മിലൻ കുന്ദേര
ചെക്കൊസ്ലാവാക്യയിലെ പ്രാഗ് വസന്തവും തുടർന്നുള്ള റഷ്യൻ അധിനിവേശവും മൂലം ഫ്രാൻസിലേക്ക് കുടിയേറിയ എഴുത്തുകാരനാണ് മിലൻ കുന്ദേര. ജീവിതത്തെയും അതിന്റെ പ്രസ്നങ്ങളെയും ലഘുവായി കാണുന്ന തത്വചിന്തയാണ് അദ്ദേഹത്തിന്റെ ദ അൺബെയറബിൾ ലൈറ്റ്‌നസ് ഓഫ് ബിയിങ് എന്ന പ്രശസ്തമായ കൃതിയുടെ വായനാനുഭവം. രാഷ്ട്ട്രീയ അവസ്ഥകൾ കഥാപാത്രങ്ങളുടെ ജീവിതസാഹചര്യങ്ങളായി വരുന്ന ഈ നോവൽ പിന്നീട് സിനിമയും ആയിട്ടുണ്ട്.
ചെക്കൊസ്ലാവിയയിൽ ജനിച്ച് ഫ്രാൻസിലേക്ക് കുടിയേറിയ എഴുത്തുകാരനായ മിലൻ കുന്ദേര മലയാളികൾക്ക് അത്ര അപരിചിതനല്ല. ചെക്കൊസ്ലാവിയൻ കമ്യൂണിസ്റ് പാർട്ടി റീഫോർമേഷന്റെ ഭാഗമായ പ്രാഗ് വസന്തം എന്ന പേരിൽ അറിയപ്പെട്ട ഒരു മുന്നേറ്റത്തിന്റെ ഭാഗമായി കുന്ദേര പ്രവർത്തിച്ചിരുന്നു. എന്നാൽ റഷ്യൻ അധിനിവേശം ഈ മുന്നേറ്റത്തിന്റെ മുനയൊടിക്കുകയും കുന്ദേരയെ പോലുള്ള എഴുത്തുകാർക്ക് അവിടം അസ്വീകാര്യമാവുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രശസ്തമായ ഒരു പുസ്തകമാണ് ദ അൺബെയറബിൾ ലൈറ്റ്‌നസ് ഓഫ് ബിയിങ്.നീഷേയുടെയും മറ്റും ഫിലോസഫി ഇദ്ദേഹത്തിന്റെ എഴുത്തിനെ ഏറെ സ്വാധീനിച്ചതായി കാണാം. ഈ പുസ്തകത്തിൽ നീഷേയുടെ അനന്തമായ ആവർത്തനം അഥവാ ജീവിത ഭാരം എന്ന തത്വത്തിന് വിരുദ്ധമായി ഗ്രീക്ക് ചിന്തകനായ പർമീനിഡിസിന്റെ ജീവിതത്തിന്റെ ലഘുത്വം എന്ന തത്വം ആണ് കുന്ദേര പറയുന്നത്.
1968 ൽ ചെക്ക് റിപ്പബ്ലിക്കിലെ പ്രേഗിലാണ് കഥ നടക്കുന്നത്. നായകനായ തോമസ് സ്ത്രീ ലമ്പടനായ ഒരു സർജനാണ്. ജീവിതത്തെ വളരെ ലഘുവായി കാണുന്ന അദ്ദേഹം ഭാര്യയും മകനുമായി പിരിഞ്ഞു അവരെ ഒരിക്കലും കാണാതിരിക്കുകയും ഒരു ബാച്ചിലർ ജീവിതം നയിക്കുകയുമാണ്. സ്ത്രീകളോടുള്ള അമിതമായ ആസക്തി മാത്രമാണ് ജീവിതത്തിൽ ഇയാൾക്ക് പ്രധാനമായിട്ടുള്ളത്. ഇതിൽ പ്രണയത്തിനോ സഹാനുഭൂതിക്കോ ഒന്നും സ്ഥാനമില്ല. തന്റെ നിരന്തര യാത്രകൾക്കിടയിൽ അയാൾ തെരേസയെന്ന ഒരു യുവതിയെ പരിചയപ്പെടുന്നു. വീട്ടിലെ സാഹചര്യങ്ങൾ കടുത്ത പ്രതിസന്ധിയിലാക്കിയ തെരേസ ഒരു കഫേ ജീവനക്കാരിയാണ്. ഒരു ദിവസം അപ്രതീക്ഷിതമായി തെരേസ ഒരു പെട്ടിയുമെടുത്ത് തോമസിന്റെ വീട്ടിലേക്കു വരുന്നു.എങ്കിലും തോമസ് തന്റെ സ്ത്രീ ബന്ധങ്ങൾ തുടർന്ന് കൊണ്ടിരുന്നു. ആദ്യമാദ്യം തെരേസയെ ഇതൊന്നും അറിയിക്കുന്നില്ല. തെരേസക്ക് ഇയാളിൽ അനുഭവപ്പെടുന്ന സ്ത്രീ ഗന്ധം അസഹ്യമാകുന്നു. കടുത്ത വിശ്വാസിയായ ഇവൾ ഇതിനെ ചൊല്ലി പല തവണ വഴക്കിടുന്നു. പിന്നീട് അയാൾ എല്ലാം തുറന്നു പറയുന്നു. മറ്റാരോടും തോന്നാത്ത സ്നേഹത്തിന്റേതായ ഒരു വികാരം തെരേസയോട് ഉണ്ടെങ്കിലും തന്റെ കാമുകിമാരെ ഒഴിവാക്കാൻ വയ്യാത്ത വിധം തോമസ് നിസ്സഹായാനാണ്.
