കാലിയോപ്പിന്റെ ലൈംഗിക രാഷ്ട്രീയ ചരിത്രം

ജെഫ്‌റി യൂജിനീഡീസ്

പ്രസിദ്ധനായ അമേരിക്കൻ നോവലിസ്റ്റും ചെറുകഥാകൃത്തുമായ ജെഫ്‌റി യൂജിനീഡീസിന്റെ പുലിസ്റ്റർ പുരസ്കാരം നേടിയ കൃതിയാണ് മിഡിൽസെക്സ്. മുപ്പത്തിനാല് ഭാഷകളിൽ പരിഭാഷപ്പെടുത്തിയിട്ടുള്ള ദി വിർജിൻ സൂയിസൈഡ് എന്ന നോവൽ സോഫിയ കപ്പോള സിനിമ ആക്കിയിട്ടുണ്ട്. പ്രസിദ്ധമായ മൂന്നാമത്തെ നോവലാണ് ദി മാരിയേജ് പ്ലോട്ട്. ഇതിനു പുറമെ നിരവധി ചെറുകഥ സമാഹാരങ്ങളും അൻപത്തിയേഴുകാരനായ യൂജിനീഡീസിന്റെതായിട്ടുണ്ട്.

സ്മിർണ എന്ന ഗ്രീക്ക് ടർക്കി നഗരത്തിലാണ് മൂന്ന് തലമുറയുടെ കഥ തുടങ്ങുന്നത്. ലെഫ്റ്റി, ഡെസ്ഡമോണ എന്നീ സഹോദരങ്ങളുടെ ജീവിതത്തിൽ നിന്നും. 


1922ലെ ഗ്രേറ്റ് ഫയർ ഓഫ് സ്മിർണയിൽ അഭയർത്ഥികളാക്കപ്പെട്ട പതിനായിരങ്ങളിൽ ആ സഹോദരീ സഹോദരന്മാരുമുണ്ട്. എന്നാൽ അവർ അമേരിക്കയിലെത്തുന്നത് ഭാര്യാഭർത്താക്കന്മാരായാണ്. ഡിട്രോയിറ്റ്‌ നഗരത്തിലെ വാഹന ഫാക്ടറികളിലൊന്നിൽ നിന്നും ജോലി നഷ്ടമായ ലെഫ്റ്റി മദ്യക്കടത്തിൽ നിന്നാണ് അമേരിക്കൻ ജീവിതം തുടങ്ങുന്നത്. അവർക്ക് മിൽട്ടണും സോയും ജനിക്കുന്നിടത്തു നിന്നും കഥ തുടരുന്നു. അവർക്ക് മകനായി ജനിച്ച മിൽട്ടൺ രണ്ടാം ലോകയുദ്ധകാലത്ത് അമേരിക്കൻ നേവിയിൽ ചേരുകയും തിരിച്ചെത്തി സ്വന്തം കസിനെത്തന്നെ വിവാഹം ചെയ്തുകൊണ്ട് തനിക്ക് അറിയാത്ത തന്റെ പാരമ്പര്യത്തെ പിന്തുടരുകയും ചെയുന്നു. അവരുടെ മകൾ കാലിയോപ് എന്ന കൗമാരക്കാരിയിൽ നിന്നും കാൾ എന്ന ചെറുപ്പക്കാരനിലേക്ക് വളരുന്നതിനിടെ ഒരുപാട് പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നു. ആ കഥ അങ്ങനെ അമേരിക്കൻ സമൂഹത്തിന്റെ എഴുപതുകളുടെ നേർചിത്രം കൂടിയാക്കുകയാണ് ജെഫ്‌റി യൂജിനീഡീസ് എഴുതിയ മിഡിൽസെക്സ് എന്ന നോവലിൽ.

യൂറോപ്പിന്റെയും അമേരിക്കയുടെയും ചരിത്രവും രാഷ്ട്രീയവും ഇടകലർത്തി മൂന്ന് തലമുറയുടെ കഥ പറയുന്ന പുസ്തകമാണ് ജെഫ്‌റി യൂജിനീഡീസ് എഴുതിയ മിഡിൽസെക്സ്.

