയസ്സുമുതൽ…? അതെ. ഒന്നാംക്ലാസ്സ് മുതൽ. മങ്ങാതെ, മായാതെ നില്ക്കുന്ന നിറമുള്ളഓർമ്മകൾ……! അവ ഒരു കൊടുംമഴക്കാലത്തുനിന്നും ആരംഭിക്കുന്നു.

ശേഖരൻ, ഊർമ്മിളയെ പ്രേമിച്ചുതുടങ്ങിയത്, ഒരു ഇടവപ്പാതി മഴസമയത്താണ്. അന്ന്, അവന് അഞ്ചുവയസ്സ്. സ്കൂളിൽ പോയിത്തുടങ്ങുംമുൻപ് അവൻറെ മനസ്സിൽ പ്രേമമുണ്ടായിരുന്നില്ല. കൗതുകങ്ങൾ മാത്രം.
വീട്ടിൽ നിന്നും മുകളിലേയ്ക്ക് നടന്നാൽ കപ്പമാവുകളും കൊട്ടുക്കോണംമാവുകളും പടന്നപാറയും കാഞ്ഞിരമരവും കഴിഞ്ഞാൽ ഉണ്ടപ്പാറയാണ്. അവിടെ ഒരു കൂറ്റൻ ചെമ്പകമരമുണ്ടായിരുന്നു. മൊട്ടമൂട്
നിന്നും വരുന്ന ചെമ്മണ്‍തടം ഉണ്ടപ്പാറയെ ചുറ്റി, പുങ്കുംമൂട് പ്രൈമറി സ്കൂളിൻറെ നടയിലൂടെ എങ്ങോട്ടോ പോകുന്നുണ്ട്. ഉണ്ടപ്പാറ വരെ, ചെറ്യമ്മ കൊണ്ടാക്കും. അവിടുന്നങ്ങോട്ട് കൂട്ട് വേണ്ട. കാരണം ഇഷ്ടംപോലെ
കുട്ടികൾ നടന്നുപോകുന്നുണ്ടാവും, നിരനിരയായി. കൂട്ടത്തിൽ നടക്കേണ്ട ജോലിയേയുള്ളൂ.

ചെമ്പകമരത്തിൻറെ ചില്ലകൾക്കിടയിലൂടെ നോക്കിയാൽ, ധാരാളം മരങ്ങളുടെ നിഴലുകൾ വീണുകിടക്കുന്ന ഒരു വലിയ മുറ്റവും ഓട് മേഞ്ഞ വീടും കാണാം. അത് ഊർമ്മിളയുടെ വീടാണ്. അന്നാ നാട്ടിൽ അവളുടെ
വീട് മാത്രമേ ഓട്മേഞ്ഞതായിട്ടുണ്ടായിരുന്നുള്ളൂ. അവർ ജന്മികളാണ്. ഒരു കൂറ്റൻ മഴപെയ്ത് തോർന്ന്, സ്വർണ വെയിൽ പടർന്നു തുടങ്ങിയ നേരം. അന്ന് സ്കൂൾ തുറന്ന് മൂന്നാംനാൾ.
വഴിയരികിൽ വന്നുനിന്ന്, ആ സ്ത്രീ ശേഖരനെ വിളിച്ചു, പോലീസുകാരൻ സോമൻ നായരുടെ ഭാര്യ, സുശീല. അവരാണ് ആ നാട്ടിലെ സുന്ദരിയും പണക്കാരിയും.
സുശീല മാമി!

അടുത്ത ബന്ധുക്കളല്ലെങ്കിലും അങ്ങനെ വേണം വിളിക്കാനെന്നു പറഞ്ഞുതന്നത് അമ്മുമ്മയാണ്. അമ്മുമ്മ ആ വീടുമായി അടുപ്പത്തിലാണ്.
“ശേഖരാ” സുശീലമാമി വിളിച്ചു. “ദാണ്ടേ, മോളെക്കൂടി കൊണ്ടുപോ. തിരിച്ചു വരുമ്പോ കൂടെ കൊണ്ടരണം. മാമി ശേഖരന് ഒരൂട്ടം തരുന്നുണ്ട്. വേറെ പിള്ളാര് പിച്ച്വേം മാന്ത്വേം ചെയ്യാതെ നോക്കിക്കോണം.
ചെരുപ്പും ബാഗും കളയാതെ കൊണ്ടരണം.”

ശേഖരൻ ഊർമ്മിളയെ, നേരാംവണ്ണം ശ്രദ്ധിക്കുന്നത് അന്നാണ്. തലയിൽ ചുമന്ന റിബ്ബണ്‍ കൊണ്ടാലങ്കരിച്ചിട്ടുള്ള രണ്ട് കൊമ്പ് ! കരഞ്ഞു കലങ്ങിയ കണ്ണുകളിൽ, കണ്മഷി പടർന്നിരിക്കുന്നു. നെറ്റിയിലെ ചുമന്ന ചാന്തും ഒലിച്ചു തുടങ്ങിയിരിക്കുന്നു. നെടുവീർപ്പും തേങ്ങലുമായി ഉയർന്നുതാഴുന്ന നെഞ്ച്. ഒരു കൊച്ചുബാഗും തൂക്കി അങ്ങനെ നിൽപ്പാണ്, കക്ഷി. പുതിയൊരു ശത്രുവിനെക്കൂടി കണ്ടതുപോലെ, അവൾ ശേഖരനെ നോക്കി.

“ബാ” ശേഖരൻ വിളിച്ചു.
വേറെ മാർഗമൊന്നും ഇല്ലാത്തതുകൊണ്ട് അവൾ കൂടെപ്പോയി. ചെമ്മണ്‍തടത്തിലൂടെ, കരഞ്ഞു കരഞ്ഞാണ് അവൾ നടന്നത്.
“കരയണ്ട. പിള്ളാര് കാണും. ബാഗ്‌ വേണോങ്കീ, ഞാൻ വച്ചോളാം”; ശേഖരൻ പറഞ്ഞു.
“പോടാ” അവൾ അലറി.
പേരെന്താണെന്ന് ചോദിക്കാനുള്ള ധൈര്യം അതോടെ ശേഖരന് നഷ്ട്ടപ്പെട്ടു.
അവൾ ദേഷ്യക്കാരിയാണ് ! സ്കൂളിൽ ചേർത്തത് അവൾക്ക് ഇഷ്ട്ടപ്പെട്ടിട്ടില്ല.
കരഞ്ഞും പിണങ്ങിയും കാലം പൊയ്ക്കൊണ്ടിരുന്നു. പിണങ്ങാൻ ഇഷ്ടംപോലെ കാരണങ്ങൾ അവൾക്ക് വീണുകിട്ടാറുണ്ട്.