ജീവിതത്തെ അതിന്റേതായ ലഘുത്വത്തോടെ സ്വീകരിക്കാനാണ് തോമസ് ശ്രമിച്ചിട്ടുള്ളത്. എന്നാൽ ഇതെല്ലാം സഹിക്കാൻ തെരേസക്ക് ആവുന്നില്ല. തെരേസ ആത്മഹത്യക്ക് ഒരുങ്ങുന്നു. ഈ പ്രവൃത്തി മൂലം തെരേസയുടെ സന്തോഷത്തിനു വേണ്ടിതോമസ് അവളെ വിവാഹം കഴിക്കുന്നു.
തോമസിന്റെ വേറൊരു ദീർഘകാല കാമുകിയാണ് ചിത്രകാരിയും വളരെ പ്രായോഗികമതിയുമായ സബീന. സബീന ജീവിത ലാഘവത്വത്തിന്റെ നേർക്കാഴ്‌ചയാണ് നോവലിൽ. ആരോടുമുള്ള വിധേയത്വവും വാഗ്ദാനവും അവളെ സംബന്ധിച്ച് ഭാരമാണ്. തന്റെ ആവശ്യങ്ങൾക്കായി സാഹചര്യങ്ങളെ ഉപയോഗപ്പെടുത്തുന്നതിൽ സബീന മിടുക്കിയാണ്. കഥാന്ത്യത്തിൽ ഒരു പാവം പ്രൊഫസറെയും പറ്റിച്ച് സബീന എങ്ങോട്ടോ പോകുന്നു. അവളെ സംബന്ധിച്ച് വഞ്ചന എന്നാൽ ഒളിച്ചോട്ടം തന്നെയാണ്. തുറന്ന പെരുമാറ്റം മൂലം സബീന തെരേസയുടെയും കൂട്ടുകാരിയായി മാറി. പ്രാഗ് വസന്തത്തിന്റെ അനന്തര ഫലമായി റഷ്യ പ്രേഗ് കീഴടക്കി. പ്രേഗിലെ ജീവിതം പൊതുവെ ദുഷ്കരമാകുന്നു. മുമ്പ് എഴുതിയ ഒരു കമ്യൂണിസ്റ് വിരുദ്ധ ലേഖനത്തിന്റെ പേരിൽ തോമസ് പുതിയ സർക്കാരിന്റെ നോട്ടപ്പുള്ളിയാകുന്നു. തോമസിന് പ്രേഗ് വിട്ടു സൂറിച്ചിലേക്ക് പോകേണ്ടതായി വരുന്നു. സബീനയാണ് ആദ്യം പോയത്. പിന്നീട് തോമസും തെരേസയും. തെരേസക്ക് അവിടെ നിരാശയായിരുന്നു നേരിടേണ്ടി വന്നത്. തോമസ് ഇവിടെയും തന്റെ സ്ത്രീ ബന്ധങ്ങൾ തുടരുന്നു. “ധീരർ ദുർബലരെ വേദനിപ്പിക്കാനാവാത്ത വിധം ദുർബലരാകുമ്പോൾ ദുർബലർ അവിടം വിട്ടു പോകാനുള്ള ധീരത കാണിക്കണം” എന്ന തീരുമാനത്തിൽ അധികം വൈകാതെ അവൾ പ്രേഗിലേക്ക് തിരികെ വരുന്നു. തെരേസയെ സംബന്ധിച്ചിടത്തോളം ആത്മാവും ശരീരവും തികച്ചും വ്യത്യസ്തമാണ്. ബാല്യകാലാനുഭവങ്ങൾ തെരേസക്ക് ശരീരത്തെക്കുറിച്ച് അവജ്ഞയാണുണ്ടാക്കുന്നത്. ഒരു ഘട്ടത്തിൽ റഷ്യൻ അധിനിവേശത്തെ നഗ്ന ബീച്ചിനോടാണ് തെരേസ ഉപമിക്കുന്നത്. ആദ്യത്തെ കുറച്ചു നാളുകൾക്കു ശേഷം അസ്വസ്ഥനായ തോമസും പ്രേഗിലേക്ക് തിരിക്കുന്നു.