1960 ൽ കാലിയോപ് ഹെലൻ സ്‌റ്റെഫാൻറെസ്‌ എന്ന പേരിൽ പെൺകുട്ടിയായി അമേരിക്കയിൽ ജനിക്കുകയും പതിനാലാം വയസ്സിൽ കാൾ എന്ന പുരുഷനായി മാറുകയും ചെയ്ത വ്യക്തി നാൽപ്പത്തൊന്നാമത്തെ വയസ്സിൽ തന്റെ ഓർമ്മകളിലേക്കും ചരിത്രത്തിലേക്കും നടത്തുന്ന സഞ്ചാരമാണിത്.

“I was born twice: first as a baby girl, on a remarkably smogless Detroit day in January of 1960; and then again, as a teenage boy, in an emergency room near Petoskey, Michigan, in August of 1974.” അങ്ങനെയാണ് മിഡിൽസെക്സ് തുടങ്ങുന്നത്.

പുസ്തകത്തിന്റെ പേര് കാളിന്റെ അവസ്ഥയെ മാത്രമല്ല സൂചിപ്പിക്കുന്നത്. അമേരിക്കയിലെ അതേ പേരുള്ള സ്ഥലത്താണ് കുറേയേറെക്കാലം അവന്റെ കുടുംബം ജീവിച്ചത്. അതുകൊണ്ടുതന്നെ ആ ഇടത്തിന്റെ ചരിത്രവുമുണ്ട്. അവനായി അറിയപ്പെടാനാണ് കാൾ ആഗ്രഹിച്ചത് എന്നതുകൊണ്ട് അങ്ങനെതന്നെ വിശേഷിപ്പിക്കുന്നു, ഈ എഴുത്തിലും. 

ഒരു പെൺകുട്ടി ജനിക്കാനാഗ്രഹിച്ച് മിൽട്ടണും ടെസ്സിയും അതിനുവേണ്ടി നടത്തിയ ശ്രമത്തിലാണ് അവൻ ജനിച്ചത് എന്നത് അതുകൊണ്ടുതന്നെ നമുക്ക് വിസ്മരിക്കേണ്ടി വരും.

സ്മിർണ എന്ന ഗ്രീക്ക് – ടർക്കി നഗരത്തിലാണ് അവന്റെ തലമുറയുടെ കഥ തുടങ്ങുന്നത്. ലെഫ്റ്റി, ഡെസ്ഡമോണ എന്നീ സഹോദരങ്ങളുടെ ജീവിതത്തിൽ നിന്നും. 

1922ലെ ഗ്രേറ്റ് ഫയർ ഓഫ് സ്മിർണയിൽ അഭയർത്ഥികളാക്കപ്പെട്ട പതിനായിരങ്ങളിൽ ആ സഹോദരീ സഹോദരന്മാരുമുണ്ട്. എന്നാൽ അവർ അമേരിക്കയിലെത്തുന്നത് ഭാര്യാഭർത്താക്കന്മാരായാണ്. ഡിട്രോയിറ്റ്‌ നഗരത്തിലെ വാഹന ഫാക്ടറികളിലൊന്നിൽ നിന്നും ജോലി നഷ്ടമായ ലെഫ്റ്റി മദ്യക്കടത്തിൽ നിന്നാണ് അമേരിക്കൻ ജീവിതം തുടങ്ങുന്നത്. അവർക്ക് മിൽട്ടണും സോയും ജനിക്കുന്നിടത്തു നിന്നും കഥ തുടരുന്നു.

ഇരുപതാംനൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞർ വിശേഷിപ്പിച്ച സാമ്പത്തിക മാന്ദ്യത്തെ അവർ മറികടക്കുന്നത് നേഷൻ ഓഫ് ഇസ്‌ലാം എന്ന കുപ്രസിദ്ധമായ (?) സംഘടനയിലെ ഡെസ്സമോണയുടെ ജോലിയിലൂടെയാണ്. 

രണ്ടാം ലോകയുദ്ധകാലത്ത് മിൽട്ടൺ അമേരിക്കൻ നേവിയിൽ ചേരുന്നത് അവന്റെ കസിനായ ടെസ്സിയുടെ വിവാഹ നിശ്ചയശേഷമാണ്. ഒരു പ്രണയപരാജയത്തിന്റെ സ്വാഭാവിക പരിണിതി. എന്നാൽ തിരിച്ചെത്തി സ്വന്തം കസിനെത്തന്നെ വിവാഹം ചെയ്തുകൊണ്ട് തനിക്ക് അറിയാത്ത തന്റെ പാരമ്പര്യത്തെ പിന്തുടരുന്നുണ്ട് അയാൾ.