ഒരു ദിവസം,മുഖം കറുപ്പിച്ചാണ്, മടക്കയാത്ര.
“എന്ത്പറ്റി, ഊർമ്മിളയ്ക്ക്?” ശേഖരൻ ചോദിച്ചു.
“നീ എന്നോട് മിണ്ടണ്ട”
“ഞാനെന്തു ചെയ്തു?”
“ടീച്ചറടിച്ചപ്പോ, നീ കരയാത്തതെന്തിന് ?:”
“അതിന് ടീച്ചർ എന്നെ അടിച്ചില്ലല്ലോ”
“എന്നെ അടിച്ചില്ലേ, അപ്പൊ ഞാൻ കരഞ്ഞില്ലേ, നിനക്കുംകൂടെ കരഞ്ഞൂടെ?”
മഹാപരാധം
“ഇനിയാവട്ടെ” ശേഖരൻ പറഞ്ഞു.
“അപ്പൊ നിനക്ക് കരയാൻ വേണ്ടി, ഞാൻ ഇനിയും അടികൊള്ളണോ?”

നീളേം കുറുകേം പോകാൻ സമ്മതിക്കാത്ത പെണ്ണ്! വേറൊരു ദിവസം, പറങ്കിമാവിൻ തോപ്പിൻറെ ഇടവഴിയിൽ വച്ചാണ്
“ഞാൻ പുതിയ പെറ്റിക്കോട്ടും, ജട്ടീം ഇട്ടിട്ടു നീ യെന്താ ഒന്നും പറയാത്തത്?”;
“ഞാനറിഞ്ഞില്ലല്ലോ”
“നീ നോക്കാത്തതെന്താ? നിറയെ പൂക്കളുണ്ട്‌”
അവരല്ലാതെ മറ്റു ജീവജാലങ്ങളൊന്നും തന്നെ ഇല്ലാത്ത പ്രദേശം.
അരപ്പാവാട ലേശം ഉയർത്തി, ശേഖരൻ നോക്കി. ഇനി ആ പേരും പറഞ്ഞ്‌ പിണങ്ങാൻ പാടില്ലല്ലോ.
കിന്നരികളൊക്കെ വച്ച വെളുത്ത ജട്ടിയിൽ മൂത്രമൊഴിചച്ചതിൻറെ നനവ്‌. ഇതവളുടെ സ്ഥിരം ശീലമാണ്, ജട്ടിയിലൂടെ മൂത്രമൊഴിക്കുക! ഉടുപ്പിൻറെ ബട്ടണ്‍ വിടുവിച്ച്, പെറ്റിക്കോട്ടും കണ്ടു. നേർത്തു വെളുത്ത
പാടപോലത്തെ ഒരു തുണി ദേഹത്ത് പറ്റിക്കിടക്കുന്നു.
“കൊള്ളാം” ശേഖരൻ പറഞ്ഞു.
അവൾ സന്തോഷവതിയായി.

വേറൊരു ദിവസം കാർത്തികയോ മറ്റോ ആയിരുന്നു.
ഊർമ്മിളയെ വീട്ടിലാക്കിയിട്ട്‌, ശേഖരൻ തൻറെ വീട്ടിലേയ്ക്ക്‌ നടക്കുകയായിരുന്നു. ശേഖരൻറെ അയല്ക്കാരിയും സഹപാഠിയുമായ ലീല, ഒപ്പം കൂടി.
“കുറച്ച് കാർത്തികപ്പൂ പറിച്ച് തര്വോ?”; ലീല ചോദിച്ചു.
“എവിടെയുണ്ട്?”
“ദേണ്ടെ, ആ തോട്ടിൻറെ കരയില്. എനിക്കെത്തൂല”
ശേഖരൻ ലീലയെയും കൂട്ടി നടന്നു. ഇത് ഊർമ്മിള കണ്ടുനിൽക്കുകയായിരുന്നു.
രാത്രി.കുരുത്തോല കൊണ്ടലങ്കരിച്ച വാഴത്തടകളിൽ ദീപങ്ങളും തെളിയിച്ച്, ഗ്രാമത്തിലെ ചേട്ടന്മാർ ‘ഹരിയോംഹരി’; എന്നൊക്കെ നിലവിളിച്ച്, കാച്ചിലും ചേമ്പും പുഴുങ്ങിത്തിന്ന്, ആഘോഷിച്ചപ്പോൾ ശേഖരനും ഒപ്പം കൂടി.പിറ്റേന്ന് ഒരു പൊട്ടിത്തെറി കാത്തിരിക്കുന്നത് ശേഖരനറിഞ്ഞില്ല.
“നിന്നോട് ആരു പറഞ്ഞു, ആ ലീലയ്ക്ക് പൂ പറിച്ചുകൊടുക്കാൻ?”
ഊർമ്മിള രാവിലെ ശേഖരനെ നേരിട്ടത്, അങ്ങനെയാണ്?
“അവള് ചോദിച്ചിട്ടാണ്” ശേഖരൻ വിനീതനായി.
“നീ എനിക്ക് പറിച്ചു തരാത്തതെന്തിന്?”
“ഇന്ന് പറിച്ചുതരാം”
“കാർത്തിക ഇന്നലെയല്ലേ?” ശേഖരൻ കുറ്റവാളിയെപ്പോലെ നിന്നു.
“ഇനിയാ പെണ്ണിന്റടുത്തു മിണ്ടണ്ട”
“മിണ്ടൂല”
“ഒരു പെണ്ണിന്റടുത്തും മിണ്ടണ്ട”
“മിണ്ടൂല”
“ആരടുത്തും ചിരിക്കണ്ട”
“ചിരിക്കൂല”
“എന്റടുത്തു മാത്രം മിണ്ട്വേം ചിരിക്ക്വേം ചെയ്താ മതി”
“ഓ” അതങ്ങനെ തീരുമാനമായി.

