ഭൂകതകാല പ്രണയനോവ് ഉണര്‍ത്തുന്ന പുസ്തകം

പ്രവീണ്‍ പാലക്കീൽ

മരുപ്പച്ചകള്‍ എരിയുമ്പോള്‍ എന്നത് ആദ്യ നോവൽ. ചെറുകഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മികച്ച ഫോട്ടോഗ്രാഫർ എന്ന നിലയിൽ പേരെടുത്തയാളാണ്. നിയമ ബിരുദധാരി. ദുബായിൽ ആർക്കാഡ് ലിങ്ക് മാനേജിങ്ങ് ഡയറക്‌ടറാണ്‌. കണ്ണൂർ സ്വദേശി.


ആറ് പതിറ്റാണ്ടുകള്‍ക്കപ്പുറത്തെ സ്വന്തം ബാല്യ കൗമാരവും യൗവനപ്രണയവും പ്രണയനൈരാശ്യവും ഓര്‍ത്തെടുക്കുന്ന രാധാകൃഷ്ണന്‍ എന്ന കഥാപാത്രത്തിലൂടെ ഭൂതകകാലത്ത് നാം അനുഭവിച്ച നിഷ്‌കളങ്ക ജീവിതകാലത്തെ ദീപ്തമാക്കുന്ന രചനയാണ്‌ പ്രവീണ്‍ പാലക്കീലിന്റെ ‘മരുപ്പച്ചകള്‍ എരിയുമ്പോള്‍’ എന്ന നോവൽ.

അങ്ങനെയൊരു ഭൂതകാലം അനുഭവിക്കാത്തവര്‍ നമുക്കിടയിൽ തുലോം പരിമിതമായിരിക്കും. ഇരുപത് ചെറിയ അധ്യായങ്ങളിലൂടെ നാടും വീടും പ്രണയവും വിരഹവും വിവാഹവും പ്രണയഭംഗത്തിലൂടെയും കടന്നുപോകുന്ന നോവൽ. ഒരു പുരുഷന്‍ തന്റെ ജീവിതത്തിൽ അനുഭവിക്കുന്ന തീക്ഷ്ണമായ പ്രണയ നൈരാശ്യങ്ങളും ആത്മസംഘര്‍ഷങ്ങളുമാണ് ഈ നോവലിന്റെ ഇതിവൃത്തം. പ്രണയിക്കുന്നവര്‍, പ്രണയനഷ്ടം സംഭവിച്ചവര്‍, ഇനി പ്രണയിക്കാനിരിക്കുന്നവര്‍ക്കെല്ലാം ലളിതമായ ഭാഷയിൽ സങ്കീര്‍ണ്ണതകളെ കൂട്ടുപിടിക്കാതെ ഹൃദ്യമായി വായിച്ചുപോകാവുന്ന ഒരു കൃതിയാണിത്.

ഒരു സാധാരണമനുഷ്യന് ആഗ്രഹിക്കാവുന്ന സ്വപ്നങ്ങളേ രാധാകൃഷ്ണനും ഉണ്ടായിരുന്നുള്ളു. ബാല്യകാലം മുതൽ ഹൃദയത്തിൽ താലോലിച്ച തന്റെ മുറപ്പെണ്ണിനെ സ്വന്തമാക്കുക, വീടും കുടുംബവും മുത്തശ്ശിമാരൊത്തുള്ള സ്വസ്തമായ ജീവിതം. പിന്നെ എവിടെവെച്ചാണ് രാധാകൃഷ്ണന്റെ സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ നഷ്ടമാകുന്നത്. ഒരിക്കൽ പോലും ആഗ്രഹിച്ചിട്ടില്ലാത്ത പ്രവാസമെന്ന പ്രഹേളികയോ അതോ പുരുഷന്റെ അസാന്നിധ്യത്തിൽ ലഭിച്ച അമിത സ്വാതന്ത്ര്യം നൽകിയ ഇച്ഛകളെ വരുതിയിലാക്കുന്നതിന് വേണ്ടി കുടുംബ ജീവിതം തന്നെ മറന്നതുകൊണ്ടോ. തുടക്കത്തിൽ രാധയെന്ന സ്ത്രീയോട് അനുവാചകന് നീരസവും ഈര്‍ഷ്യയും തോന്നുമെങ്കിലും പിന്നീട് ഒറ്റപ്പെട്ട സ്ത്രീയോടും അവരുടെ സങ്കടങ്ങളോടും തോനുന്ന അനുകമ്പ മറ്റൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കാതെയുള്ള രാധാകൃഷ്ണന്റെ കാത്തിരിപ്പിനോളം വരില്ല.