മിൽട്ടൺ റെസ്റ്റോറന്റ് രംഗത്തേക്ക് കടന്നുവരുന്നത് പിതാവിന്റെ മദ്യക്കച്ചവടത്തെ പുറത്താക്കിയിട്ടാണ്. ഡിട്രോയിറ്റ്‌ നഗരത്തെ ഉപേക്ഷിച്ച് ആ കുടുംബം മിഡിൽസെക്സിലേക്ക് മാറുന്നതാവട്ടെ 1967 ൽ നഗരത്തിൽ അരങ്ങേറിയ ഒരു വംശീയ കലാപത്തിന്റെ അനന്തരഫലമായും. 

ചാപ്റ്റർ ലവൻ എന്ന സഹോദരനുശേഷം ജനിച്ച കാലിയോപ് ആണ് എല്ലാത്തിന്റെയും ദൃക്സാക്ഷി. അവളുടെ ആദ്യകാലം ഏതൊരു പെൺകുട്ടിയുടേതും പോലെയാവുന്നു. എന്നാൽ അവൾക്ക് ലൈംഗിക താല്പര്യം പെൺകുട്ടികളോടാണ്. തന്റെ യാഥാർത്ഥ്യം തിരിച്ചറിയും മുമ്പ് സഹപാഠികളായ പെൺകുട്ടികൾക്കൊപ്പം അവയവ വളർച്ചയില്ലാത്തതിന്റെ പേരിൽ അവളനുഭവിക്കുന്ന അപകർഷതയെയും കൗമാരത്തിന്റെ തുടക്കത്തിൽ തന്റെ ലൈംഗികതയെ അവൾ തിരിച്ചറിയുന്നതിനെയും എഴുത്തുകാരൻ അതീവഭംഗിയായി ആവിഷ്കരിച്ചിരിക്കുന്നു. 

അമേരിക്കൻ രാഷ്ട്രീയത്തോടൊപ്പം ഈ ജീവിതത്തിന്റെ ആകുലതകളുടെ രാഷ്ട്രീയവും പങ്കുവയ്ക്കപ്പെടുന്നുണ്ട്. കാലിയോപ് എന്ന കൗമാരക്കാരിയിൽനിന്നും കാൾ എന്ന ചെറുപ്പക്കാരനിലേക്ക് വളരുന്നതിനിടെ അവൻ ഒരുപാട് പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നു. അത് അമേരിക്കൻ സമൂഹത്തിന്റെ എഴുപതുകളുടെ നേർചിത്രം കൂടിയാണ്.  

“I was first one thing and then the other. I’ve been ridiculed by classmates, guinea-pigged by doctors, palpated by specialists and researched by the March of Dimes. A red-headed girl from Grosse Pointe fell in love with me, not knowing what I was. (Her brother liked me, too).

ഇതാണ് അവന്റെ ജീവിതം. 41ആം വയസ്സിൽ അവൻ വീണ്ടുമൊരു ജന്മത്തെക്കുറിച്ച് ചിന്തിക്കുമ്പോഴാണ് തന്റെ കുടുംബത്തിന്റെ ചരിത്രം എഴുതുന്നത്. 

സ്‌റ്റെഫാൻറെസ്‌ കുടുംബത്തിന്റെ ചരിത്രത്തിനൊപ്പം അമേരിക്കയുടെ ഒന്നാം ലോകയുദ്ധം മുതലുള്ള ചരിത്രവും അവൻ പറയുന്നു. 

പുസ്തകത്തിന്റെ മറ്റൊരു പ്രത്യേകത ഭാഷയുടെ ഭംഗിയാണ്. ഉച്ചത്തിൽ വായിക്കുന്നവർക്ക് ഒരു പ്രത്യേക അനുഭൂതി നൽകുന്ന ഭാഷയാണ് യൂജിനീഡീസിന്റേത്. വായിച്ചിരിക്കേണ്ട ഒരു പുസ്തകമെന്ന് ശുപാർശ ചെയ്യുന്നു.

കൊല്ലം പാരിപ്പള്ളി സ്വദേശി. ഖലീജ് ടൈമ്സ് പത്രത്തിൽ കോപ്പി എഡിറ്റർ. യാത്ര പുസ്തകത്തിൽ ചില അപരിചിതർ, ആത്മഹത്യക്ക് ചില വിശദീകരണ കുറിപ്പുകൾ (നോവൽ) എന്നിവയാണ് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ. കൈരളി അറ്റ്ലസ് നോവൽ അവാർഡ് നേടിയിട്ടുണ്ട്