പിന്നൊരു ദിവസം സ്കൂളിൽ നിന്നുമുള്ള മടക്കയാത്രയിൽ അവൾ ദു:ഖിതയായിരുന്നു.
‘എന്താ ഊർമ്മിളേ?”
“അച്ഛൻ വീട്ടിലുണ്ട്?” പോലീസുകാരൻ സോമൻ നായരാണ്, അവളുടെ അച്ഛൻ. ലോകത്തെ എല്ലാ പോലീസുകാരെയും ശേഖരന് പേടിയായിരുന്നു, ഒരു കുറ്റവുംചെയ്യാതെ തന്നെ.
“അച്ഛൻ അല്ലെങ്കിലും വീട്ടില് തന്നെയല്ലേ ഉള്ളത്? അതിനെന്താ?” ശേഖരന് മനസ്സിലായില്ല.
“ഇന്നത്തെ പരീക്ഷേട മാർക്ക് ചോദിക്കും. എനിക്ക് പത്തേ ഒള്ളൂ. അച്ഛൻ അടിക്കും”
“എൻറെ സ്ലേറ്റ് തരാം. തൊണ്ണൂറ്റിയെട്ടുണ്ട്.”
“നിൻറെ വീട്ടില് അടിക്കൂലെ?”
“സ്കൂളില് പരീക്ഷാന്നും പറഞ്ഞൊരു സാധനമുണ്ടെന്നുപോലും അവിടാർക്കും അറിയില്ല”
അവർ സ്ലേറ്റുകൾ പരസ്പരം മാറി.കുന്നിൽ വീട്ടിലെ വരാന്തയിലെ ചാരുകസേരയിൽ പോലീസുകാരൻ സോമൻ നായർ, ഇരിപ്പുണ്ടായിരുന്നു. അയാൾ മകളുടെ സ്ലേറ്റ്‌വാങ്ങി നോക്കിയിട്ട് അവൾക്ക് കുറേ ഉമ്മകളൊക്കെ കൊടുത്തു. എന്നിട്ട് ശേഖരനെ നോക്കി ചോദിച്ചു.
“നിനക്കെത്രയാടാ ശേഖരാ? എന്തിയേ നിൻറെ സ്ലേറ്റ്‌?”
ശേഖരൻ സ്ലേറ്റ്‌ കാണിച്ചു.
“പത്തോ?”; പോലീസുകാരൻ ചിരിച്ചു.
“നീയൊക്കെ എന്തിനാടാ പഠിക്കാൻ പോണത്?”; ശേഖരൻ മിണ്ടാതെ നടന്നു.
ശീമാപ്ലാവിൻറെ ചോട്ടിലെത്തിയപ്പോൾ പിന്നിൽ ആരോ ഓടിവരുന്ന കാൽപ്പെരുമാറ്റം. സുശീല മാമിയാണ്!
“ശേഖരാ, മാമിയ്ക്കറിയാം , ആ ഉടഞ്ഞ സ്ലേറ്റ്‌ മോള്ടയല്ല. നിൻറെയാണ്. നീ നല്ലവനാണ്. മാമി നിനക്ക് ഒരൂട്ടം തരുന്നുണ്ട്”.
ശേഖരന് കരയണമെന്ന് തോന്നി. അവൻ വേഗം നടന്നു.പടന്നപാറയിലെ ഊറ്റു-കുഴിയുടെ അടുത്തെത്തി,
ആരുമില്ലാന്നുറപ്പുവന്നപ്പോൾ, അവൻ കരഞ്ഞു.

കാലം എത്ര പെട്ടെന്നാണ് ഓരോ മനസ്സിലും മാറ്റങ്ങൾ വരുത്തുന്നത്? ഇപ്പോൾ ഊർമ്മിള ശേഖരനുമായി പിണങ്ങാറില്ല. അവൾ അവനുവേണ്ടി കാത്തുനിന്നു തുടങ്ങി. അവളുടെ കുഞ്ഞു ബാഗിൽ ശേഖരന് കൊടുക്കാനായി, അവൾ പലതും ഒളിപ്പിച്ചു വച്ച് കൊണ്ടുവരാറുണ്ട്. നാലാം ക്ലാസ്സുവരെ ഊർമ്മിള ശേഖരൻറെ ഉത്തരവാദിത്വത്തിലായിരുന്നു. അവൻ അവളെ വല്ലാതെ സ്നേഹിച്ചു തുടങ്ങിയ കാലം. തൻറെ
ഉള്ളിലെ പ്രണയം അവളോട്‌ പറയണമെന്ന്, ശേഖരൻ പലപ്രാവശ്യം ആലോചിച്ചിട്ടുണ്ട്.
കഴിഞ്ഞിട്ടില്ല. ‘കൊച്ചു പെണ്ണല്ലേ? ഒരേ പ്രായമാണെങ്കിലും.വളരട്ടെ , പറയാം’.
പിന്നീടങ്ങോട്ട് വളരാൻ വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു.

