കഥയിലെ കള്ളനെ പിടിക്കാം

ജി.ആർ.ഇന്ദുഗോപൻ

കൊടിയടയാളം, ഭൂമിസ്മശാനം, ഐസ് 196 *C, മുതലലായിനി, വെള്ളിമൂങ്ങ (നോവലുകൾ), ബീജബാങ്കിലെ പെൺകുട്ടി, ഒറ്റക്കാലുള്ള പ്രേതം (നോവലൈറ്റുകൾ), ഇരുട്ടുപത്രാധിപർ, രാത്രിയിൽ ഓട്ടോയിൽ ഒരു മനുഷ്യൻ (കഥാസമാഹാരങ്ങൾ), തസ്കരൻ മണിയൻപിള്ളയുടെ ആത്മകഥ (ജീവചരിത്രം), സ്പെസിബി (യാത്രാവിവരണം), വാട്ടർ ബോഡി, പ്രഭാകരൻ പരമ്പര എന്നിവ പ്രധാന കൃതികൾ. വി പി ശിവകുമാർ അവാർഡ്, സാഹിത്യ അക്കാദമി ഗീത ഹിരണ്യൻ എൻഡോവ്മെന്റ്, അബുദാബി ശക്തി അവാർഡ്, ആശാൻ പ്രൈസ്, കുങ്കുമം കഥ, നോവൽ അവാർഡുകൾ മുതലായവ കരസ്ഥമാക്കിയിട്ടുണ്ട്.
രണ്ടു സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കിയ ഒറ്റക്കയ്യൻ ചലച്ചിത്രം എഴുതി സംവിധാനം ചെയ്തു. ചിതറിയവർ എന്ന ചിത്രത്തിന്റെ തിരക്കഥയും അപ്സ് ആന്റ് ഡൗൺസിനെ സംഭാഷണവും എഴുതി. മലയാള മനോരമയിൽ ചീഫ് സബ് എഡിറ്റർ .


‘ദാരിദ്ര്യത്തിന് അതിർത്തി ഇല്ല സാറേ. അതു കൊണ്ട് അതിന് രാജ്യമില്ല; ശത്രുക്കളും.’ (ചെറുകഥ: എലിവാണം.) ജി.ആർ.ഇന്ദുഗോപന്റെ പതിനാറ് ചെറുകഥകളുടെ സമാഹാരമായ ‘കൊല്ലപ്പാട്ടി ദയ’ എന്ന പുസ്തകം ഒരു കാര്യം ഉറപ്പിച്ച് പറയുന്നു. ഈ കഥകളിലെ ഓരോരോ ചെറിയ കഥാപാത്രങ്ങൾ പോലും ചില ചെറിയ (?) വലിയ സത്യങ്ങൾ വിളിച്ചു പറയുന്നവയാണെന്ന്.

വായിച്ചു ശീലിച്ച ചില രീതികളിൽ നിന്നും വ്യത്യസ്തതയുള്ള ആഖ്യാനം തന്നെ.
ചൂഷിതരും ദരിദ്രരും കള്ളനും എല്ലാവർക്കും ഉണ്ട് വേറെ ആരും കാണാത്ത കേൾക്കാത്ത കഥകൾ. കഥാകൃത്തിന്റെ ഭാവനയായി ഒരിക്കലും ഈ കഥകളെ വായിച്ച് മടക്കി വയ്ക്കാനാകില്ല.
 
ഇതിൽ അനുഭവങ്ങളുടെ തീഷ്ണതയുണ്ട്. അനീതികൾക്കെതിരെ എഴുത്തിലൂടെ പൊട്ടിപ്പടരുന്ന അസഹിഷ്ണുത ഉണ്ട്.
എവിടെയൊക്കെയോ  കേട്ട് മറന്ന ചില വാർത്തകളിലെ മനുഷ്യർ കഥാപാത്രങ്ങളായി വന്ന് വീണ്ടും നമ്മെ ചിലത് ഓർമ്മിപ്പിക്കുന്നുണ്ട്.
സ്വയം അനുഭവിച്ചറിഞ്ഞതോ കേട്ടറിഞ്ഞതോ ആയ പച്ചയായ ജീവിതങ്ങളുടെ തീവ്രത ഓരോ കഥകളിലും കഥാകാരൻ വിവരിച്ചു തരുന്നു എന്ന തിരിച്ചറിവോടെ വായിച്ചു തീർക്കാവുന്നതാണ്  ജി.ആർ.ഇന്ദുഗോപന്റെ കഥകൾ.
 