ആടുജീവിതത്തിന്റെ പരന്ന വായനയ്ക്ക് ശേഷം പ്രവാസലോകത്ത് നിന്നും സംഭവിക്കുന്ന ഓരോ രചനകളും പ്രതീക്ഷയോടെ കാത്തിരിക്കുന്ന വായനക്കാര്‍ക്കിടയിൽ ഈ നോവൽ ഏതു രീതിയിലാണ് അവരുടെ ആസ്വാദനത്തെ തൃപ്തിപ്പെടുത്തുക  എന്നറിയില്ല. എങ്കിലും ഈ പുസ്തകത്തിന് ഒരു വായന സമൂഹമുണ്ടാകുമെന്ന പ്രതീക്ഷ നോവലിന്റെ ആദിമദ്ധ്യാന്തപ്പൊരുത്തം നിലനിര്‍ത്തി പോരാന്‍ നോവലിസ്റ്റിന് കഴിയുന്നുണ്ട്. പുതുമകള്‍ ഒന്നും അവകാശപ്പെടാനില്ലാതെ നേരിട്ട് കഥപറയുന്ന ഒരു ആഖ്യാനരീതിയാണ് ഇവിടെ എഴുത്തുകാരന്‍ അവലംഭിച്ചിരിക്കുന്നത്. പരീക്ഷണോന്മുഖമായതോ പുതുമയ്ക്ക് വേണ്ടി കൃത്രിമഭാഷ ചമച്ച് ആധുനിക ശ്ലഥഘടനയിലൂടെ നമ്മെ പൊറുതിമുട്ടിക്കുന്ന കഥാകൃത്തുകള്‍ക്കിടയിലാണ് പ്രവീണ്‍ പാലക്കിൽ ഒരു നോവൽ രചന നിര്‍വ്വഹിക്കുന്നത് എന്നത് വളരെ കൃത്യമായി അവതാരികയിൽ കെ.പി സുധീര പറയുന്നുണ്ട്. അപ്പോള്‍ ഈ നോവലിന്റെ ഒരു മേന്മ എന്ന് നമുക്ക് പറയാവുന്നത് അനുവാചക ഹൃദയത്തെ നന്മയുടെ പക്ഷത്ത് നിലനിര്‍ത്തി ഹൃദയഭാഷകൊണ്ട് സംവദിക്കുന്ന തനതായ ഒരു രചനാശൈലി കാത്തുസൂക്ഷിക്കാന്‍ എഴുത്തുകാരന് സാധിച്ചിട്ടുണ്ട് എന്നതാണ്. ഈ ശൈലിയാകട്ടെ മറ്റൊരുടിത്ത് നിന്നും കടംകൊണ്ടിട്ടുള്ളതല്ല. ഈ നോവൽ വര്‍ത്തമാന കാലഘട്ടത്തെയോ വരും കാലത്തെയോ രാഷ്ട്രീയ സാമൂഹികാവസ്ഥകളെ അടയാളപ്പെടുത്തുന്നതല്ല. എന്നാൽ നാം അനുഭവിച്ചു കടന്നുപോയ ഭൂതകാലത്തെ കാൽപനിക ഭാവങ്ങളെ ഒരു നേര്‍ത്തനോവുപോലെ കാത്തുസൂക്ഷിക്കുന്ന ഒരു  പ്രണയകാലത്തെ ഈ നോവൽ ഓര്‍മ്മപ്പെടുത്തുന്നുണ്ടെന്ന് വായനയിലുടനീളം നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും.