അവൾ വളരുന്നതേയില്ല
ആ കാലത്താണ്, ശേഖരൻറെ മനസ്സിനെ വല്ലാതെ മുറിവേൽപ്പിച്ച ഒരുസംഭവമുണ്ടായത്. അവരുടെ സ്കൂളിൽ നാല് ക്ലാസ്സേയുള്ളൂ. അവർ രണ്ടുപേരും നാലാം ക്ലാസ്സ് ജയിച്ചു. കുറച്ചുകൂടി മെച്ചപ്പെട്ട വിദ്യാഭ്യാസം കിട്ടാൻ ഊർമ്മിളയെ ആറേഴു കിലോമീറ്റർ അകലെയുള്ള കന്യാസ്ത്രീകളുടെ കോണ്‍വെന്റിൽ ചേർത്തു. ശേഖരൻ നാട്ടിൽത്തന്നെയുള്ള ഒരു സർക്കാർ സ്കൂളിലും. കാക്കി നിക്കറും വെള്ള ഉടുപ്പും, ശേഖരന് ഇഷ്ട്ടപ്പെട്ടില്ല.
ഊർമ്മിളയ്ക്ക് നീലപ്പാവാടയും വെള്ള ജാക്കറ്റുമാണ്. അവർ, കുറെ പെണ്‍കുട്ടികൾ, ബസ്‌ കയറിയാണ്‌ സ്കൂളിൽ പോകുന്നത്. ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന, അവളുടെ ഏതോ ഒരപ്പചിയുടെ മകൾ, തുണയുണ്ട്.
അവൾക്കിനി, ശേഖരൻറെ ആവശ്യമില്ല. റോഡു വരെ പോയാലെ ഊർമ്മിളയ്ക്ക് ബസ്സു കിട്ടുള്ളൂ. ബസ്‌
സ്റ്റോപ്പിനും കുറച്ചപ്പുറത്താണ് ശേഖരൻ പഠിക്കുന്ന സർക്കാർ സ്കൂളിൻറെ ഓല മേഞ്ഞ ഷെഡുകൾ.
പക്ഷെ, റോഡുവരെപ്പോലും ഒന്നിച്ചു പോകാൻ കഴിയുന്നില്ല. അവൾ എത്ര മണിയ്ക്കാണ് വീട്ടിൽ നിന്നുമിറങ്ങുന്നത്? ഏതുവഴിക്കാണ് പോകുന്നത്? ശേഖരൻ പലസമയങ്ങളിലും വീട്ടിൽ നിന്നും മാറിമാറി
ഇറങ്ങിനോക്കി. വഴിയിലൊന്നും അവളില്ല. കാത്ത് നിൽക്കാമെന്നു വച്ചാൽ കാണുന്നവർ എന്ത് കരുതും? ലോകരുടെ കണ്ണിൽ ശേഖരന് പത്തുവയസ്സു മാത്രമേ ഉള്ളൂ.
വിരഹദു:ഖം അവനെ തളർത്തി. പ്രണയനൊമ്പരം എന്താണെന്ന് അവനറിഞ്ഞു.

“ഇത്ര ചെറിയ ചെക്കന് പ്രേമമോ”; എന്നാരെങ്കിലും ചോദിച്ചാൽ
അനുഭവമില്ലാത്തവരാണ്” നിങ്ങളെന്ന് ശേഖരന് പറയാം. കാരണം അവൻ അനുഭവിക്കുകയാണ്, വളരെ തീവ്രമായി. ചില ദിവസങ്ങളിൽ മടക്കയാത്രയിൽ അവളെ കണ്ടുമുട്ടിയിട്ടുണ്ട്. അപ്പോഴൊക്കെ കൂട്ടുകാരികൾക്കൊപ്പം വളരെ വേഗത്തിൽ നടന്നു പോകുകയാവും, അവൾ.

ഒരു ദിവസം ഒറ്റയ്ക്കിരുന്നപ്പോൾ, ശേഖരൻ ആലോചിച്ചു എന്തിനാണ് താനീ ഊർമ്മിളയെ ഇങ്ങനെ സ്നേഹിക്കുന്നത്? എന്താണ് അവളുടെ പ്രത്യേകത?
ഓടുമേഞ്ഞ വീട്ടിലെ കുട്ടിയാണ്… ധാരാളം നെൽപ്പാടങ്ങൾ…. നോക്കെത്താ ദൂരത്തോളം പറമ്പുകൾ…. അതിലൊക്കെ മാവും പ്ലാവും അണ്ണാറക്കണ്ണൻമാരും! അതോക്കെയാണോ കാരണം? അല്ല. ഒന്ന്, അവൾ കാണാൻ നല്ല ചന്തമുണ്ട്. രണ്ട്, അവളും അവനെ സ്നേഹിക്കുന്നുണ്ടെന്ന തോന്നൽ. മൂന്ന്, പണ്ട് സുശീലമാമി ‘അവളെനോക്കിക്കോണേ ശേഖരാ’ എന്നുപറഞ്ഞേൽപ്പിച്ചത്. അന്നുമുതൽ ഊർമ്മിള തൻറെ സ്വന്തമാണെന്നുള്ള ഒരുതോന്നൽ ഉള്ളിൽ പറ്റിക്കൂടി. ഇനി പുറകോട്ടില്ല. വേനൽക്കാലങ്ങളിൽ അവളുടെ കുന്നിൻമുകളിലുള്ള കുളവും കിണറുമെല്ലാം ശോഷിക്കും. അത് വലിയ പരീക്ഷ കഴിഞ്ഞുള്ള അവധിക്കാലമാണ്. ഒന്നും ചെയ്യാനില്ലാത്ത ദിനങ്ങൾ. ശേഖരൻ ആ ദിവസങ്ങൾക്ക് വേണ്ടി ,കാത്തിരിക്കും. താഴ്‌വാരത്തിലെ ശേഖരൻറെ വീടിനും കുറച്ചപ്പുറത്തുള്ള കൈതത്തോട്ടിൽ ഒരിക്കലും വറ്റാത്ത നീരൊഴുക്കുണ്ട്. മോളിലുളള പെണ്ണുങ്ങളെല്ലാം കുളിക്കാനും തുണി തിരുമ്മാനും വരുന്നത് അവിടെയാണ്.
കൂട്ടത്തിൽ ഊർമ്മിളയും ഉണ്ടാകും.