തോമസിന് പഴയ ജോലി തിരികെ ലഭിക്കുന്നില്ല. ലേഖനത്തിന്റെ പേരിൽ ഒരു കുറ്റസമ്മത പത്രത്തിൽ ഒപ്പിടാൻ വിസമ്മതിച്ചതിനാൽ അയാൾക്ക് നിരവധി പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നു. ഈ അവസരത്തിൽ യുവാവായ, സർക്കാരിനെതിരെ പ്രവർത്തിക്കുന്ന സംഘടനയിലെ അംഗമായ മകൻ പോലും ഈ പ്രശ്നത്തിൽ അയാൾക്ക് സഹായ ഹസ്തവുമായി എത്തുന്നുണ്ട്. എന്നാൽ തോമസ് സഹായം നിരസിക്കുന്നു. വീടുകളുടെ ജനാലകൾ വൃത്തിയാക്കുന്ന ജോലിയാണ് പിന്നീട് അയാൾ ചെയ്യുന്നത്.
വീണ്ടും വീണ്ടും സ്ത്രീകൾ.… തെരേസ സാധാരണ ജീവിതത്തിൽ നിന്ന് പുറകോട്ടു വലിയുന്നു. തന്റെ ഓമനയായ കരേനിൻ എന്ന നായയുമായി തെരേസയും തോമസും പട്ടാള ശല്യം കുറഞ്ഞ ഗ്രാമത്തിലേക്ക് താമസം മാറ്റുകയാണ്. തോമസ് പല വിധ കൃഷികളിലേർപ്പെടുന്നു. തെരേസയുമൊത്തുള്ള ജീവിതം തോമസിനെ അടിമുടി മാറ്റിക്കളഞ്ഞിട്ടുണ്ട്. അയാൾ സൂറിച്ചിൽ നിന്ന് പ്രേഗിലേക്ക് തിരികെ പോരാൻ കാരണം അവളാണ്. വളരെ ആകസ്മികമായ ഇടപെടലായിരുന്നു തെരേസ അയാളുടെ ജീവിതത്തിൽ നടത്തിയത്. അതാകട്ടെ മുൻപൊരിക്കലും അയാൾ അനുഭവിച്ചിട്ടില്ലാത്ത പ്രണയാനുഭവമാണെന്നത് അയാളെ തികച്ചും അത്ഭുതപ്പെടുത്തിക്കളഞ്ഞു. മതമായാലും രാഷ്ട്രീയമായാലും ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളുമായി സമരസപ്പെട്ടാണിരിക്കുന്നത് എന്ന് കുന്ദേര പറഞ്ഞു വെക്കുന്നു. അവരുടെ സൗന്ദര്യാത്മകത അമൂർത്തമാണ്. അമൂർത്തമായതൊന്നും സൗദാര്യാത്മകതയുടെ തത്വസംഹിതക്കു നിരക്കുന്നതുമല്ല. അസ്വസ്ഥരായ ഒരു ജനതയുടെ പലവിധ വിശ്വാസങ്ങൾക്ക് മീതെയും ഉയരുന്ന മുഷ്ടികളും ഒരേ സ്വരത്തിലുള്ള മുദ്രാവാക്യങ്ങളുമായി ഗ്രാൻഡ് മാർച്ച് നടത്തുന്നതിനെ കുന്ദേരയുടെ കഥാപാത്രങ്ങൾ നടത്തുന്ന അഭിപ്രായങ്ങളിൽ നമുക്കതു കേൾക്കാനാകും.
ജീവിതത്തിൽ വളരെ നിസ്സാരമെന്നു നാം കരുതുന്ന പലതിലേക്കും നമ്മുടെ കണ്ണുകൾ തുറന്നു വെപ്പിക്കുന്ന ഒരു പുസ്തകമാണിത്. രണ്ടു ഭാഗങ്ങളിലായാണ് പുസ്തകം. ഗൗരവമായി വായനയെ എടുക്കുന്നവർക്ക് ഈ പുസ്തകം ഇഷ്ടമാകാതിരിക്കില്ല.