എലിവാണത്തിലെ മുനിയാണ്ടി എന്ന ഒരു എയർപോർട്ട് ജീവനക്കാരൻ ഈ വലിയ ലോകത്തെ വിലയിരുത്തുന്നുണ്ട് അയാളുടെ വാക്കുകളിലൂടെ. ‘ചട്ടമ്പി സദ്യ’ എന്ന കഥ സമകാലീന സാമൂഹിക തിന്മകളിൽ സർവ്വസാധാരണം എന്ന് പറയപ്പെടുന്ന കൈക്കൂലിയ്ക്കെതിരെയുള്ള കഥാകാരന്റെ കാർക്കിച്ചു തുപ്പലാണ് എന്ന് തന്നെ തോന്നിപ്പോകും. ‘പാലത്തിലാശാൻ’ എന്ന കഥയും ‘ഫർണസ്’ എന്ന കഥയും ചെറിയ ഒരു രഹസ്യ സ്വഭാവമുള്ള ഒരു വിഷയം കൈകാര്യം ചെയ്യുന്നു എന്ന തോന്നലിൽ മാത്രമാക്കി വായന അവസാനിപ്പിക്കുന്നവയായിരുന്നു.
ഈ പുസ്തകത്തിലെ ആസ്വാദനം ഏറ്റവും കുറവ് ഈ കഥകൾ വായിച്ചപ്പോൾ മാത്രമായിരുന്നു.
മുച്ചിറിയന്റെ കഥയാണ് ഏറ്റവും ചെറുത്. എങ്കിലും ആരും ചെറുതല്ല എന്നീ കഥ പറഞ്ഞു വയ്ക്കുന്നു.
 
കലാലയ രാഷ്ട്രീയത്തിന്റെ രണ്ടിരകൾ കാലങ്ങൾക്കു ശേഷം ഒരു തീവണ്ടിയിൽ കണ്ടുമുട്ടുന്ന സന്ദർഭം വളരെ ഒതുക്കത്തോടെ പറഞ്ഞു തീർക്കുന്ന ആഖ്യാന രീതി എടുത്തു പറയേണ്ടത് തന്നെ. ‘ഉറങ്ങാതിരിക്കുക. കള്ളനെ പിടിക്കാം’, ‘ഒരു പെണ്ണും ചെറുക്കനും പിന്നെ.. ആരാണ് ആ മുറിയിൽ?’ എന്ന രണ്ട് കഥകളും സ്വവർഗ്ഗാനുരാഗം വിഷയമായി കൈകാര്യം ചെയ്തിരിക്കുന്നു. ഈ രണ്ട് കഥകളും പറഞ്ഞു തീരുന്നിടത്താണ് കഥയുടെ  സത്തയിലേയ്ക്ക് വായനക്കാരൻ ചിന്തിക്കാൻ തുടങ്ങുന്നത്.
പറയാതെ പറയുന്ന കുറെ ചിന്തകളുണ്ടതിൽ.
‘ഓവർ ബ്രിഡ്ജിലെ ബവ്റജിസ് ക്യൂ !’ കഥ ഹാസ്യത്തിന്റെ മേമ്പൊടിയോടെ കുടിയന്മാരുടെ ചില മര്യാദകൾ പറഞ്ഞു വച്ചിരിക്കുന്നു.
‘ഇലക്ട്രിക് ഞരമ്പുള്ള രാമകൃഷ്ണ’എന്തുകൊണ്ടോ വലിയ സ്വാധീനം വായനയിൽ ഉണ്ടാക്കിയില്ല. ടെലിപ്പതിയുടെ ഒരു സാദ്ധ്യത ഉപജീവനമാക്കിയ രാമകൃഷ്ണയും കഥ പറയുന്ന ആളും ശൃംഗേരിയുമെല്ലാം കഥാപാത്രങ്ങളാകുന്നു.
 