ശേഖരൻ, മരങ്ങളുടെയും പൊന്തക്കാടുകളുടെയും മറപറ്റി, അവർക്ക് സമാന്തരമായി നടക്കും. പാറക്കൂട്ടങ്ങൾക്കിടയിലെ രാമച്ചക്കാട്ടിൽ ഒളിച്ചിരുന്നാൽ കൈതത്തോട്ടിൽ കുളിക്കുന്നവരെ ഭംഗിയായി കാണാം. അവനെ ആർക്കും കാണാനും പറ്റില്ല. ഊർമ്മിളയെ കണ്ണുനിറയെ കാണാൻ കിട്ടുന്ന ആ അവസരങ്ങളിൽ ദർഭമുനപോലുള്ള രാമച്ചപ്പുല്ലുകൾ തട്ടി, ശരീരം മുറിയുന്നതും ചോരയോഴുകുന്നതും ശേഖരൻ കാര്യമാക്കാറില്ല. മഞ്ഞളും താളിയുമൊക്കെ തേയ്ച്ചുള്ള പെണ്ണുങ്ങളുടെ നീരാട്ട് ഒരുത്സവം പോലെയാണ്. ശേഖരൻറെ കണ്ണുകൾ ഊർമ്മിളയിൽ മാത്രമായിരിക്കും. ശേഖരനറിയാതെ ഊർമ്മിളയുടെ മാറിൽ, നാരങ്ങാ വലിപ്പത്തിലുള്ള രണ്ടുമുഴകളുണ്ടായിരിക്കുന്നു. അവന് വിഷമമായി. അവളിലെ പരിണാമങ്ങളൊന്നും അവന് അറിയാൻ കഴിയുന്നില്ല. ശേഖരനെ കൂടുതൽ വിഷമിപ്പിച്ചത്, ഊർമ്മിള ശേഖരൻറെ വീടിരിക്കുന്ന ഭാഗത്തേയ്ക്ക് നോക്കുന്നതുപോലുമില്ല. കൈതത്തോട്ടിൽ നിന്ന് നോക്കിയാൽ കാണാവുന്നതാണല്ലോ ചപ്പാണൻ തൈത്തെങ്ങ്‌ നില്ക്കുന്ന ആ മുറ്റം.

കൊയ്ത്തുകാലം തുടങ്ങിയാൽ നാടെങ്ങും ഉത്സവങ്ങളുടെ ലഹരിയിലാവും. തമ്പുരാൻ കളത്തിലും മുടിപ്പുരയിലും ഊരൂട്ടുമണ്ഡപത്തിലുമെല്ലാം ഉത്സവകാലം! മകരത്തിൻറെ കുളിരിൽ നിന്നും, പ്രകൃതി കുംഭവേനലിൻറെ തീക്ഷ്ണതയിലേയ്ക്ക് കടക്കുമ്പോൾ രാത്രികാലങ്ങളിൽ രക്ഷപ്പെടാൻ ഉത്സവപ്പറമ്പുകൾ ഒരനുഗ്രഹമായിരുന്നു.
കൊയ്ത്തുകാലം!

വയലായ വയലെല്ലാം രാവെന്നോ പകലെന്നോ ഇല്ലാതെ കൊയ്തുകൂട്ടും. എല്ലാ പാവപ്പെട്ട വീട്ടിലെയും പെണ്ണുങ്ങൾ, കതിരടിക്കാനായി ഇറങ്ങും.തിരികെ വരുമ്പോൾ എല്ലാരുടെയും വട്ടി നിറയെ, അല്ലെങ്കിൽ
രണ്ടാം മുണ്ടിൽ നെല്ലുണ്ടാവും. കൊയ്യുന്നത് കൂടുതലും, ആണുങ്ങളും ചെറുമികളുമാണ്. അവർക്കും കിട്ടും ആളൊന്നിന് കൊറ്റ്. ഊർമ്മിളയ്ക്കുമുണ്ട് ധാരാളം നെൽവയലുകൾ. ആ നെല്ലൊക്കെ അളന്നു തിട്ടപ്പെടുത്തി പത്തായത്തിലാക്കുന്നത്, കാലങ്ങളായി ശേഖരൻറെ അമ്മുമ്മയാണ്. ഒരുദിവസം സന്ധ്യയ്ക്ക് അമ്മുമ്മ
വന്നപ്പോൾ ശേഖരന് ഒരുണ്ട കൊണ്ടുക്കൊടുത്തു. അരിമാവ്, പച്ചവെളിച്ചെണ്ണയിൽ കുഴച്ചുണ്ടാക്കിയ ഒരുണ്ട!

“എന്താണിത്?” ശേഖരൻ പിതുക്കിനോക്കി.
“കുന്നിലെ നിൻറെ ഊർമ്മിള വയസ്സറിഞ്ഞെടാ” അമ്മുമ്മ പറഞ്ഞു. ‘എൻറെ ഊർമ്മിളയോ? അപ്പോൾ കാര്യങ്ങൾ ഇവരൊക്കെ അറിഞ്ഞോ?
“വയസ്സറിഞ്ഞെന്നോ?”
“പ്രയമായെടാ, മണ്ടച്ചാരേ” അമ്മുമ്മ ചിരിച്ചു.
“വല്യ പെണ്ണായി. അവളിനി
നിന്നെപ്പോലെ അണ്ണാൻകുഞ്ഞല്ല, വല്യകുട്ട്യാ” അതും പറഞ്ഞിട്ട് അമ്മുമ്മ കുളക്കരയിലേയ്ക്ക് പോയി.
ഈ മാതിരി കാര്യങ്ങൾ ആണുങ്ങൾക്കില്ലേ? അല്ലായിരുന്നെങ്കിൽ, അവളും അറിയുമായിരുന്നില്ലേ, താഴത്തെ ശേഖരൻ വയസ്സറിഞ്ഞൂന്ന്. ദൈവങ്ങൾക്ക് എല്ലായിടത്തും കള്ളക്കളികളാണ്.അന്ന് രാത്രി ശേഖരൻ ഉറങ്ങിയില്ല. നാവിൽ വെളിച്ചെണ്ണയിൽ കുഴച്ച അരിമാവിൻറെ രുചി. കണ്ണിൽ,വയസ്സറിഞ്ഞ് മൂലയിൽ ഒളിച്ചിരിക്കുന്ന ഊർമ്മിളയുടെ മുഖം. കാതിൽ ‘നിൻറെ ഊർമ്മിള’ എന്നുള്ള അമ്മുമ്മയുടെ പ്രസ്താവന!
അവർ രണ്ടാളും ഒമ്പതിൽ ജയിച്ചു. സ്കൂൾ തുറക്കാൻ ഇനിയും നാളുകളുണ്ട്. ഒരുദിവസം അമ്മുമ്മ വന്നു
പറഞ്ഞു,
“നിന്നെ കുന്നിലെ സുശീല അന്വേഷിച്ചു, ശേഖരാ”
“എന്തിനു്?”
“ആ തടത്തിന്റടുത്തു നില്ക്കണ നെല്ലി നിറയെ കായ്ച്ച്‌ ചൊരിഞ്ഞ്‌ കിടക്കണ്. ഒക്കെ പള്ളിക്കുടം പിള്ളാര് കല്ലെടുത്തെറിഞ്ഞ് ഇല്ലായ്മ ചെയ്യണ്‌. മക്കള് ചെന്ന് പറിച്ചുകൊടുക്ക്. കുറച്ച് നമ്മക്കും ഉപ്പിലിടാം”
ശേഖരൻ ആശയക്കുഴപ്പത്തിലായി.ഇതേത് വകുപ്പിൽ പെടും? ഒരു വെറും സഹായമോ, അതോ
അമ്മുമ്മയുടെ ചെറുമകനെന്നുള്ള നിലയിലെ നിർബന്ധസേവനമോ?
പോകാം. അവളെ ഒന്ന് കാണാമല്ലോ.