പ്രണയം, പ്രവാസം അതുവരുത്തിവയ്ക്കുന്ന പ്രണയ നിരാശകള്‍ തീക്ഷ്ണമായ വേദനിപ്പിക്കുന്ന സംഭാഷണങ്ങള്‍ വെറുതെ വലിച്ചു നീട്ടിപറയാതെ പറയുന്നതിൽ മിതത്വം കാണിക്കാന്‍ എഴുത്തുകാരന്‍ നന്നായി പരിശ്രമിച്ചിട്ടുണ്ട്. രാധാകൃഷ്ണന്റെ വേദനയും ഒറ്റപ്പെടലും അതോടൊപ്പം തന്നെ ജീവിത സായംസന്ധ്യയിൽ തുണയാകേണ്ടവളും തണലേകേണ്ടവളുമായ പ്രിയതമയുടെ നിഷേധവും അപ്രതീക്ഷിതമായ രാധയുടെ തിരിച്ചുവരവും അതിലൂടെ അവരിലുണ്ടാകുന്ന തിരിച്ചറിവും ഇന്നത്തെ പണാധിപത്യ സമൂഹത്തിൽ എങ്ങനെയാണ് കുടുംബ ബന്ധങ്ങള്‍ ശിഥിലമാകുന്നത് എന്നതിന് മുഖ്യോദാഹരണമാണ്.

ഈ നോവലിലെ കഥാപാത്രങ്ങള്‍ നമ്മളോ നമുക്ക് ചുറ്റുമുള്ളവരോ ആകാം. ഈ നോവലിന്റെ പശ്ചാതലം ന്യുജനറേഷന്‍ വായനക്കാര്‍ക്ക് ഒരു പക്ഷെ പെട്ടെന്ന് ഗ്രഹിക്കാനാകില്ല. നാം അനുഭവിച്ച പ്രണയകാലമല്ല അവര്‍ കാണുന്നത്. ഇന്റര്‍നെറ്റിന്റേയും മാറിവരുന്ന സാങ്കേതിക വിദ്യയുടേയും വളര്‍ച്ച പ്രണയത്തിലും ബന്ധങ്ങളിലും അത്രയേറേ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഒരുപാട് അടരുകളുള്ള സൂഗന്ധപൂരിതമായ റോസാപ്പൂവല്ല, മറിച്ച് നാട്ടുമ്പുറത്തെ വേലിപ്പടര്‍പ്പുകളിൽ ഇതള്‍ വിടര്‍ന്ന ഒരു ചെമ്പരത്തിപൂവിനോടോ വിവിധ വര്‍ണ്ണങ്ങളുള്ള കടലാസുപൂക്കളുടെയോ നൈര്‍മല്യവും ഗ്രാമീണതയും ഈ നോവൽ കാത്തുസൂക്ഷിക്കുന്നുണ്ട്. നമ്മള്‍ ഓരോരുത്തരിലൂടെയും കടന്നുപോയ കൗമാരകാല പ്രണയത്തെ നിരന്തരം ഓര്‍മ്മപ്പെടുത്തുന്നുണ്ട് ഈ കൃതി.