‘ഭരണിയിലെ ഭ്രൂണം’ എന്ന കഥ മനസ്സിൽ ഒരു വിങ്ങലുണ്ടാക്കും. മ്യൂസിയത്തിലെ ഫോർമാലിനിൽ കാഴ്ചവസ്തുവായി മാറിയ ഒരു ഭ്രൂണത്തിനോടുള്ള കാവല്ക്കാരന്റെ മനോവ്യാപാരങ്ങൾ അസാധാരമായ വിധത്തിൽ പറഞ്ഞു വച്ചിരിക്കുന്നു.
വിചിത്രയുടെ കഥയും നൊമ്പരപ്പെടുത്തും.
ഭാര്യാഭർതൃബന്ധത്തിന്റെ ഊഷ്മളത പറഞ്ഞു വയ്ക്കുന്നതിനോടൊപ്പം മക്കൾ മാതാപിതാക്കരുടെ സ്വാതന്ത്ര്യങ്ങളിലേയ്ക്ക്  നടത്തുന്ന അനാവശ്യ ഇടപെടലുകളെ വിമർശിക്കുന്നുണ്ട് കഥയിൽ. “നമ്മുടെ സ്നേഹത്തിന്റെ ഒരു അവശേഷിപ്പ് മാത്രമാണ് മക്കൾ. നമ്മളാണ് സത്യം ” എന്ന് വിചിത്ര ഭർത്താവിനോട് പറയുന്നുവെങ്കിലും മൂലയിലേയ്ക്ക് ഒതുക്കപ്പെടുന്ന ജീവിതത്തെക്കുറിച്ച് ആശങ്കപ്പെടുകയും രോഷാകുലയുമാകുന്നുണ്ട് അവൾ.
സമൂഹം നെറ്റി ചുളിക്കുന്ന രോഗത്തിന് ഇരയാകേണ്ടി വന്ന ഭർത്താവിന് അന്ത്യം വരെ കൂട്ടാകുന്നുണ്ട് വിചിത്ര.
‘വില്ലൻ’ എന്ന കഥയാണ് എന്നെ ഏറെ ചിരിപ്പിച്ചതും ചിന്തിപ്പിച്ചതും.
കഥയിലെ 93 വയസ്സുള്ള അച്ഛൻ 71 വയസ്സുള്ള മകന്റെ തിരിച്ചുവരവിൽ ചിലവിടുന്ന ഒന്ന് രണ്ട് ദിവസത്തെ സംഭവങ്ങൾ വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. നാൽപ്പത്തിയാറ് വർഷത്തെ ഇടവേളയ്ക്കു ശേഷം കണ്ട്
തിരിച്ച് പോകുന്ന മകനിൽ വായനക്കാരൻ എത്തി നിൽക്കുമ്പോൾ പൊട്ടിച്ചിരിക്കുന്ന അച്ഛന്റെ വാക്കുകളിൽ നാമും ചിരിച്ച് പോകും.
ഒന്നുകൂടി ഈ കഥ ആദ്യം മുതൽ വായിച്ചാൽ വേറൊരു വായനാനുഭവം തന്നെയായിരിക്കും കിട്ടുക എന്നതിൽ സംശയം ഇല്ല.
ഇന്ദുഗോപന്റെ മിക്ക കഥകൾക്കും ഈ പ്രത്യേകത ഉണ്ട്. ഒന്ന് കൂടി വായനക്കാരനെ ചിന്തിപ്പിക്കാനുള്ള കഴിവ്.
 
ജാസ്മിന്റെ കഥ, അവളുടെ രണ്ട് വിവാഹത്തകർച്ചകളുടെ കഥ പറയുന്നതിനോടൊപ്പം വീണ്ടും ഒരു വിവാഹത്തിനൊരുങ്ങുന്ന അവളുടെ കഥയാണ്.
 
അതേ സമയം സമൂഹമെന്ത് കരുതും എന്ന് വിചാരിച്ച് ബന്ധം വേർപ്പെടുത്താൻ കഴിയാതെ അപമാനം സഹിച്ച് ജീവിക്കുന്ന ജാസ്മിന്റെ സുഹൃത്ത് ഒത്തിരി പേരെ പ്രതിനിധാനം ചെയ്യുന്നവളാണ് എന്നും കഥയിൽ വായിച്ചെടുക്കാം.
 
ഈ പുസ്തകത്തിലെ ഏറ്റവും ഒടുവിലത്തെ കഥയാണ് ’കൊല്ലപ്പാട്ടി ദയ’.
തമിഴ് നാട്ടുകാർ അമ്മൂമ്മയുടെ അമ്മയെ വിളിക്കുന്നതാണ് കൊല്ലപ്പാട്ടി എന്ന പേര്.
തമിഴ്നാട്ടിലെ ചില ആചാരങ്ങൾ കഥയുടെ ആത്മാവായി ഭവിക്കുന്നുണ്ട്. ചെറിയ ഒരു സസ്പെൻസോടെ വായിച്ച് പോകാം.
എല്ലാ കഥകളിലും വായനക്കാരനെ ഒന്നുകൂടി ചിന്തിപ്പിച്ച് അവന്റെ തന്നെ നിഗമനങ്ങളിലൂടെ സ്വയം ഒന്നു വിമർശിക്കുവാനുള്ള ചില സന്ദർഭങ്ങൾ ഉണ്ട്. സമൂഹത്തിലെ ആനുകാലിക വിഷയങ്ങൾ ഇന്ദുഗോപന്റെ ശൈലിയിൽ എന്ന് പറയുമ്പോൾ അദ്ദേഹം തന്റേതായ ഒരു കൈയൊപ്പ് ഓരോ കഥയിലും പതിപ്പിച്ചിട്ടുമുണ്ട്.
 
 
 
 
ആനുകാലികങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും എഴുതുന്നു. ഏറെ കാലമായി അയർലണ്ടിൽ നഴ്സ് ആയി ജോലി ചെയ്യുന്നു. എറണാകുളം അങ്കമാലി സ്വദേശി.