‘താനൊരു പണിക്കാരൻ ചെക്കനല്ല, മറിച്ച്, ഉയർന്ന ഉദ്യോഗസ്ഥനാകാൻ പോകുന്ന വിദ്യാർഥിയാണെന്ന് അവരൊന്നും മറക്കരുതല്ലോ’ എന്നു കരുതി ശേഖരൻ രാവിലെ ലൈബ്രറിയിലേയ്ക്ക് പോയി. റഷ്യൻ കഥകളുടെ പരിഭാഷ അവിടെ ധാരാളമുണ്ടായിരുന്നു, ഭംഗിയുള്ള അച്ചടിയിൽ.വായിച്ചാൽ മനസ്സിലാവ്വോന്നറിയില്ല, എങ്കിലും ഒരു മോടിയായിക്കോട്ടേ എന്ന് കരുതി രണ്ടുമൂന്നെണ്ണം എടുത്തുകൊണ്ട് ശേഖരൻഊർമ്മിളയുടെ വീട്ടിലേയ്ക്ക് നടന്നു.

കുന്നിൽവീട് ! പോലീസുകാരൻ സോമൻനായരുടെയും സുന്ദരിയായ സുശീലമാമിയുടെയും
അതിസുന്ദരിയായ ഊർമ്മിളയുടെയും ഭാവിയിൽ ശേഖരൻറെയും വീട്! അവനെത്തുമ്പോൾ വടക്കുവശത്തുള്ള ഒരു ചെറുതിണ്ണയിലിരുന്ന്, സ്വർണനിറത്തിൽ വിളഞ്ഞ ഒരു ചക്കയെ ശരിയാക്കുകയാണ്, അമ്മുമ്മ. കുളിച്ച് സുന്ദരിയായി, നാട്ടു വർത്തമാനങ്ങളൊക്കെ കേട്ടുകൊണ്ട്,തൊട്ടടുത്ത ഒരു ഉരലിൽ സുശീലമാമിയും. അവരുടെ വെളുത്ത കണങ്കാൽ നിറയെ നീല രോമരാജികൾ. ശേഖരനെ കണ്ടപ്പോൾ അവർ
ചിരിച്ചു.
“പഴം കഞ്ഞിയെടുക്കട്ടെ, ശേഖരാ?” പല്ലുകൾക്ക് വിടവുണ്ടെങ്കിലും അവരുടെ ചിരി രസമാണ്.
“വേണ്ട”; ശേഖരൻ പറഞ്ഞു.
“ഞാൻ വെളിയിൽ നിന്നും കാപ്പി കുടിച്ചു” ഭാവി മരുമാകനാകാൻ പോകുന്ന താൻ, ഇവരുടെ പഴങ്കഞ്ഞി
കുടിക്ക്യേ?
“അതിന് നിൻറെ കൈയിൽ എവിടുന്നാടാ പൈസ?” അമ്മുമ്മയുടെ ആ ചോദ്യം കേട്ട് ശേഖരന് ദേഷ്യം വന്നു.
സ്വന്തം വീട്ടിലെ ആണുങ്ങളുടെ വിലയറിയാത്തവരാണ്, പല പാവപ്പെട്ട വീട്ടിലെ സ്ത്രീകളും.
“നെല്ലിക്ക മുഴുവനും ഇടട്ടെ മാമീ?” ശേഖരൻ വിഷയം മാറ്റി.
“ഇട്ടോ ശേഖരാ” സുശീല പറഞ്ഞു.
“കുട്ടികൾ അത് പറിക്കുന്നതിലല്ല , ദേവകിയക്കാ വെഷമം. അവരെടുത്തെറിയുന്ന കല്ല്‌വീണ് ഓട്പൊട്ടുന്നു. ഊർമ്മിളേട അച്ഛന് അവധിയുള്ള ദിവസമാണെങ്കിൽ! അറിയാംലോ കടുവേട സ്വഭാവം”
“ഇവനുണ്ടല്ലോ, സുശീലേ”; അമ്മുമ്മ എന്തിൻറെ പുറപ്പാടാണോ?
“ഈ കാണുമ്പോലൊന്നും അല്ല , നല്ല പടം വരയ്ക്കും. ഇവിടുത്തെ മോളുടെ ഒരുപടം വരച്ച് വീട്ടിലെ ചുമരിൽ തൂക്കിയിട്ടുണ്ട്‌. ഫോട്ടം പിടിച്ചതുപോലെ തന്നെ”
ഈ കിളവി എന്തിനാണ് അതിവിടെ എഴുന്നെള്ളിച്ചത്? ശേഖരനാകെ ചൂളി.
“അഞ്ചു വയസ്സ് തൊട്ട് ശേഖരനല്ലേ കൊണ്ട് നടക്കണത്‌? ഒരു ഗവണ്മെന്റുജോലിയൊക്കെ വാങ്ങീട്ടു വാ, പിടിച്ചു കൈയിൽ തരാം, മാമി”