ഉള്ളിൽ സംഗീതം കൊണ്ടു നടക്കുന്ന ഒരു പെണ്‍കുട്ടിയ്ക്ക് എങ്ങനെയാണ് തന്റെ പ്രാണേശ്വരനെ ഇത്രമേൽ വിസ്മരിക്കാനാവുക. കണ്ണകന്നാൽ ഖൽബകലും എന്ന് പറയുന്നതെത്ര ശരിയാണ്. രാധാകൃഷ്ണന്റെ പ്രവാസമാണ് എല്ലാ നോവുകള്‍ക്കും കാരണം എന്നുതോന്നാമെങ്കിലും പെട്ടെന്നുണ്ടാകുന്ന സമ്പത്തും നിയന്ത്രിക്കാന്‍ ആരുമില്ലാത്തതും അമിത സ്വാതന്ത്ര്യവും രാധയെന്ന സ്ത്രീയെ അടിമുടി മാറ്റിക്കളഞ്ഞു. ‘നീ സമ്പാദിച്ചുകൊണ്ടുവന്ന് ഇവിടെ ആരേയും പോറ്റേണ്ട. നിനക്കും കുടുംബത്തിനും കഴിയാനുള്ള വക ഞാനിവിയെ സമ്പാദിച്ചിട്ടുണ്ട്’ എന്ന അച്ഛന്റെ വാക്കുകളിൽ നിന്നും ദാരിദ്ര്യമായിരുന്നില്ല പ്രവാസം സ്വീകരിക്കുവാനുണ്ടായ കാരണമെന്ന് സുവ്യക്തം. കൂടുതൽ സമ്പാദിക്കുക എന്ന മനുഷ്യന്റെ ആര്‍ത്തിയിൽ ചിലപ്പോള്‍ നമുക്ക് നഷ്ടമാകുന്നത് പ്രയിപ്പെട്ടത് എന്ന് നാം കരുതുന്ന സ്വസ്തമായ ജീവിതം തന്നെയാണ്.

ഈ നോവലിൽ ഉടനീളം പലപ്പോഴായി പ്രത്യക്ഷ്യപ്പെടുന്ന അച്ചുതന്‍ സൗഹൃദത്തിന്റെ വലിയ ആശ്വാസമായി തണലായി എപ്പോഴും രാധാകൃഷ്ണന് ഒരു കൂട്ടായി നിൽക്കുന്നുണ്ട്‌. കൂട്ടത്തിൽ അമ്മയുടെ സ്‌നേഹസ്പര്‍ശം അറിയാതെ വളര്‍ന്ന മകനും. രാധയോടുള്ള രാധാകൃഷ്ണന്റെ നിസ്വാര്‍ത്ഥമായ പ്രണയം മനസ്സിന്റെ ആഴങ്ങളിൽ സ്പര്‍ശിക്കാനെന്നോണം ഇടയ്ക്ക് കയറിവരുന്ന പ്രകൃതിവര്‍ണ്ണനകള്‍ വളരെ മനോഹരമായാണ് നോവലിസ്റ്റ് വായനക്കാരനെ അനുഭവിപ്പിക്കുന്നത്.

തുന്നല്‍ പക്ഷിയുടെ വീട്, ഡിബോറ എന്നീ കഥാസമാഹാരങ്ങളും നിലാവിലേക്ക് തുറന്ന നിറകണ്ണുകള്‍ എന്ന കവിതാസമാഹാരാവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അറ്റ്ലസ് കൈരളി പുരസ്കാരം, ദുബൈ കൈരളി പുരസ്കാരം, അബുദാബി ശക്തി കഥാപുരസ്കാരം, കേരളകൗമുദി പുരസ്കാരം, ദുബായ് ബുക്ക് ട്രസ്റ്റ് പുരസ്കാരം, ഷെറിന്‍ ജീവരാഗ സാഹിത്യപുരസ്കാരം, പ്രൊഫസര്‍ രാജന്‍വര്‍ഗ്ഗീസ് പുരസ്കാരം, യുവകലാസാഹിതി കഥാപുരസ്കാരം, അബുദാബി മലയാളിസമാജം പുരസ്കാരം, എയിം കഥാപുരസ്കാരം, സ്വരുമ പുരസ്കാരം, എന്‍ പി സി സി കൈരളി പുരസ്കാരം, ബ്രൂക്ക് ബെസ്റ്റ് സ്റ്റോറി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. മലപ്പുറം തിരൂര്‍ ചമ്രവട്ടം സ്വദേശി. അധ്യാപകനായിരുന്നു. ഇപ്പോള്‍ ദുബായിലെ ഡല്‍ഹി പ്രൈവറ്റ് സ്കൂളില്‍ സീനിയര്‍ ലൈബ്രേറിയന്‍.