ഒരിക്കലും പ്രതീക്ഷിക്കാത്ത വരികൾ! പല്ലിനു വിടവുള്ള ആ ചിരിയിലൂടെ പ്രഖ്യാപിക്കും പോലെയാണ്
അവരത് പറഞ്ഞത്.ശേഖരൻ നടന്നു, അവരുടെ മുൻപിൽ നിന്നും രക്ഷപ്പെട്ടു. ഇവളിത് എവിടെയാണ്?
വീട്ടുമുറ്റത്ത്‌ ആരുമില്ല. ഉള്ളിൽ കൊലുസ്സിൻറെ കിലുക്കവും കേൾക്കാനില്ല. ഇന്ന് ട്യൂഷനുണ്ടാവുമോ?
വേണ്ട. ഇന്ന് അവളുടെ സാമീപ്യമില്ലെങ്കിൽപ്പോലും ഏറ്റവും നല്ല ദിവസമാണ്. ഇതിനുമപ്പുറം എന്ത് പച്ചക്കൊടി? ഇനി ആകെ വേണ്ടത് ഒരു സർക്കാർ ഉദ്യോഗം. ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന ചെക്കന് ആരെങ്കിലും തര്വോ? ശേഖരൻ തടത്തിനരികത്തേയ്ക്ക് നടന്നു. അവൻറെ സ്വന്തം നെല്ലിമരം കായ്ച്ച് ചൊരിഞ്ഞ്, ആകാശത്തേയ്ക്ക് പടർന്നു പന്തലിച്ച്, അതാ നില്ക്കുന്നു, ‘വാടാ മരു-മോനെ’ എന്ന് സംബോധന ചെയ്തുകൊണ്ട്. കൈയിലിരുന്ന റഷ്യൻ വിപ്ലവങ്ങളെ ഒരു ഉരുളൻ കല്ലിൻറെ തലയിൽ വച്ചിട്ട്, ശേഖരൻ, അവൻറെ നെല്ലിയെ നോക്കി.
“ഹലോ” ഒരു ശബ്ദം.
അവളാണ്. ഊർമ്മിള ! പറങ്കിമാവിൻറെ ചില്ലകൾ നിഴൽ വിരിച്ചിട്ടുള്ള ഒരു പാറപ്പുറത്ത്
കൈയിൽ ഒരു നോട്ട് ബുക്കുമായി, അവൾ…. സ്വന്തം ഊർമ്മിള. ഭൂഗോളം ഒരു നേർത്ത അന്നലൂഞ്ഞാലിൽ കയറി നിന്നാടുകയാണ്. ഏതു നേരത്തു വേണോ കൈവിട്ടുപോകാം. ആ ഭൂഗോളത്തിലൊരു ഭാഗത്ത്
നിയന്ത്രണമില്ലാത്ത ഒരവസ്ഥയിലാണ്, ശേഖരൻ.
“എത്ര കാലായി , കണ്ടിട്ട്? ഇവിടെന്താ പരിപാടി?” ഊർമ്മിള ചോദിച്ചു.
“നെല്ലിക്ക” ശേഖരൻ നെല്ലിമരത്തിൽ നോക്കി വിക്കി.
“തളം വയ്ക്കാനാണോ, തലയിൽ” അവളുടെ ചിരി!
“തളമോ? എന്താത്?” ശേഖരൻ അവളുടെ അപ്രതീക്ഷിത സാന്നിധ്യത്തിൻറെ അമ്പരപ്പിലാണ്.
“പെണ്‍കുട്ടികളുടെ പടം വരച്ചു തുടങ്ങീന്നു കേട്ടു, രവിവർമ്മ!”,സ്നേഹമോ, പരിഹാസമോ?
ഈ അമ്മുമ്മയെ തല്ലിക്കൊല്ലണം.
“എന്ത് ഡിക്ഷണറിയാ അത്?”
“ഡിക്ഷണറിയല്ല. റഷ്യൻ നോവലുകളാണ്. അമ്മ , ബാല്യകാലം, ഡോണ്‍ ശാന്തമായി ഒഴുകുന്നു”
“ഒഴുകിക്കോട്ടെ , ശാന്തമായി ഒഴുകിക്കോട്ടെ” ഇവൾ കോണ്‍വെന്റിൽ പോയപ്പോഴേ കരുതിയതാണ്, തെറിച്ച
പെണ്‍പിള്ളാര് വഴിതെറ്റിക്കുമെന്ന്.
“അതേയ്, പത്താം ക്ലാസ്സ് കഴിഞ്ഞ് നീ എന്തുചെയ്യാൻ പോണു?”; അവൾ പാറപ്പുറത്ത് നിന്നും എണീറ്റുകൊണ്ടാണ് ചോദിച്ചത്.
“നീ’ എന്ന് സംബോധന ചെയ്തത് ശേഖരന് ഇഷ്ട്ടപ്പെട്ടില്ല. പ്രായം ഒന്നുതന്നെയാണ്. പക്ഷെ , താനവളെ കെട്ടാൻ പോകുന്ന ആളാണ്.സർവ്വോപരി ഒരാണാണ്.
“നീ എന്ന് വിളിക്കാമോ?” അത്രയും ചോദിക്കാനേ, അന്നേരം ശേഖരന് തോന്നിയുള്ളൂ.
“പിന്നെന്താ ഞാൻ വിളിക്ക്വ ?”ചേട്ടാന്നു വിളിക്കാംന്നു വച്ചാൽ,നമ്മള് രണ്ടും ഒരേ പ്രായം. പേര് വിളിക്കാംന്ന് വച്ചാൽ, ഹൊ! എന്തോ എനിക്ക് ശര്യാവുന്നില്ല. എന്തൊരു മുറ്റൻ പേര്? ശേ…ഖ….രൻ…” അവൾ ചിരിച്ചു.
ഇത് പഴയ ചിരിയല്ല,ഇവളുടെ ചിരിയും വയസ്സറിഞ്ഞിട്ടുണ്ട്.
“വേറെന്തെങ്കിലും വിളിച്ചോളൂ” ശേഖരൻ എന്താണ് പറയുന്നതെന്ന് അവനുതന്നെ മനസ്സിലായില്ല. അവളെ കാണുമ്പോൾ തന്നെ നെഞ്ചിൽ പെരുമ്പറ മുഴങ്ങുന്നു. മണ്ണിൽ നിന്നും ഒരു വിറയൽ കാലിലൂടെ ഉച്ചിയിലെത്തി നില്ക്കുന്നു.
‘വേറെന്താ പിന്നെ ഞാൻ വിളിക്ക്യാ?” ഊർമ്മിള ആലോചിച്ചുകൊണ്ട്‌ ശേഖരൻറെ മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. വല്ലാത്ത ഒരു മണം ശേഖരന് അനുഭവപ്പെട്ടു. ഇത് അവൾ പണ്ട് ജട്ടിയിലൂടെ മൂത്രമൊഴിച്ചു നടന്ന കാലത്തെ മണമല്ല. കൈതോന്നി കാച്ചിയ എണ്ണയുടെയും പിന്നെ എന്തിൻറെയോ… ചെറുതേനിൻറെ, അതെ, ചെറുതേനിൻറെയും ഗന്ധമാണ്. വയസ്സറിയിച്ച പെണ്‍കുട്ടികൾ ചിരിക്കുമ്പോൾ ചെറുതേനിൻറെ മണംവരുമോ? നടത്ത നിർത്തിയിട്ട് ഊർമ്മിള പറഞ്ഞു.
“ഞാനെന്തെങ്കിലും ശബ്ദമുണ്ടാക്കാം. ഏയ്‌… ങാ..ങൂ.. അങ്ങനെന്തെങ്കിലും
ശബ്ദമുണ്ടാക്കി വിളിക്കാം.” അവൾ അമർത്തി ചിരിച്ചപ്പോൾ ശേഖരന്ധൈര്യം വന്നു.

അവനും വയസ്സറിഞ്ഞു.,ഇതാണ് പ്രായപൂർത്തി. ഇനി പറയാം. ‘ഊർമ്മിളേ, ഞാൻ കഴിഞ്ഞ ഒമ്പതുവർഷങ്ങളായി ഊണുമുറക്കവുമില്ലാതെ, രാപ്പകലില്ലാതെ, ഋതുഭേദങ്ങളറിയാതെ നിന്നെ, നിന്നെ മാത്രം പ്രണയിക്കുന്നു. അതിൻറെ തെളിവായി, ഞാൻ നിൻറെ ഹൃദയത്തിൽ, ഹൃദയത്തെ സൂക്ഷിക്കുന്ന നെഞ്ചിൽ, മൃദുവായി, വളരെ മൃദുവായിഒരുമ്മ തരാൻ പോകുന്നു’
പറയാനുള്ളത് ഒന്നുകൂടി ഉരുവിട്ടു നോക്കി. കൃത്യമാണ്. പക്ഷെ,’ഊർമ്മിളേ’ എന്ന് വിളിച്ചത് ശേഖരനായിരുന്നില്ല. വീട്ടിൽ നിന്നും അവളുടെ അമ്മയായിരുന്നു, സുശീല മാമി.
“ദാ വരുന്നമ്മേ” അവളോടി. ഇപ്രാവശ്യവും പറയാൻ കഴിഞ്ഞില്ല.
പക്ഷെ, ശേഖരൻ സംതൃപ്തനാണ്. മതി, ഇത്രയും മതി. അവൻ കുറച്ചുകാലം നടക്കുകയായിരുന്നില്ല. പറക്കുകയായിരുന്നു. പത്താം ക്ലാസ്സ് ജയിച്ചപ്പോൾ, ഊർമ്മിളയെ നഗരത്തിലെ ഒരു കോളേജിൽ
ചേർത്തു. കോളേജിൽ തന്നെയുള്ള ഹോസ്റ്റലിൽ നന്നാണ് അവൾ പഠിക്കുന്നത്. കർശനക്കാരികളായ കന്യാസ്ത്രീകൾ കുട്ടികളെ പുറത്തുവിടാറില്ല. അവളെ കാണാതെ, ശേഖരന് ഭ്രാന്ത് പിടിക്കുംപോലെ
തോന്നി. ഐ ടി ഐ-ലെ പഠന-ത്തിനായി ശേഖരനെ അവൻറെ വലിയമ്മയുടെ വീട്ടില് താമസിപ്പിച്ചു. രണ്ടും രണ്ട് ദിക്കുകൾ….തമ്മിൽക്കാണാനാകാതെ എത്രയോ മാസങ്ങൾ….ഇതിനിടയിൽ ഒരുത്സവകാലത്ത്, ഊരൂട്ടുമണ്ഡപത്തിലെ ചിറപ്പിന്,ശേഖരൻ അവളെ കണ്ടു. ഒരു ട്യൂബ് ലൈറ്റിൻറെ ചോട്ടിൽ ഏതോ രണ്ട് ചെറിയകുട്ടികളുമായി മരിക്കൊഴുന്ത് വാങ്ങിക്കൊണ്ട് നില്ക്കുകയായിരുന്നു, ഊർമ്മിള.

“ഊർമ്മിളേ” ദൂരെ നിന്നേ അവൻ വളരെ ഉച്ചത്തിൽ വിളിച്ചു.
ഭീകരമായിരുന്നു, ആ വിളി! ആൾക്കാരൊക്കെ അവരെ നോക്കി. ഒരുപക്ഷെ, അതുകൊണ്ടാവണം,
അവൾ വേഗം നടന്ന് ജനക്കൂട്ടത്തിലലിഞ്ഞു. അത്ര ഉറക്കെ വിളിക്കരുതായിരുന്നു.

(തുടരും ..)

നൊമ്പരങ്ങൾ, ഗന്ധർവ്വൻപാട്ട് , ഏഴാംഭാവം എന്നിവയാണ് പ്രസിദ്ധീകരിച്ച നോവലുകൾ. ആനുകാലികങ്ങളിൽ ചെറുകഥകൾ എഴുതുന്നു. നിരവധി ടെലിവിഷൻ സീരിയലുകളും സിനിമകളും ഡോകുമെന്ററികളും തിരക്കഥ എഴുതുകയും സംവിധാനം നിർവഹിക്കുകയും ചെയ്തു.